ഗംഭീര സിനിമയെന്ന അഭിപ്രായങ്ങളോടെ അപ്പന്റെ വിജയയാത്ര
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെയും ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ജോസ്കുട്ടി മഠത്തിലും രഞ്ജിത് മണംബ്രക്കാട്ടും ചേർന്ന് നിർമ്മിച്ച അപ്പൻ എന്ന സിനിമയുടെ സംവിധാനം മജുവാണ് നിർവഹിച്ചിരിക്കുന്നത്.
ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിൽ സ്വന്തം വീട്ടിലെ റബർ കൃഷിയും നോക്കി ജീവിക്കുന്ന ചെറുപ്പക്കാരനാണ് സണ്ണി വെയ്നിന്റെ കഥാപാത്രമായ ഞ്ഞൂഞ്ഞ്. ഇയാളുടെ ഭാര്യയാണ് അനന്യയുടെ കഥാപാത്രമായ റോസി. ഇവരുടെ നാല് വയസ്സുള്ള മകനാണ് മാസ്റ്റർ ദ്രുപദ് കൃഷ്ണ കഥാപാത്രമായ ആബേൽ.
അലൻസിയർ ലോപ്പസിന്റെ കഥാപാത്രമായ ഇട്ടിച്ചനാണ് ഞ്ഞൂഞ്ഞിന്റെ അപ്പൻ. ഇയാൾ
കുറച്ചു കാലമായി അരക്ക് താഴെ തളർന്ന് കിടപ്പിലാണ്. ആയകാലത്ത് സ്ത്രീലമ്പടനായ ഇയാൾക്ക് അപ്പോഴും ഇപ്പോഴും ഭാര്യയോടും മക്കളോടും തീരെ സ്നേഹമില്ല. ഇയാൾ വായ തുറന്നാൽ തെറിയല്ലാതെ ഒന്നും പറയില്ല. കൊച്ചുമോനായ ആബേലിനോട് പോലും സ്നേഹത്തിന്റെ ഒരു ചിരിപ്പോലും പ്രകടിപ്പിക്കാത്ത ഇയാളുടെ മലമൂത്ര വിസർജനം വരെ വൃത്തിയാക്കുന്നത് പൗളി വത്സന്റെ കഥാപാത്രമായ ഭാര്യ കുട്ടിയമ്മയും മരുമകളായ റോസിയുമൊക്കെ ചേർന്നാണ്.
ഈ കിടപ്പിലും വീട്ടുകാരെ ദ്രോഹിക്കണം എന്ന ചിന്ത മാത്രം വെച്ച്പുലർത്തുന്ന ഇയാൾ രാത്രിയായാൽ തുടങ്ങുന്ന തെറി പാട്ടും അലർച്ചയുമെല്ലാം കാരണത്താൽ ഒന്ന് നേരാവണ്ണം ഉറങ്ങാൻ പോലും ആ വീട്ടിലുള്ളവർക്ക് കഴിയാറില്ല. കൂടാതെ പഴയ ബന്ധത്തിലുള്ള സ്ത്രീകളായ മല്ലികയുടെ സുമതിയും ഗീതി സംഗീതയുടെ ലതയും ആ വീട്ടിൽ വന്ന് മുറി അടച്ചിട്ട് ഇയാളോട് സല്ലപിക്കുന്നത് കാണേണ്ടി വരുന്ന, ആ വീട്ടുകാരുടെ ദുരിതം കാണുമ്പോൾ അവർക്കൊപ്പം നമ്മളും ആഗ്രഹിച്ചുപോകും ഇയാൾ എങ്ങനെയെങ്കിലും ചത്തെങ്കിലെന്ന്.
ഇയാൾ കയറിപ്പിടിക്കാത്ത സ്ത്രീകൾ ആ നാട്ടിൽ കുറവാണ്, അതുകൊണ്ടു തന്നെ ആ പ്രദേശവാസികളെല്ലാം ഇയാളുടെ മരണവാർത്ത കാത്തിരിക്കുന്നവരാണ്. അതിൽ പ്രധാനിയാണ് ഷംസുദ്ദീൻ മങ്കരത്തൊടിയുടെ കഥാപാത്രമായ ജോൺസൻ. അതിനായി, ഇയാൾ ഞ്ഞൂഞ്ഞുമായി ചേർന്ന് കോഴിതലയിൽ കൂടോത്രം ചെയ്യുന്ന ഉണ്ണിരാജിന്റെ കഥാപാത്രമായ സുകുവിനെ കൊണ്ട് ചില മന്ത്രവാദക്രിയകൾ നടത്തുന്നുണ്ട്. ഇയാളാണെങ്കിൽ, നാട്ടിലെ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്.
