ഐ. എഫ്. എഫ്. കെ ഇത്തവണയും ‘സമുചിതമായി’ കൊണ്ടാടി സമാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ വിവാദങ്ങൾ ഒഴിയുന്ന ലക്ഷണവുമില്ല. പ്രധാനമായും പാസ് വിതരണത്തിലെ അപാകതകൾ തന്നെയാണ് ഇത്തവണയും പ്രശ്നമായത്. ലിജോ ജോസ് പല്ലിശേരി എന്ന പ്രതിഭാധനനായ സംവിധായകൻ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ‘നന്പകൽ നേരത്ത് മയക്കം’ എന്ന ചിത്രം മേളയിൽ പ്രദര്ശിപ്പിച്ചപ്പോൾ അഭൂതപൂർവ്വമായ തിരക്കായിരുന്നു . നേരത്തെ ബുക്ക് ചെയ്തവർക്ക് കാണാൻ സാധിക്കാത്ത വിധം തള്ളിക്കയറ്റവും പോലീസ് ഇടപെടലും വരെ ഉണ്ടായി. അതുകൊണ്ടുതന്നെ പ്രേക്ഷകരിൽ ഒരു വിഭാഗം കടുത്ത അതൃപ്തിയിൽ ആയിരുന്നു, അവർ സ്വാഭാവികമായും പ്രതികരിക്കാൻ സാധിക്കുന്ന ഇടത്തു അവർക്കു സാധിക്കുന്ന രീതിയിൽ പ്രതിഷേധിക്കുകയും ചെയ്യും.
പൊതുവെ ഫ്യൂഡൽ സ്വഭാവമുള്ള കച്ചവട സിനിമകൾ എഴുതുകയും സംവിധാനം ചെയുകയും ചെയ്ത രഞ്ജിത്തിനെ പോലൊരു വ്യക്തി ചലച്ചിത്ര അക്കാദമി ചെയർമാൻ ആകുമ്പോൾ അദ്ദേഹത്തിന്റെ സിനിമയിലെ നായകന്മാരെ പോലെ പെരുമാറിയാൽ അത് കേരളത്തിൽ മറ്റൊരു സാംസ്കാരിക അശ്ലീലം തന്നെയാണ്. ഒരാൾ ഏതു സംഘടനയിൽ പ്രവർത്തിച്ചുവന്നു എന്നോ ഊരിയ വാളുമായി പോരാടിയ ചരിത്രം ഉണ്ടെന്നോ സിനിമപോലൊരു ഇടത്തിൽ പ്രസംഗിക്കേണ്ട കാര്യമില്ല. ഒരുപക്ഷെ കഴിവുള്ള സിനിമാ മേക്കേഴ്സ് ഉണ്ടായിട്ടും രഞ്ജിത്തിനെ പോലൊരാൾ ഈ സ്ഥാനത്തെത്തിയതും, സിനിമകൊണ്ടു ഫ്യൂഡൽ എങ്കിലും പഴയ രാഷ്ട്രീയപ്രവർത്തനത്തിന്റെ ആ പേരിൽ തന്നെയാകാം. ഒരിക്കൽ വിനായകനോട് പ്രകടിപ്പിച്ച ധാർഷ്ട്യം തന്നെ ആധുനിക രാഷ്ട്രീയ മാടമ്പിത്തരങ്ങളും ഉള്ളിലെ ഫ്യൂഡൽ ബോധങ്ങളും സമ്മേളിച്ചുണ്ടാകുന്ന മറ്റൊരുതരം വൃത്തികെട്ട ബോധം തന്നെയാണ്.
ഒരേസമയം ഭാവനയെ ആനയിക്കുകയും എന്നാലോ അതെ പ്രശ്നത്തിൽ ജയിലിൽ കിടക്കുന്ന വേട്ടക്കാരനെ രഹസ്യമായി സന്ദർശിക്കുകയും ചെയ്ത ഒരു ഡബിൾ സ്റ്റാന്റ് അയാൾക്ക് രാഷ്ട്രീയത്തിൽ നിന്ന് കിട്ടിയതാകാം. കഴിഞ്ഞതവണയും വിവാദം ഗ്രസിച്ച അയാൾ ഇത്തവണയും അതിൽ നിന്നും ഒഴിവായില്ല. നടത്തിപ്പിൽ പറ്റുന്ന പാകപ്പിഴകൾക്കു ക്ഷമചോദിക്കേണ്ടതിനു പകരം ഇന്ദുചൂഡൻ കളി പുറത്തോട്ടടുത്താൽ ഒടുവിൽ വാഴിച്ചവർക്കു പോലും തലവേദയുണ്ടാകും എന്ന് ഓർത്തിരിക്കണം മഹാ സംവിധായകൻ.
