കുട്ടികളുടെ ലൈംഗികതയും കുട്ടികളുമായുള്ള ലൈംഗികതയും ഒന്നല്ല

68

അനുപമ ആനമങ്ങാട്

‘കുട്ടികളുടെ ലൈംഗികത’ എന്ന പേരിൽ ‘കുട്ടികളുമായുള്ള മുതിർന്നവരുടെ ലൈംഗികത’ ആണ് ഇവിടെ ലെജിറ്റിമൈസ് ചെയ്യപ്പെടുന്നത് എന്നുമനസ്സിലാക്കാത്തവർ വായിക്കാനായി.പ്രായത്തിന്റെ അധികാരവും പ്രിവിലെജുകളും കൗശലവും പണവുമെല്ലാം കൈവശമുള്ള മുതിർന്നവർക്ക് എളുപ്പത്തിൽ മാനിപുലേറ്റ് ചെയ്തെടുക്കാവുന്ന ഒരു വിഭാഗമാണ് കുഞ്ഞുങ്ങൾ. സ്വന്തം വീടുകളിൽ ആരോഗ്യകാരണങ്ങളാലോ ശീലരൂപീകരണങ്ങളുടെ ഭാഗമായോ നിഷേധിക്കപ്പെടുന്ന ചില സമ്മാനങ്ങൾ മതി ഒരു കുഞ്ഞിനെ മാനിപുലേറ്റ് ചെയ്തെടുക്കാൻ പലപ്പോഴും. പ്രായം അങ്ങനെയാണ്.

ബിസ്കറ്റും മിട്ടായിയും പിസയും മൊബൈലിൽ ഗെയിമും എന്നിങ്ങനെ ഇഷ്ടപ്പെട്ട സാധനങ്ങൾ ചോദിക്കുമ്പോഴെല്ലാം കൊടുക്കാതെ നിയന്ത്രിക്കുന്ന അച്ഛനുമമ്മയും വില്ലന്മാരും, എപ്പോഴും തരുന്ന ആ ‘അങ്കിൾ’ ഹീറോയും ആകാൻ ദിവസങ്ങൾ വേണ്ട. സമൂഹം നിയന്ത്രിച്ചു തടങ്കലിൽ വെച്ചിരിക്കുന്ന കുട്ടികളുടെ ലൈംഗികതയെ കൂടഴിച്ചുവിട്ടു സ്വതന്ത്രമാക്കാൻ, ഈ അങ്കിൾ ഹീറോകൾ പിന്നെ ‘ഞാൻ പഠിപ്പിച്ചുതരാമല്ലോ’യെന്ന് സെക്‌സ് സ്‌കൂളിങ് മാസ്റ്റർ ആയി വളണ്ടിയർ ചെയ്യാനും.പ്രായത്തിന്റെ കൗതുകങ്ങളെ, പകപ്പുകളെ, അറിവില്ലായ്മകളെ മുതലെടുത്ത് തനിക്ക് പാകത്തിൽ ഗ്രൂമിങ് ചെയ്തെടുത്തിട്ടതിനെ ഇവർ വിളിക്കുന്ന പേരാണ് ‘കണ്സന്റ്’! എന്നിട്ട് ഉദ്‌ഘോഷണം വേറെ; നാളെ കുഞ്ഞുങ്ങൾ എല്ലാം സ്വാതന്ത്ര്യം നേടി ചോദിക്കുമത്രെ, തങ്ങൾക്കും ലൈംഗികാവകാശങ്ങൾ വേണമെന്ന്. ആരുടെ അവകാശം, കുട്ടികളെ പരുവപ്പെടുത്തി എടുക്കാനുള്ള ഇപ്പറയുന്നവരുടെ അവകാശം!

