ബ്രാഹ്മണരിലേക്കു മാത്രം എല്ലാം കേന്ദ്രീകരിക്കണമെന്ന അവസ്ഥയെ പതിയെ തകർക്കുകയാണ് പിന്നോക്ക ജനത ചെയ്തത്

53

Aravind Indigenous

നാളിതുവരെയുണ്ടായിട്ടുള്ള മലയാള സിനിമകളില്‍ നിന്നും മഹത്തായ ഭാരതീയ അടുക്കളക്ക് വ്യത്യാസമുണ്ട്. പൊതുവില്‍ സ്ത്രീകള്‍ സാമൂഹികമായി അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനെ ചിത്രീകരിക്കുന്ന അനേകം സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായൊരു സ്വഭാവം മഹത്തായ ഭാരതീയ അടുക്കളക്കുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സ്ത്രീകള്‍ അനുഭവിക്കുന്ന ഘടനാപരമായ അടിച്ചമര്‍ത്തലിനെ സംബന്ധിച്ച് അനേകം സിനിമകള്‍ ചര്‍ച്ചചെയ്യപ്പെട്ടുണ്ടെങ്കിലും മഹത്തായ ഭാരതീയ അടുക്കളയിലെ കാഴ്ചകള്‍ അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നുണ്ട്. ഒരുപാട് സാമൂഹ്യ ശാസ്ത്രജ്ഞര്‍ അതിനെ പരിശോധിച്ച് കഴിഞ്ഞെങ്കിലും അതിന്റെ ഏറ്റവും സവിശേഷമായ കേന്ദ്രത്തിലേക്ക് ആരും എത്തപ്പെട്ടിട്ടില്ല എന്ന വസ്തുത അതിപ്രധാനമാണ്.

അതിനെക്കുറിച്ചു മനസിലാക്കുവാന്‍ സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുടെ നൂലാമാലകള്‍ അഴിച്ചെടുക്കേണ്ടത് അനിവാര്യമാണ്. എന്തോ ഒരു സവിശേഷത ഭാരതീയ അടുക്കള എന്ന സിനിമക്ക് ഉണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അതിനെ വിശകലനം ചെയ്തുവരുമ്പോള്‍ പലര്‍ക്കും മതിയായില്ലെന്നും ഒരു അസംതൃപ്തി ആ പരിശോധനകളിലെല്ലാം ഉണ്ടായിരുന്നു എന്നതും അവിതര്‍ക്കമാണ്. മഹത്തായ ഭാരതീയ അടുക്കള ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ചു നമുക്ക് ചില രഹസ്യ വിവരങ്ങള്‍ നല്‍കുന്നുണ്ട് എന്നതാണതിന് കാരണം.

