സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് )

“കുറേ നാളായി കരിമീൻ പൊള്ളിച്ചത് കഴിച്ചിട്ട്…” ആത്മഗതം അടുക്കള വരെ കേൾക്കുന്ന രീതിയിൽ അല്പം ഉച്ചത്തിലായിപ്പോയി. കുറച്ചു നേരം കഴിഞ്ഞ് ഫേസ് ബുക്ക് വാളിൽ നല്ല പിടയ്ക്കുന്ന മീനുമായി ഫ്രഷ് ടു ഹോമിന്റെ പരസ്യം. പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. കാരണം ഫ്രഷ് ടു ഹോമിൽ നിന്നും സ്ഥിരമായി മീൻ വാങ്ങാറുണ്ട്. പരസ്യങ്ങളും കാണാറുണ്ട്. പക്ഷെ പരസ്യത്തിൽ വന്ന ചിത്രത്തിൽ ചെമ്പല്ലിക്ക് പകരം കരിമീൻ എങ്ങാനും ആയിരുന്നേൽ.. എന്റെ മനസ്സിലും ഒരു ചെറിയ സംശയം എങ്കിലും കടന്നു കൂടാൻ സാദ്ധ്യത ഉണ്ടാകുമായിരുന്നു. “കരിമീനിന്റെ കാര്യം പറഞ്ഞതെങ്ങാൻ ഇവന്മാർ കേട്ടു കാണുമോ?” ഇത്തരത്തിലുള്ള സംശയങ്ങൾ സ്വാഭാവികമാണ്‌. കാരണം അതിനുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്, അതുപോലെ സാങ്കേതികമായി അസാദ്ധ്യവുമല്ല. അതിനാൽ ഗൂഗിളും ഫേസ് ബുക്കുമൊക്കെ നമ്മൂടെ സംസാരവും വീഡീയോയുമൊക്കെ രഹസ്യമായി പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടാകുമെന്ന് മിക്കവരും വിശ്വസിക്കുന്നു. ഗൂഗിളിൽ ഒരു തവണയെങ്കിലും ഏതെങ്കിലും ഒരു ഉല്പന്നത്തെക്കുറിച്ചോ സ്ഥലത്തിനെക്കുറിച്ചോ ഒക്കെ സേർച്ച് ചെയ്താലോ ഏതെങ്കിലുമൊക്കെ വെബ് സൈറ്റുകൾ സന്ദർശിച്ചാലോ പിന്നെ തുടർച്ചയായി പ്രസ്തുത ഉല്പന്നങ്ങൾ വിൽക്കുന്ന കടകളുടെ പരസ്യങ്ങളും സ്ഥലങ്ങളിലെ ഹോട്ടലുകളൂടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരസ്യങ്ങളുമൊക്കെ തുടർച്ചയായി ഫേസ് ബുക്കിലും മറ്റ് വെബ് സൈറ്റുകളിലുമൊക്കെ കാണാൻ കഴിയും. ഈ സാഹചര്യത്തിൽ സ്വാഭാവികമായും നമ്മുടെയൊക്കെ മനസ്സിൽ നമ്മളൊക്കെ രഹസ്യമായി ആരൊക്കെയാലോ നിരീക്ഷിക്കപ്പെടുന്നതായും നമ്മുടെ വിവരങ്ങൾ ആരൊക്കെയാലോ ചൂഷണം ചെയ്യപ്പെടുന്നതായുമൊക്കെ തോന്നും. യഥാർത്ഥത്തിൽ നമ്മളിൽ പലരും കരുതുന്നതുപോലെത്തന്നെയാണോ ഇതൊക്കെ സംഭവിക്കുന്നത്? അല്ലെങ്കിൽ എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? നമ്മൂടെ സംസാര ശകലങ്ങളും വീഡിയോകളുമൊക്കെ ഗൂഗിളും ഫേസ് ബുക്കും ആമസോണുമൊക്കെ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ??

റേഡിയോയിൽ പരസ്യം, ടെലിവിഷൻ പരിപാടികൾക്കിടയിൽ പരസ്യം, ഏത് വെബ് സൈറ്റുകൾ തുറന്നാലും പരസ്യം, മൊബൈൽ ഫോണിലൂടെ പരസ്യം, എസ് എം എസ് ആയി പരസ്യം.. എന്നു വേണ്ട എല്ലാ മാദ്ധ്യമങ്ങളിലും പരസ്യങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ പരസ്യങ്ങൾക്കും പരസ്യസ്ഥാപനങ്ങൾക്കും ഒരു വില്ലൻ പരിവേഷം ഉണ്ടായത് സ്വാഭാവികമാണ്‌. പരസ്യങ്ങളെ ക്ഷണിക്കപ്പെടാത്ത അതിഥികൾ ആയാണ്‌ കണക്കാക്കുന്നത്. പക്ഷേ പരസ്യങ്ങൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിച്ച് നോക്കുക. അപ്പോൾ അറിയാം പരസ്യങ്ങളുടെ പ്രാധാന്യം. ഒരു ഉല്പന്നത്തെയോ സേവനത്തെയോ അതിന്റെ യഥാർത്ഥ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് പരസ്യങ്ങൾ കൂടിയേ തീരൂ. ഇവിടെ യഥാർത്ഥ ഉപഭോക്താക്കളെ കണ്ടെത്തുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഹെയർ ഡൈയുടെ പരസ്യം മുടി നരച്ചവരെയും ഹെയർ ട്രാൻസ്പ്ലാന്റേഷന്റെയും ഹെയർ ഫിക്സിങ്ങിന്റെയും പരസ്യം കഷണ്ടി ഉള്ളവരെയും കാണിക്കുന്നതിന്റെ ഗുണം പൊതുവായി എല്ലാവരെയും കാണിക്കുന്നതിലും മെച്ചപ്പെട്ടതായിരിക്കുമല്ലോ.