അത്തരക്കാർക്ക് കയ്യടിക്കാൻ ചില ചേച്ചിമാർ, കുഞ്ഞുങ്ങൾ ഉള്ളവർ… 😢 കുട്ടികളുടെ ലൈംഗികതയും കുട്ടികളുമായുള്ള ലൈംഗികതയും ഒന്നല്ല. ആദ്യത്തേത് വളരെ സങ്കീർണമായ ഒരു വിഷയമാണ്. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട, ഒരുപാട് ശ്രദ്ധ വേണ്ടുന്ന ഒന്ന്. അതിന്റെയൊക്കെ ഭാഗമാണ് ലൈംഗികവിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ, ചൂഷണവും മോശം സ്പർശവും തിരിച്ചറിയാൻ പഠിപ്പിക്കൽ, കണ്സന്റ് എന്നാലെന്തെന്നും അതിന്റെ ആവശ്യകതയും ആവർത്തിച്ചുറപ്പിക്കൽ, ജെൻഡർ സെൻസിറ്റീവിറ്റി ട്രെയിനിങ്, ശരീരത്തെക്കുറിച്ചും പ്യൂബർട്ടിയെ കുറിച്ചും പ്രത്യുത്പാദനത്തെക്കുറിച്ചും കൃത്യമായ അറിവുനൽകൽ, ലൈംഗികതയുടെ ശാരീരികവും വൈകാരികവുമായ പരിണതഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണങ്ങൾ, സുരക്ഷിതമായ ഗർഭനിരോധനമാർഗങ്ങളെക്കുറിച്ചുള്ള അറിവും ആക്സസും കൈവരിക്കാൻ ഇടവരുത്തൽ തുടങ്ങിയവ. ഇങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് കുട്ടികളുടെ പ്രായത്തിനനുസരിച്ച് ഘട്ടംഘട്ടമായി ഒരു സമൂഹമെന്ന നിലയിൽ ഉറപ്പുവരുത്തേണ്ടവ.

ഇവയിലെല്ലാം നാം പിന്നോക്കമാണ് എന്നതാണ് വാസ്തവം. ഒരുപാട് പ്രയത്നം വേണ്ടിവരുന്ന മേഖലകളാണ് എല്ലാം. കുട്ടികളുടെ പ്രായവും അതിനനുസരിച്ചുള്ള തലച്ചോറിന്റെ വളർച്ചയും ഇമ്പൽസ് കണ്ട്രോളും എന്നിങ്ങനെ നൂറു പ്രശ്നങ്ങൾ അതിനിടക്ക് വരുന്നുണ്ട്. ഇതുപോലെ പലതുമാണ് മുതിർന്നവർ അടിയന്തിരമായി ശ്രദ്ധചെലുത്തേണ്ട വിഷയങ്ങൾ. അല്ലാതെ, പ്രാക്ടിക്കൽക്ലാസ് അധ്യാപകരായി സ്വയം അവരോധിക്കൽ അല്ല!

പക്ഷെ അതിനോടൊന്നും യാതൊരു താത്പര്യവും കാണിക്കാതെ ‘കുട്ടികളുടെ ലൈംഗികതയെ തടവിലിടുന്നേ ഞങ്ങളെ അത് സ്വതന്ത്രമാക്കാൻ സമ്മതിക്കുന്നില്ലേ’ എന്നു നിലവിളിക്കുന്നവരുടെ ഉദ്ദേശ്യം ദുരുദ്ദേശ്യമാണ്! കുട്ടികളുടെ ലൈംഗികതയെന്നാൽ തങ്ങൾക്കുള്ള അവസരങ്ങളായി കാണുന്നവരാണ് അവരുമായി ഇണചേരലെന്ന ഒറ്റപ്രക്രിയയിൽ ഉത്തരം കണ്ടെത്തുന്നത്.
ഇത് മനസ്സിലാവാത്തത് ആത്മഹത്യാപരമായ ‘സൗഹൃദവിധേയത്വ’മാണ്! നിങ്ങളുടെ അത്തരം വിധേയത്വം നിങ്ങളുടെ ജീവിതത്തിലും ചുറ്റിലുമുള്ള മറ്റുള്ളവർക്കും സുഹൃത്തുക്കൾക്കുമടക്കം അപകടകരവും…