ഒരു ചെറിയ ചിത്രം നല്‍കുന്ന വലിയ സന്ദേശം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
1 SHARES
15 VIEWS

അപ്പന്‍ – ഒരു ചെറിയ ചിത്രം നല്‍കുന്ന വലിയ സന്ദേശം.

”സിനിമ ആസ്വദിക്കേണ്ടത് സിനിമാതീയറ്ററിലാണ്‌, ഈ പുതിയ സം‌വിധാനം – ഓ.ടി.ടി. – അത് സിനിമ എന്ന ഈ ജനകീയ കലയുടെ ആസ്വാദനത്തെത്തന്നെ തകിടം മറിക്കും” : കഴിഞ്ഞ കുറേ നാളുകളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന ആക്ഷേപമാണിത്. തീയറ്ററിന്റെ വിശാലതയില്‍, ആ അന്തരീക്ഷമേകുന്ന ഏകാഗ്രതയില്‍, ചുറ്റുപാടുകളെ പാടെ മറന്ന്, ചലച്ചിത്രമൊരുക്കുന്ന മായാവലയത്തില്‍ ലയിക്കുക ഒരനുഭൂതി തന്നെയാണ്‌, നിസ്സംശയം. പ്രേക്ഷകനെ ഭ്രമിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യ-ശ്രവ്യാനുഭവങ്ങള്‍ പകരുന്ന ചിത്രങ്ങള്‍ തീയറ്ററില്‍ തന്നെ കാണണം, എങ്കിലേ ആ പൂര്‍ണ്ണത അനുഭവവേദ്യമാകൂ. എന്നാല്‍, ഒരു ശബ്ദ-ദൃശ്യ വിസ്മയലോകത്തേക്കല്ലാതെ, പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് വലിയ മുതല്‍മുടക്കില്ലാത്തൊരു ചിത്രമൊരുക്കി പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകണമെങ്കിലോ…. അതിനു യോജിച്ച ഏറ്റവും മികച്ച മാധ്യമമല്ലേ ഈ ഓ.ടി.ടി.! ‘അതെ’ എന്നുള്ള ഉത്തരം നമുക്കേകുന്നൊരു മലയാള ചലച്ചിത്രം ഈയിടെ കാണാനിടയായി – അപ്പന്‍.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ‘അപ്പന്‍’ ഓ.ടി.ടി. റിലീസ് മാത്രം ലക്ഷ്യമാക്കി നിര്‍മ്മിച്ചൊരു ചിത്രമല്ല, പലവിധ കാരണങ്ങളാല്‍ ഓ.ടി.ടി. റിലീസിലേക്കൊതുങ്ങേണ്ടി വന്ന ചിത്രമാണിത്. എങ്കിലും ഓ.ടി.ടി. എന്ന സം‌രംഭത്തെ ഫലപ്രദമായി വിനിയോഗിച്ച് എങ്ങനെ മികച്ചൊരു ചിത്രമൊരുക്കാം എന്നതിന്‌ ഇതില്പ്പരമൊരു ഉദാഹരണം ആവശ്യമില്ല. താരതമ്യേന ചുരുങ്ങിയ നിര്‍മ്മാണച്ചെലവില്‍, വലിയ പ്രൊഡക്ഷന്‍ ഹൗസുകളോ മുന്‍‌നിരതാരങ്ങളോ പിന്നിലില്ലാതെയെത്തിയ ഒരു കൊച്ചു ചിത്രം, അത് നേടിയ മികച്ച അഭിപ്രായവും പ്രേക്ഷകശ്രദ്ധയും, ആരുടെയും കണ്ണു തുറപ്പിക്കാന്‍ പോന്നതാണ്‌.

