ടിപ്പു സുൽത്താൻ ആർത്താറ്റ്‌ പള്ളിയിൽ

216

Anzary Muhammed

ടിപ്പു സുൽത്താൻ ആർത്താറ്റ്‌ പള്ളിയിൽ
—————————
ദുഷ്ടരില്‍ ദുര്‍ഘട മുഖ്യശാന്‍..
മഹമ്മദുവേദശ്രേഷ്ഠനാം നൃപന്‍
ദുഷ്ടന്‍ പട്ടാണി വന്നു
പന്തം കത്തിച്ചു ചുട്ടു പള്ളിയും….”

1789ൽ തിരുവതാംകൂർ യുദ്ധത്തിനായി കൊച്ചി അതിർത്തി ഭേദിച്ച ടിപ്പുവിന് വീണ് കിട്ടിയ വർണ്ണനായാണിത്. “തിരുവതാംകൂർ യുദ്ധത്തിനായി ഇറങ്ങി തിരിച്ച ടിപ്പു, ‘കാലമോ തീയതിയോ അറിയാത്ത ഒരു ദിനം’ കുന്നംകുളമെത്തി അന്ന് ടിപ്പുവും സംഘവും തങ്ങളുടെ കൃസ്ത്യാനികളോടുളള പക തീർത്തത് ഇങ്ങനെയാണ്. അവിടെ നൂറ്റാണ്ട്കൾക്ക് മുൻപ് സെന്റ് തോമസ് പുണ്യാളൻ പണിതീർത്ത ആർത്താറ്റ്‌ പള്ളിക്കും അവിടത്തെ അങ്ങാടിക്കും വസ്തുവകൾക്കും തീയിട്ടും, മതപരിവർത്തനത്തിന് നിർബന്ധിച്ചും, കലിയടങ്ങാതെ ക്രിസ്താനികളെ അരിഞ്ഞു വീഴ്ത്തിയുമാണ്. അന്നേ ദിവസം ആ പള്ളി മുറ്റത്ത് 19 ക്രിസ്ത്യൻ യുവാക്കളെ തേക്കിൻ തടിയിൽ കെട്ടി തൂക്കിയും, ആ പള്ളിയിലെ അന്നത്തെ വൃദ്ധപുരോഹിതനെ വിശുദ്ധ മദ്ബഹയിലിട്ട് തലയറുത്തും ടിപ്പുവും സംഘവും അന്ന് സായൂജ്യമടഞ്ഞു. രക്തം വീണ വിശുദ്ധ സ്ഥലം ദിവ്യബലി നടത്തുവാന്‍ നല്ലതലെന്ന് അന്നത്തെ മത പണ്ഡിതന്മാരുടെ അഭിപ്രായത്തെ മാനിച്ച് ആ അഭി. പുരോഹിതന്‍ രക്തസാക്ഷിത്വം വരിച്ച സ്ഥലംമുതല്‍ വിശുദ്ധ മദ്ബഹ ഛേദിച്ചു കളഞ്ഞു. 29.3 നീളമുണ്ടായിരുന്ന ആ മദ്ബഹ പിന്നീട് ‘ 19.4 ‘ ആയി ചുരുങ്ങി. അന്ന് രക്തസാക്ഷിത്വം വരിച്ചവരുടെ ഓർമ്മക്കായി വൃശ്ചികം 2-ാം തിയ്യതി ആര്‍ത്താറ്റ് പള്ളിയില്‍ “ആനീദോ” (അന്നിച്ചാത്തം) ആയി ആചരിക്കുമെന്നും കാലമോ, തീയതിയോ അറിയാത്ത ഒരു ദിനം അവർ തീരുമാനമെടുത്തു”.

