അസമത്വം നിലനിൽക്കുമ്പോൾ ജാതിയെപ്പറ്റി പറയാതെ എങ്ങനെ സംസാരിക്കാനാകും?

533

Anuraj Girija KA എഴുതുന്നു 

“എപ്പോ നോക്കിയാലും ജാതി സംസാരിക്കുന്നു” എന്നതാണ് ഞാൻ സ്ഥിരമായി കേട്ട് വരുന്ന ഒരു പരാതി.

Anuraj Girija KA
Anuraj Girija KA

അങ്ങനെ എന്റെയടുത്ത് ചോദിച്ചവർക്കും ചോദിക്കാൻ ആഗ്രഹമുള്ളവർക്കും മുന്നിലേക്ക് ഒരു കണക്ക് അങ്ങ് വയ്ക്കുകയാണ്. പോസ്റ്റിലെ കണക്കുകളിൽ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ ഇടയിലെ സാമുദായിക പ്രാതിനിധ്യം ശ്രദ്ധിക്കുക.

1,12,127 അധ്യാപകരിൽ 458 പേർ മാത്രമാണ് എസ് സി എസ് ടി വിഭാഗങ്ങളിൽ നിന്നും ഉള്ളൂ. അതായത് 0.40 ശതമാനം. “പട്ടികജാതിക്കാർ മുഴുവൻ കൊണ്ടുപോകുന്നേ” എന്ന വിലാപം കേൾക്കാറുള്ള സർക്കാർ ജോലിയാണിത്. ഒരു ലക്ഷം ജോലികളിൽ 500 പേർ തികച്ചില്ല!

No photo description available.ഇത് 2010ലെ കണക്കാണ്. പെട്ടെന്നങ്ങ് ഉണ്ടായ കണക്കുമല്ല. എല്ലാ മേഖലയിലും ഒന്നാമതാണെന്ന് കണക്ക് പറഞ്ഞ് ലോകത്തിന് മുന്നിൽ അഭിമാനിച്ച കേരളം സൗകര്യപൂർവം കാണാതിരുന്ന കണക്കാണ്.

ഇനി ആദ്യം പറഞ്ഞ “ജാതി പറച്ചിൽ” ഒരു പ്രശ്നമായി തോന്നുന്നവരോട് കുറച്ച് ചോദ്യങ്ങൾ.

1. ഇതൊരു സാമൂഹിക അസമത്വമായി തോന്നുന്നുണ്ടോ? (ഇല്ല എന്ന് ഉത്തരമുള്ളവർ തുടർന്ന് വായിക്കേണ്ടതില്ല. )

2. ഉണ്ടെങ്കിൽ ഈ വിഷയത്തെ “ജാതി പറയാതെ” എങ്ങനെ അഡ്രസ് ചെയ്യാൻ കഴിയും? 1,12,127 മനുഷ്യരിൽ 458 മനുഷ്യർക്കെ ജോലി കിട്ടിയുള്ളൂ എന്ന് പറഞ്ഞ് ഈ വിഷയം അവതരിപ്പിക്കാൻ കഴിയില്ലല്ലോ!

3. കണക്ക് വച്ച് നോക്കിയാൽ ഇന്ത്യയിലെ എല്ലാ മേഖലയിലും ഇത്രയും വലിയ അസമത്വം നിലനിൽക്കുന്നുണ്ട്. എന്നിട്ട് അതിനെപ്പറ്റി നിങ്ങൾ ഒരിക്കൽ എങ്കിലും സംസാരിച്ചിട്ടുണ്ടോ?

4. ഉണ്ടെങ്കിൽ അതിൽ ജാതിയെപ്പറ്റി പറയാതെ എങ്ങനെ സംസാരിക്കാനാകും?

ജാതി എല്ലാ മേഖലയിലും എല്ലാ വിനിമയങ്ങളിലും നിലനിൽക്കുന്ന ഒരു നാട്ടിൽ, അതെല്ലാം കണ്ടും കേട്ടും സഹിച്ചും ഒരക്ഷരം പോലും മിണ്ടാതെയിരുന്ന്, ആരെങ്കിലും ഇവിടെ ജാതി നിലനിൽക്കുന്നു എന്ന് പറയുന്നത് കാണുമ്പോൾ ഓടി വന്ന് “അയ്യേ ജാതിവാദികൾ” എന്ന് പറയുന്നത് ശരി ആണോ എന്ന് ഒന്നുകൂടി ഇരുന്ന് ചിന്തിക്കുക.

എല്ലാവരും ചേർന്ന് ഒരു വിഷയം സംസാരിക്കുമ്പോൾ അതിലൊരാൾ കുറച്ച് സമയം സംസാരിച്ചാൽ മതിയാകും. ആരും സംസാരിക്കാത്ത വിഷയമാകുമ്പോൾ ഒരാൾ ഒരുപാട് തവണ സംസാരിക്കേണ്ടി വരും.

ആസ് സിംപിൾ ആസ് ദാറ്റ്!

പത്ത് മിനുറ്റാണ് ഞാൻ ഈ പോസ്റ്റ് ടൈപ്പ് ചെയ്യാൻ എടുക്കുന്ന സമയം. നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെടുന്ന ഒരാൾ എങ്കിലും ഈ സമയത്തിനുള്ളിൽ ആക്രമിക്കപ്പെട്ടിരിക്കും.

ആ ഇന്ത്യയിലിരുന്ന് ഞാൻ ജാതിയെപ്പറ്റി എന്തുകൊണ്ട് സംസാരിക്കുന്നു എന്നതല്ല, നിങ്ങൾ എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്നതാണ് ചോദ്യം!

(Statistics source: O P Raveendran)