ആപ്പിൾ തിന്നും വില്ലന്മാർ
എഴുതിയത് : Alvin Chris Antony
കടപ്പാട് Malayalam Movie & Music DataBase (m3db)
നമ്മൾ പല സിനിമയയിലും നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രങ്ങളെ ഭക്ഷണം കഴിക്കുന്ന സീനുകളിൽ ധാരാളമായി കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. ഒരു തീന്മേശയല്ല രംഗമെങ്കിൽ മിക്കവാറും ആപ്പിൾ ആവും ഇവരുടെ ഇര. വളരെ പ്രധാനപ്പെട്ട ഡയലോഗിനിടയിലും സ്റ്റൈലായി കത്തികൊണ്ട് ആപ്പിൾ പൂളി തിന്നുക വില്ലന്മാരുടെ ഹോബിയാണ്. അതിന് ഇന്ന ഭാഷയെന്നൊന്നുമില്ല. എപ്പോഴെങ്കിലും അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?
പ്രധാനമായും അവരുടെ ആത്മവിശ്വാസവും അറഗെൻസും മുമ്പിലിരിക്കുന്നയാളുടെ മേലുള്ള ഡോമിനൻസുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ അറിയിക്കുമ്പോൾ പോലും ഭക്ഷണം ആസ്വദിക്കുന്നതിലൂടെ “ഇതൊക്കെ എനിക്ക് സർവ്വസാധാരണമാന വിഷയം” എന്ന ഒരു ആറ്റിട്യൂഡ് ആണ് കഥാപാത്രം മുന്നോട്ട് വെക്കുന്നത്. അതായത് തീരെ പ്രതിപക്ഷ ബഹുമാനം ഇല്ല എന്നർത്ഥം.
ആപ്പിൾ ചെത്തിതിന്നാതെ കടിച്ചു തിന്നുന്ന കൊടൂര വില്ലന്മാരുമുണ്ട്. ആപ്പിൾ കടിക്കുന്ന കറുമുറു ശബ്ദത്തിൽ അപ്പുറത്തെയാൾ പറയുന്നത് ശരിക്ക് കേൾക്കണമെന്നില്ലല്ലോ. ആ ഒരു സന്ദേശം അയാളിലേക്കും കാഴ്ചക്കാരിലേക്കും നൽകുകയാണ് ഇവിടെ പ്രതിനായകൻ. “നീയെന്തുപറഞ്ഞാലും എന്നെയത് ബാധിക്കില്ല, നാൻ ഒരുവാട്ടി മുടിവ് പണ്ണിയിട്ടാ…” എന്നൊരു ലൈൻ ആണ് ഇവിടെ.
ഇങ്ങനെ പെരുമാറുന്നത് കൊണ്ട് ഒരു കഥാപാത്രം ആ സിനിമയിലെ ഏറ്റവും മോശം കഥാപാത്രം എന്നർത്ഥമില്ല. ആ ഒരു പാർട്ടിക്കുലർ സീനിൽ അയാളുടെ കോൺഫിഡൻസോ ധാർഷ്ട്യമോ അല്ലെങ്കിൽ മറ്റുള്ളവരെക്കാൾ ഇക്കാര്യത്തിൽ അറിവുള്ളതിനാലുള്ള അപ്രമാദിത്യമോ ഒക്കെയാവാം. നായകന്മാരും ഈ ആപ്പിൾ തീറ്റയിൽ ഉണ്ടെന്നർത്ഥം.
