Anurag Kv
പൂമുത്തോളെ എന്ന ഗാനം മറക്കാനാവുമോ.? ഒരു പക്ഷെ നമ്മുടെ എല്ലാം ഫോണിന്റെ റിങ് ടോണായി ഒരുപാട് കാലം പൂമുത്തോളെ ഇങ്ങനെ പാടിയിട്ടുണ്ടാവും. ജോജു ജോർജ് നായകനായി അഭിനയിച്ച ജോസഫ് എന്ന ചിത്രത്തിലെ സംഗീത സംവിധായകനായിയാണ് മലയാള സിനിമയിലേക്ക് രഞ്ജിൻ രാജ് അരങ്ങേറ്റം കുറിക്കുന്നത്. അരങ്ങേറ്റം ഗംഭീരം ആണെന്ന് ശരിവാക്കുന്നതായിരുന്നു പൂമുത്തോളെ എന്ന ഗാനത്തിനൊപ്പം ജോസഫിലെ മറ്റു ഗാനങ്ങളും. അത്ര ഗംഭീരമായിട്ടായിരുന്നു ജോസഫിലെ ഗാനങ്ങൾ രഞ്ജിൻ രാജ് അണിയിച്ചൊരുക്കിയത്. വയലാർ അവാർഡ് ഉൾപ്പെടെ ധാരാളം അവാർഡുകൾ തന്നെ ആദ്യ ചിത്രത്തിൽ തന്നെ അദ്ദേഹം നേടിയെടുത്ത രഞ്ജിൻ രാജ് എന്ന സംഗീത സംവിധായകന്റെ വർക്കുകളെ ഏറെ പ്രതീക്ഷയോടെ തന്നെ ആയിരുന്നു കണ്ടത്. ജോസഫിനു ശേഷം നിത്യഹരിത നായകൻ , ഓർമ്മയിൽ ഒരു ശിശിരം , അൽ മല്ലു, കാണെ കാണെ , കാവൽ, സ്റ്റാർ , നൈറ്റ് ഡ്രൈവ്, പത്താം വളവ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം സംഗീതസംവിധായകനായി എത്തി ജനമനസ്സുകളിൽ തൻറെ ഇടം ഊട്ടി ഉറപ്പിച്ചു. ഇനി അദ്ദേഹത്തിന്റേതായി വരാനുള്ളത് മലയാളം തമിഴ് എന്നീ രണ്ട് ഭാഷകളിലായി ചിത്രീകരിച്ച് റിലീസിന് ഒരുങ്ങുന്ന അദൃശ്യമെന്ന ദ്വിഭാഷ ത്രില്ലർ ചിത്രമാണ്. ജോസഫിനു ശേഷം ഇദ്ദേഹം സംഗീത സംവിധാനം ചെയ്യുന്ന ഒരു ത്രില്ലർ ചിത്രമാണ് അദൃശ്യം! ജോസഫിലെ പോലെ അദൃശ്യത്തിലും മനോഹരമായ ഗാനങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് വീണ്ടും വിരുന്നൊരുക്കും എന്നാണ് പ്രതീക്ഷ.