മുള്ളൻകൊല്ലി രാജാവ്

Arabhi Ashik

“തോണീൽ കേറി വാ സാറുമ്മാരേ… ഞാൻ അക്കരെ കാത്തിരിക്കാം… ”
വർഷങ്ങൾക്കു ശേഷമുള്ള ഒരു മഴക്കാലത്ത് കുത്തിയൊലിച്ചു ഒഴുകുന്ന മുള്ളൻകൊല്ലി പുഴയിലേയ്ക്ക് നോക്കി ലീല നെടുവീർപ്പിട്ടു. ആ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നു..
“അമ്മേ വാ അച്ഛൻ വിളിക്കുന്നു…”
ഇളയമകൻ കൊഞ്ചലോടെ ലീലയുടെ അരികിലേക്കെത്തി. കേളപ്പെട്ടന്റെ മൂന്നാം ചരമവാർഷികത്തിന് എത്തിയതായിരുന്നു ലീലയും കുടുംബവും. വിവാഹശേഷം എപ്പോൾ വീട്ടിലെത്തിയാലും പുഴക്കരയിൽ പോയിരുന്ന് അന്നത്തെ സംഭവങ്ങൾ ഓർക്കുക അവളുടെ ശീലമായിരുന്നു. നിഷ്കളങ്കമായ ചിരിയോടെ ഇരുകൈകളിലും പിടയ്ക്കുന്ന പുഴമീനുമായി വേലായുധേട്ടൻ കരയിലേയ്ക്ക് കയറിവരുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നു. കൂടെയുണ്ടായിരുന്നപ്പോൾ എന്നും അവഗണിച്ചിട്ടേയുള്ളൂ… പാവം!
വേലായുധനില്ലാത്ത മുള്ളൻകൊല്ലി ഗ്രാമം പിന്നീടൊരിക്കലും അവനെ മറന്നില്ല. ചീഞ്ഞ മീൻ കിട്ടുമ്പോഴും ചെറിയ നമ്പ്യാരുടെ ശിങ്കിടികളുടെ ചില്ലറ ചട്ടമ്പിത്തരങ്ങളും ഗ്രാമത്തിലേക്ക് കുടിയേറിയ പുതുപ്പണക്കാരായ മുതലാളിമാരുടെ കന്നംതിരിവുകളും മുള്ളൻകൊല്ലിയിലെ പാവങ്ങളുടെ ക്ഷമ നശിപ്പിച്ചിരുന്നു… ഒരു നാടുമുഴുവനും അവനായി കാത്തിരിക്കാൻ തുടങ്ങിയിരുന്നു…

