Moidu Pilakkandy
ജഗന്നാഥൻ തമ്പുരാൻ്റെ ബാപ്പുസാഹിബ്…! അഗസ്റ്റിൻ ചേട്ടന് മലയാളസിനിമയിൽ കിട്ടിയ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് ആറാം തമ്പുരാനിലെ ബാപ്പുസാഹിബ് ആണെന്ന് നിസ്സംശയം പറയാം…!
സീൻ ബൈ സീൻ അനാലിസിസ്..!
ജഗന്നാഥൻ തമ്പുരാൻ കണിമംഗലം കോവിലകം വാങ്ങാനായി നാട്ടിലെത്തുമ്പോഴാണ് കൂടെ വലംകൈയ്യായി ബാപ്പു സാഹിബും രംഗപ്രവേശം നടത്തുന്നത്. അതും മൂപ്പരുടെ സ്വന്തം ബെൻസ് കാറിൽ…!
🌷 സീൻ #1: റജിസ്‌ട്രേഷൻ തടസപ്പെടുത്താനുള്ള കുളപ്പുള്ളി അപ്പൻ്റെ ഗുണ്ടകളുടെ ശ്രമത്തിൽ ജയിംസിനെ ഗുണ്ടകളായ കൊച്ചിൻ ഹനീഫ്ക്കയും കൊല്ലം അജിത്തേട്ടനും പൊതിരെ തല്ലുന്നു. ബെൻസിൻ്റെ ഡോർതുറന്ന് വരുന്ന ബാപ്പുസാഹിബ്.
ബാപ്പു : എന്താണ് മൻസൻമാരേ..! ഒരാണൊരുത്തനെ ഇങ്ങനെ ഇട്ട് തല്ലാ? ബിടീന്ന്..!
ഹനീഫ്ക്ക: നീയാരടാ?
ബാപ്പു : ൻ്റെ പേര് ബാപ്പൂന്നാ..! തങ്ങളങ്ങാടി സ്വദേശം..! ന്തേയ്..?
അജിത്തേട്ടൻ: നീ ഇവൻ്റെ കൂട്ടത്തിലുള്ളതാ? എങ്കിൽ നിനക്കും കിട്ടും.
ബാപ്പു : ഇല്ല്യ മോനേ അങ്ങനെ വൈക്കിന്നടിവാങ്ങി പൊരേ കൊണ്ടോണ ഏർപ്പാട് ബാപ്പൂനില്ല്യ.
ശേഷം ജഗ്നാഥൻ തമ്പുരാൻ്റെ എൻട്രി. പിന്നീട് നടന്നത് പറയണ്ടല്ലോ. “ബാപ്പൂ വാ ” എന്ന് പറഞ്ഞ് തമ്പുരാൻ ഗസ്റ്റ് ഹൗസിലെ പ്രവേശനം.
എഴുത്തച്ഛൻ: ഓരോന്ന് പറഞ്ഞ് മുടക്ക്വാ കുളപ്പുള്ളി അപ്പൻ തമ്പുരാൻ. മൂർഖനാ?
ജഗന്നാഥൻ തമ്പുരാൻ: പാമ്പിനോട് കളിക്കുമ്പോൾ മിനിമം മൂർഖനോട് തന്നെ കളിക്കണം. എന്താ ബാപ്പൂ? 😊
ബാപ്പു: അതെ ഉഗ്രവിഷമുള്ള ജാതിയായിട്ടല്ലേ ഈ തമ്പുരാനും കണക്ഷൻ..! ദോഷം വരില്ലല്ലോ?
എഴുത്തച്ഛൻ: അപ്പോ തമ്പുരാനാ? ഏത് കോലോത്തെ ആണാവോ?
ബാപ്പു: അതൊക്കെ മ്പക്ക് വഴിയെ പറയാം എഴുത്തച്ഛാ..! 😊
ബാപ്പു സാഹിബിൻ്റെ കൂൾ & കോൺഫിഡൻ്റ് സപ്പോർട്ടാണ് സീനിൽ ഉടനീളം കാണാൻ കഴിയുന്നത്.