ആ കാലമോ, തീയതിയോ അറിയാത്ത ദിനങ്ങൾക്കിപ്പുറം 1800 ഡിസംബർ 9ആം തീയതി ഒരാൾ കുന്നംകുളത്തെത്തി. അന്നേക്ക് ടിപ്പു മലബാർ വിട്ടിട്ട് 10വർഷവും മരണം കഴിഞ്ഞിട്ട് ഒരു വർഷവും തികഞ്ഞിരുന്നു. അയാളുടെ പേരാണ് “ഡോക്ടർ ഫ്രാൻസിസ് ബുക്കാനൻ”. അയാളാണിവിടെ നമുക്ക് ഐതീഹ്യവും ചരിത്രവും വേർതിരിച്ചു തരുന്നയാൾ. അന്നെവിടെ ബുക്കാനൻ എത്തിയത് ഇന്ത്യ ഗവർണർ ജനറൽ റിച്ചാഡ് വെല്ലസ്ലി പ്രഭുവിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പുതുതായി പിടിച്ചെടുത്ത ടിപ്പുവിന്റെ കീഴിലുണ്ടായിരുന്ന മൈസൂരിനെയും, ആ കാലത്തെയും കുറിച്ചുള്ള വിശദ വിവരങ്ങൾ ക്രോഡീകരിക്കാനായിരുന്നു ആ വരവ്. ആ പഠനവിവരങ്ങൾ “A journey from Madras through Mysore, Canara and Malabar” എന്ന പേരിൽ പിന്നീട് പ്രസിദ്ധികരിക്കപ്പെട്ടു. അന്ന് ബുക്കാനൻ കുന്നംകുളത്തെത്തി അർത്താറ്റ്‌ പള്ളി സന്ദർശിക്കുകയും അന്നത്തെ മുഖ്യ പുരോഹിതൻ ഇട്ടൂപ്പ് മാപ്ലാനുമായി ( പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്യാസോസ് II ) കണ്ടുമുട്ടി സുദീർഘമായൊരു സംഭാഷത്തിലെർപ്പെടുകയും ചെയ്തു.