ഇവിടെ മുടി നരച്ചവരെയും കഷണ്ടിയുള്ളവരെയും കണ്ടെത്തി അവരിലേക്ക് മാത്രമായി അനുബന്ധ പരസ്യങ്ങൾ എത്തിക്കുക എന്നത് ഇന്റർനെറ്റ് മാർക്കറ്റിംഗിനെ സംബന്ധിച്ചിടത്തോളം ഇക്കാലത്ത് വളരെ എളുപ്പമാണ്. വെബ് സൈറ്റുകൾ സന്ദർശിക്കുമ്പോഴും സോഷ്യൽ മീഡിയാ പോർട്ടലുകൾ ഉപയോഗിക്കുമ്പോഴുമൊക്കെ നമുക്ക് പരസ്യങ്ങൾ ഒഴിവാക്കാൻ കഴിയില്ല. ഒരു വെബ് സൈറ്റ് നടത്തിക്കൊണ്ടുപോവുക എന്നത് വളരെ ചെലവേറിയ കാര്യമാണ്‌. ഡൊമൈൻ നേം മുതൽ സെർവ്വർ വരെയുള്ള കാര്യങ്ങൾക്ക് വലിയ ആവർത്തനച്ചെലവാണുള്ളത്. വെബ് സൈറ്റിന്റെ പ്രചാരം കൂടുന്തോറും , വെബ് സൈറ്റിലേക്കുള്ള സന്ദർശകർ കൂടുന്തോറും അതിന്റെ നടത്തിപ്പ് ചെലവും ആനുപാതികമായി വർദ്ധിക്കുന്നു. ഏതെങ്കിലും ഉല്പന്നമോ സേവനമോ മറ്റോ വിൽക്കുന്ന വെബ് സൈറ്റ് ആണെങ്കിൽ വെബ് സൈറ്റിലേക്കുള്ള സന്ദർശകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വില്പനയും ആനുപാതികമായി കൂടുന്നു എന്നതിനാൽ ബിസിനസ് വഴിയുള്ള ലാഭം കൂടുന്നു. ഇത്തരത്തിൽ പ്രത്യേകിച്ച് ഒന്നും വിൽക്കാനില്ലാത്ത ബ്ലോഗുകൾ പോലെയുള്ള വെബ് സൈറ്റുകൾക്കും ഫേസ് ബുക്ക്, ഇന്സ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡീയാ വെബ് സൈറ്റുകൾക്കുമൊക്കെ നിലനിൽക്കണമെങ്കിൽ പരസ്യങ്ങളും മറ്റ് വരുമാന മാർഗ്ഗങ്ങളും കൂടിയേ‌ തീരൂ. ഇനി പരസ്യങ്ങൾ ഇല്ലാതെ ഇത്തരം സേവനങ്ങൾ നൽകണമെങ്കിൽ പണം കൊടുത്തുള്ള സബ്സ്ക്രിപ്ഷൻ സംവിധാനങ്ങൾ ആവശ്യമാണ്‌. പരസ്യവും സബ്സ്ക്രിപ്ഷനും ഇല്ലാതെ ഒരു സർവ വിജ്ഞാന കോശം എന്ന നിലയിൽ പ്രശസ്തമായ വിക്കീ പീഡിയ പോലെയുള്ള വെബ് സൈറ്റുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയുന്നത് സംഭാവനകളിലൂടെയാണ്‌.

ആ സാഹചര്യത്തിൽ എന്തായാലും പരസ്യങ്ങൾ കാണണം. എങ്കിൽ എന്തുകൊണ്ട് ഈ പരസ്യങ്ങൾ നമുക്ക് ആവശ്യമായ വസ്തുക്കളുടേത് ആയിക്കൂടാ? നമുക്ക് ആവശ്യമുള്ള വസ്തുക്കളുടെ പരസ്യങ്ങൾ നമ്മൾ സന്ദർശിക്കുന്ന വെബ് സൈറ്റുകളിൽ കാണുന്നതിനെ യഥാർത്ഥത്തിൽ ഒരു മോശമായ അർത്ഥത്തിൽ കാണേണ്ടതില്ല. അതിനെ നിങ്ങളെ ആരൊക്കെയോ രഹസ്യമായി നിരീക്ഷിക്കുന്നു എന്ന് കരുതി പേടിക്കേണ്ട കാര്യവുമില്ല. കാരണം ഈ പറയുന്ന നിരീക്ഷണങ്ങൾ ഒന്നും വ്യക്തിപരമായ തലങ്ങളിൽ അല്ല നടക്കുന്നത്. ഒരു പ്രത്യേക കീവേഡ് സേർച്ച് ചെയ്ത വ്യക്തികൾ, പ്രത്യേക സ്ഥലം സന്ദർശിച്ച വ്യക്തികൾ അല്ലെങ്കിൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, നിശ്ചിത പ്രായത്തിനു മുകളിലുള്ള വ്യക്തികൾ എന്നു തുടങ്ങി ഒരു ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ വിപണി ആകാൻ സാദ്ധ്യതയുള്ള ഒരു കൂട്ടം വ്യക്തികളിലേക്ക് പരസ്യം എത്തിക്കാൻ ആണ് ഇത്തരം ‘ബിഹേവിയറൽ റീ ടാർഗറ്റിംഗ് ‘ തന്ത്രങ്ങൾ ഉപയോഗപ്പെടുത്തുന്നത്. അല്ലാതെ സുജിത് എന്ന വ്യക്തി അയാളൂടെ വിട്ടിൽ കരിമീൻ കറി വയ്ക്കുന്നതോ അല്ലെങ്കിൽ സാമ്പാർ വയ്ക്കുന്നതോ ഒന്നും ഒരു പരസ്യ ഏജൻസിയെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ അല്ല.

ബിഹേവിയറൽ റീ ടാർഗറ്റിംഗ് രീതികൾക്കായി പ്രധാനമായി ഉപയോഗപ്പെടുത്തിയിരുന്നത് ‘ട്രാക്കിംഗ് കുക്കീസ്’ സംവിധാനങ്ങൾ ആണ്. ഉപയോഗപ്പെടുത്തിയിരുന്നത് എന്നതുകൊണ്ട് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നില്ല എന്ന് അർത്ഥമാക്കുന്നില്ല. ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്, പക്ഷേ സ്മാർട്ട് ഫോണുകൾ കൂടൂതൽ വ്യാപകമായപ്പോൾ മറ്റ് സാങ്കേതിക വിദ്യകൾ ആണ് ഇവിടെ ഇതിനായി ഉപയോഗപ്പെടുത്തുന്നത്. എന്താണ് ട്രാക്കിംഗ് കുക്കീസ് എന്നു പറയുന്നതിനു മുമ്പ് എന്താണ് കുക്കീസ് എന്ന ഒരു സാമാന്യ ധാരണയെങ്കിലും ഉണ്ടാകണം.