🌷 സീൻ #2: റജിസ്‌ട്രേഷൻ തന്ത്രപരമായി നടത്താനായുള്ള ജഗന്നാഥൻ തമ്പുരാൻ്റെ കുളപ്പുള്ളി അപ്പനുമായുള്ള കുടിക്കാഴ്ച്ച.
എഴുത്തച്ഛൻ: ഇതിനപ്പുറത്തേക്ക് ഞാനില്ല. കണിമംഗലംകാരപ്പുറത്തേക്ക് കടക്കരുതെന്നാ..!
ജഗന്നാഥൻ തമ്പുരാൻ: അതൊക്കെ പണ്ട്. ഇവിടെ നിങ്ങളെ ആരും തടയില്ല. ബാപ്പൂ വാ?
ബാപ്പു: ങ്ങള് പോയി വരീ. ഞാനകത്തേക്ക് വന്ന് ഇനി ശുദ്ധം പോണ്ട 😆
തീയേറ്ററിൽ പ്രത്യേകിച്ച് സ്ത്രീജനങ്ങൾ ചിരിച്ചുമറിഞ്ഞ ബാപ്പുസാഹിബിൻ്റെ ഡയലോഗായിരുന്നു ഇത്. കോമഡിക്കുപരി താൻ കാരണം ജഗന്നാഥൻ തമ്പുരാന് നാട്ടിൽ ഒരു പ്രശ്നവും ഉണ്ടാവാൻ പാടില്ല എന്നുള്ള ബാപ്പുവിൻ്റെ മുൻകരുതൽ ആയിരുന്നു ഇത്.
🌷 സീൻ #3:
ബാപ്പു : റജിസ്‌ട്രേഷൻ കഴിഞ്ഞിലേ..! ഞ്ഞി മ്പക്കെന്ത് അപ്പനും അപ്പൂപ്പനും?
ജഗന്നാഥൻ തമ്പുരാൻ: ബാപ്പു ഇനി എന്നാ ദുബായിക്ക്..?
ബാപ്പു: ഞാൻ ഇബടെതന്നെ ഇണ്ട്. എന്തെങ്കിലും ആവശ്യം വരുമ്പം ഫോണെടുത്ത് തങ്ങളങ്ങാടീക്ക് ഒറ്റ വിളി. ബാപ്പ്വോന്ന്..! അടുത്ത സെക്കൻ്റിൽ ബാപ്പു റെഡി..! നന്ദകുമാർ സാർ ഇന്നലേം വിളിച്ചിരുന്നു. കൂടെതന്നെ ഉണ്ടാവണംന്നാ പറഞ്ഞിരിക്കുന്നത്..!
🌷 സീൻ #4: ഉണ്ണിമായയുമായുള്ള കൂടിക്കാഴ്ച്ചയും. ജഗന്നാഥൻ കോവിലകത്തെ തമ്പുരാനായുള്ള അവരോധനവും കൃഷ്ണവർമ്മതമ്പുരാനുമായുള്ള സംഭാഷണവും.
ബാപ്പു: അല്ല ഭായ് ങ്ങളും മോളും ഇവിടെന്നൊഴീയൂലാന്നാ?
ഉണ്ണിമായ പ്രതിരോധിക്കുന്നു.
ബാപ്പുസാഹിബ് : അയ്ശരി. കട്ടോനെ കിട്ടീലേ കിട്ട്യോനെ പിടിക്യാ?
🌷 സീൻ #5: കുളപ്പുള്ളി അപ്പനുമായി റോഡിൽ വച്ചുള്ള രണ്ടാമത്തെ കൂടിക്കാഴ്ച്ച. അപ്പൻ തമ്പുരാൻ കോവിലകം പൊളിക്കുന്ന കാര്യം തിരക്കുന്നു.
