OH മേരി ലൈല (2022)
Anupama Iyer
ഈ വർഷത്തിന്റെ അവസാനമടുക്കുമ്പോൾ സീസൺ റിലീസുകൾ പലതും നിരാശപ്പെടുത്തുകയാണ് പതിവ്… പലപ്പോഴും നല്ലൊരു മലയാളം റിലീസ് പോലും ഉണ്ടായിരുന്നില്ല… എന്നാൽ ക്രിസ്തുമസിലേക്ക് അടുക്കുമ്പോൾ പല ജോണറുകളിലെ സിനിമകൾ റിലീസ് ആവുകയും അതിൽതന്നെ കളർഫുൾ എൻറർടൈനർ എന്ന ലേബലിൽ കൂടുതൽ പ്രേക്ഷകർ തിരഞ്ഞെടുക്കാൻ സാധ്യതയുള്ള ഈ ജോണറിൽ നല്ലൊരു ഔട്ട്പുട്ട് നൽകുന്ന ചിത്രം റിലീസ് ആവുകയും ചെയ്തു.
അടി ഇടി ലോക്കൽ എന്നൊക്കെ കേൾക്കുമ്പോൾ ആൻറണി വർഗീസിൻ്റെ മുഖമായിരിക്കും ആദ്യം ഓർമ്മയിലെത്തുക… എന്നാൽ അതിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന ആൻറണിയുടെ തീർത്തും വ്യത്യസ്തമായ കോമഡി ആംഗിളിൽ കഥ പറയുന്ന ഒരു കളർഫുൾ എൻഗേജിംഗ് ചിത്രമാണിത്.കോളേജിലെ പ്രേമങ്ങളും ഉഴപ്പലും രാഷ്ട്രീയവും കൂട്ടുകാരും അങ്ങനെ ചിരിപ്പിക്കാനും രസിപ്പിക്കാനും വേണ്ട എല്ലാ ചേരുവകളും വൃത്തിയിൽ ഒരുക്കിയെടുത്ത ചിത്രമാണ് ഓ മേരി ലൈല.
ചില കോമഡികൾ ഏൽക്കുന്നില്ല എന്നതു മാറ്റി നിർത്തിയാൽ ഭൂരിഭാഗം തമാശകളും എന്നെ ഒരുപാട് ചിരിപ്പിച്ചു… ഇത്തരം സിനിമകൾ നൽകുന്ന റിപ്പീറ്റ് വാല്യൂ ലൈലയും നൽകുന്നുണ്ട്.ലൈലസുരൻ എന്ന നായക കഥാപാത്രത്തിന്റെ ജീവിതം കാണിച്ചാണ് ചിത്രം ആരംഭിക്കുന്നത്.. അയാളുടെ കോളേജ് ജീവിതവും പിന്നീട് രാഷ്ട്രീയത്തിലേക്കുള്ള ചുവട് മാറ്റവും തുടർന്നുള്ള പ്രേമവും സംഭവങ്ങളും ഒക്കെയായി ഓ മേരി ലൈല ക്രിസ്തുമസ് സീസണിൽ തീയേറ്റർ നിറച്ചോടാനുള്ള എല്ലാം നൽകുന്ന ചിത്രമാണ്.
അഭിഷേക് എന്ന നവാഗതന്റെ ഈ പ്രഥമ സംവിധാന സംരംഭം എഴുതിയിട്ടുള്ളത് അനുരാജ് ആണ്… പേരറിയുന്നതും അറിയാത്തതുമായി ഒത്തിരി കഥാപാത്രങ്ങൾ വേഷമിട്ട ഈ സിനിമയിൽ ഏറ്റവും എടുത്തുപറയേണ്ടത് പടം പറയുന്ന മൂഡ് അതിന്റെ പരിപൂർണ്ണതയിൽ സ്ക്രീനിൽ എത്തിക്കുന്ന സിനിമാട്ടോഗ്രാഫിയാണ്..കിടിലൻ കളർ ഫ്രെയിംസ് ചിത്രത്തെ നല്ലൊരനുഭവമാക്കുന്നുണ്ട്. മറിച്ച് ഒന്നും ചിന്തിക്കാതെ ഈ സീസൺ ലൈലയിലൂടെ അടിച്ചുപൊളിച്ചു കണ്ടിറങ്ങാം.