അസുഖം ബാധിച്ച് ഒരിക്കൽ ഡോക്ക്ടറുടെ അടുത്ത് പോയാൽ ഡോക്ടർ മരുന്ന് കുറിച്ച് നൽകുന്ന കുറിപ്പടി നമ്മൾ സൂക്ഷിച്ച് വയ്ക്കാറില്ലേ? അടുത്ത തവണ പോകുമ്പോൾ അതേ കുറിപ്പടി കാണിച്ചാൽ ഡോക്ടർ നിങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങളുടെ എണ്ണം കുറയാറുണ്ടല്ലോ. വേറെ അസുഖത്തിനുള്ള ചികിത്സയ്ക്ക് പോയാലും ചുരുങ്ങിയത് നിങ്ങളുടെ പേരും വയസ്സും എങ്കിലും ഈ കുറിപ്പടി നോക്കി ഡോക്ടർക്ക് മനസ്സിലാക്കാൻ കഴിയുന്നു. അതുകൊണ്ട് എന്താണ്‌ ഗുണം? അനാവശ്യമായി നിങ്ങളോട് ഈ വിവരങ്ങളൊക്കെ ചോദിച്ച് സമയം കളയേണ്ട ആവശ്യവും അതിലൂടെയുള്ള ഊർജ്ജ നഷ്ടവുമൊക്കെ ഡോക്ടർക്ക് ഒഴിവാക്കാൻ കഴിയുന്നു. ഇവിടെ ഒരു കുറിപ്പടി പല കാരണങ്ങളാൽ നിങ്ങൾക്കും ഡോക്ടർക്കും ഒരേ പോലെ ഉപകാരപ്രദമാകുന്നു. ഇതിനു സമാനമായ ഒരു സംവിധാനം നമ്മൾ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന വെബ് ബ്രൗസറുകളിലും ഉണ്ട്. അതിന്റെ പേരാണ്‌ ‘കുക്കീസ്’. അതായത് നിങ്ങൾ ഒരു വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ പ്രസ്തുത വെബ് സൈറ്റിന്റെ സെർവ്വർ നിങ്ങളെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങൾ ഒരു ചെറിയ ടെക്സ്റ്റ് ഫയലിൽ ആക്കി നിങ്ങളുടെ കമ്പ്യൂട്ടറിൽ തന്നെ സൂക്ഷിച്ച് വയ്ക്കുന്നു. മരുന്നു കുറിപ്പടിയിൽ ഡോക്ടർ നിങ്ങളുടെ തന്നെ പേരും വയസ്സുമൊക്കെ എഴുതി നിങ്ങൾക്ക് തരുന്നതുപോലെത്തന്നെ. പിന്നീട് ഈ വെബ് സൈറ്റ് നിങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങളിൽ നിന്ന് അറിയേണ്ട വിവരങ്ങൾ വെബ് സർവ്വറിനു രണ്ടാമത് ചോദിക്കേണ്ട ആവശ്യമില്ല, മറിച്ച് നേരത്തേ സൂക്ഷിച്ചു വച്ചിരിക്കുന്ന കുകീസ് എന്ന ഫയലിൽ നിന്ന് ആ വിവരങ്ങൾ പ്രസ്തുത വെബ് സൈറ്റ് സ്വയമേവ എടുത്തുകൊള്ളും. അതുകൊണ്ടുള്ള ലാഭം ഒരു ഉദാഹരണത്തിൽ കൂടി വ്യക്തമാക്കാം. നിങ്ങൾ ഫേസ് ബുക്ക് സന്ദർശിക്കുന്നു. ലോഗിൻ ചെയ്യാനായി യൂസർ നേമും പാസ് വേഡും നൽകുന്നു. ഈ വിവരങ്ങൾ ഫേസ് ബുക്കിന്റെ സെർവ്വർ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തി നിങ്ങളുടെ ഫേസ് ബുക്ക് പ്രൊഫൈലിലേക്ക് കടക്കാൻ അനുവദിക്കുന്നു. അതിനു ശേഷം നിങ്ങൾ ഒരു പോസ്റ്റ് ടൈപ്പ് ചെയ്ത് ഷെയർ ചെയ്യുന്നു. അപ്പോഴും ഫേസ് ബുക്കിന് വീണ്ടും പരിശോധിക്കേണ്ടി വരും ഇതും നിങ്ങൾ തന്നെയാണോ യഥാർത്ഥത്തിൽ പോസ്റ്റ് ചെയ്യുന്നതെന്ന്. അതിനായി വീണ്ടും നിങ്ങളെക്കൊണ്ട് യൂസർ നേമും പാസ് വേഡും ചോദിച്ച് അവ സെർവ്വറിൽ വെരിഫൈ ചെയ്ത് പോസ്റ്റ് ചെയ്യാനായി അനുവദിക്കുക എന്നൊക്കെ പറഞ്ഞാൽ വലിയ സമയ നഷ്ടവും ഊർജ്ജ നഷ്ടവുമുള്ള പരിപാടിയാണ്‌. അത് ഒഴിവാക്കാനായി ഒരു തവണ നിങ്ങൾ ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഫേസ് ബുക്ക് നിങ്ങൾ ലോഗിൻ ചെയ്തു കഴിഞ്ഞു എന്നതിനു തെളിവായി നിങ്ങൾക്ക് മാത്രമായുള്ള ഒരു പ്രത്യേക കോഡ് അടങ്ങിയ ഒരു ഫയൽ നിങ്ങളുടെ ബ്രൗസറിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നു. പിന്നീട് ഓരോ പ്രാവശ്യവും നിങ്ങൾ ഫേസ് ബുക്കിന്റെ ഏതൊക്കെ പേജ് നോക്കാൻ ശ്രമിക്കുമ്പോഴും സെർവ്വറിലേക്ക് പോകാതെ നിങ്ങളുടെ ബ്രൗസറിൽ നിന്നുള്ള ഈ പറഞ്ഞ ‘കുക്കീസ്’ ഫയൽ നോക്കി പ്രവേശനം അനുവദിക്കുന്നു. ഇതുകൊണ്ട് സെർവ്വറും ബ്രൗസറും തമ്മിൽ അനാവശ്യമായ ഡേറ്റാ കൈമാറ്റം ഒഴിവാക്കപ്പെടുന്നു. ഇത്തരത്തിൽ വെബ് ബ്രൗസറുകളെയും വെബ് സൈറ്റുകളെയും വെബ് സൈറ്റ് സന്ദർശകരെയും സംബന്ധിച്ചിടത്തോളം ഒഴിച്ചു കൂടാൻ കഴിയാത്തവയാണ്‌ വെബ് കുക്കീസ് എന്ന ഉപകാരികൾ. നിങ്ങൾ ഓരോ വെബ് സൈറ്റ് സന്ദർശിക്കുമ്പോഴും