ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ ആണ് ആഷിഫിന്റെ നിര്യാണത്തോടെ ഇല്ലാതായത്

44

Anver K.v

ആദ്യ ശമ്പളം ഉമ്മയെ ഏൽപ്പിക്കാൻ ആവാതെ ആഷിഫ് മരണത്തിനു കീഴടങ്ങി

കോവിഡ് ഐസ്സ്‌ലേഷൻ വാർഡിൽ 10 ദിവസം സേവനം ചെയ്തപ്പോൾ ലഭിച്ച ആദ്യ ശമ്പളം ഉമ്മയെ ഏൽപ്പിക്കാൻ പുറപ്പെട്ട ആഷിഫിന്റെ മരണം നമ്മുടെ ഓരോരുത്തരുടെയും ദുഃഖമായി മാറുന്നു. നാം ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ആഷിഫ് നമ്മുടെ കുടുംബത്തിലെ ഒരു മകന്റെ നഷ്ടം പോലെ കണ്ണുകൾ നനക്കുന്നു. അടുത്തിടെ നഴ്സിങ് പഠനം പൂർത്തിയാക്കിയ ആഷിഫിന് എൻ.എഛ്.എം.പദ്ധതി പ്രകാരം കോവിഡിന്റെ പശ്ചാത്തലത്തിൽ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിൽ താൽക്കാലിക നിയമനം ലഭിച്ചത് ഈ അടുത്ത ദിവസം ആണ്.

ഒരു ഭയവും ഇല്ലാതെ കോവിഡ് ഐസ്ലേഷൻ വാർഡിൽ ജോലി ചെയ്യുകയായിരുന്നു ആഷിഫ്. 550 രൂപ ദിവസ ശമ്പളത്തിന് ജോലി ചെയ്യുമ്പോഴും അവന്റെ മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ ആണ് ആഷിഫിന്റെ നിര്യാണത്തോടെ ഇല്ലാതായത്. ചാവക്കാട് തൊട്ടപ്പ് ആനകടവിൽ അബ്ദുവിന്റെയും മെഡിക്കൽ കോളേജിൽ ക്ലറികൾ സ്റ്റാഫ് ആയ ഷെമീറയുടെയും മകനാണ് ആഷിഫ്. മകനെയും മകളെയും നഴ്സിങ് പഠിപ്പിച്ചു ആതുര സേവനം ആയിരുന്നു ഉമ്മയുടെ ആഗ്രഹം. മകന്റെ പഠനം എന്ന സ്വപ്നം പൂർത്തിയാക്കിയെങ്കിലും മകൾ പഠിക്കുകയാണ്.

മെഡിക്കൽ കോളജ് സ്റ്റാഫ് ക്വർട്ടേസിന് സമീപം എഫ്.സി.ഐ ഗോഡൗണിൽ നിന്നും അരി കയറ്റി വന്ന ലോറി ആഷിഫ് സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു ദാരുണ മരണം. ആദ്യ ശമ്പളം ഉമ്മയുടെ കൈകളിൽ കൊടുക്കുമ്പോൾ ഉമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷം കാണാൻ ആഗ്രഹിച്ച ആ പൊന്നുമോൻ ഇനി മടങ്ങി വരില്ല. മകന്റെ വരവ് പ്രതീക്ഷിച്ചു കാത്തിരുന്ന ഉമ്മയുടെ മുന്നിൽ 3 കഷ്ണം കഫൻ പുടയിൽ പൊതിഞ്ഞ മയ്യിത്ത്. എത്ര സങ്കടകരമാണീ ദുഃഖവാർത്ത.