ഈ വിഷയത്തിൽ അനുപമ മോഹൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.
“ഒരു പ്രത്യേക വിഭാഗം ആളുകൾ മാത്രം കൈകാര്യം ചെയ്തുകൊണ്ടിരുന്ന സ്ഥലങ്ങളും സാധനങ്ങളും ജനകീയമാവുന്നത് അവർ സഹിച്ചുകൊള്ളണമെന്നില്ല. സൊസൈറ്റിയിലെ എല്ലാ ക്ലാസ്സിൽ പെട്ടവരും ഇത്തരം സ്പേസുകളിൽ പ്രത്യക്ഷപ്പെടുന്നത് എലൈറ്റ് ആയ ചിലരിലെങ്കിലും അസഹിഷ്ണുതയുമുണ്ടാക്കും.
ഉദാഹരണത്തിന് എല്ലാ വിഭാഗത്തിൽ നിന്നും എഴുത്തുകാരും പ്രസാധകരുമുണ്ടാകുന്നത് തലമൂത്ത പല എഴുത്തുക്കാർക്കും സഹിക്കാൻ പറ്റണമെന്നില്ല. ഒരു കാലത്ത് ജാതിക്കൊണ്ടൊ സോഷ്യൽ സ്റ്റാറ്റസ് കൊണ്ടോ ഉയർന്നു നിൽക്കുന്നവരുടെ സ്ഥലങ്ങളിലേക്ക് എല്ലാവരും കയറിവരുന്നത് അവരിൽ ബുദ്ധിമുട്ടുണ്ടാക്കും.
“കണ്ട ചവറുകൾ പ്രസിദ്ധീകരിക്കാൻ വരെ ആളുണ്ടെന്നും സാഹിത്യത്തെ കുറിച്ച് ഒന്നുമറിയാത്തവൻ വരെ എഴുതി തുടങ്ങുയെന്നും” പറയുന്നത് ഈ ബോധത്തിന്റെ പുറത്താണ്. അവർക്ക് മാത്രം കിട്ടിക്കൊണ്ടിരുന്ന ബഹുമാനവും സ്വീകാര്യതയും എല്ലാവർക്കും കിട്ടിതുടങ്ങുന്നത് അവർക്ക് സഹിക്കില്ല.
ഈ ഒരു ബുദ്ധിമുട്ട് സൊസൈറ്റിയുടെ എല്ലാ മേഖലകളിലും പ്രകടമാണ്. അഡിദാസിന്റെ ഷൂ ഒരു വിഭാഗം മാത്രം ഉപയോഗിക്കുമ്പോഴേ അത് ഉയർന്ന ബ്രാൻഡാവുന്നുള്ളൂ. എല്ലാവരും ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആദ്യകാലങ്ങളിൽ ഇത് ഉപയോഗിച്ച് തുടങ്ങിയ ആൾക്ക് ഒരു പ്രശ്നം വരും. ബ്രാൻഡുകൾ ജനകീയമാവുന്നത് അതിന്റെ ലക്ഷ്വറി ഇല്ലാതാക്കും.
എല്ലാവരും മൾട്ടിപ്ലസിൽ പോയി സിനിമ കാണുന്നതും ഹൈപ്പർ മാർക്കെററിൽ നിന്നും സാധനം വാങ്ങുന്നതും കെ.എഫ്.സിയിൽ നിന്നും ഫുഡ് കഴിക്കുന്നതും അത് കുത്തകയാക്കി വെച്ചിരുന്ന സാമ്പത്തികമായി ഉയർന്ന ആളുകളെ അലോസരപ്പെടുത്തും.
ഐ. എഫ്. എഫ്. കെ യിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഒരു കാലത്ത് സൊസൈറ്റിയിലെ ഒരു പ്രത്യേക ലയറിൽ നിന്നുള്ളവർ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന സിനിമാ സദസ്സിലേക്ക് യാതൊരു ഫിൽട്ടറും കൂടാതെ എല്ലാവരും കയറിവരികയാണ് ഇന്ന്. അത് ചിലർക്ക് ദഹിക്കണമെന്നില്ല. കസേര വലിച്ചിട്ട് അവർ സിനിമയെ കുറിച്ച് സംസാരിക്കുന്നത് സംഘാടകർ ഐ.എഫ്.എഫ്.കെ യുടെ വിജയമായി കാണണമെന്നില്ല. ഇത് ഞങ്ങളുടെ കുത്തകയാണെന്നും നീയാരാടാ അഭിപ്രായം പറയാനും പ്രതിഷേധിക്കാനുമെന്ന ചിന്തയുണ്ടാവും.