ഞ്ഞൂഞ്ഞിന്റെ സഹോദരിയാണ് ഗ്രേസ് ആന്റണിയുടെ കഥാപാത്രമായ മോളിക്കുട്ടി. അവളുടെ ഭർത്താവാണ് വിജിലേഷ് കാരയാടിന്റെ കഥാപാത്രമായ ബോബൻ. ഇവരുടെ മകളാണ് ബേബി ജാനാകിയുടെ കഥാപാത്രമായ നീന. അങ്ങിനെ ഇരിക്കുമ്പോഴാണ് മോളിക്കുട്ടിയും നീനയും ആ വീട്ടിലേക്ക് ക്രിസ്തുമസ് ആഘോഷിക്കാൻ വരുന്നത്.അപ്പന്റെ പഴയ കൂട്ടുകാരനും റബ്ബർ വെട്ടിൽ ഞ്ഞൂഞ്ഞിനെ സഹായിക്കുന്ന അനിലിന്റെ കഥാപാത്രമായ വര്ഗ്ഗീസിനോട് പറഞ്ഞ് അപ്പന് അന്ത്യകൂടാശക്ക് സമ്മതം വാങ്ങുന്നു. അതിനായി ഇട്ടിക്ക്, വർഗ്ഗീസ് വാറ്റും കഞ്ചാവും എത്തിച്ചു കൊടുക്കുന്നുണ്ട്. അപ്പോഴാണ് ഇട്ടി അയാളുടെ പുറംപ്പോക്കിൽ താമസിപ്പിച്ചിരിക്കുന്ന രാധിക രാധാകൃഷ്ണന്റെ കഥാപാത്രമായ ഷീലയുടെ പേരിൽ രഹസ്യമായി ചില സ്വത്തുക്കൾ ഉണ്ടെന്നും അത് അവളോട് പറഞ്ഞ് എഴുതിവാങ്ങാൻ കുട്ടിയമ്മയുടെ സമ്മതത്തോടെ അവളെ ഇവിടെ കൊണ്ട് വരാൻ പറയുന്നു.
സ്വത്തിന്റെ കാര്യമായതിനാൽ മനസ്സില്ലാ മനസ്സോടെ മക്കളുടെ സന്തോഷത്തിനായി അവർ സമ്മാനിക്കുന്നു. അങ്ങിനെ അവിടെ എത്തിയ ഷീലയുമൊത്ത് മുറി അടച്ചിട്ട് സല്ലപിക്കുന്ന അവർക്കിടയിൽ സഹികെട്ട് ഞ്ഞൂഞ്ഞ് വാക്ക് തർക്കം ഉണ്ടാകുന്നു. ആ സമയം ഒച്ചവെച്ച ഇട്ടിയെ ഇയാൾ ഞെക്കി കൊല്ലാൻ ശ്രമിക്കുന്നു. ഇതിന്റെ പേരിൽ ഒരു വേള അമ്മയും തന്നെ കുറ്റപ്പെടുത്തുമ്പോൾ, ഏതോ ദുർബല നിമിഷത്തിൽ ചെയ്ത ഈ കാര്യത്തിൽ ഇയാൾ പശ്ചാതപിക്കുന്നുണ്ട്.
പിറ്റേന്ന് ശ്വാസതടസ്സം നേരിട്ട ഇയാൾക്ക് അന്ത്യകൂടാശ കൊടുക്കാൻ ഇടവക അച്ചൻ എത്തുന്നു. അയാൾ അച്ചനോട് തനിക്ക് ഇവരാരും ഇവിടെ വേണ്ടയെന്നും തന്നെ നോക്കാൻ ഷീല മാത്രം മതിയെന്ന് പറയുന്നു. അങ്ങിനെ ഷീല അവിടെ താമസം ആരംഭിക്കുന്നു. ഇയാളിൽ നിന്ന് പലപ്പോഴും കൊടിയ പീഡനങ്ങൾ നിശബ്ദം ഏറ്റുവാങ്ങിയിരുന്ന ഷീലയോട് ആദ്യം വെറുപ്പുണ്ടായിരുന്ന കുട്ടിയമ്മക്കും റോസിക്കുമൊക്കെ സഹതാപം ഉണ്ടാകുന്നു.അങ്ങിനെ ഒരു ദിവസം ജോൺസനുമൊത്ത് ഇട്ടിയുടെ പൂർവ വൈരാഗിയായ ചിലമ്പന്റെ കഥാപാത്രമായ ബാലന് മാഷ് ഇയാളെ കാണാൻ വരുന്നത്. മാഷ് വന്ന് പറഞ്ഞ വാർത്ത ഇട്ടിയെ ഭയച്ചിത്തനാക്കി. പണ്ട് ഇട്ടിയുടെ പ്രതാപകാലത്ത് എതിരാളി ആയിരുന്ന അഷറഫ് എം എസ്സിന്റെ കഥാപാത്രമായ കുര്യാക്കോ ജയിൽ മോചിതനായിട്ടുണ്ടെന്ന ആ വാർത്ത ഇട്ടിയെപ്പോലെ വർഗ്ഗീസിനേയും ഭയത്തിന്റെ നിഴലിലാഴ്ത്തി. ഇതേ തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്യുന്നു.
അങ്ങിനെ ആ ക്രിസ്തുമസിന്റെ തലേരാത്രി കരോൾ കഴിഞ്ഞ സമയത്ത് കുര്യാക്കോ അവിടെ ഇട്ടിയെ തേടിയെത്തുന്നു…..ഇട്ടിയെ കുര്യാക്കോ കൊല്ലുമോ? കുര്യാക്കോയെ ഇനി മറ്റാരെങ്കിലും കൊല്ലുമോ? ഇട്ടിക്ക് എഴുന്നേറ്റ് നടക്കാൻ സാധിക്കുമോ? എന്നെല്ലാം അറിയാൻ സോണി ലിവിലേക്ക് പോകാം…..
