ഞാൻ ഉൾപെടെയുള്ള മലയാളികൾക്ക് എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്, നാട്ടിലായാലും വിദേശത്തായാലും

686

എഴുതിയത്  : Anwer Paleri

വർഷങ്ങളോളം ദുബായിലും അത് കഴിഞ്ഞു ഖത്തറിലും നീണ്ട ഒന്നര പതിറ്റാണ്ടു കാലം മാധ്യമ പ്രവർത്തകനായി ജീവിക്കുന്നതിനിടെ ഒരുപാട് മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്.മരണ വാർത്തകൾക്കൊപ്പം അയച്ചുകിട്ടുന്ന ചെറുപ്പക്കാരുടെ ചിത്രങ്ങൾ കണ്ട് പലപ്പോഴും വേദനിച്ചിട്ടുണ്ട്.22 വയസ്സു മുതൽ പ്രായമുള്ള ആരോഗ്യവും സൗന്ദര്യവും കൊണ്ട് ദൈവം വേണ്ടുവോളം അനുഗ്രഹിച്ച ചെറുപ്പക്കാരാണ് ഇവരിൽ പലരും.ഫേസ്‌ബുക്കിന്റെ കാലമായതോടെ പ്രൊഫൈലിൽ കയറി മരിച്ചുപോയവരുടെ ജീവിതകാലത്തെ സ്വപ്നങ്ങളും നിലപാടുകളും കാഴ്ചപ്പാടുകളുമൊക്കെ വെറുതെ കണ്ണോടിക്കും.വേദനിക്കും..മനസു പിടയും.ഇപ്പോൾ ഇല്ലാത്തവരുടെ ഫേസ്ബുക് പ്രൊഫൈലുകൾ വല്ലാത്തൊരു വേദനയാണ്.അവരിൽ പലരും ഇപ്പോഴും എന്റെ ഫ്രണ്ട് ലിസ്റ്റിൽ തുടരുന്നുണ്ട്.ജീവിച്ചിരിക്കുന്ന പലരെയും ഒഴിവാക്കുമ്പോഴും ഇവരെ മാത്രം റിമൂവ് ചെയ്യാൻ തോന്നുന്നില്ല.എല്ലാവരെയും പോലെ ജീവിതത്തിലെ ഏറ്റവും പ്രസന്നവും സുന്ദരവുമായ മുഖങ്ങളോടെ അവർ അവിടെ ജീവിക്കട്ടെ.പറഞ്ഞുവരുന്നത് അതല്ല. ഇവരിൽ പലരും ഇടത്തരം ജോലികൾ ചെയ്യുന്നവരാണെന്ന കണ്ടെത്തലാണ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നത്.അതായത് വല്ലാതെ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നവർ. അമ്മയുടെ മരുന്നിനും വീട്ടുകാരുടെ ചിലവിനും നാട്ടിലെ കല്യാണത്തിനും ചോറൂണ് മുതൽ അയൽപക്കത്തെ വീട്ടിൽകൂടലിനു വരെ ആരെയും ആശ്രയിക്കാതെ സ്വന്തം വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചു നാട്ടിലേക്ക് അയക്കാൻ കഴിയുന്നവർ.ഭാര്യയേയും മക്കളെയും ഇടക്കെങ്കിലും വിസിറ്റ് വിസയിൽ കൊണ്ടുവന്ന് ഷെയറിങ് അക്കമഡേഷനിൽ നിന്ന് ഒന്നോ രണ്ടോ മാസം മാറി നിന്ന് സ്വന്തമായി മുറിയെടുത്ത് താമസിക്കാൻ ശേഷിയുള്ളവർ.സ്വപ്നങ്ങളുടെ ചില്ലകളിൽ പൂവും കായും തളിർത്തു തുടങ്ങുന്നതിന് മുമ്പ് ഇവർ എങ്ങോട്ട് പോകുന്നു…?എന്തുകൊണ്ട് …? അവരുടെ മുന്നോട്ടുള്ള വഴികളിൽ പെയ്തിറങ്ങാനിരുന്ന മഴയും കണ്ണിൽ വെളിച്ചം പരത്തിയ നക്ഷത്രങ്ങളും നടവഴികളിൽ സുഗന്ധം പരത്താൻ വിരിയാതെ കാത്തിരുന്ന പൂക്കളും എങ്ങോട്ടു പോയി…?മരണകാരണം പെട്ടെന്നുള്ള ഹൃദയാഘാതമാണെന്ന് ആവർത്തിച്ചു റിപ്പോർട്ട് ചെയ്യേണ്ടി വരുമ്പോൾ അതിന്റെ കാരണങ്ങളെ കുറിച്ച് നാം ഒരുമിച്ചിരുന്ന് ചിന്തിക്കേണ്ടതല്ലേ…?അതിരാവിലെ എഴുന്നേറ്റ് രണ്ടു തുളസിയില പറിച്ചു ഒരു ഗ്ളാസ് വെള്ളത്തോടൊപ്പം ചവച്ചരച്ചു കഴിക്കുന്നതിനു പകരം തുളസിക്കതിർ മുടിയിൽ ചൂടിയ പെൺകുട്ടിയെ കുറിച്ചുള്ള കാല്പനിക സ്വപ്നങ്ങളിൽ മുഴുകി ജീവിക്കുന്ന ഞാൻ ഉൾപെടെയുള്ള മലയാളികൾക്ക് എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്.നാട്ടിലായാലും വിദേശത്തായാലും.