മരണവും നഷ്ടപ്പെടലുകളും പൊരുത്തപ്പെടാനാകാതെ വരുമ്പോഴാണ് മരിച്ചവർ ഉയിർത്തെണീക്കുമെന്നും തിരിച്ചുവരുമെന്നും പരിഹാരം കണ്ടെത്തുന്നത്

29

Aparna Kurup

72 കാരിയായ അമ്മയുടെ അഴുകിയ മൃതദേഹവുമായി ഉയിർത്തെഴുന്നേൽക്കുന്നത് കാത്ത് മകൾ .ഇന്ന് പാലക്കാട് ചെർപ്പുളശ്ശേരിയിൽ നിന്ന് വന്ന വാർത്തയാണ്. മരിച്ചത് റിട്ട.അധ്യാപിക. മരിച്ച അമ്മ ഉയിർത്തെണിക്കുമെന്ന് കരുതി മൂന്ന് ദിവസമാണ് പ്രാർത്ഥിച്ചുകൊണ്ട് മകൾ മൃതദേഹം അനക്കാതെ വച്ചത്. മൃതദേഹം അഴുകിയപ്പോഴാണ് നാട്ടുകാരെ അറിയിക്കുന്നത്. പൊലീസെത്തി അമ്മയുടെ ഭൗതികശരീരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും കാത്തിരിപ്പ് തുടർന്ന് 42 കാരിയായ മകൾ .ഈ മകൾ ഒരു ഡോക്ടർ കൂടിയാണെന്ന് വരുമ്പോഴാണ് അതിലെ വാർത്ത പോലും മുഖം ചുളിയുന്ന വിധം ദാരുണമാകുന്നത്. മരണവും നഷ്ടപ്പെടലുകളും മനസിന് പൊരുത്തപ്പെടാനാകാതെ വരുമ്പോൾ അതിനുള്ള പരിഹാരം സ്വയം കണ്ടെത്തുന്നവരാണ് മരിച്ചവർ ഉയിർത്തെണീക്കുമെന്നും തിരിച്ചുവരുമെന്നും അതല്ലെങ്കിൽ ആത്മഹത്യയെന്നുമൊക്കെ പരിഹാരം കണ്ടെത്തുന്നത്.
ജീവനുള്ള മനസിന് ജീവിച്ചിരിക്കാൻ ശരിയെന്താണെന്ന് തോന്നുന്നോ അതാണ് പരിഹാരം. ചില നേരങ്ങളിൽ അത് മറ്റുള്ളവർക്ക് അംഗീകരിക്കേണ്ടതായും വരും. പക്ഷെ ഇതതുമാത്രമല്ല. വൈദ്യശാസ്ത്രം പഠിച്ച ഒരു പെൺകുട്ടിക്ക് സ്വന്തം അമ്മയുടെ മരണം താങ്ങാനാവാതെ വരുകയും പ്രാർത്ഥന നടത്തി ഉയിർത്തെണീൽപ്പിന് കാത്തിരിക്കുകയും ചെയ്യേണ്ടിവരുന്നത് മനസിന്റെ അസ്വസ്ഥത കൊണ്ട് മാത്രമല്ല, വിശ്വാസത്തെ കൂട്ടുപിടിച്ചുകൊണ്ടുകൂടിയാണ്. വുഹാനിൽ നിന്ന് കോവിഡ് ബാധിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി പരിശോധനക്ക് കൂട്ടാക്കാതെ വീട്ടിൽ പ്രാർത്ഥനയുമായി ഇരുന്നതും ഈ നാട്ടിൽ തന്നെയാണ്. കൊറോണ പോലെ ഒരു രോഗം കാണാമറയത്തുനിന്നെല്ലാം പടർന്ന് പിടിക്കുന്ന കാലത്ത് എത്ര ശക്തമാകണം , യുക്തിപരമാകണം സമൂഹത്തിന്റെ ആരോഗ്യചിന്തകൾ എന്ന് പറയേണ്ട കാലത്താണ് ഈ വാർത്തയൊക്കെ!