വിനോദ് ഇല്ലമ്പിള്ളിയുടെയും പപ്പുവിന്റെയും ഛായാഗ്രാഹണവും കിരൺ ദാസിന്റെ ചിത്രസംയോജനവും ഡോണ് വിന്സെന്റിന്റെ സംഗീതവും ചിത്രത്തിന്റെ വിജയ ഘടകത്തെ മാറ്റ് കൂട്ടി.ജീവിതഗന്ധിയായ കുടുംബ പശ്ചാത്തലവും ആത്മസംഘർഷങ്ങളും നിറഞ്ഞ ഈ ചിത്രം രണ്ട് മണിക്കൂറോളം പ്രേക്ഷകർക്ക് മുഷിപ്പ് നൽകാതെ ആദ്യാവസാനം വരെ സ്ക്രീനിൽ പിടിച്ചിരുത്തും എന്നതിൽ സമയമില്ല.
***
Aneesh Nirmalan
അപ്പൻ – അതിതീവ്രമായ ഒരു ഫാമിലി ഡ്രാമ.
കോവിഡ് കാലത്ത് ചിത്രീകരിച്ച സിംഗിൾ ലൊക്കേഷൻ ചിത്രങ്ങളുടെ പട്ടികയിലാണ് “അപ്പൻ” ഉൾപ്പെടുന്നത്. എന്നാൽ അത് നന്നായി ഉപയോഗിക്കാൻ മജു എന്ന സംവിധായകനും, തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ ഒരു ആഖ്യാനം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഞാൻ തീർച്ചയായും പറയാം. സിനിമയ്ക്കിടയിൽ അവതരിപ്പിക്കപ്പെടുന്ന വിവിധ കഥാപാത്രങ്ങളിലൂടെയാണ് ഇട്ടിയുടെ അധിക്ഷേപവും സ്ത്രീവിരുദ്ധവുമായ കഥാപാത്രം സ്ഥാപിക്കപ്പെടുന്നത്. ഇട്ടി മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ പേരിൽ നമ്മൾ അയാളെ വെറുക്കുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്, സിനിമ അവസാനിക്കുമ്പോഴേക്കും അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന പലരോടും അവൻ വരുത്തിയ എല്ലാ വൈകാരിക നാശനഷ്ടങ്ങൾക്കും അയാളെ നമ്മൾ വെറുത്ത് പോകും.
അതിനെ സപ്പോർട്ട് ചെയ്യാനായി മജുവും എഴുത്തുകാരൻ ആർ ജയകുമാറും വിവിധ കഥാപാത്രങ്ങളിൽ നിന്നുള്ള മുൻകാല ആഘാതത്തിന്റെ കഥകൾ ഉപയോഗിക്കുന്നു.നൂഞ്ഞിന്റെ കുട്ടിക്കാലത്ത് അപ്പൻ നൽകിയ പീഡാകൾ, അവന്റെ അമ്മ നേരിട്ട ഗാർഹിക പീഡനം, കുര്യാക്കോസിന്റെയും ഷീബയുടെയും ഉള്ളിലെ പ്രതികാരം, കൂടാതെ കുറച്ച് കഥാപാത്രങ്ങളും ഒന്നും ദൃശ്യപരമായി വിശദീകരിക്കുന്നില്ല. എന്നിരുന്നാലും, ഇട്ടിക്കെതിരെ പോകാൻ അവർക്ക് ന്യായമായ കാരണമുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നു. അതിന്റെ കാരണം ആ അവതരണരീതി തന്നെയാണ്. സ്ക്രിപ്റ്റും എഡിറ്റുകളും (കിരൺ ദാസ്) ഓരോ കഥാപാത്രത്തിനും മൊത്തം ചിത്രത്തിൽ അവരുടെ സാന്നിധ്യവും പ്രസക്തിയും രേഖപ്പെടുത്താൻ മതിയായ ഇടം ഉറപ്പാക്കുന്നു.
തുടക്കത്തിൽ ഡാർക്ക് കോമഡി ആയി തോന്നിയെങ്കിലും, പിന്നെയങ്ങോട്ട് ഒരു ഡാർക്ക് ആയ ഫാമിലി ഡ്രാമ തന്നെയാണ് അപ്പൻ എന്ന സിനിമ. അലൻസിയർ – പോളി വത്സൻ ടീമിന്റെ അഭിനയമികവ് അവർക്ക് ഒരു ദേശീയ പുരസ്ക്കാരം നേടി കൊടുത്താലും അത്ഭുതപ്പെടാനില്ല. സണ്ണിയുടെ കരിയർ ബെസ്റ്റ് എന്ന് തന്നെ ഈ സിനിമയെ പറയാം. അനന്യ, ഗ്രേസ് തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. പക്ഷേ ഷീല ആയി വന്ന രാധിക രാധാകൃഷ്ണൻ മനസ്സ് കവർന്നു. വിജിലേഷ്, അഷ്റഫ്, ഗീതി സംഗീത തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച്ച വെച്ചെങ്കിലും വിസിലടി വർഗീസ് ആയി വന്ന അനിൽ ശിവറാം മനസ്സ് കവർന്ന മറ്റൊരു നടനാണ്. രാധികയേയും, അനിലിനെയും ഇനിയും പല സിനിമകളിലും നല്ല കഥാപാത്രങ്ങളായി കാണാം എന്ന് തീർച്ചയാണ്.സിനിമയുടെ മൂഡിന് അനുസരിച്ചുള്ള ബി ജി എം ആ മൂഡിനെ elevate ചെയ്തു എന്ന് നിസ്സംശയം പറയാം. തീർച്ചയായും നല്ല ഒരു OTT watch തന്നെയാണ് ഈ സിനിമ.
