ഗാങ്സ് ഓഫ് വാസിപൂർ എന്ന വിഖ്യാത ചിത്രം കൊണ്ട് പ്രഹസ്തനായ സംവിധായകനാണ് അനുരാഗ് കശ്യപ്. അദ്ദേഹം ബോളീവുഡിലെ പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളാണ്. പാൻ ഇന്ത്യൻ സിനിമാ പ്രവണതകൾ എങ്ങനെ ബോളിവുഡിനെ നശിപ്പിക്കുന്നു എന്നാണു അദ്ദേഹമിപ്പോൾ പറയുന്നത്. നേരത്തെ രാംഗോപാൽ വർമയും തെന്നിന്ത്യൻ സിനിമകൾ ബോളിവുഡിന് ഭീഷണിയാകുന്നു എന്ന അഭിപ്രായം ആവർത്തിച്ചു ഉന്നയിച്ചു. ബോളിവുഡിന് മുകളിൽ ഉരുണ്ടുകൂടിയ കാർമേഘം എന്നാണു രാംഗോപാൽ വർമ്മ കെജിഎഫ് എന്ന സിനിമയെ വിശേഷിപ്പിച്ചത്. പകമൂത്ത് തെന്നിന്ത്യൻ സിനിമകളെ ട്രോളാനും അദ്ദേഹം മടികാണിക്കാറില്ല. എന്നാൽ അനുരാഗ് കശ്യപ് കൂടി രംഗത്തുവന്നതോടെ ബോളിവുഡ് നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ് എന്ന് മനസിലാക്കാം. കശ്യപിന്റെ വാക്കുകൾ ഇങ്ങനെ.
“സൈറാത്ത് എന്ന സിനിമയുടെ വിജയം മറാത്തി സിനിമയെ എങ്ങനെ തകർത്തുവെന്ന് അറിയാമല്ലോ.. ഇത്രയധികം പണം സമ്പാദിക്കാനുള്ള സാധ്യത ആളുകൾ തിരിച്ചറിഞ്ഞപ്പോൾ, അവർ അവരുടെ രീതിയിലുള്ള സിനിമകൾ എടുക്കുന്നത് നിര്‍ത്തി.സൈറാത്ത് അനുകരിക്കാൻ തുടങ്ങി. ഇത് മറാത്തി സിനിമയില്‍ പ്രതിസന്ധിയായി. പുതിയ പാൻ-ഇന്ത്യ ട്രെൻഡിലെ സാഹചര്യവും സമാനമാണ്, എല്ലാവരും ഒരു പാൻ-ഇന്ത്യ സിനിമ നിർമ്മിക്കാൻ ശ്രമിക്കുന്നു, എന്നാൽ ഇത്തരം ചിത്രങ്ങളുടെ വിജയം 5-10% മാത്രമായിരിക്കും.കാന്താര, പുഷ്പ തുടങ്ങിയ സിനിമകൾ അവരുടെ സ്വന്തം കഥകളുമായി മുന്നോട്ട് വരാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ കെജിഎഫ് 2 പോലുള്ള ഒരു സിനിമയെ അനുകരിക്കാൻ ശ്രമിക്കുന്നവര്‍ക്ക് അതിന്റെ വൻ വിജയവും ദുരന്തത്തിലേക്കാണ് എത്തിക്കുക. അതിന് പിന്നാലെ ഓടി ബോളിവുഡ് സ്വയം നശിപ്പിച്ചു. സിനിമാ പ്രവർത്തകർക്ക് ധൈര്യം നൽകുന്ന സിനിമകൾ കണ്ടെത്തണം “- അനുരാഗ് കശ്യപ് പറഞ്ഞു.