നിങ്ങളുടെ ബ്രൗസിംഗ് സുഗമമാക്കാനായി അവയിൽ നിന്നൊക്കെ നിങ്ങളുടെ കമ്പ്യൂട്ടറിൽ കുക്കികൾ നിക്ഷേപിക്കപ്പെടുന്നു. ഈ കുക്കികളിൽ നിന്നുള്ള നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അത് നിക്ഷേപിച്ച വെബ് സൈറ്റുകൾക്ക് ഉപയോഗിക്കാൻ കഴിയുന്നു. ഇവിടെ ഒരുകാര്യം ശ്രദ്ധികുക നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നാൽ നിങ്ങളുടെ പേരും വയസ്സും ഫൊട്ടോയും ഉൾപ്പെടെ നിങ്ങളെ വ്യക്തിപരമായി തിരിച്ചറീയാൻ കഴിയുന്ന വിവരങ്ങളൊന്നും അല്ല കുക്കികൾ ആയി രേഖപ്പെടുത്തുക. ഒരു വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ തന്നെ നിങ്ങളെക്കുറിച്ച് അത്തരം വിവരങ്ങളൊന്നും ചോർത്തിയെടുക്കാൻ ഒരു സൈറ്റിനും സാങ്കേതികമായി കഴിയില്ല. അപ്പോൾ സ്വാഭാവികമായും ഒരു സംശയം തോന്നിയേക്കാം ഒരു വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ എന്തെല്ലാം വിവരങ്ങൾ ആയിരിക്കും പ്രസ്തുത വെബ് സൈറ്റിനു പിറകിലുള്ളവർക്ക് നിങ്ങളെക്കുറിച്ച് ലഭിക്കുക എന്ന്.
നിങ്ങളുടെ പബ്ലിക് ഐപി അഡ്രസ്, ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്രൗസറിനെക്കുറിച്ചുള്ല വിവരങ്ങൾ, സമയം, ടൈം സോൺ, സ്ക്രീൻ സൈസ് , സ്ക്രീൻ റെസലൂഷൻ തുടങ്ങി പരസ്യമായി ലഭ്യമാകുന്ന കുറേ വിവരങ്ങൾ ആണ്‌ നിങ്ങളുടെ ബ്രൗസർ സാങ്കേതികമായി ഒരു വെബ് സർവ്വറുമായി പങ്കു വയ്ക്കുന്നത്. ഇത്തരത്തിൽ ഒരു സാധാരണ വെബ് സെർവ്വറിനു ലഭിക്കുന്ന വിവരങ്ങൾ എന്തെല്ലാമാണെന്ന് ഒരു ധാരണ ലഭിക്കാൻ (https://amiunique.org/fp) എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ട് തന്നെ നിങ്ങളെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ സാങ്കേതികമായിത്തന്നെ ലഭിക്കുമെങ്കിലും നിങ്ങളുടെ ആവശ്യങ്ങളെക്കുറികച്ചും നിങ്ങളുടെ സ്വഭാവത്തെക്കുറിച്ചുമൊന്നും വ്യക്തമായ വിവരങ്ങൾ ക്രോഡീകരിക്കാൻ കഴിയില്ല. അതിനായി മറ്റ് പല വിവരങ്ങൾ കൂടി വേണം. അതായത് നിങ്ങളെക്കുറിച്ച് നിങ്ങൾ തന്നെ നൽകുന്ന വിവരങ്ങൾ. സാധാരണഗതിയിൽ നിങ്ങൾ നിങ്ങളെക്കുറിച്ച് എവിടെയൊക്കെയാണ്‌ വിവരങ്ങൾ നൽകുന്നത്? ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ മീഡീയാ വെബ് സൈറ്റുകളിലും മറ്റും നിങ്ങൾ പേരും വിലാസവും വയസ്സും ജനനത്തീയതിയുമൊക്കെ നൽകുന്നു. പക്ഷേ‌ ഇത് പ്രസ്തുത വെബ് സൈറ്റിനു മാത്രം ലഭ്യമായ വിവരങ്ങൾ ആണ്‌.

അതായത് ഫേസ് ബുക്കിനു നൽകിയ വിവരങ്ങൾ ഫേസ് ബുക്കിനു മാത്രം ലഭിക്കുന്നു. ടിറ്ററിനുനൽകിയ വിവരങ്ങൾ ട്വിറ്ററിനു മാത്രം ലഭിക്കുന്നു. പക്ഷേ നിങ്ങൾ സേർച്ച് എഞ്ചിനുകളിൽ സേർച്ച് ചെയ്ത വിവരങ്ങൾ വെബ് സൈറ്റുകൾക്ക് കിട്ടും. അതായത് “buy fish online delhi” എന്ന് ഞാൻ സേർച്ച് ചെയ്താൽ ഓൺലൈൻ ആയി മീൻ വിൽക്കുന്ന കുറേ സൈറ്റുകളുടെ ലിങ്കുകൾ അവയുടെ സേർച്ച് എഞ്ചിൻ റാങ്കിംഗ് അനുസരിച്ച് സേർച്ച് പേജിൽ കാണിക്കുന്നു. ഇതിൽ ഏത് സൈറ്റിന്റെ ലിങ്കിൽ പോയി ക്ലിക്ക് ചെയ്താലും പ്രസ്തുത സൈറ്റിന്റെ സെർവ്വറിലേക്ക് ഇത് ഗൂഗിളിൽ ആണു സേർച്ച് ചെയ്തതെന്നും ഏത് കീവേഡ് ആണ്‌ സേർച്ച് ചെയ്യപ്പെട്ടതെന്നും കൂടിയുള്ള വിവരങ്ങൾ ലഭ്യമാകുന്നു. അതായത് ഞാൻ ഇത് സേർച്ച് ചെയ്ത് ഫ്രഷ് ടു ഹോം സൈറ്റിൽ ഗൂഗിൾ വഴി പോയാൽ ഫ്രഷ് ടു ഹോം സൈറ്റിന്റെ വെബ് മാസ്റ്റർക്ക് ഗൂഗിൾ തന്നെ നൽകുന്ന ചില സേവനങ്ങളിലൂടെയും അനലിറ്റിക്സ് സർവീസുകളിലൂടെയും “buy fish online delhi” എന്ന ഞാൻ തിരഞ്ഞ വിവരങ്ങൾ ലഭ്യുമാകുന്നു . ഇതിൽ നിന്നും അവർക്ക് വെറും ഒരു വെബ് സൈറ്റിൽ നിന്നും ബ്രൗസറുകൾ വഴി ലഭിക്കുന്ന അടിസ്ഥാന