കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോൾ തലയടിച്ച് മരിക്കണമെന്ന് തോന്നി !

1004

അമ്മമാരുടെ ചില മാനസികസംഘർഷങ്ങൾ ആരും അറിയാൻ ശ്രമിക്കാറില്ല. അത് പുറമെ നോക്കുന്നവർക്ക് നിസാരമെങ്കിലും അനുഭവിക്കുന്നവർക്ക് അങ്ങനെയല്ലെന്നതാണ് സത്യം. ഒരു പ്രണയവിവാഹത്തോടെ ഭർത്താവിന്റെ വീട്ടിലെത്തിയ ശേഷമുള്ള അവഗണകളും കുത്തുവാക്കുകളും കുഞ്ഞിന്റെ ജനനശേഷം തനിക്കുണ്ടായ പ്രശ്നങ്ങളും കാലങ്ങൾക്കുശേഷം അതോർക്കുമ്പോൾ ഉണ്ടാകുന്ന കുറ്റബോധങ്ങളും ഒരമ്മ ഇവിടെ പങ്കുവയ്ക്കുന്നു . പോസ്റ്റ് വായിക്കാം

Confession. (Arathi Renjith)

രണ്ട് ദിവസമായി ആകെ അലട്ടുന്ന പ്രശ്നമാണ്. നിങ്ങളിൽ എത്ര പേർ എന്നെ, എന്റെ അവസ്ഥയെ മനസിലാക്കുമെന്ന് യാതൊരു പിടിയുമില്ല. ഒരുപക്ഷെ ഏറ്റവും ക്രൂരയായ സ്ത്രീയായി ഞാൻ ഇന്ന് മുതൽ മാറുമായിരിക്കും. കഴിഞ്ഞ നാല് വർഷമായി കടന്നു പോകുന്ന ഭീകര സംഘർഷങ്ങളാണ് ഇനി എഴുതാൻ പോകുന്ന ഓരോ വാക്കിലും.

2015ൽ വിവാഹം കഴിക്കുമ്പോൾ 19 വയസ് മാത്രമാണ്. അത്ര നേരത്തെ എന്തിനു വിവാഹം ചെയ്തുവെന്ന് പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകാം. പെട്ടെന്നു കിട്ടിയ സ്നേഹത്തിലും പരിഗണനയിലും മതിമറന്ന് പോയി എന്നതാണ് സത്യം. വർഷങ്ങൾക്ക് മുൻപ് എനിക്ക് നഷ്ടമായ സ്നേഹബന്ധങ്ങൾ എന്റെ വിവാഹ ആലോചനയോടെയാണ് തിരിച്ച് കിട്ടാൻ തുടങ്ങിയത്. പുതിയ ഉടുപ്പായും ആഭരണങ്ങളായും പുതുക്കപ്പെട്ട രക്തബന്ധങ്ങളിൽ ഉന്മാദിയായി തീരുകയായിരുന്നു. എല്ലാത്തിലുമുപരി എനിക്ക് എന്ത് വേണം, എന്താണ് ഇഷ്ടം എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചതും അപ്പോൾ തന്നെയാകും. കല്യാണത്തിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. ചില അധ്യാപകർ മാത്രമാണ് തുടർന്നുള്ള പഠിത്തത്തിനെ കുറിച്ച് ചോദിച്ചത്. അവരോടൊക്കെ മൂന്ന് വർഷത്തിനുള്ളിൽ ഒരു ജേർണലിസ്റ്റായി അറിയപ്പെടും എന്ന് അന്നെന്തോ ഉറപ്പിൽ പറഞ്ഞത് ഓർക്കുന്നുണ്ട്.

