ആ ഗാനം എ ആർ അമീൻ ചെയ്യുമെങ്കിൽ ! ഇതൊരു പ്രതീക്ഷയാണ്, അതിനൊരു കാരണവുമുണ്ട്
ആരും ഓർമ്മിക്കാത്തൊരു ഫ്ലാഷ്ബാക്ക് കുറച്ചു നാളുകൾക്ക് മുൻപ് ശ്രദ്ധയിൽപ്പെടുകയുണ്ടായി – R.K.ശേഖർ സംഗീതം നല്കി മലയാളത്തിൽ മൂന്ന് short
178 total views, 1 views today

Shijo Manuel
ആ ഗാനം A.R.അമീൻ ചെയ്യുമെങ്കിൽ ! ഇതൊരു പ്രതീക്ഷയാണ്. അതിനൊരു കാരണവുമുണ്ട്.
ആരും ഓർമ്മിക്കാത്തൊരു ഫ്ലാഷ്ബാക്ക് കുറച്ചു നാളുകൾക്ക് മുൻപ് ശ്രദ്ധയിൽപ്പെടുകയുണ്ടായി – R.K.ശേഖർ സംഗീതം നല്കി മലയാളത്തിൽ മൂന്ന് short play വിനൈൽ റെക്കോർഡുകളിലായി 1972 ൽ പുറത്തിറങ്ങിയ ആറ് ദേശഭക്തിഗാനങ്ങൾ !
R.K.ശേഖർ ഈണം നൽകിയ ചലച്ചിത്രേതരഗാനങ്ങൾ എന്നതായിരുന്നു ആദ്യകൗതുകം. യേശുദാസ് ,ജയചന്ദ്രൻ, പി.ലീല, ബി.വസന്ത , സുധാ വർമ്മ എന്നിവരാണ് ഗായകർ. ശ്രീകുമാരൻ തമ്പി, പിൽക്കാലത്ത് പീറ്റർ (പീറ്റർ – റൂബൻ)എന്ന് പേര് മാറ്റിയ ഗാനരചയിതാവും സംഗീത സംവിധായകനുമായ പരമശിവം, പുതുമുഖ ഗാനരചയിതാവായ വേണു എന്നിവരാണ് പാട്ടുകൾ എഴുതിയത്. HMV രണ്ടു റെക്കോർഡുകൾ പുറത്തിറക്കിയപ്പോൾ Columbia ഒരു റെക്കോർഡും റിലീസ് ചെയ്തു. (യേശുദാസ് , ബി.വസന്ത എന്നിവർ HMV യുടെയും P. ലീല, P. ജയചന്ദ്രൻ എന്നിവർ Columbia യുടെയും ആർട്ടിസ്റ്റുകൾ ആയിരുന്നതുകൊണ്ടാകാം അങ്ങനെ റിലീസ് ചെയ്തത്)
മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 1968 ൽ റിലീസ് ചെയ്തിട്ടുള്ള വിവിധ ഗ്രാമഫോൺ റെക്കോർഡുകൾ കണ്ടിട്ടുള്ളതുകൊണ്ട് ഇത്രയും ദേശഭക്തിഗാനങ്ങൾ ഒരുമിച്ച് റിലീസ് ചെയ്യുന്നതിൽ എന്തെങ്കിലും കാരണം കാണും എന്നൊരു തോന്നലുണ്ടായി. അതുകൊണ്ടുതന്നെ R.K.ശേഖറിന്റെ ദേശഭക്തിഗാനങ്ങൾ റെക്കോർഡ് റിലീസ് ചെയ്ത വർഷം ശ്രദ്ധിച്ചു – 1972.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ രജതജൂബിലി വർഷം ! ഗാനങ്ങളിൽ അതിന്റെ തൊട്ടു മുന്നത്തെ വർഷം നടന്ന ഇന്ത്യ-പാക് യുദ്ധത്തെപ്പറ്റിയും അക്കാലത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്കുറിച്ചും പരാമർശങ്ങളുണ്ട്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ രജതജൂബിലി വർഷത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ ദേശഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയത് R.K. ശേഖർ ആണെങ്കിൽ സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി വർഷമായ 1997ൽ നാടു മുഴുവൻ ഏറ്റുപാടിയ ‘വന്ദേമാതര’ത്തിന് സംഗീതം നൽകിയത് അദ്ദേഹത്തിൻറെ മകൻ A.R. റഹ്മാൻ !
പക്ഷേ ആ ഒരു ആകസ്മികത അന്ന് ആരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. സ്വാതന്ത്ര്യത്തിന്റെ ഈ പ്ലാറ്റിനം ജൂബിലി വർഷത്തിൽ A.R.റഹ്മാന്റെ മകനും ഗായകനെന്ന നിലയിൽ ഇതിനകം ശ്രദ്ധയും നേടിക്കഴിഞ്ഞ A.R.അമീൻ ഏത് ഭാഷയിലായാലും , ഒരു ദേശഭക്തിഗാനം ഈണം നല്കി പാടുകയാണെങ്കിൽ മൂന്നാം തലമുറയുടെ സംഗീതസമർപ്പണമായി അതൊരു ചരിത്രമാകും എന്നതിൽ സംശയമില്ല. (G.V. പ്രകാശ് കുമാറിനെ മറന്നിട്ടല്ല ഇത് പറയുന്നത് – വന്ദേമാതരം ഒരു കണ്ണിയായത് കൊണ്ടാണ് A R അമീനിലെത്തുന്നത്) അത് സാദ്ധ്യമായെങ്കിൽ !
179 total views, 2 views today