വിവരങ്ങൾക്ക് അപ്പുറമായി ഞാൻ ഡൽഹിയിൽ ഇരുന്നുകൊണ്ട് മീൻ അന്വേഷിക്കുകയാണെന്ന വിവരം കൂടി ലഭിക്കുന്നു പക്ഷേ ഇതുകൊണ്ട് മാത്രം കാര്യമില്ലല്ലോ.. എന്നെ പിൻ തുടർന്ന് എന്നെക്കൊണ്ട് മീൻ വാങ്ങിപ്പിക്കുകയും പുതിയ എന്തെങ്കിലും ഓഫറോ പുതിയ ഇനം മീനോ ഒക്കെ വന്നിട്ടുണ്ട് എന്ന പരസ്യം ഞാൻ പോകുന്ന ഓൺലൈൻ ഇടങ്ങളിലൊക്കെ കാണിക്കുകയും വേണം. ഇത്തരം പരസ്യ തന്ത്രത്തിനു പറയുന്ന പേരാണ്‌ “Behavioral Retargeting” എന്നത്. അതായത് നിങ്ങളെക്കുറിച്ചുള്ല കുറച്ച് വിവരങ്ങളൊക്കെ മനസ്സിലാക്കി നിങ്ങളുടെ ആവശ്യമെന്താണെന്നറിഞ്ഞ് അതനുസരിച്ചുള്ള പരസ്യങ്ങൾ നിങ്ങളിലേക്ക് വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ എത്തിക്കുന്ന മാർക്കറ്റിംഗ് തന്ത്രം. ബിഹേവിയറൽ റി ടാർഗറ്റിംഗിനായി നേരത്തേ സൂചിപ്പിച്ച ‘കുക്കീസിന്റെ’ ഒരു വകഭേദമായ ‘ട്രാക്കിംഗ് കുക്കീസ് അഥവാ തേഡ് പാർട്ടി കുക്കീസ്’ ഉപയോഗപ്പെടുത്തുന്നു. കുക്കീസ് എന്താണെന്ന് ഒരു അടിസ്ഥാന ധാരണ ലഭിച്ചിട്ടുണ്ടാകുമെന്നതിനാൽ ട്രാക്കിംഗ് കുക്കീസിനെക്കുറിച്ച് പറയാം. കുക്കീസ് എന്നത് ഒരു വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ ബ്രൗസിംഗ് സുഗമമാക്കാനും മറ്റും പ്രസ്റ്റുത വെബ് സൈറ്റ് നിങ്ങളുടെ കമ്പ്യൂട്ടറീൽ നിക്ഷേപിക്കുന്ന ചെറിയ ഒരു ടെക്സ്റ്റ് ഫയൽ ആണെന്നു പറഞ്ഞല്ലോ. ഇത്തരത്തിൽ ഒരോ വെബ് സൈറ്റും അവരവരുടേതായ കുക്കീസ് നിങ്ങളുടെ കമ്പ്യൂട്ടറിൽ നിക്ഷേപിച്ചിട്ടുണ്ടാകും. ഒരു വെബ് സൈറ്റിന്റെ കുക്കീസ് മറ്റൊരു വെബ് സൈറ്റിനു കാണാനോ വായിക്കാനോ കഴിയില്ല. അതായത് ഫേസ് ബുക്കിന്റെ കുക്കീസ് ഫേസ് ബുക്കിനു മാത്രവും ആമസോണിന്റെ കുക്കീസ് ആമസോണിനു മാത്രവും ഗൂഗിളിന്റെ കുക്കീസ് ഗൂഗിളിനു മാത്രവുമേ വായിക്കാനാകൂ. ഇങ്ങനെ വരുമ്പൊൾ നിങ്ങൾ മീൻ വാങ്ങുന്ന കാര്യം ഗൂഗിളിൽ തിരഞ്ഞ് ഒരു വെബ് സൈറ്റിലേക്ക് പോയിക്കഴിഞ്ഞാൽ ആ വിവരം ഫേസ് ബുക്ക് അറിയുന്നതെങ്ങിനേ? അവിടെയാണ് ട്രാക്കിംഗ് കുക്കീസിന്റെ കളി. ഫേസ് ബുക്ക് വളരെ പ്രശസ്തമായ ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോം ആണ്. അവർക്ക് സ്വന്തമായി പരസ്യ ബിസിനസുമുണ്ട്. ഫേസ് ബുക്കിന്റെ ലൈക്ക് ബട്ടനും ഷെയർ ബട്ടനുമൊക്കെ നിങ്ങൾ മിക്കവ്വാറും എല്ലാ വെബ് സൈറ്റുകളിലും കണ്ടിട്ടുണ്ടാകും. ഇവിടെ ലൈക്ക് ബട്ടനും ഷെയർ ബട്ടനുമൊക്കെ വെബ് സൈറ്റുകളിൽ കാണുക എന്നാൽ പ്രസ്തുത വെബ് സൈറ്റുകൾ നിങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങൾ അറിയാതെ തന്നെ ഫേസ് ബുക്ക് കൂടി ഈ വെബ് സൈറ്റുകൾ വഴി സന്ദർശിക്കുന്നുണ്ട്. അതായത് ഇവിടെ ഈ വെബ് സൈറ്റിനു നിങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഫേസ് ബുക്കിനു കൂടി ലഭ്യമാകുന്നു. ഇവിടെ വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ പ്രസ്തുത വെബ് സൈറ്റിന്റെ കുക്കീസിനു പുറമേ ഫേസ് ബുക്കിന്റെ വകയായ ഒരു കുക്കീസ് കൂടി നിങ്ങളുടെ കമ്പ്യൂട്ടറിൽ നിക്ഷേപിക്കപ്പെടൂന്നു. ഇത്തരത്തിൽ ഗൂഗിളും ആമസോണും മറ്റ് പ്രമുഖ പരസ്യ ഏജൻസികളുമൊക്കെ പരസ്യങ്ങളുടെ ആവശ്യത്തിലേക്കായി ട്രാക്കിംഗ് കുക്കീസ് ഉപയോഗപ്പെടുത്തുന്നു. ഈ ട്രാക്കിംഗ് കുക്കീസ് പലരും കരുതുന്നതുപോലെ വലിയ അപകടകാരികളോ നിങ്ങളെ ഒരു വ്യക്തി എന്ന നിലയിൽ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്നതോ ഒന്നുമല്ല. നിങ്ങളുടെ പേരോ കുടുംബാംഗങ്ങളുടെ പേരോ മൊബൈൽ നമ്പരോ ഒന്നും നിങ്ങളുടെ വ്യക്തിത്വം വെളിവാക്കുന്ന തരത്തിൽ ഇവിടെ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നുമില്ല.