ജഗന്നാഥൻ തമ്പുരാൻ: ഐഡിയ വിട്ടിട്ടില്ല. ദേ കണ്ടില്ലേ തങ്ങളങ്ങാടീന്ന് ബാപ്പു സാഹിബ്..! മൂപ്പര് എനിക്ക് നല്ല കോഴിയിറച്ചിയും അതിശയപ്പത്തിരിയും വാങ്ങിത്തരാനായി ഷൊർണ്ണൂർ ടൗൺ വരെ വന്നാലോന്ന് പറഞ്ഞു. ഞാനാണെങ്കിൽ കോലോത്ത് താമസം തുടങ്ങിയശേഷം സ്ട്രിക്ട് വെജിറ്റേറിയൻ ആണേ..! അമ്പലവും ആചാരവും ഉള്ള സ്ഥലമല്ലേ? നോൺ വെജിറ്റേറിയൻ കേറ്റാൻ പാടില്ല്യാത്രേ..! 😆
അതിനുശേഷം ബുദ്ധൻ്റെയും ശങ്കരൻ്റെയും റഫറൻസുള്ള മാസ് ഫിലോസഫി ഡയലോഗിനുശേഷം “ബാപ്പൂ വണ്ടിയെട്രാ..! ചുമ്മാ..! ” എന്ന് പറയുന്ന രംഗം..!
ഇവിടെ തൻ്റെ പടത്തലവനാണ് ബാപ്പുസാഹിബ് എന്ന് കുളപ്പുള്ളി ഗാംഗിനെ ജഗന്നാഥൻ തമ്പുരാൻ അറിയിക്കുകയായിരുന്നു. ബാപ്പുസാഹിബിൻ്റെ സ്വദേശമായ മലപ്പുറം തങ്ങളങ്ങാടി എന്ന സ്ഥലത്തെപറ്റി 3 തവണ പടത്തിൽ പരാമർശിക്കുന്നുണ്ട്…!
🌷 സീൻ #6: ഉൽസവം നടത്താനുള്ള കൊടിയേറ്റിന് ശേഷം അപ്പൻതമ്പുരാനുമായി ഉള്ള കലക്ടറുടെ അനുരഞ്ജന ചർച്ചക്കായുള്ള മുന്നൊരുക്കം.
കലക്ടർ: മല അബ്ദുള്ളേടടുത്തേക്ക്. ഞാനങ്ങോട്ട് പോകാൻ തീരുമാനിച്ചു കുളപ്പുള്ളി അപ്പൻ്റെ അടുത്തേക്ക്..!
ബാപ്പു: അപ്പം മ്പളോ..?
ജഗന്നാഥൻ തമ്പുരാൻ : നമ്മൾ കളിപുറത്ത് നിന്ന് കാണുന്നു. വണ്ടിയെട് വാ..!
🌷 സീൻ #7 : കളക്ടറും ഡിവൈഎസ്പിയും അപ്പൻ തമ്പുരാനുമായുള്ള ഉൽസവം നടത്താനുള്ള അനുരഞ്ജന ചർച്ച അനുകൂലമാക്കിയശേഷം ജഗന്നാഥൻ തമ്പുരാന് പണം കണ്ടെത്തുന്നതിനായുള്ള ചിന്തകൾക്ക് ചാൻസ് പോലും നൽകാതെ ബാപ്പുസാഹിബ് വീണ്ടും രംഗപ്രവേശം നടത്തുന്നു. 10 ലക്ഷത്തോളം വരുന്ന ഒരു ചാക്ക് പണവുമായി ജഗന്നാഥൻ തമ്പുരാൻ്റെ മുന്നിലേക്ക് ബാപ്പു പണത്തിന്റെ കെട്ടഴിച്ച് നിരത്തുന്നു.
ജഗന്നാഥൻ തമ്പുരാൻ : ബാപ്പൂ..! ഈ കടം ഞാങ്ങനെ വീട്ടുമെന്നറിയില്ലെടോ..!
ബാപ്പു : വീട്ടിക്കഴിഞ്ഞാൽ ബാപ്പുനെ എന്തിന് കൊള്ളാം സാർ..! ന്നെ ഒരന്യനായിട്ട് കാണരുത്…! ങ്ങട്ട് തേടിവന്ന കോടികളെ സലാം പറഞ്ഞ് മടക്കി അയച്ച മൻഷ്യനാ ങ്ങള്…! എൻ്റേത് ഇങ്ങളേത് ന്നൊരുകണക്ക് മ്പള് തമ്മില് വേണ്ട…! കാര്യം നടക്കട്ടേ..!