എന്നെ കൂവി തോൽപിക്കാൻ നിങ്ങൾക്ക് ആവില്ലെന്ന് രഞ്ജിത്ത് പറയുന്നത് ചില പ്രത്യേകം മനുഷ്യരെ ഉദ്ദേശിച്ച് തന്നെയാണ്.അല്ലാതെ തോൽക്കാനും ജയിക്കാനും രഞ്ജിത്തും ഡെലിഗേറ്റ്സും തമ്മിൽ അവിടെ ഓട്ടമത്സരം നടക്കുന്നില്ലല്ലോ!
ഐ.എഫ്.എഫ്.കെയുടെ തുടക്കത്തിൽ തന്നെ രഞ്ജിത്തിന് അവിടെയെത്തുന്ന ചിലരോടുള്ള അസഹിഷ്ണുത എല്ലാവരും കണ്ടതാണ്. “ഡെലിഗേറ്റ് പാസും കഴുത്തിൽ തൂക്കിയിട്ട് വെറുതെ നടക്കുന്നവർക്കുള്ളതല്ല ഈ ഐ.എഫ്.എഫ്.കെ” എന്ന് പറയുമ്പോൾ പിന്നെ ആർക്കൊക്കെയുള്ളതാണ് ഇതെന്ന സംശയം ന്യായമാണ്. വെറുതെ നടക്കുന്നവരെ ഇയാൾ ഏതൊക്കെ അടയാളങ്ങൾ വെച്ച് കണ്ടുപിടിക്കുമെന്നുള്ളതും ചോദ്യമാണ്. ഈ അടയാളങ്ങളിലുള്ള എത്ര മനുഷ്യരുടെ സിനിമാ സംബദ്ധമായ അഭിപ്രായങ്ങളെ സംഘാടകർ ഉൾകൊള്ളുമെന്നുള്ളതും ചർച്ചക്കെടുക്കേണ്ടതാണ്.
രഞ്ജിത്ത് മാറിയിട്ടില്ല. വിനായകനോട് ഉപയോഗിച്ച അയാളുടെ സിനിമകളിലെ ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ ഭാഷാ റഫറൻസിൽ നിന്നും ഒരു അനക്കം പോലും അയാൾ മുന്നോട്ട് പോയിട്ടില്ല. ഐ.എഫ്.എഫ്.കെ വേദി സിനിമകൾ കൊണ്ട് വൈവിധ്യമാവുമ്പോൾ മനുഷ്യനിലെ വൈവിധ്യം എന്തുകൊണ്ട് ചിലർക്ക് ജഡ്ജ് ചെയ്യാനുള്ള ടൂളായി മാറുന്നു?
എന്തുക്കൊണ്ട് തലമുടി കളറടിച്ച, സുഹൃത്തുക്കളുമായി ഇടപെടുന്ന, ഇഷ്ടമുള്ള ഉടുപ്പുകളിടുന്ന, മേക്കപ്പ് ഇടുന്ന മനുഷ്യർ സിനിമകാണാൻ വന്നവരല്ലെന്ന തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു?ഉടുപ്പിലും മുടിയിലും കളർഫുള്ളായ ആളുകളെ മറ്റുചിലർക്ക് കോളനിയെന്നും കണ്ണാപ്പിയെന്നും വിളിക്കാൻ തോന്നുന്നിടത്തോളം ആ വിഭാഗത്തിന്റെ ഉദ്ദേശങ്ങൾ പലരുടെ മുന്നിലും തെളിയിച്ചുകൊണ്ടേയിരിക്കേണ്ടിവരും.
പിന്നെ പ്രോഗ്രസ്സിവ് ആണെന്ന് അവകാശപ്പെട്ടിരുന്ന മനുഷ്യർ രഞ്ജിത്തിന്റെ പാത തുടർന്ന് ആളുകളെ ജഡ്ജ് ചെയ്യാൻ ഇറങ്ങിയത് വേറൊന്നും കൊണ്ടല്ല, ഞാൻ ഐ.എഫ്.എഫ്.കെ പോവാറുണ്ട് സിനിമ കാണാറുണ്ട് എന്നൊക്കെ പറയുമ്പോൾ കിട്ടുന്ന സ്വീകാര്യതയിലും ബഹുമാനത്തിലും കോട്ടം തട്ടാതിരിക്കാനാണ്.
വിവിധ ഭാഷയിലുള്ള സിനിമകൾ ജനകീയമാവുന്നതും സാധാരണക്കാർ വരെ അത് എത്തിപ്പിടിക്കുന്നതും ഉള്ളിലുള്ള എലൈറ്റ് ക്ലാസ് ബോധത്തെ മുറിവേല്പിക്കും.”