My Rating: 4/5
******
ഗൗതം സനു
വല്ലാത്തൊരു അപ്പൻ…!!
ഹോ! മനസിനെ ഇത്രയും അസ്വസ്തമാക്കിയ ഒരു പടം ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല… വളരെ പരിചിതമായ കഥാ പശ്ചാത്തലം… അത് കൊണ്ട് തന്നെ സിനിമയുമായി കണക്ട് ആകാൻ വളരെ എളുപ്പമായി … ഒട്ടും ചലനം സൃഷ്ടിക്കാത്ത ആദ്യ ചിത്രമായ ‘ ഫ്രഞ്ച് വിപ്ലവത്തിന് ശേഷം അപ്പൻ എന്ന ചിത്രത്തിൽ എത്തുമ്പോൾ സംവിധായകനും രചയിതാവുമായ മജു അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്… തുടർന്നും പ്രതീക്ഷകൾക്ക് വക നൽകുന്നോരു സംവിധായകൻ ആയിരിക്കും എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന സംവിധാന മികവ്… അത് സിനിമയുടെ സമസ്ത മേഖലകളിലും ആ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. തിരക്കഥയിൽ ആണെങ്കിലും സംഭാഷണത്തിൽ ആണെങ്കിലും ക്യാമറ, ആർട്ട്, ബിജിഎം ഒക്കെതിലും സിനിമയോട് ചേർന്ന് നിൽക്കുന്ന പരുവത്തിൽ ആക്കിയിട്ടുണ്ടെങ്കിൽ അത് ഈ സംവിധായകന്റെ മികവ് തന്നെ…!!
എരുമേലി പ്രധാന കഥാപരിസരം ആയ ജോജി, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങൾ ഒക്കെ ആയി ചെറിയ സാമ്യം തോന്നുമെങ്കിലും തൊടുപുഴ കഥാപശ്ചാത്തലമായ ഈ ചിത്രം അവയെക്കാൾ ഒരുപടി മുകളിൽ ആയിട്ടാണ് തോന്നിയത്… സിനിമയുടെ ഏറ്റവും പോസിറ്റീവ് എന്ന് പറയാവുന്നത് ഇതിലെ കഥാപാത്രങ്ങളും താരങ്ങളും ആണ്… ആരാണ് ഏറ്റവും മികച്ചത് എന്നുറപ്പിച്ച് പറയാൻ കഴിയാത്ത വിധത്തിൽ ആയിരുന്നു ചെറുതും വലുതുമായ എല്ലാവരുടെയും പ്രകടനങ്ങൾ… ഒന്ന് ഉറപ്പിച്ചു പറയാം സണ്ണി വെയ്ൻ എന്ന നായകൻ ഇത് വരെ ചെയ്തതിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയതും ഏറ്റവും മികച്ചതുമായ വേഷമാണ് ഇതിലെ ഞ്ഞൂഞ്ഞ് എന്ന കഥാപാത്രം… അത് പോലെ കുറെ ചിത്രങ്ങളിൽ വെറുതെ ഒരു നായിക ആയിരുന്നിട്ട് ഒരു ഇടവേളക്ക് ശേഷം വീണ്ടും നായിക ആയി എത്തിയ അനന്യ… എന്തൊരു അസാധ്യ പെർഫോമൻസ്… ഇന്ദ്രജിത്തിന്റെ കാര്യം സ്ഥിരം ക്ളീഷേ പറയും പോലെ… ഇത് വരെ വേണ്ട വിധത്തിൽ ഉപയോഗിക്കാത്ത നടി… എന്നാൽ വേണ്ട വിധം ഉപയോഗിച്ചാൽ ഇനിയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ വളരെ പ്രതിഭയുള്ള നടി…
പോളി വിത്സൻ – ഈ മ യൗ വിന് ശേഷം വീണ്ടും അതിനപ്പുറം നിൽക്കുന്ന പ്രകടനം… ഒരു പക്ഷെ പോളി വിത്സൻ അല്ലാതെ ഒരു നടിയെ സങ്കൽപ്പിക്കാനേ കഴിയില്ല ഈ അമ്മ വേഷത്തിൽ.
രാധിക രാധാകൃഷ്ണൻ – വരും കാലങ്ങളിൽ മലയാളത്തിന് മികച്ചൊരു സ്വഭാവ നടി കൂടിയുണ്ട് എന്നുറപ്പിച്ചു പറയാൻ പറ്റുന്ന പ്രകടനം. അലൻസിയർ – ഒന്നും പറയാൻ ഇല്ല… ഇങ്ങേരോട് തോന്നുന്ന വെറുപ്പ് തന്നെ ആ കഥാപാത്രത്തിന്റെ വിജയം. പുരസ്കാരങ്ങളുടെ ഒരു പെരുമഴ ഈ ചിത്രത്തിന് ഏറെ ലഭിക്കട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു… കാരണം ഇതിൽ ആരും അഭിനയിച്ചിട്ടില്ല എല്ലാവരും ജീവിക്കുകയാണ് ചെയ്തത്…!!