ചെറുതായാലും വലുതായാലും സ്വകാര്യതയുമായി ബന്ധമുള്ളതായതിനാൽ ട്രാക്കിംഗ് കുക്കീസ് എപ്പോഴും വിവാദത്തിന്റെ നിഴലിൽ ആകുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന യൂറോപ്യൻ യൂണിയനിലും അമേരിക്കയിലുമൊക്കെ വ്യക്തികളൂടെ അനുവാദം ഇല്ലാതെ ട്രാക്കിംഗ് കുക്കീസ് എന്നല്ല ഒന്നും തന്നെ വ്യക്തികളൂടെ കമ്പ്യൂട്ടറുകളിൽ ഒരു വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ നിക്ഷേപിക്കപ്പെടരുതെന്ന് നിയമം മൂലം നിഷ്കർഷ്ക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ചില വെബ് സൈറ്റുകൾ സന്ദർശിക്കുമ്പോൾ പ്രസ്തുത വെബ് സൈറ്റ് ഏതെല്ലാം തരത്തിലുള്ള കുക്കീസ് ആണ് ഉപയോഗിക്കുന്നതെന്നും തുടർ സേവനങ്ങൾ ലഭിക്കാനായി കുക്കീസ് ആവശ്യമാണെന്നൊക്കെയുമുള്ള അറിയിപ്പുകൾ പോപ് അപ് ആയും മറ്റും വെബ് സൈറ്റുകളിൽ കാണിക്കുന്നത്. നമ്മുടെ രാജ്യത്ത് സ്വകാര്യത എന്താണെന്നതിനെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നതിനാൽ ഈ വക തലവേദനകളൊന്നും വെബ് സൈറ്റ് ഉടമകൾക്ക് ഇല്ല.

ഒരു തരത്തിലും ഇതുപോലെ ടാർഗറ്റ് ചെയ്യപ്പെടരുതെന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടെങ്കിൽ ട്രാക്കിംഗ് കുക്കികളെ ഒഴിവാക്കാനായി വെബ് ബ്രൗസറുകളിൽ തന്നെ അതിനുള്ള സംവിധാനങ്ങൾ ഉണ്ട്. “Do not Track” എന്നത് ഇത്തരത്തിൽ വെബ് സൈറ്റുകൾക്ക് ബ്രൗസറുകൾ നിർദ്ദേശം നൽകുന്നതാണെങ്കിലും വെബ് സൈറ്റുകൾ ഇവ പാലിച്ചു കൊള്ളണമെന്ന് സാങ്കേതികമായി യാതൊരു നിർബന്ധവുമില്ല. മാന്യന്മാരായ വെബ് സൈറ്റുകൾ ആണെങ്കിൽ Do not track ബ്രൗസർ സെറ്റിംഗ്സ് മാനിക്കുകയും ട്രാക്കിംഗ് നടത്താതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ഒരു സെറ്റിംഗ്സ് എനേബിൾ ചെയ്തതുകൊണ്ട് മാത്രം ട്രാക്കിംഗ് നടക്കാതിരിക്കുമെന്ന് കരുതേണ്ട. ഈ സാഹചര്യത്തിൽ ഗോസ്റ്ററി, ആഡ് ബ്ലോക്ക്, യു ബ്ലോക് ഒറീജിൻ തുടങ്ങി ബ്രൗസർ എക്സ്റ്റൻഷനുകളുടെ രൂപത്തിൽ ട്രാക്കിംഗ് കുക്കീസിനെ തടയാൻ കഴിയുന്ന സംവിധാനങ്ങൾ നിലവിലുണ്ട്. അതുപോലെ ബ്രേവ് ബ്രൗസർ പോലെയുള്ള ബ്രൗസറുകളും സേർച്ച് ലീക്ക് അനുവദിക്കാത്ത ഡക് ഡക് ഗോ പോലെയുള്ള സേർച്ച് എഞ്ചിനുകളുമൊക്കെ ഉപയോഗിക്കാവുന്നതാണ്.ഈ പറഞ്ഞ കാര്യങ്ങളൊക്കെ പ്രധാനമായും ഡസ്ക്ടോപ്പ് ബ്രൗസറുകളുമായി ബന്ധപ്പെട്ടതാണെങ്കിൽ സ്മാർട്ട് ഫോണുകളുടെ കാര്യം വരുമ്പോൾ കഥ മാറുന്നു. സ്മാർട്ട് ഫോണുകളിൽ ട്രാക്കിംഗ് കുക്കീസിനു പകരം മറ്റ് ചില സംവിധാനങ്ങൾ ആണ് ബിഹേവിയറൽ റീ ടാർഗറ്റിംഗിനായി ഉപയോഗപ്പെടുത്തുന്നത്.

ഇതിനെക്കുറിച്ചും നിങ്ങൾക്ക് ഏത് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാലും തടയാൻ കഴിയാൻ പരിമിതികൾ ഉള്ള മറ്റ് ചില ബിഹേവിയറൽ റീ ടാർഗറ്റിംഗ് മാർഗ്ഗങ്ങളെക്കുറിച്ചും പോസ്റ്റിന്റെ തുടക്കത്തിൽ സൂചിപ്പിച്ച തരത്തിൽ സ്മാർട്ട് ഫോണുകൾ നിങ്ങളുടെ ശബ്ദങ്ങളും ചിത്രങ്ങളുമെല്ലാം ഇത്തരത്തിൽ പരസ്യങ്ങൾക്കായി യഥാർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ടോ ?

