“രജിത്ത് സാർ നെല്ലിക്ക പോലാണ്, ആദ്യം കയ്ക്കും പിന്നെ മധുരിക്കും!”
“അദ്ദേഹം പറയുന്നതിൽ കാര്യങ്ങളുണ്ട്, പക്ഷെ അത് ആരും മനസ്സിലാക്കുന്നില്ല.”
“ഒരുപാട് അറിവുള്ള ആളാണ്.”
രജിത് കുമാറിനെപ്പറ്റി കണ്ട ഒരു വീഡിയോയിൽ കേട്ടതാണ്. ബിഗ് ബോസ്സ് പരിപാടി കാണാറില്ല. നിങ്ങളൊക്കെ പഴയ രജിത് കുമാറിനെപ്പറ്റി തന്നെയല്ലേ പറയുന്നത്? സ്ത്രീകൾ ജീൻസ് ഒക്കെ ഇട്ട് ദുർനടപ്പ് തുടർന്നാൽ ഓട്ടിസമുള്ള കുട്ടികൾ ജനിക്കും എന്ന് പറഞ്ഞ്, ഓട്ടിസ്റ്റിക്ക് ആയ കുട്ടികളുടെ അമ്മമാരെ അടക്കം അവഹേളിച്ച ആ ഊളയെ ചുമന്ന് കൊണ്ട് നടക്കുന്നത്, അയാളുടെ അണ്സയന്റിഫിക്ക് ആയ ക്ലെയിമുകൾക്ക് സമൂഹത്തിൽ വാലിഡിറ്റി ഉണ്ടാക്കി കൊടുക്കുന്നത്, ചെറുതല്ലാത്ത സാമൂഹിക കുറ്റകൃത്യമാണ്.
ബിഗ് ബോസ്സ് വഴി നാളെ രജിത്തിന് കൂടുതൽ സാമൂഹികാംഗീകാരം കിട്ടിയാൽ അയാൾ ഇനിയും ഒരുപാട് വേദികളിൽ കയറിയിരുന്ന് സ്ത്രീ വിരുദ്ധതയും ട്രാൻസ് വിരുദ്ധതയും പറയും. അയാളുടെ ബിരുദങ്ങളുടെ കണക്ക് വച്ച് നോക്കി അയാൾ പറയുന്ന അസംബന്ധം മുഴുവൻ ശാസ്ത്രീയമാണെന്ന തോന്നൽ ഒരു നല്ല വിഭാഗം ആളുകൾക്കും തോന്നും.
സ്ത്രീ വിഷയങ്ങളിൽ, ട്രാൻസ് വിഷയങ്ങളിൽ, ഓട്ടിസം പോലെയുള്ള കാര്യങ്ങളിൽ വളരെ വളരെ പതുക്കെ മാത്രം അവബോധം ഉണ്ടായി വരുന്ന ഒരു സമൂഹമാണ് നമ്മുടേത്. അങ്ങനെയുള്ള ഒരു സമൂഹത്തിന്റെ ചിന്താഗതിയെ തന്നെ ഇപ്പോൾ ഉള്ളതിൽ നിന്നും പുറകോട്ട് നയിക്കാനേ രജിത് കുമാറിന് കിട്ടുന്ന ലൈം ലൈറ്റ് ഉപകരിക്കുള്ളൂ.
കളിയാണ്, കളിയെ കളിയായി കാണണം എന്ന അഭിപ്രായമുള്ളവരൊക്കെ അങ്ങനെ ചെയ്യുക. പക്ഷെ ആ ഊളയെ ഊള എന്ന് തന്നെ വിളിക്കാനേ നിർവ്വാഹമുള്ളൂ. അതിന്റെ പേരിൽ ഒരു അരസികനായാൽ ആ പട്ടം സന്തോഷപൂർവം സ്വീകരിക്കും.