ഏത് രീതിയിലും ജഗന്നാഥൻ തമ്പുരാൻ്റെ ഉദ്യമം വിജയിപ്പിക്കാൻ സ്വയം ഫണ്ട്റൈസറായി വരുന്ന ബാപ്പു. നമ്മുടെ നാട്ടിൽ പല ക്ഷേത്രങ്ങളുടേയും ഉൽസവം നടത്തിപ്പിന് അകമഴിഞ്ഞ് സംഭാവന ചെയ്തിരുന്ന ചരിത്രമുള്ള നല്ലവരായ മുസ്‌ലിം പ്രമാണിമാരുടെ സാഹിബുമാരുടെ പ്രതിനിധിയുടെ റോളിൽ ബാപ്പു സാഹിബ് എത്തുന്നു…!
🌷 സീൻ #8: ഉൽസവ നടത്തിപ്പിന് ആചാരപ്രകാരം കർമ്മിയായി കീഴ്പ്പയ്യൂർ ഇല്ലത്തെ നമ്പൂതിരിമാരെ ക്ഷണിക്കാൻ ജഗന്നാഥൻ തമ്പുരാനും ബാപ്പുവും ടീമും പോകുന്നു. ബാപ്പു മനയ്ക്ക് പുറത്ത് ടാറ്റ സുമോയുമായി വെയ്റ്റ് ചെയ്യുന്നു. കീഴ്പ്പയ്യൂർ തിരുമേനിയുടെ ഉടക്കും ഇല്ലത്തെ ഇളയ തിരുമേനിയായ മണിച്ചേട്ടൻ്റെ കോമഡി എൻട്രിയും. സംഗതി മുടക്കം വന്ന് തിരിച്ചുവരുന്ന കണിമംഗലം ടീം.
ബാപ്പു: എന്താ..? എല്ലാം ഓക്കെയല്ലേ?
നമ്പീശൻ : നോട്ട് ഓക്കെ ബാപ്പൂ..!
മണിച്ചേട്ടൻ : നിക്കൊരു സിഗറൈറ്റ് തര്വോ?
ജഗന്നാഥൻ തമ്പുരാൻ : ബാപ്പൂ സിഗറേറ്റ് കൊട്…!
ജഗന്നാഥൻ: തിരുമേനി ഈ പൂജയും മന്ത്രവിദികളുമൊന്നും പടിച്ചിട്ടില്ലേ?
മണിച്ചേട്ടൻ: ന്താ സംശയം..! നല്ല വെടിപ്പായിട്ട് ചെയ്യും..! പക്ഷേ എന്ത് ചെയ്തിട്ടും. ഫലംല്ല്യേ ശപ്പൻന്ന്ള്ള വിളിയാ ബാക്കി. അപ്പം നിങ്ങള് പൂവ്വാ?
ജഗന്നാഥൻ തമ്പുരാൻ: അതെ നമ്മള് ഒരുമിച്ചല്ലേ പോവണത്..! കീഴ്പ്പയ്യൂരിലയ ഒരു വിത്ത്മതി നമുക്ക്…! ബാപ്പൂ വണ്ടിയെടുക്കടാ….!
ശേഷം മണിച്ചേട്ടനെ തൂക്കിയെടുത്ത് ടാറ്റാ സുമോയിൽ ഇട്ട് നടത്തുന്ന കോമഡി കിഡ്നാപ്പിങ്ങ്…! ഒരുനിമിഷം പോലും പാഴാക്കാതെ ബാപ്പുസാഹിബിൻ്റെ ക്വിക്ക് ഡ്രൈവിങ്ങ്..!