“നിങ്ങൾ രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുന്നതെന്താണ്‌?” ഈ അടുത്ത കാലത്ത് ഒരു സ്ഥാപനം നടത്തിയ ഒരു സർവേയിലെ ചോദ്യം ആയിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ നൽകിയ ഉത്തരം.. “കണ്ണും തിരുമ്മി മൊബൈൽ ഫോൺ നോക്കുക” എന്നതായിരുന്നു. നമ്മളോരോരുത്തരുടെയും ദിനചര്യകൾ തുടങ്ങുന്നതും അവസാനിക്കുന്നതും സ്മാർട്ട് ഫോണിൽ ആയിരിക്കും. ഈ സാഹചര്യത്തിൽ വ്യക്തികളുടെ സ്വഭാവവും ആവശ്യങ്ങളുമൊക്കെ തിരിച്ചറിഞ്ഞ് അവരിലേക്ക് കൃത്യമായ പരസ്യങ്ങൾ എത്തിക്കുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്‌. വെബ് ബ്രൗസറുകൾ വഴി ട്രാക്കിംഗ് കുക്കീസ് ഉപയോഗിച്ച് എങ്ങിനെയാണ്‌ ആളെ അറിഞ്ഞ് അത്താഴം വിളമ്പുന്നത് എന്നതിനെക്കുറിച്ച് മുകളിൽ പറഞ്ഞിരുന്നുവല്ലോ . ആ പരിപാടി മൊബൈൽ ഫോണുകളുടെ കാര്യത്തിൽ അതേ പോലെ നടത്താൻ കഴിയില്ല. കാരണം മൊബൈൽ ഫോണുകളിൽ ഓരോ ആവശ്യങ്ങൾക്കായും അപ്ലിക്കേഷനുകൾ ആണ്‌ ഉപയോഗിക്കുന്നതെന്നതിനാലും ഈ ഓരോ അപ്ലിക്കേഷനുകളും അവയുടേതായ ഒരു പ്രത്യേക ചട്ടക്കൂടീനകത്ത് നിന്ന് പ്രവർത്തിക്കുന്നതിനാലും ഒരു അപ്ലിക്കേഷനിൽ നൽകുന്ന വിവരങ്ങൾ മറ്റ് അപ്ലിക്കേഷനുകൾക്കോ മൂന്നാം കക്ഷികൾക്കോ നേരിട്ട് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ട്രാക്കിംഗ് കുക്കീസ് പോലെയുള്ള പരിപാടികൾ മൊബൈൽ ഫോണുകളിൽ നടക്കില്ല. പിന്നെ എങ്ങിനെയാണ്‌ സ്മാർട്ട് ഫോണുകളിലും അത് ഉപയോഗിക്കുന്ന ആളുടെ അഭിരുചികൾക്കനുസരിച്ചുള്ള ബിഹേവിയറൽ റീ ടാർഗറ്റിംഗ് നടക്കുന്നത്?

പൊതുവെ നമ്മൾ ആരും നമ്മുടെ വ്യക്തി വിവരങ്ങൾ പരസ്യമാക്കാൻ മടിക്കുന്നവരാണ്‌. അതേ സമയം തന്നെ നമ്മളുമായി യാതൊരു ബന്ധവുമില്ലാതെ കടന്നു വരുന്ന പരസ്യങ്ങൾ കാണേണ്ടി വരുന്നതിൽ വളരെ അധികം അസ്വസ്ഥരും ആകാറുണ്ട്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അബ്ബാസ് കക്കൂസു കഴുകുന്ന പരസ്യം കാണേണ്ടി വരുന്ന അവസ്ഥ ടെലിവിഷനിൽ ഒഴിവാക്കാൻ കഴിയില്ലെങ്കിലും ഓൺലൈൻ ലോകത്ത് തീർച്ചയായും കഴിയും. ഭൂരിഭാഗം ആളുകളും അവനവനു താല്പര്യമുള്ള മേഖലകളിൽ ഉള്ള പരസ്യങ്ങൾ കാണാനാണ്‌ ഇഷ്ടപ്പെടുക എന്ന് തീർച്ച. പരസ്യങ്ങൾ കൂടുതൽ വ്യക്ത്യാധിഷ്ടിതം ആകുന്നത് മൊത്തത്തിൽ ഉള്ള ബ്രൗസിംഗ് എക്സീരിയൻസിലെ അരോചകത്വം കുറയാൻ സഹായകമാകുന്നു. സ്വകാര്യ വിവരങ്ങൾ പരസ്യത്തിനായി നൽകാൻ ആരും തയ്യാറാകില്ല, പക്ഷേ‌ അവനവനിഷ്ടപ്പെട്ട പരസ്യങ്ങൾ കാണുകയും വേണം. ഇത് രണ്ടും പരസ്പര വിരുദ്ധങ്ങളായ സംഗതികൾ ആണെന്നതിനാലും മനസ്സറിയുന്ന സാങ്കേതിക വിദ്യകൾ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ എന്നതിനാലും മറ്റ് ചില മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ വിവരങ്ങൾ അറിഞ്ഞുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമായ പരസ്യങ്ങൾ കാണിക്കുക എന്നതാണ്‌ ബിഹേവിയറൽ ടാർഗറ്റിംഗിന്റെയും ബിഹേവിയറൽ റീ ടാർഗറ്റിംഗിന്റെയുമൊക്കെ അടിസ്ഥാനം.