**
Sujin EXtazy
തീരാത്ത പൂതികളുള്ള ഇട്ടി!
അടുത്ത കാലത്ത് കണ്ട ഏറ്റവും ഉജ്ജ്വലമായ തിരക്കഥയാണ് അപ്പൻ!
സ്നേഹിക്കാനും കൊള്ളില്ല, വെറുപ്പിക്കാനും പറ്റില്ല!
സിനിമയുടെ എഴുത്തിനെക്കുറിച്ച് സംസാരിക്കാതെ പ്രകടനങ്ങളെയൊ ടെക്നിക്കൽ ബ്രില്യൻസിനെയോ വർണിച്ചാൽ അത് നീതികേടാകും. അത്രമേൽ ശക്തമാണ് അപ്പനിലെ ഓരോ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും!ഇതിലെ അഭിനേതാക്കളുടെ പ്രകടനങ്ങൾ പോലും കഥയിൽ എഴുതി ചേർത്തിരിക്കുന്ന പ്രകടനങ്ങൾ മാത്രമാണ്. അപ്പനായി അഭിനയിച്ച അലൻസിയർ പോലും എഴുതിയത് അഭിനയിക്കുക എന്ന പ്രക്രിയ മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് വ്യക്തിപരമായി എനിക്ക് തോന്നിയത്.ഏതൊരു നടനും കൊതിക്കുന്ന ഒരു കഥാപാത്രമാണ് സണ്ണി വെയിൻ ചെയ്ത “ഞ്ഞൂഞ്.!!ഇത്രെയും വൈരുദ്ധ്യത കലർന്ന ആത്മസംഘർഷങ്ങൾ നിറഞ്ഞ കഥാപാത്രം ദൈർഖ്യം കൂടിയ വെബ് സീരിസുകളിൽ എഴുതി ഫലിപിക്കാൻ കുറേകൂടി എളുപ്പമാണ്, എന്നാൽ അപ്പനിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കാച്ചി കുറുക്കിയ വരികളിലൂടെ “ഞ്ഞൂഞ് “എന്ന കഥാപാത്രത്തിന്റെ വ്യത്യസ്ത മാനങ്ങൾ പ്രേക്ഷകന് കാണാൻ സാധിച്ചു.
അപ്പനെ ശത്രുക്കളിൽ നിന്ന് കാക്കുന്ന ഞ്ഞൂഞ് തന്നെയാണ് ഈ ലോകത്ത് ഇട്ടിയുടെ ഏറ്റവും വലിയ ശത്രു . ഞ്ഞൂഞ് വെറുക്കുന്ന ഇട്ടിയുടെ പൈതൃകം ഇടയ്ക്കിടയ്ക്ക് മകൻ ആബലിന്റെ മുന്നിൽ നിന്ന് വരെ കെട്ടിയാടേണ്ടി വരുന്നതിന്റെ ഗതികേട് !
ഏറ്റവും ഇഷ്ട്ടപെടുന്ന അമ്മച്ചിയോടു പോലും വിശ്വാസവഞ്ചന ചെയ്യേണ്ടി വരുന്നതിന്റെ നീറ്റൽ! എല്ലാം ഒതുക്കുന്നതിന്റെ ദൈന്യതയിൽ നിന്ന് കൊണ്ട് തന്നെ ഞ്ഞൂഞ്ഞിന് ചെയ്യണ്ടി വരുന്ന സാഹാസങ്ങൾ! ഒരേ സമയം അബലനും അക്രമകാരിയുമായ ഞ്ഞൂഞ്!സംഭാഷങ്ങളുടെ മാന്ത്രികശക്തി കാണിച്ചു തന്ന അപൂർവ്വമായ ഒരു സിനിമ കൂടിയാണ് അപ്പൻ!
” എന്റെ ഞ്ഞൂഞ്ഞിനെ കഷ്ട്ടപ്പെടുത്താതെ മരിക്കണം, എന്നിട്ട് സെമിത്തെരി പോയി ഒന്ന് റസ്റ്റ് എടുക്കണം “:- അമ്മച്ചി
” അപ്പനെ കൊല്ലാനും ജയിൽ പോകാനും തമ്മി തമ്മി മത്സരമാ, അത്ര പകയുണ്ട് അപ്പനോട് ” :- വാർഡ് മെമ്പർ
” എന്നാലും കൂടോത്രം വേണ്ടാട്ടോ പൊന്നെ…..തല്ലി കൊല്ലുകയും ചെയ്യരുത്…..മോനങ്ങനെ ചെയ്താൽ അമ്മച്ചിക്ക് സെമിത്തെരിയിൽ പോലും ഒരു സമാധാനം കിട്ടൂല്ല.”:- അമ്മച്ചി
” ശരിയാ അച്ചോ… കൂടോത്രം ഞാൻ വെച്ചു….എന്റെ അമ്മച്ചിക്ക് വേണ്ടിയാ………..എന്നിട്ട് ആ അമ്മച്ചിക്ക് എന്നെ പേടിയാ, വീണു പോയാൽ കൊല്ലൂന്ന്!!! ” :- ഞ്ഞൂഞ്
” ചാവാൻ പേടിയുണ്ടായിട്ടല്ല, അവൻ തീ തീറ്റിക്കും ” :- വർഗീസ്
എനിക്ക് പല സഭാഷണങ്ങളും തീക്കനലുകൾ പോലെയാണ് തോന്നിയത് !പോകാൻ മറ്റിടമില്ലാത്തവരുടെ മേൽ, ഇട്ടി കാണിക്കുന്ന അധികാരത്തിന്റെ ദാർഷ്ട്യം യഥാർത്ഥ ജീവിതത്തിന്റെ ദൃഷ്ട്ടാന്തമാണ്. ഒന്ന് ഓർത്താൽ അതിന് പല മാനങ്ങളുമുണ്ട്!തീർക്കാൻ കഴിയാത്ത പൂതികളുള്ള ഇട്ടി!പ്രകടനങ്ങളിൽ എന്റെ ഒന്നാം സ്ഥാനം പോളി വിത്സനാണ്! രണ്ടാം സ്ഥാനം അലൻസിയറിനും.!
