എയർ ഡെക്കാന്റെ ചരിത്രം സിനിമയിലൂടെ അറിയുമ്പോൾ ഒരു മലയാളിയായ തകിയുദീൻ വാഹിദിനെയും ഈസ്റ്റ് വെസ്റ്റ് എയർലൻസിന്റെയും ചരിത്രം കൂടി അറിഞ്ഞിരിക്കണം

  0
  277

  Anzar Shah

  സൂറ്രരയ് പോട്രു എന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണല്ലോ. ആമസോൺ പ്രൈം ൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം ആണ് നേടിക്കൊണ്ടിരിക്കുന്നത്.ഡെക്കാൻ എയർവെയ്‌സ് സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥൻന്റെ simply fly എന്ന ജീവചരിത്രത്തെ ആസ്പദമാക്കി നിർമിച്ച ചിത്രം കഴിഞ്ഞ ദിവസം കണ്ടപ്പോഴാണ് മറ്റൊരു കാര്യത്തെ കുറിച്ചോർത്തത്.മലയാളിയായ , തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശിയായ ഒരു ബിസിനസ് കാരന്റെ കഥ. അധികമാരും കേൾക്കാത്ത കഥ.

  1991 ൽ ആണ് തിരുവനന്തപുരം ആസ്ഥാനമാക്കി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്ന കമ്പനി തകിയുദീൻ വാഹിദ് എന്ന സംരംഭകൻ ആരംഭിക്കുന്നത്.1997 ൽ തുടങ്ങിയ എയർ ഡെക്കാനെക്കാളും അരപ്പതിറ്റാണ്ടു മുന്നേ മലയാളി ഈ മേഖലയിൽ കൈ വച്ചെന്ന് സാരം.എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും വാണിരുന്ന ഇന്ത്യൻ എയർ സ്പേസ് ,കേന്ദ്ര സർക്കാരിന്റെ ഓപ്പൺ എയർ പോളിസിയുടെ ഭാഗമായിട്ടാണ് പ്രൈവറ്റ് കമ്പനികൾക്ക് തുറന്ന് കൊടുത്തത്. അപ്പോഴാണ് ബോംബയിൽ അല്ലറചില്ലറ വിസകച്ചവടവും ട്രാവെൽസും നടത്തിയിരുന്ന തകിയുദീൻ വാഹിദ് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് കമ്പനി സ്ഥാപിക്കുന്നത്.

  മികച്ച സർവീസ് ആയിരുന്നു അവരുടെ മുഖമുദ്ര. സുന്ദരി സുന്ദരന്മാരായ ക്യാബിൻ ക്രൂ , മികച്ച ഭക്ഷണം , കൃത്യനിഷ്ഠ. ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് മുൻനിരയിൽ എത്താൻ ഒട്ടും വൈകിയില്ല.ഒൻപതാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന തകിയുദീൻ വാഹിദ് അനവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്നു .യാത്രക്കാരുടെ ഫീഡ്ബാക്ക് അവരറിയാതെ വിമാനത്തിൽ ഒപ്പം യാത്ര ചെയ്ത് സംഘടിപ്പിച്ചു ജനങ്ങളുടെ മനസ്സറിഞ്ഞു. ഒരു മികച്ച ബിസിനസ്സ്മാൻ.

  മികച്ച രീതിയിൽ മുന്നോട്ട് പോയിരുന്ന ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഒരു സഡൻ ബ്രെക്കിടുന്നത് 1995 നവംബർ 13 നാണ് . അന്നാണ് തകിയുദീൻ വാഹിദ് ഒരു സംഘം ഗൂണ്ടകളുടെ വെടിയുണ്ടകൾക്ക് ഇരയാകുന്നത്.ബിസിനസ് തുടങ്ങുന്ന സമയത്തു തന്നെ അനവധി ഭീഷണികൾ ഉണ്ടായിരുന്നുവെങ്കിലും , അതൊന്നും കാര്യമാക്കിരുന്നില്ല. തന്റെ ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് തന്റെ ജീവൻ കാക്കും എന്ന അമിത ആത്മവിശ്വാസം അദ്ദേഹത്തെ ചതിച്ചു എന്നും കരുതാം .തകിയുദീൻ വാഹിദ് സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെൻസിനു മുന്നിലേക്ക് അക്രമികൾ വാഹനം കുറുക്കിട്ടു. ഇരുമ്പു കൂടത്തിനേറ്റ പ്രഹരം ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് അധിക നേരം പിടിച്ചു നിന്നില്ല. ശേഷം മുപ്പതോളം വെടിയുണ്ടകളേറ്റ് കേരളത്തിന്റെ , തിരുവനന്തപുരത്തിന്റെ സ്വന്തം ഇന്നൊവേറ്റീവ് ബിസിനസ്സ്മാൻ ഓർമയായി.

  കുറച്ചു മാസങ്ങൾക്ക് ശേഷം ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് പൂട്ടിക്കെട്ടി.ബോംബെ ആസ്ഥാനമാക്കിയ അന്നത്തെ ക്രൈം സിന്റിക്കേറ് ആയ D company ആണ് ഈ കൊലയ്ക്ക് പിന്നിലെന്ന് പരസ്യമായ രഹസ്യം ആയിരുന്നു. കേസ് തേയ്ച്ചുമാച്ചു കളയാൻ ഉന്നതങ്ങളിൽ നിന്ന് കനത്ത സമ്മർദം ഉണ്ടായതായി പിൽക്കാലത്തു പോലീസ് സമ്മതിച്ചിരുന്നു.കൊലയ്ക്ക് പിന്നിൽ ചോട്ടാ രാജന്റെ സംഘം ആയിരുന്നു എന്ന് പോലീസ് കണ്ടെത്തി. തകിയുദീൻ വാഹിദിന്റെ കുടുംബം മുംബൈ വിട്ടു ബാംഗ്ലൂർ സെറ്റിൽ ചെയ്തു.

  അദ്ദേഹത്തിന്റെ കൊലപാതകം മറ്റുള്ള ബിസിനെസ്സ്കാർക്ക് ഒരു പാഠമായിരുന്നു .ഏതൊരു കമ്പനി ആയിരുന്നാലും പ്രോപ്പർ sucessorship വേണം എന്നത്. നമ്മുടെ മരണശേഷവും കമ്പനി നിലനിൽക്കണമെങ്കിൽ നമുക്ക് പിൻഗാമികൾ ഉണ്ടാവണം എന്ന ബിസിനസ് തത്വം.സിനിമ കണ്ട് മാത്രം ‘എയർ ഡെക്കാൻ ചരിത്രം അറിഞ്ഞ നമ്മൾ ,നമ്മുടെ സ്വന്തം മലയാളിയായ തകിയുദീൻ വാഹിദിന്റെ സിനിമയെ വെല്ലുന്ന ചരിത്രം ഓർക്കാൻ ആകട്ടെ ഈ കുറിപ്പ്.