ചില സിദ്ധാന്തങ്ങളുടെ സ്വഭാവം അതാണ്. സിദ്ധാന്തങ്ങള്‍ക്ക് അനേകം തലമുറകള്‍ കടന്നുപോകാനുള്ള ശേഷിയുണ്ട് വിശേഷിച്ചും അതൊരു രഹസ്യ സ്വഭാവത്തിലുള്ളതാണെങ്കില്‍. ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ദലിതുകള്‍ രഹസ്യമായി കടത്തിക്കൊണ്ടുവരുന്ന സൈദ്ധാന്തിക അടിത്തറയുടെ മറ്റൊരു ബഹിസ്ഫുരണമാണ് ഭാരതീയ അടുക്കള. അതൊരു മികച്ച സിനിമയാണെന്നും അതിനൊരു രഹസ്യ സിദ്ധാന്ധം കൈമാറാനുണ്ടെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ അതിശയോക്തിയായി നിങ്ങള്‍ക്കനുഭവപ്പെടും.
ഇന്ത്യന്‍ സാമൂഹ്യ ഘടനയെക്കുറിച്ചുള്ള സവിശേഷമായ രഹസ്യത്തെക്കുറിച്ചു ഇവിടുത്തെ ജനങ്ങളെ പഠിപ്പിക്കുവാന്‍ തലമുറകള്‍ക്ക് മുന്‍പ് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടുവന്ന രഹസ്യം സവര്‍ണര്‍ക്കും ഇന്ത്യന്‍ സാമൂഹ്യ ഘടനയുടെ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ക്കും മാത്രമാണ് മനസിലാകാത്തത്. തീര്‍ച്ചയായും ഞങ്ങള്‍ക്കിടയില്‍ ഇല്ലുമിനാട്ടികളുണ്ടെന്ന് നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ക്ക് ഭാരതീയ അടുക്കള കണ്ടാല്‍ മനസിലാകുന്ന കാര്യങ്ങളല്ല ദലിതുകള്‍ക്കും ആദിവാസികള്‍ക്കും ബഹുജനങ്ങള്‍ക്കും മനസിലാകുക. ഹിന്ദുത്വ സാമൂഹിക ഘടനയുടെ ആനുകൂല്യങ്ങള്‍ പേറുന്നവര്‍ സൂക്ഷിച്ചുകൊള്ളുക. ഈ ഘടനയെ തകര്‍ക്കുവാനുള്ള രഹസ്യ ജ്ഞാനങ്ങള്‍ ഞങ്ങള്‍ കൈമാറുന്നത് ഇങ്ങനെയാണ്. നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ ബോധ്യങ്ങളിലേക്ക് ഞങ്ങള്‍ രഹസ്യ വിവരങ്ങള്‍ കൈമാറും.
ഭാരതീയ അടുക്കളയിലൂടെ ഞങ്ങള്‍ കൈമാറുന്ന രഹസ്യങ്ങള്‍ കണ്ട് നിങ്ങള്‍ കൈയ്യടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ രാജ്യത്തെ പൗരന്മാരുടെ മൂല്യബോധങ്ങളെ ഒരു പൂവിരിയുന്നതിനോളം പതുക്കെ ഞങ്ങള്‍ പുതുക്കി പണിയും.

സിനിമ നന്നായിട്ടുണ്ടെന്നോ സിനിമ മോശമെന്നോ നിങ്ങള്‍ പറഞ്ഞിരിക്കാം, പക്ഷെ അതിനെക്കുറിച്ചു സംസാരിക്കാതെ നിങ്ങള്‍ക്ക് ഈ ചരിത്ര ഘട്ടത്തിലൂടെ കടന്നുപോകാന്‍ കഴിയില്ല. അതിന്റെ രഹസ്യം ഈ സമൂഹത്തിലെ ഞങ്ങളുടെ രാഷ്ട്രീയ ചേരിക്ക് പുറത്ത് നില്‍ക്കുന്ന ഇപ്പോള്‍ ഞങ്ങളുടെ സഖ്യകക്ഷികളായ സ്ത്രീകള്‍ക്കും ലൈംഗിക ന്യൂന പക്ഷങ്ങള്‍ക്കും മുഴുവന്‍ സബാള്‍ട്ടണ്‍ സ്വത്വങ്ങള്‍ക്കും ഞങ്ങള്‍ കൈമാറിക്കഴിഞ്ഞു.

ഇതൊരു തുടര്‍ച്ചയാണ് എന്ന് നിങ്ങള്‍ ബോധ്യപ്പെടുക. സത്യത്തില്‍ ഭാരതീയ അടുക്കളയിലൂടെ പടര്‍ന്ന് പോകുന്ന വിവരങ്ങള്‍ക്ക് രഹസ്യസ്വഭാവം കൈവരുന്നതിന് തന്നെ സാമൂഹ്യ ശാസ്ത്രപരമായ കാരണങ്ങളുണ്ട്.ഗോപാല്‍ ഗുരുവും സുന്ദര്‍ സറുക്കയും ചേര്‍ന്നെഴുതിയ ”ക്രാക്ക്ഡ് മിറര്‍” എന്ന പുസ്തകത്തില്‍ സാമൂഹിക ഘടനയുടെ സ്വഭാവത്തെ ആര്‍ക്കാണ് എളുപ്പത്തില്‍ മനസ്സിലാകുക എന്ന് വ്യക്തമാക്കുന്നുണ്ട്. സമൂഹത്തെക്കുറിച്ചുള്ള ജ്ഞാനം ചില വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ കഴിയുമെന്ന് അവര്‍ സ്ഥാപിക്കുന്നുണ്ട്. ഇന്ത്യന്‍ സാമൂഹിക ഘടനയെ മനസിലാക്കുവാന്‍ ഈ ഘടനയുടെ ആനുകൂല്യങ്ങള്‍ പറ്റിപോരുന്ന വിഭാഗങ്ങള്‍ക്ക് കഴിയുകയില്ല എന്നതാണ് അതിന്റെ സാമൂഹ്യശാസ്ത്രപരമായ പ്രയോഗവത്കരണം.