ഫ്രാൻസിസ് ബുക്കാനന്റെ കാഴ്ചയിൽ ക്രിസ്ത്യാനികൾ താമസമുറപ്പിച്ചിരുന്ന മനോഹരമായൊരു ഉയർന്ന പ്രദേശമായിരുന്നു കുന്നംകുളം അങ്ങാടി. അവിടെ ധാരാളം അടക്ക മരങ്ങൾ വളർന്നു നിന്നിരുന്നു. അവിടെയെത്തി ബുക്കാനനും, സഹയാത്രികൻ ഡ്രമ്മണ്ടിനും മുഖ്യ പുരോഹിതൻ ഇട്ടൂപ്പ് മാപ്ലാനെ കാണാനും സംസാരിക്കാനുമായി. നീല നിറത്തിലുള്ള വസ്ത്രം ധരിച്ച മാന്യനായ വെളുത്ത നിറമുള്ള ജൂതരോട് സാമ്യമുള്ള വ്യക്തിയായിരുന്നു മുഖ്യ പുരോഹിതൻ. അദ്ദേഹവുമായുള്ള സംസാരത്തിൽ പുരോഹിതൻ ശുദ്ധ സസ്യാഹാരിയും, ബ്രഹ്മചാരിയുമാണെന്ന് ബുക്കാനന് മനസ്സിലാക്കാൻ സാധിച്ചു. കൂടാതെ അവർ തമ്മിലുള്ള ചർച്ചയിൽ അന്ത്യോക്ക്യയിലെ പാത്രിയർക്കീസ് ബാവയെ ആണ് അവർ പിന്തുടർന്നിരുതെന്നും, ട്രാവൻകൂറിലാണ് അവരുടെ മേലധികാരി മെത്രാപൊലീത്തയുള്ളതെന്നും, അവരുടെ പുരോഹിതർ വിവാഹം കഴിച്ചിരുന്നുവെന്നും, അവർ ആരും അന്ത്യോക്ക്യയിൽ പോയി വിദ്യ അഭ്യസിച്ചിട്ടില്ലെന്നും, പള്ളിയിലെ പ്രാർത്ഥനാ കർമ്മം സുറിയാനിയിലും, പ്രഭാഷണങ്ങൾ മലയാളത്തിൽ ആണെന്നും, പള്ളിയിൽ മറ്റു ചിത്രങ്ങൾ ഒന്നുമില്ലന്നും കുരിശിനെ മാത്രമേ അവർ ആരാധനക്ക് ഉപയോഗിച്ചിരുന്നുവൊള്ളൂ എന്നും, അവിടത്തെ ക്രിസ്ത്യൻസ് തദ്ദേശീയർ മതം മാറിയവർ ആയിരുന്നുവെന്നും, നായൻമാരിൽ നിന്നും, നാടാർമാരിൽ നിന്നുമാണ് കൂടുതൽ ആളുകൾ ക്രിസ്തീയ മതത്തിൽ ചേരുന്നത് എന്നും, മാപ്പിളമാരും നമ്പൂരിമാരും ക്രിസ്തിയമതത്തിൽ ചേര്ന്നിരുന്നില്ലന്നും, അവരുടെ ജനസംഖ്യ ഈ അടുത്ത കാലത്ത് ഒന്നും കൂടിയതോ കുറഞ്ഞതോ ആയി പുരോഹിതന് അറിവില്ലെന്ന വിവരങ്ങളും മറ്റും ബുക്കാനന് അറിയാൻ സാധിച്ചു.
പുരോഹിതനുമായി ചരിത്ര വശങ്ങൾ ബുക്കാനൻ സംസാരിച്ചപ്പോൾ സെന്റ് തോമസ്‌ വഴിയാണ് ക്രിസ്തീയ മതം ഇവിടെ എത്തിയത് എന്നും, രാജ്യ ദ്രോഹിയായ ചേരമാൻ പെരുമാൾ രാജ്യം വീതിച്ചു നൽകി മക്കത്ത് പോയത് മൂലമാണ് ഇസ്ലാം മതം ഇവിടെ എത്തിയതെന്നും ബുക്കാനന് പുരോഹിതനിൽ നിന്നും വിവരം കിട്ടി. കൂടാതെ അവരുടെ മെത്രാപൊലീത്തമാർ സെന്റ് തോമസ്‌ പുണ്യാളന്റെ വരവ്‌ മുതൽ പലതും രേഖപ്പെടുത്തി വച്ചിട്ടുണ്ടെന്നും, ക്രിസ്തിയർക്കെതിരെ വിവിധ ശക്തികൾ നടത്തിയ ദ്രോഹങ്ങളും അതിൽ ഉൾപ്പെടുമെന്നും “അതിൽ ഏറ്റവും ദ്രോഹം പ്രവർത്തിച്ചത് പോർച്ചുഗീസ്കാരാണെന്നും” പുരോഹിതൻ അറിയിച്ചു. ഇത്തരത്തിലുള്ള വിവരങ്ങളടങ്ങിയ രേഖ പുരോഹിതൻ ബുക്കാനന് നൽകാമെന്ന് വാക്ക് നൽകിയെങ്കിലും പുരോഹിതൻ ആ വാക്ക് പാലിച്ചില്ലെന്നും ബുക്കാനൻ കുറിക്കുന്നു.

തുടർന്ന് ഉച്ചക്ക് ശേഷം ബുക്കാനനും ഡ്രമ്മണ്ടും നസ്രാണി ഗ്രാമം സന്ദർശിക്കുകയും നല്ല വൃത്തിയുള്ള ധാരാളം ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണതെന്നും അവിടെ പുതിയൊരു വലിയ ക്രിസ്ത്യൻ പള്ളിയുണ്ടെന്നും തെല്ലു മാറി മേൽക്കൂരയില്ലാതെ കളിമണ്ണ് കൊണ്ട് നിർമ്മിച്ച ഭിത്തിയുള്ള പഴയ പള്ളി കണ്ടുവെന്നും പടിഞ്ഞാറേ അറ്റത്ത് ശശ്മാനമുണ്ടെന്നും കല്ലറകൾ പുതിയ ശവശരീങ്ങൾ സംസ്കരിക്കാൻ തുറന്നിരുന്നുവെന്നും മറ്റും ബുക്കാനൻ തന്റെ കുന്നംകുളം യാത്രയെ കുറിച്ച് വിവരിക്കുന്നു.