ഹാരിപ്പോട്ടർ & ദ് പ്രസ്നർ ഓഫ് അസ്കബാനിൽ ഹാഗ്രിഡിന്റെ ക്‌ളാസിൽ ആപ്പിൾ കടിച്ച് തിന്നുന്ന ഡ്രാക്കോ എന്ന കഥാപാത്രം അയാൾക്ക് ഇപ്പറയുന്നതിൽ ഒട്ടും താല്പര്യമില്ലെന്നും ഹാഗ്രിഡിനോട് “ഇറവറന്സ്” ആണെന്നും ആപ്പിൾ തിന്ന് വ്യക്തമാക്കുന്നു. ഡെഡ്പൂളിലെ നെഗറ്റീവ് കഥാപാത്രമായ അജാക്സ് ഇൻട്രോ സീനിൽ തന്നെ ആപ്പിൾ ചവയ്ക്കുന്നത് കാണാം. പൈറേറ്റ്സ് ഓഫ് കരീബിയനിലെ ബർബോസ, ഡാർക്ക് സീരീസിലെ നോഹ, ഗെയിം ഓഫ് ത്രോൺസിൽ തിയോണിന്റെ മുന്നിൽ നിന്നും റാംസി ബോൾട്ടൻ കഴിക്കുന്നത്, ഡെത്ത് നോട്ട് അനിമേയിലെ കീര, ഷെർലക്കിലെ മോറിയർട്ടി ഒക്കെ ഉദാഹരണമാണ്. ഇവരൊക്കെ മിക്കവാറും പാതി കടിച്ചിട്ട് ബാക്കി ആപ്പിൾ എറിഞ്ഞുകളയുന്നതും കാണാം. “പഴം പോട്ടെ, പവർ വരട്ടെ.” ബാഡ് ആസ് വില്ലന്മാർ ഒക്കെ അങ്ങനെയാണത്രെ. പിന്നെ 300 സിനിമയിൽ നായകനായ ലിയോനിഡാസ് തന്നെ കുറെ ആപ്പിൾ തിന്നുന്നുണ്ട്. അദ്ദേഹത്തിന്റെ ഡോമിനൻസ് ആണ് ഇവിടെ സൂചിപ്പിക്കുക.
പ്രധാനമായും രണ്ടു സാഹിത്യ റെഫറൻസ് കൂടിയാണ് ഇതിലൂടെ വരുന്നത്. ഒന്ന്, നിങ്ങൾ ഊഹിച്ചുകാണും, ബൈബിൾ. ആദം-ഹവ്വാ കഥയിലെ വിലക്കപ്പെട്ട കനിയായി ആപ്പിളിനെ പൊതുവെ ചിത്രീകരിക്കാറുണ്ടല്ലോ. മാത്രമല്ല അത് അറിവിന്റെ ഫലം കൂടിയാണ്. അപ്പോൾ കഥാപാത്രത്തിന്റെയോ evil മനസോ കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിവോ ആപ്പിൾ കൊണ്ട് പ്രതിനിധീകരിക്കാം. രണ്ടാമതൊരു റെഫറൻസ് ഉള്ളത് “സ്നോവൈറ്റും ഏഴുകുള്ളന്മാരും” എന്ന കഥയിൽ ദുഷ്ടയായ രാജ്ഞി വിഷമുള്ള ആപ്പിൾ സ്നോവൈറ്റിന് കൊടുക്കുന്നു.
മഗധീര സിനിമയിൽ വില്ലൻ ആപ്പിൾ തിന്നുന്ന രീതിയും ഈ ധാർഷ്ട്യവും evilness-ഉം കാണിക്കുന്നു. അതേ സീനിൽ നായകനും നായികയും ആപ്പിൾ തിന്നുമ്പോൾ upper hand അങ്ങോട്ടേക്കാവുന്നു. മലയാളസിനിമയിലും ആപ്പിൾ വില്ലന്മാർക്ക് പ്രിയമായിട്ടുണ്ട്. ആഗസ്റ്റ് ഒന്നിൽ ക്യാപ്റ്റൻ രാജു മനോഹരമായി ആപ്പിൾ ചെത്തി തിന്നുന്നുണ്ട്. ബിഗ് ബിയിലെ മേയറും ആപ്പിൾ പൂളി തിന്നുന്നു. ഇനിയും ധാരാളം സീനുകൾ നിങ്ങൾ ഇത്തരത്തിൽ ശ്രദ്ധിച്ചു കാണുമല്ലോ… അവ ഏതൊക്കെയാണെന്ന് പറയൂ.
PS: ശരിക്കും ബൈബിളിൽ ആപ്പിൾ എന്ന് പറയുന്നില്ല. പാശ്ചാത്യ ചിത്രകലയും സാഹിത്യവുമാണ് അത് ആപ്പിൾ ആക്കിയത്. ആഡംസ് ആപ്പിൾ എന്നതും ‘ആപ്പിൾ’ അല്ല. ബൈബിൾ എഴുതപ്പെട്ട കാലവും പ്രദേശവും വെച്ചുനോക്കുമ്പോൾ രചയിതാവ് ഒരിക്കലും ആപ്പിൾ കണ്ടിട്ടുപോലുമുണ്ടാവാൻ സാധ്യതയില്ല.