ഇന്ത്യയിൽ മുസ്ലീങ്ങൾക്കോ ക്രിസ്ത്യാനികൾക്കോ ട്രെയിൻ പോലൊരു പൊതുവാഹനത്തിൽ ആരാധനാലയം വയ്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടോ ?

132

Anuraj Girija KA

പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിനിന്റെ അകത്ത് ശിവന് വേണ്ടിയൊരു ബെർത്ത്, അതിൽ പൂജ എന്നൊക്കെയുള്ള വാർത്തകൾ കേട്ടല്ലോ. ഈ വാർത്ത കണ്ട് അത് ശരിയല്ല എന്ന് നിങ്ങൾ ഒരു സംഘിയോട് പറഞ്ഞു എന്നിരിക്കട്ടെ. അയാളുടെ മറുപടി ഇങ്ങനെയായിരിക്കും. “അതെന്താ ഹിന്ദുക്കളുടെ ദൈവങ്ങളെ വച്ചാൽ കുഴപ്പം? മുസ്ലീങ്ങൾ …………. സമയത്ത് …………. ചെയ്തപ്പോൾ നിങ്ങൾക്ക് പ്രശ്നമില്ലായിരുന്നല്ലോ! ഇപ്പോൾ ഹിന്ദുക്കളുടെ ദൈവത്തിന്റെ കാര്യം വന്നപ്പോൾ നിങ്ങൾ “മതേതറ” ആയല്ലേ?”

ഒരു സംഘിയെ ഉണ്ടാക്കുമ്പോൾ സംഘപരിവാർ ആദ്യം ചെയ്യുന്നത് അയാളെ വളരെ ചെറിയ ചെറിയ സംഭവങ്ങൾ പറഞ്ഞ്, അതിനെ അങ്ങ് ജനറലൈസ് ചെയ്ത്, ഇന്ത്യ മുഴുവൻ ഹിന്ദുക്കൾ അപകടത്തിൽ ആണെന്ന ഫേക്ക് ആയ ബോധം നിർമ്മിക്കും എന്നുള്ളതാണ്.

ഇപ്പോൾ തന്നെ നോക്കൂ. ഇന്ത്യയുടെ പബ്ലിക്ക് ട്രാൻസ്‌പോർട്ട് സിസ്റ്റമായ റെയിൽവേയുടെ അകത്താണ് ശിവന് ആരാധനാലയം. വേറെ ഒരു മത്തിലുള്ളവർക്കും ഇങ്ങനെ പബ്ലിക്ക് ആയി ഇന്ത്യയിൽ ചെയ്യാൻ ഉള്ള പ്രിവിലേജ് ഉണ്ടാകില്ല. ശബരിമല സീസണിൽ കേരളം മുഴുവനുമുള്ള ബസ് സ്റ്റാന്റുകളിൽ അയ്യപ്പക്ഷേത്ര സമാനമായ വിശ്രമകേന്ദ്രങ്ങൾ ഉണ്ടാകും. തത്തുല്യമായ ഒരു സംഗതി ഇത്ര വലിയ സ്കെയിലിൽ മറ്റൊരു മതത്തിനും കേരളത്തിൽ ചൂണ്ടിക്കാണിക്കാനില്ല.

ഒരു വൻ നഗരം മുഴുവൻ നിശ്ചലമാക്കി പൊങ്കാല നടത്തുന്നത് മുതൽ ഒരു സ്‌കൂൾ കലോത്സവത്തിൽ രംഗപൂജ വരെ ഹൈന്ദവബിംബങ്ങളെ വളരെ നോർമ്മലൈസ് ചെയ്ത ഈ നാട്ടിലാണ് ഹിന്ദു അപകടത്തിലാണെന്ന്, അവിടുന്നും ഇവിടന്നും ഓരോ ചെറിയ സംഭവങ്ങൾ എടുത്ത് പറഞ്ഞ്‌, ആളുകളെ സംഘപരിവാർ ബ്രെയിന് വാഷ്‌ ചെയ്തെടുത്തത്.

ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സർക്കാർ ജോലികളിൽ, ആർമ്മിയിൽ, മീഡിയാ സ്ഥാപനങ്ങങ്ങളിൽ, ജുഡീഷ്യറിയിൽ, എക്സിക്യൂട്ടീവിൽ, പാർലമെന്റിൽ, നിയമ സഭകളിൽ, രാഷ്ട്രീയ പാർട്ടികളുടെ ഉന്നതസ്ഥാനങ്ങളിൽ(അതിൽ ഇടത്-വലത്-സെന്റർ വ്യത്യാസമില്ല) എന്ന് വേണ്ട ഇങ്ങ് അറ്റത്ത് സ്‌കൂൾ പിടിഎയുടെ തലപ്പത്ത് വരെ ബഹുഭൂരിപക്ഷവും സവർണ്ണ ഹിന്ദുക്കളാണ്.

ആ ഇന്ത്യയിൽ ഇരുന്ന് “ഹിന്ദുക്കൾ മുഴുവൻ അപകടത്തിലാണ്” എന്ന സിദ്ധാന്തം ഒരു മഹാഭൂരിപക്ഷത്തെകൊണ്ട് വെള്ളം തൊടാതെ വിഴുങ്ങിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് സംഘപരിവാർ ഇന്ന് ഇന്ത്യ ഭരിക്കാനും, നമ്മുടെ നാട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടാനുമുള്ള കാരണം.