••••••••••••••••••••••••••••••••••

കണ്ണീരിൽ കുതിർന്ന് മുള്ളൻകൊല്ലി! ഉരുൾപൊട്ടലിൽ 25 മരണം.
ന്യൂസ് ലൈവിലെ പ്രധാനവാർത്ത കേട്ട് വേലായുധൻ ഞെട്ടി. മറിഞ്ഞുവീണ ചായയുടെ ചൂട് അവനെ പൊള്ളിച്ചില്ല. കേളപ്പേട്ടൻ… ലീല… സുനന്ദക്കൻ… മറക്കണമെന്ന് ആഗ്രഹിക്കുമ്പോഴും ഓർമയിലേയ്ക്ക് ഇടിച്ചുകയറി വരുന്ന മുഖങ്ങൾ…
ഒരുവട്ടമേ കേളപ്പേട്ടൻ ജയിലിലേയ്ക്ക് തന്നെ കാണാൻ വന്നിട്ടുള്ളൂ.. കുന്നുമ്മേൽ ശാന്തയുടെ മരണമറിയിക്കാൻ. തൂങ്ങിമരണമായിരുന്നു. വേലായുധന്റെ സംരക്ഷണമില്ലാതായതോടെ നാട്ടുകാരുടെ പഴിചാരലുകൾ സഹിക്കാനാവാതെ അവൾ ജീവിതം മതിയാക്കി. തന്റെ പേരിൽ ഇനി ലീലയുടെ ജീവിതമില്ലാതാകരുത്. അതുകൊണ്ടുതന്നെ കേളപ്പേട്ടനോട് ഇനി കാണാൻ വരേണ്ടന്നു പറഞ്ഞയച്ചു.
“ഡാ വേലായുധാ.. നീയെന്താ കിനാവ് കാണുവാ? എണീറ്റ് പണിക്ക് പോടാ…”
വർക്കിച്ചേട്ടനാണ്. ജയിലിൽ നിന്ന് കിട്ടിയ കൂട്ട്. “അവനീ തടിമിടുക്ക് മാത്രേയുള്ളു.. പൊട്ടനാ” മരംവെട്ട് കോൺട്രാക്ടർ വർക്കിച്ചേട്ടന് വേലായുധനെന്നു വെച്ചാൽ ജീവനാണ്. കാട്ടിൽ കയറി കള്ള തടിവെട്ട് നടത്തി ജയിലിലായതാണ് കക്ഷി.
“എന്റെ നാടാ വർക്കിച്ചേട്ടാ… എന്റെ അമ്മ.. അവർക്ക് എന്നെ വേണ്ടെങ്കിലും ഒത്തിരി സ്നേഹമാ…”
വേലായുധന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“നീ വാ മോനെ… നിന്റെ കണ്ണുനിറഞ്ഞാ എനിക്ക് സഹിക്കാൻ പറ്റത്തില്ല. നമുക്കൊന്ന് അവിടം വരെ പോകാം..”
••••••••••••••••••••••••••••••••
മുള്ളൻകൊല്ലി കവലയിലെ ആൽത്തറവളപ്പിൽ നിരാശയോടെ ഇരിക്കുകയായിരുന്നു വാസു. ഇത്തവണ മുള്ളൻകൊല്ലി പുഴ കൊണ്ടുപോയത് 25 പേരെയാണ്. തകർന്നുകിടക്കുന്ന വീടുകളും കൃഷിയിടങ്ങളും ഗ്രാമത്തെ ശ്മശാനമൂകമാക്കിയിരിക്കുന്നു. ഉരുളപൊട്ടൽ വന്നതോടുകൂടി പോലീസുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുഴക്കരയിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇനി വീണ്ടും ഒന്നിൽ നിന്ന് തുടങ്ങണം.
ലോറിയുടെ ശബ്ദം കേട്ട് തലയുയർത്തി നോക്കിയ വാസുവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല…
“വേലായുധേട്ടാ…”
വാസു ഓടിച്ചെന്നു വേലായുധനെ കെട്ടിപ്പിടിച്ചു.
“എവിടെയായിരുന്നു ഇത്രയും കാലം? ഞങ്ങളെയൊക്കെ മറന്നല്ലേ? പുഴ ചതിച്ചു വേലായുധേട്ടാ…”
“വാർത്ത കണ്ടിട്ടാ ഞങ്ങള് വന്നത്” വർക്കിച്ചനാണ് മറുപടി കൊടുത്തത്
നാടാകെ മാറിയിരിക്കുന്നു… വേലായുധൻ ചുറ്റും കണ്ണോടിക്കുകയായിരുന്നു. അങ്ങിങ്ങായി വികസനത്തിന്റെ പൊടിപ്പുകൾ കാണാം…. കള്ളുഷാപ്പ് ഫാമിലി റെസ്റ്റോറന്റായി.. ഒരു കുഞ്ഞു തുണിക്കടയും മൊബൈൽ ഷോപ്പും കവലയ്ക്കടുത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ആൽത്തറ മാത്രം പഴയതുപോലെ.
“കേളപ്പേട്ടൻ?”
ആശങ്കയും ആകാംക്ഷയും ഒരുപോലെ നിറഞ്ഞിരുന്നു വേലായുധന്റെ വാക്കുകളിൽ.
“കേളപ്പേട്ടൻ പോയിട്ട് 3 വർഷമായി. കഴിഞ്ഞ ദിവസമായിരുന്നു മൂന്നാം ആണ്ട്. ലീലയും ഭർത്താവും കുട്ടികളും വന്നിരുന്നു ഇവിടെ..നാരായണിയമ്മയെ ലീല കൊണ്ടുപോയി.”
“വേലായുധാ….” കേളപ്പേട്ടന്റെ ശബ്ദം അവിടമാകെ നിറഞ്ഞുനിൽക്കുന്നത് പോലെ തോന്നി വേലായുധന്.
•••••••••••••••••••••••••••
മറ്റൊരിക്കലുമില്ലാത്ത രൗദ്രഭാവത്തോടെ കുത്തിയൊലിച്ചൊഴുകുകയാണ് മുള്ളൻകൊല്ലി പുഴ. തകർന്നുകിടക്കുന്ന പുഴക്കരയിലെ പാറയിലിരുന്നുകൊണ്ട് വേലായുധൻ പുഴയിലേക്ക് നോക്കുകയായിരുന്നു.
“എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി വേലായുധേട്ടാ”
വിഷമത്തോടെ വാസു പറഞ്ഞു.
ക്യാമ്പിലെത്തിയ വേലായുധനെ കണ്ട് കരഞ്ഞുകൊണ്ടോടി വന്നത് അഹമ്മദിക്ക ആയിരുന്നു…
“എല്ലാം പോയി മോനെ…. നീ പോയതോടു കൂടി നാട് കുട്ടിച്ചോറായി”
“സാരമില്ല അഹമ്മദിക്ക… പുഴയെടുത്തത് തിരിച്ചു തരും…. നമ്മള് മരിച്ചു കൂടെ നിക്കും… അല്ലെ വർക്കിച്ചാ..?”
വേലായുധന്റെ വാക്ക് കേട്ട് പ്രതീക്ഷയോടെ തിളങ്ങിയ കണ്ണുകളിൽ ചിലത് പണ്ടത്തെ ശത്രുക്കളുടേതുമായിരുന്നു.
•••••••••••••••••••••••••••••
മഴക്കെടുതികളൊഴിഞ്ഞ് മാനം തെളിഞ്ഞു… തകർന്നുപോയ വീടുകൾ പുതുക്കിപ്പണിയാനും സർക്കാരിൽ നിന്ന് സഹായധനം നേടിയെടുക്കാനും വേലായുധനും വർക്കിച്ചനും മുന്നിൽ നിന്നു. ഒപ്പം തനിക്കുമൊരു കൊച്ചു വീടുണ്ടാക്കി… കൂട്ടിന് ജാനകിയും മോളും.
•••••••••••••••••••••••••••••••••••••••••
ഇന്ന് വേലായുധൻ സന്തുഷ്ടനാണ്… തടിക്കച്ചവടം നടത്തി അത്യാവശ്യം നല്ലനിലയിലെത്തി… പണ്ട് താൻ കൊതിച്ച സ്നേഹം ഇപ്പോൾ ഒരു നാടുമുഴുവൻ നൽകിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴവൻ മുള്ളൻകൊല്ലിയുടെ കൊച്ചു നാട്ടുരാജാവാണ്… ഒരേ ഒരു രാജാവ്!