കല്യാണം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ഞാൻ ഗർഭിണിയായി. കോണ്ടം പോലുള്ള ഗർഭനിരോധന മാർഗ്ഗങ്ങളെ പറ്റി ഞാൻ ആ സമയത്ത് ബോധവതിയായിരുന്നില്ല. തൊട്ടും തൊടാതെയും ആരൊക്കെയോ തന്ന ഉപദേശങ്ങൾ ഞാൻ കാര്യത്തിൽ എടുത്തിരുന്നുമില്ല. ഇപ്പോൾ കുഞ്ഞ് വേണ്ടെന്നും അവസാന വർഷ പരീക്ഷ എഴുതണമെന്നും മണിയോടും മണിയുടെ വീട്ടുകാരോടും പല പ്രാവശ്യം പറഞ്ഞു. ഇപ്പോൾ കുഞ്ഞിനെ വേണ്ടാന്ന് വെച്ചാൽ പിന്നെ കുഞ്ഞുണ്ടാകില്ല, കുഞ്ഞുണ്ടായാൽ മാത്രമേ ഒരു സ്ത്രീയെന്ന നിലയിൽ ജീവിതം സമ്പൂർണ്ണമാകൂ തുടങ്ങി ഒട്ടനവധി ഉപദേശങ്ങൾ നാളുകളോളം കേൾക്കേണ്ടി വന്നു. അവസാനം തനിക്ക് കുട്ടി വേണമെന്ന് താല്പര്യമുണ്ടെന്ന് മണി പറഞ്ഞതോട് കൂടി എല്ലാറ്റിനും ഒരു തീരുമാനമായി. അന്ന് അവർ ചെയ്ത നല്ല കാര്യം ഇക്കാരണത്താൽ എന്റെ പഠിത്തം നിർത്തിയില്ല എന്നതാണ്. പഠിക്കാനുള്ള സകല സൗകര്യങ്ങളും അവർ ഉണ്ടാക്കി തന്നു. പക്ഷെ നിറവയറുമായി മാസം തോറും ഉള്ള സേലം-തിരുവനന്തപുരം യാത്ര കഠിനമായിരുന്നു. പലപ്പോഴും ഒറ്റക്കാണ് അവിടവിടെ കയറി ഇറങ്ങി ബസിൽ യാത്ര ചെയ്തിരുന്നത്. ഒമ്പതാം മാസം ഏതോ എക്സാം എഴുതാൻ രാത്രി ബസിൽ ഒറ്റക്ക് വന്നതൊക്കെ ഇപ്പോഴും പേടിസ്വപ്നം പോലെ തന്നെ ഓർമയുണ്ട്. കൂടെ പഠിച്ചവർക്ക് എന്റെ പ്രവർത്തിയൊക്കെ ധീരവും അസ്വഭാവികമായിരുന്നു. ഏറെ ആഗ്രഹിച്ചിരുന്ന പ്രോജക്ടുകളുടെ സമയമായിരുന്നു. പലതിലും പങ്കാളിയാകാൻ കഴിഞ്ഞില്ല. വീഡിയോ പ്രൊഡക്ഷനൊക്കെ ചെയ്യണമെന്നുണ്ടായിട്ടും നടന്നില്ല. അപ്പോഴൊക്കെ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്.

