സംഘപരിവാറിൻ്റെ കുട്ടിപ്പട്ടാളത്തിനെ കണ്ടിരുന്നോ ?

anupama mohan എഴുതുന്നു:
സംഘപരിവാറിൻ്റെ കുട്ടിപ്പട്ടാളത്തിനെ കണ്ടിരുന്നോ ?
കലാപഭൂമിയിൽ റൂട്ട് മാർച്ച് നടത്തുന്ന പന്ത്രണ്ടും പതിമൂന്നും വയസുള്ള നമ്മുടെ മക്കളെ ?
ഒരു പത്തുവർഷം കഴിഞ്ഞാൽ അവരാണ് ഈ രാജ്യം എങ്ങോട്ടെന്ന് നിശ്ചയിക്കുക.
ശാഖകളിലാണ് അവർ കുട്ടികളെ കാത്തിരിക്കുന്നത് എന്ന ധാരണ ഇപ്പോഴാർക്കും ബാക്കിയുണ്ടാവില്ല. അങ്ങനെ ആശ്വസിക്കാനുള്ള സമയമെല്ലാം നമുക്ക് കഴിഞ്ഞു.അമ്മുക്കുട്ടി രണ്ടുവയസിൽ കാണുന്ന യൂട്യൂബ് വീഡിയോ മുതൽ അപ്പൂസ് പതിനാറാംവയസിൽ കളിക്കുന്ന മൊബൈൽ ഗെയിം വരെയായി അവരുണ്ട്. ഛോട്ടാ ഭീം മുതൽ സദ്ദ്ഗുരു വരെയായി കാർട്ടൂൺ കഥാപാത്രങ്ങളുണ്ട്. വേദിക് മാത്സ് മുതൽ വേദിക് പെയ്ൻ്റിങ് വരെയായി സമ്മർ ക്ലാസുകളുണ്ട്. പുഷ്പകവിമാനം മുതൽ പ്ലാസ്റ്റിക് സർജ്ജറി വരെ എന്ന ഭാരതീയശാസ്ത്രപാരമ്പര്യ ഈഗോ ബൂസ്റ്റുണ്ട്.
388 സ്കൂളുകളുണ്ട് വിദ്യാഭാരതിക്ക് മാത്രമായിട്ട് കേരളത്തിൽ. അതിൽ മിക്കതും പ്രൈമറി, മിഡിൽ സ്കൂളുകളാണ്. കുഞ്ഞിമക്കളാണ് കൂടുതലും. ഇതുകൂടാതെയാണ്, ഹിന്ദുത്വ അനുകൂലികൾ നടത്തുന്ന മറ്റ് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും. വിദ്യാഭാരതി സ്കൂളുകളിൽ മാത്രം എഴുപത്തയ്യായിരത്തിനുമേൽ കുഞ്ഞുങ്ങൾ പഠിക്കുന്നുണ്ട്. ഓരോ നാലും, ഏഴും വർഷം കൂടുമ്പോഴും ഇതുപോലെ എത്രയെത്ര തലമുറകൾ പഠിച്ചിറങ്ങുന്നുണ്ട്..!പ്രഗതി പോലെയുള്ള പരീക്ഷാ കോച്ചിങ് സെൻ്ററുകളുണ്ട്. എല്ലാ സർക്കാർ-സൈന്യ-സിവിൽ സർവീസ് തസ്തികകളിലും കാലങ്ങളായി തങ്ങളോട് കടപ്പെട്ട ചെറുപ്പക്കാരെ സംഘ് പഠിപ്പിച്ചെത്തിക്കുന്നുണ്ട്. പ്രൊഫെഷണൽ അസോസിയേഷനുകളുമുണ്ട്. സംരംഭകൾക്കും ബിസിനസുകാർക്കുമായി ചേംബറുകളുണ്ട്.
ഇതിലും എല്ലാം മാരകമായത്, സ്ത്രീകൾക്കായുള്ള, വിശേഷിച്ചും അമ്മമാർക്കായുള്ള സമിതികളാണ്. റെസിഡൻ്റ്സ് അസോസിയേഷനുകളിലും കുടുംബകൂട്ടായ്മയിലുമുള്ള ചിരിക്കുന്ന സാന്നിധ്യങ്ങളാണ്. മുലപ്പാലിനൊപ്പം കൊടുക്കാൻ തയാറാക്കുന്ന വിഷമാണ്.ഡൽഹിയിലെ തെരുവുകളിൽ റൂട്ട് മാർച്ച് നടത്തിയത് മറ്റാരുടെയോ അല്ല, നമ്മുടെ മക്കളാണ്. ഇന്ത്യയുടെ മക്കളാണ്.അവരെ സംഘപരിവാറിന് വിട്ടുകൊടുക്കാതെ കാക്കേണ്ടത് നമ്മുടെ മാത്രം ചുമതലയാണ്. ഒരു നിമിഷം പോലും ഇടവേള ലഭിക്കാത്ത കഠിനമായ ചുമതല.ഇടറിയാൽ, തരിമ്പും ശേഷിക്കാതെ കത്തിത്തീരും.