അതുകൊണ്ടാണ് ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ സവിശേഷ അധികാരങ്ങളുള്ള സവര്‍ണര്‍ക്കും ഈ ഘടനയുടെ അധികാരം ലഭിക്കുന്നവര്‍ക്കും മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമ ഞങ്ങളിലേക്ക് പകര്‍ന്ന് തരുന്ന രഹസ്യ ജ്ഞാനങ്ങള്‍ സ്വായത്തമാക്കാന്‍ കഴിയുകയില്ലെന്ന് ഞാന്‍ വാദിക്കുന്നത്. നിങ്ങള്‍ സിനിമ കണ്ട് അതിനെ വിമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയുമ്പോള്‍ ഞങ്ങള്‍ ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ചുള്ള ഈ രഹസ്യം സമൂഹത്തിന്റെ ബോധത്തിലേക്ക് ആഴ്ന്നിറക്കിയിരിക്കും.
ഒരര്‍ത്ഥത്തില്‍ നിങ്ങള്‍ക്കിത് മനസിലാക്കാന്‍ കഴിയാത്ത രീതിയില്‍ ഞങ്ങള്‍ ഒന്നും പ്രത്യേകിച്ച് ചെയ്യുന്നില്ല എന്ന് നിങ്ങള്‍ അറിയണം. മറിച്ച് മുന്‍പ് സൂചിപ്പിച്ചതുപോലെ ഈ ഘടനയുടെ സവിശേഷ സ്വഭാവം കൊണ്ടുമാത്രമാണ് നിങ്ങള്‍ക്കിത് മനസിലാക്കാത്തത്. അതെന്താണെന്ന് ഈ ലേഖനത്തിന്റെ ചില ഭാഗങ്ങളില്‍ നിങ്ങള്‍ക്ക് ഞാന്‍ വ്യക്തമാക്കിത്തരാം. അതിന് സാമൂഹ്യശാസ്ത്രം അനിവാര്യമാണ്.

ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ചു നിരവധിയായ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ പഠിച്ചിട്ടുണ്ട്. കാള്‍ മാര്‍ക്‌സ്, ആേ്രന്ദ ബീറ്റല്‍, ലൂയിസ് ഡമോണ്‍ട്, ജി എസ് ഗുര്യെ, എം എന്‍ ശ്രീനിവാസന്‍, എ ആര്‍ ദേശായി അങ്ങനെ നിരവധിയായ പണ്ഡിതന്മാര്‍. ഇന്ത്യന്‍ സാമൂഹിക ഘടനയിലെ തൊട്ടുകൂടായ്മ, ശുദ്ധി സങ്കല്‍പം, േ്രശണീകൃതമായ അതിന്റെ ഘടന അങ്ങനെ അനവധിയായ പഠനങ്ങള്‍. ഇന്ത്യന്‍ ഘടനയുടെ മാര്‍ക്‌സിസ്‌റ് വിശകലങ്ങള്‍, സാംസ്‌കാരിക പഠനങ്ങള്‍, ഘടനപരവും പ്രവര്‍ത്തനപരവുമായ വിശകലനങ്ങള്‍ അങ്ങനെ അനേകം. എല്ലാവര്ക്കും ദലിതുകളും പിന്നോക്കക്കാരും അനുഭവിക്കുന്ന അടിച്ചമര്‍ത്തലും അവരുടെ ദയനീയമായ അവസ്ഥയും വിഷയങ്ങള്‍ ആയിരുന്നു. എല്ലാവരും ദളിതുകളെ രക്ഷിക്കുവാനുള്ള സാദ്ധ്യതകള്‍ എന്തെന്ന് അന്വേഷിച്ചു. നീതിബോധം കൊണ്ട് സാമൂഹ്യ ശാസ്ത്രജ്ഞര്‍ പിടഞ്ഞു. അതില്‍ ഏറ്റവും സവിശേഷമെന്ന് ഇന്ത്യന്‍ അക്കാദമിയ വിശ്വസിക്കുന്നത് എം.എന്‍. ശ്രീനിവാസന്റേതായ സംസ്‌കൃതവത്കരണം എന്ന സിദ്ധാന്തമാണ്.

ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവുമധികം ആഘോഷിക്കപെട്ട ഒന്നായിരുന്നു അത്. ഇന്ത്യന്‍ സാമൂഹിക ഘടനയുടെ പുതിയ മാറ്റത്തെ 1956 റോടുകൂടെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ചിലപ്പോള്‍ ഇന്ത്യന്‍ ജാതീയ ഘടനയെ വളരെ പതുക്കെ പരിഹരിക്കാം എന്നൊക്കെ അക്കാദമിയയില്‍ പ്രത്യാശ ഉയര്‍ത്തിയ ഒന്നുമായിരുന്നു ഈ സിദ്ധാന്ധം.സംസ്‌കൃടൈസേഷന്‍ എന്നാണ് എം. എന്‍ ശ്രീനിവാസന്‍ അതിനെ അഭിസംബോധന ചെയ്തത്. ഇന്ത്യന്‍ സാമൂഹിക ഘടനയിലെ ചില മധ്യ ജാതികള്‍ ബ്രാഹ്മണരെ അനുകരിച്ച് ഭൂമി അടക്കമുള്ള വിഭവങ്ങളുടെ അധികാരം നേടി എന്നും, രാഷ്ട്രീയ അധികാരത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലും മെച്ചപ്പെട്ട പ്രാതിനിധ്യം നേടിയെന്നും അദ്ദേഹം വാദിച്ചു. വിദ്യാഭ്യാസ പുരോഗതിയും മുന്‍പ് സൂചിപ്പിച്ച വിഭവാധികാരവും രാഷ്ട്രീയ ഉദ്യോഗസ്ഥ അധികാരവും നേടിയ ഈ മധ്യജാതികള്‍ ബ്രാഹ്മണരോളമോ അതിനേക്കാളേറെയോ സാമൂഹിക അധികാരം നേടിയെന്നോ ആയിരുന്നു ശ്രീനിവാസന്റെ വാദം. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ പരസ്പരം അനുകരിക്കുമെന്ന ഈ അനുകരണ സിദ്ധാന്തം ഗബ്രിയേല്‍ റ്റാര്‍ഡ് എന്ന സാമൂഹ്യ ശാസ്ത്രജ്ഞനാണ് ആദ്യമായി മുന്നോട്ട് വക്കുന്നത്. അദ്ധേഹത്തിന്റെ അനുകരണ സിദ്ധാന്ത ആശയത്തില്‍ നിലനിന്നുകൊണ്ടാണ് എം.എന്‍. ശ്രീനിവാസന്‍ സംസ്‌കൃതവത്കരണം എന്ന സിദ്ധാന്തം വികസിപ്പിച്ചത്.