വ്യത്യസ്തമായൊരു കഥാതന്തുവില്‍ നിന്നാണ്‌ ചിത്രം ആരംഭിക്കുന്നത്. നാടിനും വീടിനും ശാപമായൊരു മനുഷ്യന്‍, അയാള്‍ ശയ്യാവലംബിയാണെന്നിരിക്കിലും തന്നോടൊപ്പമുള്ളവരെ ദ്രോഹിക്കുന്നതിനു കൈയ്യും കണക്കുമില്ല. ഇദ്ദേഹത്തിന്റെ, ഈ അപ്പന്റെ മരണം കാത്തുകാത്തിരിക്കുന്ന കുടുംബവും അയല്‍ക്കാരും, ഇവരുടെ ലോകത്തേക്കാണ്‌ കഥ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തില്‍ പിന്നീട് നടക്കുന്ന സംഭവവികാസങ്ങള്‍ ഉദ്വേഗം നിറഞ്ഞൊരു കഥാകഥനരീതിയില്‍ നമ്മിലേക്കെത്തിക്കാന്‍ സം‌വിധായകനും അഭിനേതാക്കള്‍ക്കും സാധിച്ചിട്ടുണ്ട്. തികഞ്ഞ കൈയ്യൊതുക്കത്തോടെ താനുദ്ദേശിച്ചത് രസച്ചരടുപൊട്ടാതെ പറഞ്ഞുവെക്കാന്‍ സം‌വിധായകന്‍ ശ്രീ. മജുവിനു കഴിഞ്ഞു എന്നത് ഈ ചിത്രത്തിന്റെ വിജയത്തിനു പിന്നിലെ സുപ്രധാന ഘടകമാണ്‌. ഇദ്ദേഹം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. കേന്ദ്രകഥാപാത്രമായ ഇട്ടിച്ചനായെത്തുന്ന അലന്‍സിയര്‍ മലയാള ചലച്ചിത്രലോകത്ത് തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന തരത്തിലുള്ളൊരു ഗംഭീരപ്രകടനമാണ്‌ നടത്തിയിരിക്കുന്നത്. ഇട്ടിച്ചന്റെ ഭാര്യയായെത്തിയ പോളി വല്‍സന്‍, മകന്‍ ഞൂഞ്ഞിനെ അവതരിപ്പിച്ച സണ്ണി വെയ്ന്‍ തുടങ്ങി രംഗത്തെത്തിയ ഓരോരുത്തരും തങ്ങളുടെ ഭാഗങ്ങള്‍ അവിസ്മരണീയമാക്കി. സാങ്കേതിക വശങ്ങളിലും ചിത്രത്തിന്റേത് മികച്ച നിലവാരമാണ്.

ന്യൂനതകള്‍ ഇല്ലെന്നല്ല. ചിത്രത്തിന്റെ ക്ലൈമാക്സ് എത്രകണ്ട് കുറിക്കുകൊള്ളുന്നതായി എന്നതില്‍ ശങ്കയുണ്ട്. ഇത്ര മികച്ച മുന്നൊരുക്കത്തില്‍ നിന്നും ഈയൊരു പര്യവസാനം മതിയായിരുന്നോ എന്നു തോന്നിപ്പോയി. ഇട്ടിച്ചന്റെ മിത്രം വര്‍ഗീസിന്റെ ദുരന്തം മുതല്‍ ചിത്രത്തിന്റെ ഗതിയില്‍ ചില പോരായ്മകള്‍ ഉടലെടുത്തു എന്നാണ്‌ എനിക്കു തോന്നിയത്.ഓ.ടി.ടി. പ്ലാറ്റ്‌ഫോം Sony Liv നെക്കുറിച്ചും പറയാതെ വയ്യ. ഇവിടെ ഞാന്‍ കണ്ടിട്ടുള്ളതൊക്കെത്തന്നെ ഇത്തരം മികച്ച ചിത്രങ്ങളാണ്‌. ഇതുപോലുള്ള ചെറിയ ചിത്രങ്ങളെ പിന്താങ്ങുവാന്‍ ഇവര്‍ കാണിക്കുന്ന ധൈര്യവും താല്പര്യവും അഭിനന്ദനാര്‍ഹം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