പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ഷഹീന്‍ എംസി ഫേസ്ബുക്കില്‍ കുറിച്ച വരികള്‍

മക്കയില്‍ പോയിവരാനുള്ള സാമ്പത്തിക ശേഷിയുള്ളവര്‍ക്കേ ഇസ്ലാമിക ശരീഅത്ത് പ്രകാരം ഹജ്ജ് നിര്‍ബന്ധമുള്ളൂ. ആരാന്റെ ചെലവില്‍ നടത്തേണ്ട കര്‍മമല്ല അത്. അതുകൊണ്ട് ഹജ്ജ് സബ് സിഡി നിര്‍ത്തലാക്കണമെന്ന് ചില മുസ്ലിം നേതാക്കളും സംഘടനകളും വ്യക്തികളുമൊക്കെ ആവശ്യപ്പെടുന്നത് കാണാറുണ്ട്. തികച്ചും നിരുത്തരവാദപരവും വികാരപരവും പൊതുസ്വീകാര്യതക്കുമൊക്കെ വേണ്ടിയുള്ള പ്രസ്താവനകളാണതൊക്കെ. ഹജ്ജ് സബ്‌സിഡി ഒരിക്കലും എടുത്ത് മാറ്റരുത്. ആ നീക്കം മുസ്ലിം വിരുദ്ധവും ഇന്ത്യയുടെ മതേതര സങ്കല്‍പത്തിനു എതിരുമാണു.

വിമാനകൂലിയിനത്തിലാണു ഹജ്ജ് സബ്‌സിഡി സര്‍ക്കാര്‍ നല്‍കുന്നത്. എയര്‍ ഇന്ത്യയോ, എയര്‍ ഇന്ത്യയുമായി കരാറിലേര്‍പ്പെടുന്ന മറ്റ് വിമാന കമ്പിനികളോ ആണു കഴുത്തറപ്പന്‍ നിരക്കില്‍ ഹജ്ജ് സര്‍വീസ് നടത്തുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തരുന്ന ഹജ്ജ് സബ്‌സിഡിയുടെ കോടികള്‍ സര്‍ക്കാറിന്റെ തന്നെ എയര്‍ ഇന്ത്യയുടെ അകൗണ്ടിലേക്കാണ് പോകുന്നത്. എയര്‍ ഇന്ത്യക്ക് പകരം ആഗോള ടെണ്ടര്‍ വിളിച്ചാല്‍ സര്‍ക്കാറിന്റെ സബ്‌സിഡി ആനുകൂല്യം കൈപറ്റി പോകുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഹാജിമാര്‍ക്ക് ഹജ്ജ് യാത്ര ചെയ്യാന്‍ കഴിയും.

വര്‍ഗീയ വാദത്തിന്റെ വിഷം പേറുന്ന സംഘ്പരിവാര്‍, ഹജ്ജ് സബ്‌സിഡി മുസ്ലിം പ്രീണനമാണെന്ന് പ്രചരിപ്പിക്കുന്നു. ‘ഹിന്ദുവിന്റെ പൈസകൊണ്ടല്ലേ മാപ്പളേ, നീ ഹജ്ജിനു പോകുന്നതെന്നൊക്കെ’ മതഭ്രാന്തന്മാര്‍ ഫേസ്ബുക്കിലും ശശികലയെ പോലെയുള്ള സംഘി നേതാക്കള്‍ ആ ആശയത്തില്‍ തന്നെ പുറത്തും ആക്രോശിക്കാറുണ്ട്. പുണ്യ ഹജ്ജിന്റെ പേരിലാണല്ലോ ഇതൊക്കെ സംഭവിക്കുന്നതെന്ന് കണ്ടുംകേട്ടും മനം മടുത്ത ചില മുസ്ലിങ്ങള്‍ തന്നെ ആ ആനുകൂല്യം വേണ്ടെന്നും സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി നിഷേധിക്കുകയുമാണു ചെയ്യുന്നത്. എയര്‍ ഇന്ത്യ അക്കൗണ്ടില്‍ പോകുന്നത്, വലിയ അപരാധമായി ഹാജിമാരുടെ തലയിലാണല്ലോ വീഴുന്നത് എന്നതാണു മുസ്ലിങ്ങളില്‍ പലരേയും ഹജ്ജ് സബ്‌സിഡി വിരുദ്ധരാക്കിയത്.