***
ജെ പി
അച്ഛനെ ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു .കള്ളടിച്ച് ബോധമില്ലാതെ വന്ന് അമ്മയെ തല്ലി നടന്നിരുന്ന അയാൾ സൃഷ്ടിച്ച ട്രോമയിൽ നിന്ന് അവൻ രക്ഷപ്പെട്ടത് കുറേ വർഷങ്ങൾ എടുത്തിട്ടാണ് . അപ്പൻ എന്ന സിനിമയിൽ ഞൂഞ്ഞുവും അവൻ്റെ അമ്മയും ഒക്കെ അനുഭവിക്കുന്നത് അതിനേക്കാൾ ഭീകരമായ ഒരവസ്ഥയാണ് .ആ സിനിമയിലേക്ക് ഇറങ്ങി കഴിയുമ്പോൾ നമ്മൾ പോലും എത്തിച്ചേരുന്നത് വല്ലാത്തൊരു ലോകത്തേക്കാണ് . ഒരിക്കൽ കണ്ടു കഴിഞ്ഞാൽ പിന്നെ വീണ്ടും ആ സിനിമ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല .അത് അഭിനേതാക്കളുടെ മോശം പ്രകടനം കൊണ്ടോ ,സിനിമയുടെ ക്രാഫ്റ്റ് മോശമായത് കൊണ്ടോ അല്ല മറിച്ച് അത് രണ്ടും ഗംഭീരമായത് കൊണ്ടാണ് .
അപ്പൻ മരിക്കാൻ കാത്തിരിക്കുന്ന ഒരു കുടുംബവും നാട്ടുകാരും. ഒരു വിശദീകരണവും ആവശ്യമില്ലാതെ കുറച്ച് സീനുകൾ കൊണ്ട് തന്നെ അതെന്തുകൊണ്ടെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നത് അലൻസിയറിൻ്റെ ‘അപ്പനെ’ന്ന നിലയിലെ അസാധ്യ അഭിനയ മികവ് കൊണ്ടാണ് . സണ്ണി വെയിനിൻ്റെ മികച്ച പ്രകടനം സിനിമയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നുണ്ട് . ഈ ലൂപ്പിൽ കുടുങ്ങിയ ഭാര്യയും ഷീലയും ഒന്നും രക്ഷപ്പെടാതെ പോകുന്നത് എന്ത് കൊണ്ടെന്ന ചോദ്യം ചോദിക്കേണ്ടി വരുന്നില്ല . തിരക്കഥയുടെ അച്ചടക്കം കൊണ്ടും അതിലുപരി അഭിനേതാക്കളുടെ അസാമാന്യ പെർഫോർമൻസ് കൊണ്ടും അത് നമുക്ക് കൃത്യമായി മനസ്സിലാകുന്നുണ്ട് .സോണി ലിവിൽ വരുന്ന സിനിമകൾ ഒരു മിനിമം guarantee എപ്പോഴും തരാറുണ്ട് .ഇത് നിങ്ങൾ എന്തായാലും കാണേണ്ട ഒരു പടമാണ് .
***
Roshith Sreepury
(Minimal spoilers ahead…)
“അപ്പൻ” തുടങ്ങുമ്പോൾ കിടക്കപ്പായയിലെ പരാധീനതകളാണ് കാണാൻ പോവുന്നതെന്ന് മനസങ്ങ് വിധിയെഴുതും …തൊട്ടടുത്ത സീനിലെ ഒറ്റഡയലോഗ് കൊണ്ട് കുട്ടിയമ്മയും റോസിയുമതങ്ങ് തിരുത്തിത്തരും ..ഞൂഞ്ഞ് വന്നാൽ പിന്നെയൊരു ചങ്കിൽ കെട്ടലാണ്..വാറ്റുചാരായത്തിൻ്റെ മത്തിൽ പോലും വറ്റാതയവിറങ്ങുന്ന അപ്പൻ്റെ ചെയ്തികളുടെ പുളിച്ച ഓർമ്മകൾ അയാൾക്കൊപ്പം നമ്മുടെയും, നെഞ്ചിൽ കിടന്ന് കത്തും ..വർഗീസിനെ കാണിക്കുന്ന ഒരോ സീനിലും എഴുന്നേറ്റ് നടന്ന അപ്പൻ്റെ കാലം ,വിസിലടിച്ച് നമ്മളെ അലോസരപ്പെടുത്തും …
“പോകാനൊരിടമില്ലാത്ത” ഗതികെട്ട പെണ്ണുങ്ങൾ, ആദ്യം പോരടിച്ചും ,പിന്നെ പിണങ്ങിയും ഒടുവിൽ കണ്ണു നനയിച്ചും പല രൂപത്തിലും വന്നു പോകും …കിടക്കപ്പായയുടെ ദൈന്യതയല്ല ..കിടന്നു പോയാലും പൂതി തീരാതെ ചാകാത്ത, ചീർത്ത ശരീരം കൊണ്ട്.. നാടു നിയന്ത്രിക്കുന്ന അപ്പനായി ഇട്ടി കിടന്നു പുളയ്ക്കും ..
