തൊലിപ്പുറ ചികിത്സകൊണ്ട് ലിംഗസമത്വം യാഥാർത്ഥ്യമാക്കാൻ സാധിക്കില്ല

0
210

Anwar Ali

സ്ത്രീയെ കാണുമ്പോഴേക്കും ലൈംഗിക ചിന്തകൾ പൊട്ടിപ്പുറപ്പെടുന്നവരാണോ നിങ്ങൾ ?

ലൈംഗികമായ ബന്ധം വന്നേക്കും എന്ന് ഭയന്ന് സ്ത്രീയുടെ മുഖം നോക്കൽ നിഷിദ്ധമാക്കപ്പെട്ടവരാണോ നിങ്ങൾ ?

ലൈംഗിക ബന്ധത്തെ തടയാൻ സ്ത്രീയെ പർദക്കുള്ളിൽ പൂട്ടിയിടുന്ന സമൂഹത്തിൽ ജീവിക്കുന്നവരാണോ നിങ്ങൾ ?

ഇത്തരത്തിൽ സ്ത്രീ എന്നത് ലൈംഗിക കാഴ്ചപ്പാടുകളോടെ മാത്രം അവതരിപ്പിക്കപ്പെടുന്ന, അത്തരത്തിൽ മാത്രം ചിന്തിക്കുന്ന/ചിന്തിപ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. സ്ത്രീയുടെ സ്പർശവും സ്ത്രീയെ നോക്കൽ പോലും നിഷിദ്ധമാക്കുന്ന മതങ്ങളും പാരമ്പര്യങ്ങളും സംസ്കാരങ്ങളുമാണ് ഇവിടെ ഉള്ളത്.
ഇത്തരം സമൂഹത്തിലാണ് ലൈംഗിക ദാരിദ്ര്യം മൂത്ത പുരുഷന്മാർ ഉണ്ടാകുന്നത്. അവർക്ക് സ്ത്രീയെ കാണുമ്പോഴേക്കും ചിന്തകൾ ലൈംഗികതയിലേക്ക് കടക്കുന്നു.
സ്ത്രീയും പുരുഷനും തമ്മിൽ ഇത്തരത്തിൽ വലിയൊരു വിടവ് സൃഷ്ടിക്കപ്പെട്ട നമ്മുടെ സമൂഹത്തിൽ ഈ വിടവ് ഉള്ള കാലത്തോളം സ്ത്രീ എന്നത് പുരുഷന് ലൈംഗികതയുമായി ബന്ധപ്പെട്ട രൂപം മാത്രമായിരിക്കും. അത് ഇല്ലാതാക്കാൻ സ്ത്രീക്കും പുരുഷനും ഇടയിൽ നാം സൃഷ്ടിച്ച വിടവ് നികത്തുക എന്നത് വലിയൊരു ദൗത്യമാണ്. ആ വിടവുകൾ നികത്തേണ്ട മാർഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിലാണ് ഇതിന് തുടക്കമിടേണ്ടത്. അതിനു ശേഷം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കണം.
കുടുംബത്തിൽ നാം കൊണ്ടുവരേണ്ട മാറ്റങ്ങൾ ഇവയാണ് ;

 1. പെൺകുട്ടികളെയും ആൺകുട്ടികളെയും മാതാപിതാക്കൾ ഒരേ രീതിയിൽ വളർത്തുക.
 2. പെൺകുട്ടികളെ വീടിനകത്തോ മുറ്റത്തോ കളിക്കാൻ കൽപിക്കുകയും ആൺകുട്ടികളെ പുറത്ത് എവിടെയും കളിക്കാൻ അനുവദിക്കുകയും ചെയ്യുന്ന മനോഭാവം തിരുത്തുക. അവരെ ഒരു പോലെ പുറത്ത് വിടുക.

 3. പെൺകുട്ടിയെ വീടിൻ്റെ അകത്തെ ജോലികൾ ഏൽപിക്കുകയും ആൺകുട്ടികളെ അങ്ങാടിയിൽ പോകുന്നത് പോലുള്ള വീടിനു വെളിയിലെ കാര്യങ്ങൾ ഏൽപിക്കുകയും ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തുക. രണ്ടുപേരെയും രണ്ടു കാര്യങ്ങൾ ഒരു പോലെ ശീലിപ്പിക്കുക.