ഡിസംബറിലാണ് വൈഭു ജനിക്കുന്നത്. കോളേജിൽ നിന്ന് ഗോവക്ക് ടൂർ പോകുന്ന സമയം. വൈഭു ജനിച്ചത് മുതൽ വല്ലാത്ത ദേഷ്യം പിടികൂടിയിരുന്നു. എല്ലാത്തിനോടും കടുത്ത എതിർപ്പ്. പ്രത്യേകിച്ച് കുഞ്ഞിനോട്. വൈഭുവിന്റെ കരച്ചിൽ കേൾക്കുമ്പോൾ തന്നെ തലയിടിച്ച് മരിക്കണമെന്ന് തോന്നിയിരുന്നു. ശരീരവേദന അസഹനീയമായിരുന്നു. ഉറക്കമില്ലായ്മ കാരണം പലതവണ ഛർദ്ദിച്ച് അവശയായി. പാലൂറുമ്പോൾ വൈഭു കുടിച്ചില്ല. മുലപ്പാൽ കെട്ടി നിന്നുണ്ടായ വേദനയിൽ പനി വന്നു. അനങ്ങാൻ പറ്റാത്ത വേദന കടിച്ചമർത്തി കുഞ്ഞിനെയും അമ്മയെയും കാണാൻ വന്നവർക്ക് മുന്നിൽ സന്തോഷവതിയായ അമ്മയായി അഭിനയിച്ചു കൊണ്ടേയിരുന്നു. കുട്ടിയെ കാണാൻ വന്നവരെല്ലാം കുട്ടി അമ്മയെ പോലെ കറുത്ത് പോയെന്ന് പരിഭവിച്ചു. അവർക്കൊക്കെ ഗർഭിണിയായ സമയത്ത് ഞാൻ അണ്ടിപ്പരിപ്പ് കഴിക്കാത്തത് കൊണ്ടാണെന്ന് അമ്മായിയമ്മ ഉത്തരം നൽകി. ഞാൻ എന്റെ ക്ഷമയെ പരീക്ഷിച്ച് കൊണ്ടിരുന്നു. രാത്രി കാലങ്ങളിൽ വൈഭു കരയുമ്പോൾ ഭ്രാന്തിയെ പോലെ ഞാൻ അലറി. രാവിലെ എല്ലാവരും അതു പറഞ്ഞു കളിയാക്കി ചിരിച്ചു. രാത്രി കുഞ്ഞിനെ ഉറക്കാൻ ഞാൻ കഷ്ടപ്പെടുമ്പോൾ സുഖമായി ഉറങ്ങുന്ന മണിയെ തൊഴിക്കാനും കൊല്ലാനും തോന്നി. അതൊക്കെ ഭാവനയിൽ കണ്ട് ഞാൻ ആശ്വാസം കണ്ടെത്തി. ഇതിനിടയിൽ എന്നെ കാണാൻ സേലത്തെത്തിയ സുഹൃത്തുക്കൾ വല്ലാത്ത സന്തോഷമാണ് തന്നത്. പക്ഷെ അവരോടും ഞാൻ അനുഭവിക്കുന്ന ഫ്രസ്ട്രേഷൻ പറയാൻ പറ്റിയില്ല. എന്ത് ചെയ്തിട്ടും മുലപ്പാൽ ഊറാതയതോടെ എന്റെ മാനസികനില തെറ്റാൻ തുടങ്ങി. മരുന്നു കഴിച്ചിട്ടും പാലു വരാതായതോടെ പലരും പറഞ്ഞ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഞാൻ വിധേയയായി. ഉത്തമയായ അമ്മയാകാൻ ഞാൻ അവർ പറഞ്ഞതൊക്കെ അനുസരിച്ചു. അകമേ വെന്തുരുകി. നാളുകൾ പോകുന്തോറും എന്റെ ദേഷ്യം കൂടി. ആരുടെയും വികാരങ്ങളെ വകവെക്കാതെ പെരുമാറാനും സംസാരിക്കാനും തുടങ്ങി. എതിർപ്പ് പ്രകടിപ്പിക്കുന്നത് പതിവായി.
വൈഭു കാരണം എന്റെ ജീവിതം നശിച്ചുവെന്ന് എന്നോ മാനസികനില തെറ്റി നിന്നപ്പോൾ പരസ്യമായി പ്രഖ്യാപിച്ചു. അതു ഭീകര പ്രസ്താവനയായി തുടർന്നുള്ള നാളുകളിൽ എന്റെ മേലെ എല്ലാരും പ്രയോഗിച്ചു.

ബിഎ അവസാന വർഷ പരീക്ഷസമയം. പരീക്ഷ എഴുതണമോ കൈക്കുഞ്ഞിനെ നോക്കണമോ എന്ന തീരുമാനം ഞാൻ എടുക്കണമെന്ന ബുദ്ധിപരമായ നീക്കമാണ് എല്ലാരിൽ നിന്നുമുണ്ടായത്. എന്നിട്ട് പുട്ടിനു പീര പോലെ മാതൃത്വത്തിന്റെ മാഹാത്മ്യം വിളമ്പി. പരീക്ഷ എഴുതണ്ട എന്ന തീരുമാനം എടുത്താൽ മുട്ടിനു താഴെ കാലുണ്ടാകില്ലെന്നു അടുത്ത സുഹൃത്തുക്കൾ പ്രഖ്യാപിച്ചു. രാത്രിയും പകലും ആലോചിച്ചു പരീക്ഷ എഴുതാൻ തീരുമാനിച്ച് കുട്ടിയെ സേലത്ത് നിർത്തിയിട്ട് ഞാൻ നാട്ടിൽ എത്തി. രാത്രി റയിൽ വേ സ്റ്റേഷനിലിരുന്ന് പൊട്ടിക്കരഞ്ഞു. ഫോണിന്റെ മറുതലക്കൽ കൂടെ കരഞ്ഞ് ആശ്വസിപ്പിക്കാൻ കൂട്ടുകാരിയുണ്ടായി. കയറേണ്ട ട്രയിൻ കണ്മുൻപിൽ കൂടി കടന്നു പോയിട്ടും ഞാൻ അറിഞ്ഞില്ല. രണ്ട് മണിക്കൂറിന് ശേഷം ബോധം വന്നപ്പോൾ തിരുവനന്തപുരത്തേക്കുള്ള അവസാന ട്രയിൻ വരുന്നുണ്ടായിരുന്നു.