ഇന്ത്യയില്‍ ഹിന്ദുമത തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ വികസനത്തിനും തീത്ഥാടകരുടെ സൗകര്യത്തിനും എത്രയോ കോടികള്‍ സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളും ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. ചൈനയിലെ കൈലാസ് മാനസരോവര്‍, നേപ്പാളിലെ മുക്തിനാഥ് യാത്രകള്‍ക്കെല്ലാം സര്‍ക്കാറുകള്‍ സാമ്പത്തിക സഹായം നല്‍കുന്നു. കാണിക്കകളും സംഭാവനകളും കഴിച്ച് പിന്നേയും ബില്യണ്‍ കണക്ക് സര്‍ക്കാര്‍ പണം ചിലവാകുന്ന കുംഭമേള, അമര്‍നാഥ് യാത്ര, ഗണേഷ് ചതുര്‍ത്ഥി തുടങ്ങിയ പ്രസിദ്ധമായ തീര്‍ത്ഥാടനങ്ങളും നടന്നു വരുന്നു.

കൃസ്ത്യന്‍ സമൂഹത്തിന് ഇത്തരമൊരു തീര്‍ത്ഥാടന സാമ്പത്തിക സഹായങ്ങള്‍ ഔദ്യോഗികമായി ലഭ്യമല്ലെങ്കിലും തമിഴ്‌നാട്, ഗോവ പോലെയുള്ള ചുരുക്കം ചില സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ താല്പര്യമെടുത്ത് ജെറൂസലേം തീര്‍ത്ഥാടനത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. റോമിലും പുണ്യസ്ഥലങ്ങളിലും നടക്കുന്ന ചില പ്രത്യേക പരിപാടികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാറും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാറുകളും മുഴുവന്‍ ചിലവും വഹിച്ച് പ്രതിനിധികളെ അയക്കാറുണ്ട്.

പറഞ്ഞു വന്നത്, ഒരു രാജ്യം അതിന്റെ പൗരന്മാര്‍ക്ക് നല്‍കുന്ന മതപരമായതും അല്ലാത്തതുമായ സബ്‌സിഡികള്‍, സാമ്പത്തിക സഹായങ്ങള്‍ എന്നിവയൊന്നും തെറ്റല്ല. അത് സ്വീകരിക്കുന്നതില്‍ അപകര്‍ഷതാ ബോധമോ വിശ്വാസപരമായി തെറ്റോ ഹറാമോ ആയി കാണേണ്ടതുമില്ല. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഓരോ സാഹചര്യമനുസരിച്ച് അതിന്റെ പൗരന്മാര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നത് സ്വീകരിക്കാന്‍ പാടില്ലെന്ന മതവിധികളും വ്യാഖ്യാനങ്ങളുമൊക്കെ അതിരുകടന്നതാണ്. ഹജ്ജ് സബ്‌സിഡി റദ്ദാക്കരുത്. സംഘ്പരിവാര്‍ അജണ്ടക്ക് പായ വിരിച്ചു കൊടുക്കുന്ന പണി മുസ്ലിം സംഘടനകളും നേതാക്കളും മറ്റു വ്യക്തികളും അറിഞ്ഞോ അറിയാതെയോ സ്വീകരിക്കരുത്. സംഘ്പരിവാറിനും ആര്‍ എസ് എസിനും ഹജ്ജ് സബ്‌സിഡി കഴിഞ്ഞാല്‍ അടുത്ത വര്‍ഗീയ പ്രചാരണത്തിനായി മറ്റൊരു വിഷയം ഉണ്ടാക്കാന്‍ ഒരു വിഷമവുമില്ല എന്നത് മനസ്സിലാക്കണം.

സബ്‌സിഡിയുടെ ഗുണഫലം ഹജ്ജാജിക്കല്ല, മറിച്ച് എയര്‍ ഇന്ത്യക്കാണ് ലഭിക്കുന്നതെന്ന പോരായ്മയും പരാതിയും ഇല്ലാതാക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. അല്ലാതെ സബ്‌സിഡി തന്നെ വേണ്ടന്ന വങ്കത്തരത്തിന് ചൂട്ടു പിടിക്കരുത്. എലിയെ പേടിച്ച് ഇല്ലം ചുടരുത്.

Advertisements