 4. വീട് അടിച്ചുവാരാനും പാത്രം കഴുകാനും അലക്കാനും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു പോലെ പ്രാപ്തരാക്കുക. അതിൽ ഒരു വിവേചനവും കാണിക്കാതിരിക്കുക.

 5. വസ്ത്രധാരണയിൽ ഇഷ്ടമുള്ള വേഷം തെരഞ്ഞെടുക്കാനും ധരിക്കാനും ഒരുപോലെ സ്വാതന്ത്ര്യം നൽകുക. ആൺകുട്ടിക്ക് ട്രൗസർ ധരിക്കാമെങ്കിൽ പെൺകുട്ടിക്കുമാകാം.

 6. ലൈംഗിക വിദ്യാഭ്യാസം ആദ്യം ലഭിക്കേണ്ടത് മാതാപിതാക്കളിൽ നിന്നാണ് ;
  6 a ) കുട്ടികളെ അവരുടെ സ്വകാര്യ ഭാഗങ്ങൾ ഏതൊക്കെയാണെന്നും അവയുടെ പേരും ധർമവും എന്താണെന്നും അവയെ എങ്ങനെ സൂക്ഷിക്കണമെന്നും പഠിപ്പിക്കണം.
  6 b ) ആർത്തവം, സ്വയംഭോഗം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കിക്കൊടുക്കണം.
  6 c ) കുട്ടികൾ ജനിക്കുന്നത് എങ്ങനെയാണെന്നും സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തെ പറ്റിയും പഠിപ്പിക്കണം.
  6 d ) ഒരാളുടെ ജൻഡർ (Gender) എന്താണെന്നും ലൈംഗിക താൽപര്യം, homosexuality, heterosexuality, bisexuality തുടങ്ങിയ കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കണം.
  6 e ) വിവാഹം എന്തിനാണെന്നും അത് ഇരുവരുടെയും താൽപര്യത്തിനൊത്ത് മാത്രമേ നടത്താവൂ എന്നും അതിനു മുമ്പ് സാമ്പത്തിക സ്വയംപര്യപ്തത രണ്ടു പേരും കൈവരിച്ചിരിക്കണമെന്നും വിവാഹം പരസ്പര താൽപര്യത്തിന് വിധേയമായ ഒരു താൽക്കാലിക ജീവിതം മാത്രമാണെന്നും പഠിപ്പിക്കുക.
  6 f ) ആൺ പെൺ ഭേദമില്ലാതെ ഒരു പോലെ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും മക്കളിൽ ബോധവൽക്കരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.

 7. കല്യാണം കഴിഞ്ഞാൽ സ്ത്രീ ഭർത്താവിൻ്റെ വീട്ടിൽ കഴിയണമെന്ന വ്യവസ്ഥ ഇല്ലാതാക്കുക. പുതിയതായി ഒരു വീട്ടിലേക്ക് വധൂവരന്മാർ മാറുക. സ്ത്രീ തനിക്ക് ഇഷ്ടമുള്ള വീട്ടിൽ കഴിയുമെന്ന വ്യവസ്ഥകൾ കൊണ്ടുവരിക. അവൾ സാമ്പത്തികമായി സ്വയംപര്യപ്തയായാലേ ഇത് കൊണ്ടുവരാൻ സാധിക്കുള്ളൂ. അല്ലെങ്കിൽ അടിമത്തം തുടരേണ്ടി വരും. അതുകൊണ്ട് സാമ്പത്തിക സ്വയം പര്യപ്തത സ്ത്രീക്ക് അത്യാവശ്യമാണ്. ഇത്രകാര്യങ്ങൾ അടിസ്ഥാനപരമായി കുടുംബത്തിനകത്ത് കൊണ്ടുവരേണ്ട മാറ്റങ്ങളാണ്.