🌷 സീൻ #9: നന്ദൻ്റെ വരവും ഫ്രണ്ട്സുമായുള്ള ക്ലാഷും അതേത്തുടർന്ന് നന്ദൻ ഉടക്കിയതും നന്ദനെ നിലവറയിൽ പൂട്ടിയിട്ട് ഉൽസവം എല്ലാ തടസ്സങ്ങളേയും പ്രതിസന്ധികളേയും മറികടന്ന് നടത്തിയശേഷം നന്ദനെ അനുരഞ്ജിപ്പിക്കുന്ന സീൻ…! ജഗന്നാഥൻ തമ്പുരാൻ നന്ദനെ ഭക്തജനങ്ങൾക്കും നാട്ടുകാർക്കും പരിചയപ്പെടുത്തി പടിയിറങ്ങാൻ തയ്യാറാവുന്നു…! എല്ലാവരോടും യാത്രചോദിച്ച് കൃഷ്ണവർമ്മതമ്പുരാനെയും ഉണ്ണിമായയേയും കൂട്ടി ജഗന്നാഥൻ തമ്പുരാൻ കോവിലകത്തുനിന്നും പടിയിറങ്ങുന്നു..!
മംഗലം, എഴുത്തച്ഛൻ, പിള്ള, ഗോവിന്ദൻ കുട്ടി എല്ലാവരും നിലവിളിച്ച് ജഗന്നാഥൻ തമ്പുരാനെ തിരികെ വിളിക്കാൻ നന്ദനോടപേക്ഷിക്കുന്നു. പടിക്കെട്ടെത്തുന്നതിന് തൊട്ട് മുൻപ് അവസാനം സ്വന്തം ബെൻസിൻ്റെ ചാവി ജഗന്നാഥൻ തമ്പുരാനായി നീട്ടി ബാപ്പുവും..!
ബാപ്പു: ദാ..! പുറത്ത് കാറ് കിടപ്പുണ്ട്. അതിലൊരു പെട്ടി പണവും. രണ്ടും എടുത്തോളീ.
ജഗന്നാഥൻ തമ്പുരാൻ : വേണ്ട ബാപ്പൂ. ഒരുപാടുണ്ട് നിനക്ക് തരാൻ..! ഇനിയും കടം കൂട്ടാൻ വയ്യ..!
ബാപ്പുസാഹിബിൻ്റെ ഏറ്റവും ഹാർട്ട് ടച്ചിങ്ങായി തോന്നിയ സീനാണിത്. സ്വന്തം മുതലാളി നന്ദകുമാർ ജഗന്നാഥൻ തമ്പുരാനെ ഇറക്കിവിട്ടിട്ടും സ്വന്തം സമ്പാദ്യം മുഴുവനും ജഗന്നാഥൻ തമ്പുരാനായി നൽകാൻ തയ്യാറായി സുരക്ഷിതനായി സംരക്ഷിക്കാൻ ശ്രമിക്കുന്ന ബാപ്പുസാഹിബ്…! അതുവരെ സാരഥിയായും വലം കൈയ്യായും ഫണ്ട് റൈസറുമായുമൊക്കെ പല റോളിൽ കൂടെ നിന്ന ബാപ്പു ജഗന്നാഥൻ തമ്പുരാൻ്റെ ആപത്ബാന്ധവനായ യഥാർത്ഥ മിത്രവും സതീർത്ഥ്യനുമായി ഒരു പടികൂടി കടന്ന് മറ്റൊരു തലത്തിലേക്ക് ഉയരുന്നു. ആത്മമിത്രമായ നന്ദനേക്കാൾ ഒരുപടിമുന്നിൽ ബാപ്പുസാഹിബ് തന്നെ ഇവിടെ ശോഭിക്കുന്നു.