തിരുവനന്തപുരത്തെത്തി രണ്ടാം ദിവസം മുതൽ എനിക്ക് പാലൂറാൻ തുടങ്ങി. മണിക്കൂറുകൾ ബാത്രൂമിനുള്ളിൽ ഇരുന്നു പാൽ പിഴിഞ്ഞ് കളഞ്ഞു. വേദന കൊണ്ട് പുളഞ്ഞു. കുഞ്ഞിന് കിട്ടേണ്ട പാലാണ് ഇങ്ങനെ പാഴാക്കുന്നതെന്ന കുറ്റബോധം കാർന്ന് തിന്നാൻ തുടങ്ങി. സഹിക്ക വയ്യാതെ കുട്ടിയെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു. കുട്ടി വന്നതിന്റെ പിറ്റേ ദിവസം മുതൽ പാൽ വരാതെയായി. എല്ലാരുടെ ഭാഗത്ത് നിന്നും ശകാരങ്ങൾ കേട്ടു. മനസമാധാനം എങ്ങോട്ടോ കപ്പൽ കയറിപോയി. എങ്ങനെയും പരീക്ഷ ജയിക്കണമെന്ന് മാത്രമായി ചിന്ത. സുഹൃത്തുക്കളുടെ ആത്മാർത്ഥമായ സഹായം കാരണം പഠിച്ചു. ഇതിനിടയിൽ കുട്ടിയെ സേലത്തേക്ക് വീണ്ടും കൊണ്ട് പോയി. പരീക്ഷ എഴുതി കഴിഞ്ഞാണ് പിന്നെ സേലത്തേക്ക് ഞാൻ പോയത്. അതോടെ തന്നിഷ്ടക്കാരിയായി ഞാൻ മാറിക്കഴിഞ്ഞിരുന്നു.

അപ്പോഴും കുട്ടിയുമായി അടുക്കാൻ പരിശ്രമിച്ച് കൊണ്ടിരുന്നു. പലപ്പോഴും പരാജയപ്പെട്ടു. തീവ്രമായ മാനസിക സംഘർഷങ്ങളുണ്ടായി. സ്വയം ഉപദ്രവിക്കാൻ തുടങ്ങി. ആഹാരം കഴിക്കാതെയും ചുമരിൽ ശക്തമായി ഇടിച്ചും ദേഷ്യം അടക്കാൻ ശ്രമിച്ചു. ഒരുപക്ഷേ ജോലിയിൽ തിരക്കായാൽ ഇതെല്ലാം മാറുമെന്ന് കരുതി വീട് മുഴുവൻ കഴുകി ഇറക്കാനും പഴയ പാത്രങ്ങൾ കഴുകി വെക്കാനും വായിച്ച പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കാനും തുടങ്ങി. ഒരുപക്ഷേ ജോലി കിട്ടിയാൽ ഇതിൽ നിന്നെല്ലാം രക്ഷയുണ്ടാകുമെന്ന് കരുതി നാട്ടിൽ ജോലി കണ്ടുപിടിച്ചു. ആദ്യമൊക്കെ സന്തോഷം തോന്നിയെങ്കിലും കുട്ടിയോട് കാണിക്കുന്ന അവഗണന ക്രൂരമാണെന്ന് മനസിലായി. തുടർന്ന് എല്ലാരോടും കലഹിച്ച് കുഞ്ഞിനെ കൂടെ കൊണ്ട് വന്നു. കുഞ്ഞ് വന്നതോടെ സമയം ക്രമീകരിക്കാനാകാതെ ആകെ തളർന്നു. എന്ത് വന്നാലും തോറ്റ് കൊടുക്കില്ല എന്ന തീരുമാനത്തിലായിരുന്നു. ഒറ്റക്ക് വൈഭൂനെ ഒരു വർഷം നോക്കി. ആരോടും ഞാൻ എന്റെ പ്രശ്നങ്ങൾ പറഞ്ഞില്ല. ആരും സഹായത്തിനെത്തിയില്ല. എല്ലാരുടെ മുന്നിലും സന്തോഷവതിയായ അമ്മയായി അഭിനയിച്ചു. മാനസിക നില പിടി വിടുന്ന നേരങ്ങളിൽ ഞാൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. വൈഭു വളരുന്തോറും അവനോട് അടുപ്പം കൂടി. അമ്മയാകാൻ പലപ്പോഴും തോറ്റു പോയി. അവനോട് എപ്പോഴും കലഹിക്കുന്ന ചേച്ചിയായി.