ഇനി, കുടുംബത്തിനു പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ നോക്കാം ;

 1. ഒന്നാം ക്ലാസ് മുതൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്തുക. ഈയൊരു മിക്സ്ഡ് രീതി മുതിർന്ന ക്ലാസുകൾ വരെ തുടരുക. വിദ്യാഭ്യാസ വകുപ്പ് ഇതൊരു നിയമമായി കൊണ്ടുവരിക.
 • സ്കൂൾ അസംബ്ലി പോലുള്ള ഇടങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വ്യത്യസ്ത വരികൾ ഒഴിവാക്കി ഇടകലർത്തി നിർത്തുക.

 • സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം കൂടുതൽ ശാസ്ത്രീയ ഉള്ളടക്കത്തോടെ നൽകുക ;
  3 a ) പ്രണയവും സ്നേഹവും ഒന്നല്ലെന്ന കാര്യവും പരസ്പര സമ്മതവും താൽപര്യവും മാത്രമേ ബന്ധങ്ങളെ നിലനിർത്താൻ പാടുള്ളൂ എന്നുമുള്ള അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുക.
  3 b ) സാമ്പത്തിക സ്വയംപര്യപ്തത സ്ത്രീക്കും പുരുഷനും അനിവാര്യമാണെന്ന ബോധം നൽകുക.
  3 c ) കല്യാണം എന്നത് താൽക്കാലിക ബന്ധം മാത്രമാണെന്നും ഒരാളുടെ ജീവിതം അയാളുടെ താൽപര്യത്തിന് അനുസരിച്ച് മാത്രമായിരിക്കണമെന്ന അവബോധം നൽകുക.
  3 d ) പ്രസവം സ്ത്രീയുടെ ചോയിസാണെന്നും പ്രസവിക്കലല്ല കല്യാണത്തിൻ്റെ ലക്ഷ്യമെന്നും ഭ്രൂണനിരാസം നടത്താൻ ഓരോ സ്ത്രീക്കും അവകാശമുണ്ടെന്നും മനസിലാക്കുക.
  3 e ) ക്വാണ്ടം അഥവാ ഗർഭനിരോധന മാർഗങ്ങളെ പറ്റി സ്ത്രീക്കും പുരുഷനും അവബോധം ഉണ്ടാക്കുക. രണ്ടു പേരുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും മാത്രമേ ലൈംഗിക ബന്ധത്തെ നിർണ്ണയിക്കാവൂ എന്ന അവബോധം നൽകുക.
  3 f ) വിവാഹമോചനം എന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണെന്ന തിരിച്ചറിവ് നൽകുക.
  3 g ) കൂട്ടുകുടുംബമെന്ന പാരമ്പര്യവ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബ രീതിയിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കുക.
  3 h ) ലൈംഗിക വിദ്യാഭ്യാസം നൽകുന്ന സിനിമകൾ, നാടകങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.

 • ഇത്തരത്തിൽ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ ഉടച്ചുവാർക്കുന്ന രീതിയിൽ മാറ്റങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ നമ്മുടെ സമൂഹം അകപ്പെട്ട പുരുഷമേധാവിത്ത വ്യവസ്ഥ തകരുകയുള്ളൂ. സ്ത്രീയെ വികാരം മാത്രമായി കാണുന്ന പുരുഷമനസിൽ മാറ്റങ്ങൾ വരാനും മറ്റൊരു പുരുഷനെ പോലെ അല്ലെങ്കിൽ പെങ്ങളെ പോലെ ഇതര സ്വത്വമായി എല്ലാ സ്ത്രീകളെയും കാണാനുള്ള സാമൂഹികബോധം പുരുഷനിൽ വളരാനും മുകളിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുക അത്യാവശ്യമാണ്.
  ലിംഗസമത്വം യാഥാർത്ഥ്യമാവാൻ നാം ഇനിയും ബഹുദൂരം നടക്കാനുണ്ട്. തൊലിപ്പുറ ചികിത്സകൊണ്ട് ഒന്നും പരിഹരിക്കാനാവില്ല.