രാജ്യത്തെ അക്കാദമിയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട എം.എന്‍. ശ്രീനിവാസന്റെ ഈ അനുകരണ സിദ്ധാന്തത്തിന്റെ സവിശേഷത അത് സവര്‍ണര്‍ പിന്നോക്ക ജനതയ്ക്ക് നേരെ നടത്തിവന്ന ഹീനമായ അതിക്രമങ്ങളെയും വിവേചനങ്ങളെയും മറച്ചുപിടിച്ചു എന്നതാണ്. പിന്നോക്ക ജനത ബ്രാഹ്മണരുടെ മുഴുവന്‍ അതിക്രമങ്ങളെയും അതിജീവിച്ചുകൊണ്ട് നേടിയ സാമൂഹിക അധികാരത്തെ ബ്രാഹ്മണരെ അനുകരിച്ചതായി വരുത്തി തീര്‍ക്കുക വഴി ബ്രാഹ്മണ്യം എന്ന ആശയപ്രപഞ്ചത്തിന് തന്നെ സ്വീകാര്യതയുണ്ടാകുകയായിരുന്നു എം എന്‍ ശ്രീനിവാസന്‍ ചെയ്തത്. അനുകരിക്കാന്‍ കഴിയുന്ന ഒരു മികച്ച ഒന്നായി ബ്രാഹ്മണ്യത്തിന്റെ സൈദ്ധാന്തിക അടിത്തറയെ ശ്രീനിവാസന്‍ ന്യായീകരിച്ചു. ബ്രാഹ്മണര്‍ പിന്നോക്ക ജനതകളോട് ചെയ്ത അതിക്രമങ്ങളെയും വിവേചനകളെയും ശ്രീനിവാസന്‍ ഇന്ത്യന്‍ സോഷ്യോളജിക്കല്‍ അക്കാദമിയയില്‍ നിന്നും അപ്രത്യക്ഷമാക്കി.

സത്യത്തില്‍ വിഭവങ്ങളും സാമൂഹിക അധികാരവും ബ്രാഹ്മണരിലേക്ക് മാത്രം കേന്ദ്രീകരിക്കണമെന്ന ബ്രാഹ്മണ മൂല്യബോധത്തെയും അതിനനുസരിച്ചു പുനരുല്പാദിപ്പിക്കപ്പെട്ട സാമൂഹ്യ ഘടനയെയും വളരെ പതുക്കെ സമയമെടുത്ത് തകര്‍ക്കുകയാണ് പിന്നോക്ക ജനത ചെയ്തത് എന്ന സത്യം എം. എന്‍. ശ്രീനിവാസന്‍ മറച്ചു വച്ചു. ലോകത്തിലെ ഏറ്റവും ക്രൂരത നിറഞ്ഞ ബ്രഹ്മണ്യമെന്ന ആശയപ്രപഞ്ചത്തെ അതിന്റെ അതിക്രമങ്ങള്‍ ഏറ്റുവാങ്ങിയ വിഭാഗങ്ങള്‍ സമയമെടുത്ത് തകര്‍ത്തതിനെ ‘സംസ്‌കൃതവത്കരണം അല്ലെങ്കില്‍ ബ്രാഹ്മണവത്കരണം’ എന്നൊക്കെ അടയാളപ്പെടുത്തിയത് ബ്രാഹ്മണ്യത്തിന്റെ അതിക്രമങ്ങള്‍ ഏറ്റുവാങ്ങിയവരോട് ചരിത്രപരമായി ചെയ്ത വഞ്ചനയായിരുന്നു.

ഒരു മലയാള സിനിമയേക്കുറിച്ചു വ്യക്തമാക്കാന്‍ എന്തിനാണ് ഇത്രയും വരട്ടു തത്വവാദം ഇറക്കുന്നതെന്ന് വായനക്കാര്‍ക്ക് തോന്നിയിരിക്കാം. എന്നാല്‍ മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ രഹസ്യത്തെക്കുറിച്ചു വ്യക്തമാക്കാന്‍ ഈ ചരിത്രഘട്ടം പരാമര്‍ശിക്കാതെ പോകുവാന്‍ കഴിയില്ല. ഇന്ത്യന്‍ സോഷ്യോളജിക്കല്‍ അക്കാദമിയയില്‍ നിന്നും ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ബ്രാഹ്മണര്‍ നടത്തിവരുന്ന അതിക്രമങ്ങളെ അപ്രത്യക്ഷമാക്കുക മാത്രമല്ല സത്യത്തില്‍ എം. എന്‍ ശ്രീനിവാസന്‍ ചെയ്തത്. മറിച്ച് ലോകം കണ്ട ഏറ്റവും ധിഷണാശാലിയായ സാമൂഹ്യശാസ്ത്രജ്ഞന്റെ സാമൂഹ്യശാസ്ത്ര വിശകലങ്ങളെ കട്ടെടുക്കുകയും അതിനെ തന്റെ ആവശ്യത്തിനായി വളച്ചൊടിക്കുകയുമാണ് ഉണ്ടായത്.ഗബ്രിയേല്‍ ടാര്‍ഡിന്റെ അനുകരണ സിദ്ധാന്തം ഉപയോഗിച്ചു രൂപപ്പെടുത്തിയ സംസ്‌കൃതവത്കരണം 1956 റോട് കൂടിയാണ് എം. എന്‍ ശ്രീനിവാസന് മുന്നോട്ട് വക്കുന്നത്.

അതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ഒരു മനുഷ്യന്‍ ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ അനുകരണ സിദ്ധാന്ധം പ്രയോഗിക്കുകയും ഈ ഘടനയുടെ പ്രത്യുല്പാദനത്തിന്റെ കാര്യകാരണങ്ങളുടെ കേന്ദ്ര ബിന്ദുവിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ചുള്ള അയാളുടെ ഒരു പ്രധാന കൃതിയിലെ ജ്ഞാനോല്പാദങ്ങളെയാണ് എം.എന്‍ ശ്രീനിവാസന്‍ ഉപയോഗിച്ചത്. 1916 ല്‍ എഴുതപ്പെട്ട ആ ഗ്രന്ഥം ഇപ്പോഴും കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്.
”CASTES IN INDIA: Their Mechanism, Genesis and Development’ എന്ന് വെറുതെ ഗൂഗിള്‍ ചെയുമ്പോള്‍ ആദ്യം തന്നെ കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ആ വെബ് പേജ് ആയിരിക്കും തുറന്ന് വരിക.1916 മെയ് 9നു കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഡോ. എ. എ. ഗോള്‍ഡന്‍വീസര്‍ പഠിപ്പിച്ചിരുന്ന ആേ്രന്താപ്പോളജി വിഷയത്തിന്റെ സെമിനാര്‍ പ്രവര്‍ത്തനങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ആ ഗ്രന്ധത്തിന്റെ പേരിന് താഴെ അതെഴുതിയയാളുടെ പേരെഴുതി വെച്ചിട്ടുണ്ട്. സംസ്‌കൃതവത്കരണം എന്ന സിദ്ധാന്തം രൂപപെടുത്തപ്പെട്ട 1956ല്‍ നിന്ന് 40 വര്ഷം പുറകിലേക്കാണ് ഈ സംഭവം നടക്കുന്നത്. അന്ന് എം എന്‍ ശ്രീനിവാസന്‍ ജനിച്ചിട്ടില്ല.
ആ പുസ്തകത്തില്‍ എഴുതിവച്ച പേര് ഡോ. ബി. ആര്‍. അംബേദ്കര്‍ എന്നായിരുന്നു.

2021ല്‍ പുറത്തിറങ്ങിയ മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയും 1916ല്‍ അംബേദ്കര്‍ എഴുതിയ ഒരു ഗ്രന്ഥവും തമ്മില്‍ എന്ത് രഹസ്യ ബന്ധം എന്ന് നിങ്ങള്‍ ആലോചിക്കാം. ഡാവിഞ്ചി കോഡ് എന്ന നോവലിലേതുപോലെ തലമുറകള്‍ കടന്ന് അംബേദ്കര്‍ പകര്‍ന്ന നല്‍കിയ രഹസ്യം സംവിധായകന്‍ ജിയോ ബേബി സിനിമയില്‍ ഒളിപ്പിച്ചു വച്ചു എന്നൊക്കെ വേണമെങ്കില്‍ രസകരമായി പ്രത്യാശിക്കാം. അതെന്താണെന്ന് ബോധ്യമാകണമെങ്കില്‍ വീണ്ടും എം.എന്‍.ശ്രീനിവാസന്റെയും അംബേദ്കറിന്റെയും സാമൂഹ്യ ശാസ്ത്ര വിശകലനങ്ങളെ പരിശോധിക്കേണ്ടിവരും.