സീറ്റിൻ്റെ പിടിയിൽ കൈയമർത്തിയും ,പല്ലു ഞെരിച്ചും ., കുട്ടിയമ്മയ്ക്കൊപ്പം കാറിത്തുപ്പിയും, കാഴ്ച്ചക്കാരായ നമ്മളെല്ലാം ഒരു തവണയെങ്കിലും അയാളെ കൊല്ലാൻ ശ്രമിക്കും …
ആണത്തമെന്നാൽ ഗതികേടിനോടു കരുണയില്ലാത്ത അധികാരഗർവ്വാണെന്ന ഓർമ്മപ്പെടുത്തലിൽ ഓരോ സീനും മുങ്ങിത്താഴും ..
എത്ര മൂടിവെച്ചാലും തെറ്റി വായിക്കപ്പെടുന്ന, പൈതൃകമെന്ന മിഥ്യ വഴിതെളിക്കുന്ന നിസ്സഹായതയിലേക്ക്,, അപ്പൻ്റെ മോനായ ഞൂഞ്ഞും ,അവൻ്റെ മോനായ ആൽബിയും, നമ്മളെ കൈപിടിച്ചു നടത്തും ..
ഒരു സിനിമ അതു പ്രതിനിധാനം ചെയ്യുന്ന വിഷയത്തെ എത്രകണ്ട് ഗംഭീരമായി ചെയ്തു എന്ന നിലയിൽ ചിന്തിച്ചാൽ അപ്പൻ വാക്കുകൾക്കതീതമായ അനുഭവമാണ്..ഇട്ടിയായ അലൻസിയറും ,ഞൂഞ്ഞായ സണ്ണി വെയ്നും കുട്ടിയമ്മയായ പോളി വൽസനും സിനിമയേത് ജീവിതമേതെന്ന വേർതിരിക്കാനാവാത്ത ഭ്രമം സൃഷ്ടിച്ച് , പകരക്കാരെ ചിന്തിക്കാനാവാത്ത വിധം ഞെട്ടിച്ചു കളഞ്ഞ സിനിമ,,..തീവ്ര ചലച്ചിത്രഭാഷ സംസാരിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിലേക്ക് സംശയഭേദമന്യേ എഴുതിച്ചേർക്കാവുന്ന കലാസൃഷ്ടി..
Hats offer to the entire crew….🙏🙏😍
Must watch @sonylive…
***

Shanu Kozhikoden
ഒരു നടന്റെ ഏറ്റവും വലിയ ഭാഗ്യമെന്താണെന്ന് വെച്ചാൽ തന്നിലെ നടനെ പൂർണ്ണമായി എക്സ്പ്ലോർ ചെയ്യാൻ പറ്റിയ ഒരു വേഷം കിട്ടുക എന്നത് തന്നെയാണ്.”അപ്പൻ” എന്ന സിനിമയിലെ ഇട്ടിച്ചനിലൂടെ
അലൻസിയർ ലോപ്പസ് എന്ന നടന് അങ്ങനെ ഒരു ഗംഭീരവേഷം ലഭിച്ചിരിക്കുന്നു.ഒറ്റക്കിടക്കയിൽ നിന്നൊന്നെഴുന്നേൽക്കുക പോലും ചെയ്യാതെ അയാൾ തന്നിലെ നടനെ പൂർണ്ണമായി തന്നെ തുറന്ന് വിട്ടിരിക്കുന്നു.സ്ത്രീ ലംബടനും,ക്രൂരനുമായ ഇട്ടിച്ചൻ.അയാളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരെല്ലാം അയാളുടെ മരണം ആഗ്രഹിക്കുന്നുണ്ട്.ഇത്രയും ആഴത്തിൽ നെഗറ്റീവ് ഷേഡ് മാത്രമുള്ള ഒരു കഥാപാത്രം മുൻപ് എപ്പോഴെങ്കിലും മലയാളം സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്.സിനിമയിലേക്ക് വരുമ്പോൾ പ്രകടനത്തിലൂടെ ഞെട്ടിക്കുന്നത് ടൈറ്റിൽ കഥാപാത്രമായ അലൻസിയറിന്റെ “ഇട്ടിച്ചൻ” മാത്രമൊന്നുമല്ല.വന്നു പോയ എല്ലാവരും തന്നെ തങ്ങളുടെ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ കൃത്യമായി രെജിസ്റ്റർ ചെയ്തു കൊണ്ടാണ് ഇറങ്ങി പോകുന്നത്.
ദുൽഖർ സൽമാന്റെ ആദ്യ സിനിമയായ ആയ “സെക്കന്റ്ഡ് ഷോ” യിലെ കുരുടിയെ ഓർക്കുന്നില്ലേ?