Leave a Reply
You May Also Like

കാശ്മീർ ഫയൽസിനും കേരള സ്റ്റോറിക്കും ശേഷം അടുത്ത വിവാദ ചിത്രം വരുന്നു ‘റസാക്കർ’, ടീസർ പുറത്തിറങ്ങി

1948ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ പോളോ.…

അജയ് വാസുദേവിനോപ്പം പുതുമുഖങ്ങളും ഒന്നിക്കുന്ന ‘മുറിവ്’

അജയ് വാസുദേവിനോപ്പം പുതുമുഖങ്ങളും ഒന്നിക്കുന്ന ‘മുറിവ്’ ; മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ഗുഡ്‌വിൽ എന്റർടൈൻമെന്റ്‌സ് വേ…

“താരം തീർത്ത കൂടാരം” ട്രെയിലർ റിലീസ്

“താരം തീർത്ത കൂടാരം”ട്രെയിലർ റിലീസ് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ,ഐൻ സെയ്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഗോകുൽ…

“ആരോഗ്യനില തൃപ്തികരമല്ല, എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം”, സുമ ജയറാമിന്റെ സോഷ്യൽമീഡിയ പോസ്റ്റ്

മലയാള സിനിമ പ്രേമികളുടെ മനസിൽ തങ്ങി നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് സുമ ജയറാം.മമ്മൂട്ടിക്കും…