ടിപ്പു സുൽത്താന്റെ ആർത്താറ്റ്‌ ആക്രമണം സുൽത്താന് മേൽ കാലാകാലങ്ങളിൽ ആരോപിക്കപ്പെടുന്ന പല കഥകളേയും പോലെ ആരോപണം മാത്രമാണെന്ന് ബുക്കാനന്റെ രേഖകൾ വിരൽ ചൂണ്ടുന്നു. ടിപ്പു സുൽത്താൻ മലബാർ വിട്ടിട്ട് 10 വർഷങ്ങൾക്ക് ശേഷം സുൽത്താനെയും അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളെയും കുറിച്ച് പഠനം നടത്തുവാൻ വേണ്ടി മാത്രം നിയോഗിക്കപ്പെട്ട ഫ്രാൻസിസ് ബുക്കാനന്, തന്റെ കുന്നംകുളം യാത്രയിൽ ടിപ്പു അർത്താറ്റ് പള്ളിയിൽ നടത്തിയ ആ കൊടും ക്രൂരതയെ പറ്റി ആ പ്രദേശത്ത് നടത്തിയ സർവ്വേയിൽ ആരിൽ നിന്നും ഒരു വാക്ക് പോലും അറിയാനായി സാധിച്ചില്ല എന്നതും അത്ഭുത വഹമാണ്. അവിടത്തെ മുഖ്യ പുരോഹിതനായ ഇട്ടൂപ്പ് മാപ്ലാന് പോർച്ചുഗീസുകാർ അവർക്കുനേരെ നടത്തിയ ആക്രമണത്തെ കുറിച്ച് പോലും പറയാൻ ഉള്ളപ്പോൾ ടിപ്പുവിനെ കുറിച്ച് അന്വേഷണം നടത്താനായി അവിടെയെത്തിയ ബുക്കാനൻ എന്ന ബ്രിട്ടീഷ് പ്രധിനിധിയോട് ടിപ്പു അദ്ദേഹത്തിന്റെ അധീനതയിലുള്ള പള്ളിയോടും, വിശ്വാസികളോടും ആ അടുത്ത കാലത്ത് നടത്തിയ ക്രൂരതയെ കുറിച്ചോ, അവിടെ നടക്കുന്ന ഓർമ്മ ചടങ്ങിനെ കുറിച്ചോ ഒന്നും തന്നെ ബോധിപ്പിക്കാൻ ഇല്ലായിരുന്നു എന്നതാണ് കൗതകകരം. 1792ൽ മലബാർ ജോയിന്റ് കമ്മീഷണർക്ക് വേണ്ടി അലക്സാണ്ടർ ഡൗ സമർപ്പിച്ച കേരള ക്രിസ്ത്യൻസിനെ കുറിച്ചുള്ള റിപ്പോർട്ടിൽ കൊച്ചിയിലെ വിവരങ്ങൾ ശേഖരിക്കുന്ന കൂട്ടത്തിലും ഇത്തരത്തിൽ ഒരു ഹത്യയെ കുറിച്ച് അലക്സാണ്ടർ ഡൗവിനും സൂചിപ്പിക്കാൻ ഇല്ലായിരുന്നു. പക്ഷെ ശ്രദ്ധവഹമായ മറ്റൊരു കാര്യം പാലയൂരിലെ ക്രിസ്ത്യൻ പള്ളിക്കായി കേരളത്തിൽ ടിപ്പു സുൽത്താൻ 2.69 ഏക്കർ ഇനാം നൽകിയെന്നുള്ളതാണ്.‌ ഇത് കോഴിക്കോട് റീജണൽ ആർക്കൈവിലെ ഇനാം രജിസ്റ്ററിൽ കാണാവുന്നതാണ്.

https://indiayudeinnalakal.blogspot.com/2020/02/blog-post.html?m=1
അൻസാരി പി ഹംസ
●റഫറൻസ്●
➦ A journey from Madras through Mysore, Canara and Malabar : ഫ്രാൻസിസ് ബുക്കാനൻ
➦ https://braveindianews.com/bi264794
➦ കോഴിക്കോട് റീജണൽ ആർക്കൈവ് ഇനാം രജിസ്റ്റർ – Refer Inam Register No. 123 of Choughaut Taluk, page 27
➦മലബാർ ജോയിന്റ് കമ്മീഷൻ റിപ്പോർട്ട് 1792