ഇന്ന് ഇന്ത്യൻ സംഗീത ഇതിഹാസം എ.ആർ.റഹ്മാന്റെ ജന്മദിനം….
Muhammed Sageer Pandarathil
1992 ൽ ‘റോജ’ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആർ.റഹ്മാനു പകരമായി മറ്റൊരു പേര് ഇതുവരെ കണ്ടെത്താനായിട്ടില്ല. ദിലീപ് എന്നായിരുന്നു ആദ്യ പേര്. ആ പേരിനോടുള്ള ഇഷ്ടക്കുറവു കാരണമാണ് അതുപേക്ഷിച്ചത്. ഒരു ജോതിഷപണ്ഡിതനാണ് ദിലീപിന് റഹ്മാൻ എന്ന പേര് സമ്മാനിച്ചത്. മകന്റെ പുതിയ പേരിനൊപ്പം അമ്മ കരീമയാണ് അല്ലാ രഖാ എന്നു ചേർത്തത്. കുട്ടിക്കാലം മുതൽ സംഗീതാത്മകമായിരുന്നു റഹ്മാന്റെ ജീവിതം. മലയാളം, തമിഴ് ചലച്ചിത്ര സംഗീത സംവിധായകനായിരുന്ന ആർ.കെ.ശേഖറിന്റെ മകനായി 1967 ജനുവരി 6 ആം തിയതി ചെന്നൈയിലാണ് ജനിച്ചത്.
കുട്ടിക്കാലത്തു തന്നെ അച്ഛന്റെ റെക്കോർഡിങ് സ്റ്റുഡിയോയിൽ റഹ്മാൻ കീബോർഡ് വായിക്കുമായിരുന്നു. റഹ്മാന്റെ ഒൻപതാം വയസ്സിൽ പിതാവ് മരിച്ചു. പിന്നീട് ഉപജീവന മാർഗത്തിനു വേണ്ടി പിതാവിന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്കു നൽകിയാണ് കുടുംബം കഴിഞ്ഞത്. അമ്മ കരീമയുടെ മേൽനോട്ടത്തിൽ വളർന്ന റഹ്മാൻ, പഠന കാലത്ത് വരുമാനത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വരികയും ഇതിന്റെ ഫലമായി ക്ലാസ്സുകൾ നഷ്ടപ്പെടുകയും പരീക്ഷകളിൽ പരാജയപ്പെടുകയും ചെയ്തു. തൊട്ടടുത്ത വർഷം റഹ്മാൻ മറ്റൊരു സ്കൂളിൽ പഠനം തുടർന്നു.
സംഗീതത്തിലുള്ള അഭിരുചി കാരണം റഹ്മാന് മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ അഡ്മിഷൻ ലഭിച്ചു. അക്കാലത്തു തന്നെ സംഗീത ബാൻഡിൽ ചേർന്നു. പിന്നീട് പഠനവും സംഗീതവും ഒരേപോലെ മുന്നോട്ടുകൊണ്ടു പോകാൻ കഴിയാതെ വന്നതോടെ പഠനം ഉപേക്ഷിച്ചു. അക്കാലത്ത് ശിവമണി, ജോൺ അന്തോണി, രാജ തുടങ്ങിയ ബാല്യകാല സുഹൃത്തുക്കളോടൊപ്പം ‘റൂട്ട്സ്’ പോലെയുള്ള സംഗീത ട്രൂപ്പുകളിൽ കീബോർഡ് വായനക്കാരനായും ബാൻഡുകൾ സജ്ജീകരിക്കുന്നതിലും അദ്ദേഹം പ്രവർത്തിച്ചു. കൂടാതെ ചെന്നൈ ആസ്ഥാനമായ ‘നെമിസിസ് അവെന്യു’ എന്ന റോക്ക് ഗ്രൂപ്പും സ്ഥാപിച്ചു.
മാസ്റ്റർ ധനരാജിന്റെ കീഴിലായിരുന്നു ആദ്യകാല പരിശീലനം. പിന്നീട് വിവിധ ഓർക്കസ്ട്രകളിൽ പ്രവർത്തിച്ച റഹ്മാന് ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജിൽ സ്കോളർഷിപ്പ് ലഭിക്കുകയും അവിടെ നിന്നും പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു. ഇന്ത്യൻ സംഗീതലോകത്ത് ഹിറ്റുകളുടെ പെരുമഴക്കാലം സമ്മാനിച്ച റഹ്മാൻ ‘മൊസാർട് ഓഫ് മദ്രാസ്’എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
അദ്ദേഹം ഏറ്റവും സമയമെടുത്ത് ചെയ്ത ഗാനം റോജയിലെ ‘ചിന്നചിന്ന ആശൈ’യാണ്. റോജയ്ക്കു മുൻപേ തന്റെ ഒരു ചിത്രത്തിനായി മണിരത്നം റഹ്മാനെ വിളിച്ചിരുന്നു. എന്നാൽ ഈ ചിത്രം റിലീസ് ആയില്ല. 25,000 രൂപയായിരുന്നു ‘റോജ‘യുടെ ഗാനസംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ റഹ്മാനു ലഭിച്ച പ്രതിഫലം. റോജ എന്ന ചിത്രത്തിനു മുൻപ് മുന്നൂറിലേറെ പരസ്യ ജിംഗിളുകൾക്ക് റഹ്മാൻ ഈണമിട്ടിട്ടുണ്ട്. ആദ്യ ചിത്രത്തിന്റെ സംഗീതത്തിനു ദേശീയ പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകൻ എന്ന ബഹുമതി റഹ്മാന് സ്വന്തം.
പിന്നീടിങ്ങോട്ട് സംഗീത ജീവിതത്തിൽ ഇടവേളകളില്ലാതെ നിരവധി പുരസ്കാരങ്ങൾ ആ പ്രതിഭയെ തേടിയെത്തി. 2 ഓസ്കാർ പുരസ്കാരങ്ങൾ/2 ഗ്രാമി പുരസ്കാരങ്ങൾ/ബാഫ്ത പുരസ്കാരങ്ങൾ/6 ദേശീയ പുരസ്കാരങ്ങൾ/15 ഫിലിം ഫെയർ പുരസ്കാരം എന്നിങ്ങനെ നീളുന്നു പുരസ്കാരങ്ങളുടെ നിര.