🌷 സീൻ #10: തെറ്റ് മനസിലാക്കി നന്ദൻ്റെ ഈഗോ എല്ലാവരുടേയും സ്നേഹത്തിനുമുന്നിൽ ഉരുകുന്നു. ജഗൻ എന്ന് വിളിച്ചിട്ടും നിൽക്കാത്ത നായകനോട് അവസാനം തമ്പുരാൻ എന്ന് വിളിച്ച് പിൻതിരിപ്പിച്ച് നന്ദൻ തിരികെ കൊണ്ടുവരുന്നു. എല്ലാം ശുഭമായ നിമിഷം കണിമംഗലംകാരോടൊപ്പം സന്തോഷത്താൽ ആർപ്പുവിളിക്കുന്ന ബാപ്പുസാഹിബ്…! ❤️
പറയാൻ വാക്കുകളില്ല അഗസ്റ്റിൻ ചേട്ടൻ അതിമനോഹരമാക്കിയ ഈ റോളിനോട്. ഈ സിനിമ ഇഴകീറി പരിശോധിച്ചാൽ സപ്പോർട്ടിങ്ങ് ആക്ടർ എന്ന പ്രയോഗത്തെ എല്ലാ അർത്ഥത്തിലും അനശ്വരമാക്കി അഗ്സ്റ്റിൻ ചേട്ടൻ എന്ന് നമുക്ക് മനസിലാക്കാനാവും..! സുഹൃദ്ബന്ധത്തിൻ്റെയും ആത്മബന്ധത്തിൻ്റെയും മഹനീയമായ ഒരു ഏട് തന്നെ ഇതിലൂടെ വെള്ളിത്തിരയിൽ രചിച്ച നമ്മെ വിട്ടുപിരിഞ്ഞ ഈ അതുല്ല്യകലാകാരനായ അഗസ്റ്റിൻ ചേട്ടനെ മറക്കാനാവില്ലല്ലോ നമുക്ക്..!
ആറാം തമ്പുരാൻ എന്ന അക്കാലത്തെ ഏറ്റവും വലിയ ഇൻഡസ്ട്രിയിൽ ഹിറ്റും കലാപരമായും മാസ് ആക്ഷനിലും ജനപ്രീതിയിലും റിപ്പീറ്റ് വാല്ല്യുവിലും മലയാളത്തിലെ ഏറ്റവും മികച്ച എൻ്റർടെയ്നർ സിനിമകളിൽ ടോപ്പ് ടിയർ എന്ന് ഇന്നും പലരും പ്രകീർത്തിക്കുന്ന ഈ സിനിമ പുറത്തിറങ്ങിയിട്ട് 25 വർഷം പൂർത്തിയായ ഈ വേളയിൽ ഈ ദൃശ്യസമ്മാനം ഒരുക്കിയ സംവിധായകൻ ഷാജി കൈലാസിനും വാക്കുകളില്ലാത്തരീതിയിൽ അഭിനയിച്ച് തകർത്ത ലാലേട്ടനും മഞ്ജുചേച്ചിക്കും ഒപ്പം യശശരീരൻമാരായ അഗസ്റ്റിൻ ചേട്ടനും നരേന്ദ്രപ്രസാദ് സാറിനും മണിച്ചേട്ടനും ഹനീഫാക്കയും ഒടുവിൽ ഉണ്ണികൃഷ്ണേട്ടൻ, ശങ്കരാടി ചേട്ടൻ പപ്പുവേട്ടൻ തുടങ്ങി കൂടെ മൽസരിച്ചഭിനയിച്ച എല്ലാ അനശ്വര അഭിനയപ്രതിഭകൾക്കും നന്ദി
ഇനിയുണ്ടാകുമോ ഇങ്ങനൊരു പടം…! ഇങ്ങനൊരു ജഗന്നാഥൻ തമ്പുരാൻ..! ഇങ്ങനൊരു ഉണ്ണിമായ..! ഇങ്ങനൊരു ബാപ്പുസാഹിബ്…! ഈ സിനിമയേയും അഭിനയിച്ച പ്രതിഭകളേയും സ്മരിക്കാനും പ്രതീർത്തിക്കാനും വാക്കുകൾക്ക് മതിയാവില്ല..! കാലത്തിനതീതമാണ് ഈ കലാസൃഷ്ടി..! നമ്മുടെ നാടിൻ്റെ സ്വതന്ത്ര്യത്തിൻ്റെ അമ്പതാം വാർഷികത്തിൽ പുറത്തിറങ്ങിയ ഈ വിഷ്വൽ ട്വീറ്റ് തീയേറ്ററിൽ കണ്ട് ആനന്ദിച്ചവർ ഭാഗ്യവാൻമാർ…!