കുരുടി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച സണ്ണി വെയിനിന് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും പിന്നീട് മറ്റൊരു വെഷത്തിലൂടെയും അത്ര തന്നെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല എന്നത് ഒരു നഗ്ന സത്യമാണ്.ഇടക്ക് പല സിനിമകളിലും സ്വാതന്ത്ര്യമായി ചെയ്യേണ്ട ലീഡിങ് റോൾ കിട്ടിയിരുന്നു എങ്കിലും ഒരു നടൻ എന്ന നിലയിൽ അയാളുടെ ഗ്രാഫ് താഴേക്ക് പോകുകയാണോ എന്ന് പ്രേക്ഷകരിൽ സംശയം ജനിപ്പിച്ചു കൊണ്ട് പാടെ നിരാശപെടുത്തുകയായിരുന്നു അതെല്ലാം.എന്നാൽ അപ്പനിലെ ഞ്ഞൂഞ്ഞിലൂടെ സണ്ണി വെയിൻ എന്ന നടൻ തന്റെ എല്ലാ പരിമിതികളേയും മറി കടന്ന് ശക്തമായി തിരിച്ചു വന്നു കഴിഞ്ഞിരിക്കുന്നു.
സണ്ണി വെയിനിന്റെതായി സ്ഥിരമായി കാണുന്ന പല മാനറിസങ്ങളും ഞ്ഞൂഞ്ഞിൽ പ്രകടമാകാതിരിക്കാനും
കഥാപാത്രമായി മാറാനും അയാൾ നന്നായി അധ്വാനിച്ചിട്ടുണ്ട് എന്നും അതിന്റെ ഫലമായി “ഞ്ഞൂഞ്” എന്ന കഥാപാത്രം അയാളുടെ കരിയർ ബെസ്റ്റ് ആയി മാറി കഴിഞ്ഞിരിക്കുന്നു എന്നും നിസ്സംശയം പറയാം.
മറ്റൊരു സന്തോഷമുള്ള കാര്യം പതിനഞ്ചു വർഷത്തോളമായി മലയാളം ഇന്റസ്ട്രിയിൽ ഉള്ള അനന്യക്ക് ആദ്യമായി നല്ല ഡെപ്തുള്ള വേഷം ലഭിച്ചു എന്നതാണ്. ഞ്ഞുഞ്ഞിന്റെ ഭാര്യ റോസിയുടെ മാനസിക സംഘർഷങ്ങൾ അനന്യ വളരെ നിസ്സാരമായി പകർത്തി വെക്കുകയും ഏറെ മികച്ചതാക്കുകയും ചെയ്തു.
കുട്ടിയമ്മയായി വന്ന പോളിച്ചേച്ചി, മോളി കുട്ടിയായി വന്ന ഗ്രേസ് ആന്റണി, വർഗീസ് ആയി വന്ന അനിൽ.കെ.ശിവ റാം, ഷീലയായി വന്ന രാധിക രാധാകൃഷ്ണൻ അങ്ങനെ മുഴുവനും കുറച്ചുമായി സ്ക്രീനിൽ വന്നു പോയ ആരെയും കുറച്ചു പറയാൻ പറ്റാത്ത മിന്നുന്ന പ്രകടനങ്ങൾ.അതിനിടക്ക് ഈ കൂട്ടത്തിൽ ഒന്നും പെടാത്ത മുൻപൊരിക്കലും എവിടേയും കണ്ടിട്ടില്ലാത്ത ഒരാൾ ഒരൊറ്റ സീനിൽ മാത്രം വന്നു ഞെട്ടിച്ചു പൊയ്ക്കളയുന്നുമുണ്ട്.
“ബാലൻ മാഷ് “ആയി വന്ന പേരും പോലും അറിയാത്ത ഒരു നടൻ അധികം ദൈര്ഘ്യമില്ലാത്ത തൻറെ ഒരു സീൻ പോലും അവിസ്മരണീയമാക്കി വെക്കുന്നിടത്താണ് പിന്നണിയിൽ പ്രവർത്തിച്ചവർ കാസ്റ്റിങ്ങിൽ ശ്രദ്ധച്ച കണിശത കൃത്യമായി മനസ്സിലാകുക.ഇനി സിനിമയുടെ ആകെ കാഴ്ചയിലേക്ക് വന്നാൽ തീവ്രമല്ലെന്ന് തോന്നുന്ന പശ്ചാത്തല സംഗീതം പോലും നിങ്ങളുടെ മനസ്സിനെ ഭയപെടുത്തുകയും വന്നു പോകുന്ന ഓരോരുത്തരും നിങ്ങളെ അലോസരപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യും.അതെല്ലാം അങ്ങനെതന്നെ അനുഭവിച്ചറിയേണ്ടത് കൊണ്ട് സിനിമയുടെ വിശദമായ പ്ലോട്ടിലേക്ക് കടക്കുന്നില്ല.നിങ്ങൾ സിനിമ കാണുന്ന ഒരാളാണ് എങ്കിൽ ഈ സിനിമ കാണുക.ഇത് കാണേണ്ട,.കണ്ടാൽ ഒരു തരത്തിലും നഷ്ടം വരാത്ത ഒരു സിനിമയാണ്.നന്ദി ഡയരക്ടർ മജു.മനോഹരമായ ഒരു ചിത്രം സമ്മാനിച്ചതിന്.❤