കുഞ്ഞിനെ കൊന്ന അമ്മമാരുടെ വാർത്തകൾ വായിച്ച് നെഞ്ച് പിടയാറുണ്ട്. രണ്ട് ദിവസമായി സമാനമായ വാർത്ത നിറയുന്നു. സ്വന്തം കുട്ടികളെ കൊല്ലുന്ന അമ്മമാരെപറ്റി, പിശാചുക്കളായ സ്ത്രീകളെപ്പറ്റി എഴുത്തുകൾ വായിക്കുന്നു. എഴുത്തുകളിലൊന്നും ആ സ്ത്രീയുടെ ഭാഗം കാണാൻ ആകുന്നില്ല. അവർ ക്രൂരയായ പിശാചാകുന്നു. അവരൊക്കെ എന്ത് തരം അമ്മമാരാണെന്ന് ശങ്കിക്കുന്ന കൂട്ടത്തിനുള്ളിൽ ഇരുന്ന് ഞാൻ പലവട്ടം ശ്വാസമ്മുട്ടി പിടഞ്ഞ് മരിക്കുന്നു. ഞാൻ പൂർണമായ അസ്വസ്തതയോടെ ആ അമ്മമാരുടെ മാനസികാവസ്തകളിലൂടെ കടന്ന് പോകുന്നു. (ഞാൻ പറയുന്നത് കാമുകനൊപ്പം, രണ്ടാം ഭർത്താവിനൊപ്പം ചേർന്ന് കുട്ടികളെ ഉപദ്രവിക്കുന്നവരെ പറ്റിയല്ല. അതിനെപറ്റി എനിക്കറിയില്ല.) ആ അമ്മമാരെ ചേർത്ത് നിർത്താൻ തോന്നി. അവരെ വേണ്ടുവോളം കരയാൻ വിടാൻ തോന്നി. അവർക്ക് താണ്ടാനാകാതെ പോയ മാനസിക പിരിമുറുക്കങ്ങളെക്കുറിച്ച് ആലോചിച്ചു. ഇന്നലെ മുതൽ മൂന്നു വർഷം മുൻപ് വൈഭൂനോട് ഞാൻ കാണിച്ച അവഗണനകൾ അവനോട് ഉണ്ടായിരുന്ന ദേഷ്യം എന്നിവ ഓർത്ത് കരയുന്നു. ഇപ്പോഴും ഇഷ്ടങ്ങൾ, എന്റെ സമയങ്ങൾ അവന് വേണ്ടി മാറ്റിവെക്കേണ്ടി വരുമ്പോൾ ദേഷ്യം തോന്നാറുണ്ട്. എന്റെ ഇഷ്ടങ്ങൾക്ക് മുൻഗണന കൊടുത്ത് വർഷത്തിലെപ്പോഴെങ്കിലും യാത്ര പോകുമ്പോൾ “അപ്പോൾ കുട്ടിയെ ആരു നോക്കും?”, “കുട്ടി നിന്നെ കാണാതെ നിൽക്കുവോ?” എന്ന് പിന്നാലെ കൂടുന്ന ചോദ്യങ്ങളെ എണ്ണയിൽ മുക്കിപ്പൊരിക്കണമെന്ന് തോന്നും.

വൈഭൂനോട് സ്നേഹമില്ലാ എന്നല്ല പറഞ്ഞു വരുന്നത്. എന്നോട് എനിക്കുണ്ടാകുന്ന വെറുപ്പാണ് എത്രത്തോളം ഇത് നിങ്ങൾക്ക് മനസിലാക്കാൻ കഴിയുമെന്നു അറിയില്ല. എന്റെ നിസഹായത മുഴുവൻ വാക്കിൽ കൊണ്ട് വരാനായൊ എന്നും അറിയില്ല. ഇതിനൊക്കെ ഒരു പരിഹാരം പറയാനും അറിയില്ല. പക്ഷെ ഇതുപോലെ ആരെങ്കിലും കടന്നു പോകുന്നവരുണ്ടെന്ന് അറിഞ്ഞാൽ എങ്ങനെയെങ്കിലും സഹായിക്കാൻ കഴിയുന്നവർ സഹായിക്കുക. മാനസികനില തെറ്റി‌നിൽക്കുന്ന അവർക്ക് യാതൊന്നും മനസിലാക്കാനോ തിരിച്ചറിയാനോ കഴിയണമെന്നില്ല. നിശബ്ദമായി നിന്നും സന്തോഷം അഭിനയിച്ചും നിങ്ങളെ അവർ കബളിപ്പിച്ചെന്നിരിക്കും. പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഒരു വലിയ നിലവിളി മാത്രമായി അവർ തീരുന്നുണ്ടാകും. കഴിവതും സഹായിക്കുക. കുഞ്ഞിനെയും അമ്മയെയും രക്ഷിക്കുക.

facebook post