സ്മാർട്ട് ഫോണുകൾ ഒരു അവയവം പോലെ ഒരു വ്യക്തിയുമായി ചേർന്ന് നിൽക്കുന്നതായതിനാൽ സ്വകാര്യതയെ സംബന്ധിച്ചിടത്തോളം മറ്റ് ഉപകരണങ്ങൾക്കില്ലാത്ത ഒരു തലത്തിലുള്ള പ്രാധാന്യം ഇവയ്ക്കുണ്ട്. ഈ സാഹചര്യത്തിൽ ഒരു ഉപകരണത്തെ തിരിച്ചറിഞ്ഞാൽ തന്നെ വ്യക്തിയെ തിരിച്ചറിയുന്നതുപോലെ ആയി എന്നതിനാൽ വ്യക്തിവിവരങ്ങൾ അറിയാതെ തന്നെ വ്യക്തിയുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ട് അതനുസരിച്ചുള്ല വ്യക്ത്യാധിഷ്ഠിത പരസ്യങ്ങൾ കാണിക്കാനുള്ള സാങ്കേതിക വിദ്യകൾ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിലും ആപ്പിൾ സ്മാർട്ട് ഫോണുകളിലും ഉണ്ട്. ഇവിടെ ആൻഡ്രോയ്ഡ് ഫോണുകളിൽ Google Advertising Identifier ഉം ആപ്പിൾ ഫോണുകളിൽ IDFA എന്ന Identifier For Advertisers എന്ന സംവിധാനങ്ങൾ ആണ്‌ ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണുകളിൽ “Advertising Id” എന്ന ഒന്ന് ഉണ്ടെന്ന് അറിയുന്നവർ തന്നെ കുറവായിരിക്കും. നിങ്ങളുടെ ഫോൺ നമ്പർ പോലെത്തന്നെ ഓരോ ആൻഡ്രോയ്ഡ് ഉപഭോക്താവിനും ഓരോ അഡ്‌‌വെർ ടൈസ്മെന്റ് ഐഡി ഗൂഗിൾ നൽകുന്നു. ഇത് യൂണിവേഴ്സൽ യുണിക്ക് ഐഡന്റിഫയർ ഫോർമാറ്റിൽ ഉള്ള , ക്രമരഹിതമായ അക്കങ്ങളും അക്ഷരങ്ങളുമൊക്കെ ഉള്ള ഒരു 128 ബിറ്റ് ഐഡി ആണ്‌. ഈ ഐഡന്റിഫിക്കേഷൻ ഐഡി നിങ്ങളുടെ വ്യക്തി വിവരങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്‌. നിങ്ങളുടെ ഓരോ ഫോണിലും വ്യത്യസ്തവും ആയിരിക്കും. ആൻഡ്രോയ്ഡ് ഫോണിലുള്ള അപ്ലിക്കേഷനുകൾ ഈ അഡ്‌‌വെർടൈസ്മെന്റ് ഐഡി ഉപയോഗിച്ചാണ്‌ നിങ്ങളുടെ അഭിരുചികളെക്കുറിച്ചൊരു ധാരണ ഉണ്ടാക്കിയെടുത്ത് അതനുസരിച്ചുള്ള പരസ്യങ്ങൾ കാണിക്കുന്നത്. ഒന്നിലധികം ആപ്പുകളിൽ ഉള്ള ഒരേ പരസ്യ സ്ഥാപനങ്ങളുടെ തന്നെ ട്രാക്കിംഗ് സ്ക്രിപ്റ്റുകൾക്ക് ഈ ഐഡി വായിക്കാനുള്ല അനുവാദം ആൻഡ്രോയ്ഡിലും ഐ ഓഎസ്സിലുമൊക്കെ ഉണ്ട്. ഇത്തരത്തിലുള്ള പൊതുവായ ഐഡി ഉപയോഗിച്ചാണ്‌ ഗൂഗിളും ഫേസ് ബുക്കും ആമസോണുമൊക്കെ ഒരു ഉപകരണത്തെ തിരിച്ചറിയുന്നത്. അല്ലാതെ അതിനായി നിങ്ങളുടെ ഈ മെയിൽ ഐഡിയോ , ഫോൺ നമ്പരോ ഫോട്ടോയോ ശബ്ദമോ ഒന്നും ആവശ്യമില്ല.

ഇനി നിങ്ങൾക്ക് ഇത്തരത്തിൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങൾ കാണേണ്ട ആവശ്യമില്ല എന്നു തോന്നുകയാണെങ്കിൽ ആ സംവിധാനം ഡിസേബിൾ ചെയ്യുവാനും റീസെറ്റ് ചെയ്യുവാനുമൊക്കെയുള്ള സൗകര്യങ്ങൾ ഉണ്ട്. ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ സെറ്റിംഗ്സിൽ “Ads” എന്ന മെനുവിൽ പോയാൽ നിങ്ങളുടെ അഡ്‌‌വെർടൈസ്മെന്റ് ഐഡി കാണാനും റീസെറ്റ് ചെയ്യാനും അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങൾ വേണ്ട എന്ന് തീരുമാനിക്കാനുമൊക്കെ കഴിയും. ഫോണുകളിൽ ഡീഫോൾട്ട് ആയി അഡ്‌‌വെർടൈസ്മെന്റ് ഐഡി എനേബിൾ ആയിരിക്കും. കാരണം പരസ്യങ്ങൾ ആണ്‌ മിക്കവാറും എല്ലാ അപ്ലിക്കേഷനുകളുടെയും വരുമാന മാർഗ്ഗം. അതും ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള തരത്തിൽ അവർക്ക് ഗുണമുള്ള പരസ്യങ്ങൾ തന്നെ കാണിക്കുന്നതാണ്‌ കൂടുതൽ ഫലപ്രദം എന്നതിനാൽ ഇത് ഒഴിവാക്കാൻ കഴിയാത്തതാണ്‌.

സ്മാർട്ട് ഫോണുകൾ ആകുമ്പോൾ ഓരോ അപ്ലിക്കേഷനും യൂസർ പെർമിഷൻ അനുസരിച്ച് ലൊക്കേഷൻ, മെസേജുകൾ, മൈക്രോഫോൺ, കോണ്ടാക്റ്റ്സ്, സെൻസറുകൾ തുടങ്ങിയവയൊക്കെ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ഉപയോഗിക്കുന്നവരെ കൂടുതൽ വ്യക്തമായി പ്രൊഫൈൽ ചെയ്യാൻ കഴിയുന്നു. ക്യാമറ മുതൽ മൈക്രോഫോൺ വരെയുള്ള കാര്യങ്ങളൊക്കെ ഈ ആപ്പുകൾക്ക് ഉപയോഗിക്കാമെന്നതിനാൽ പൊതുവേ ആളുകൾ കൃത്യമായ ടാർഗറ്റഡ് പരസ്യങ്ങൾ സ്മാർട്ട് ഫോണുകളിൽ കാണുമ്പോൾ ഇത്തരത്തിൽ സംഭാഷണ ശകലങ്ങളും ക്യാമറ ഉപയോഗിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ഉപയോഗിച്ചാണോ ഇത് സാദ്ധ്യമാകുന്നതെന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്‌. വോയ്സ് കമാൻറ്റ് അനുസരിച്ച് പ്രവർത്തിക്കുന്ന ഗൂഗിൾ അസിസ്റ്റന്റും , ആപ്പിൾ സിരിയുമൊക്കെ വന്നതോടു കൂടി ഇതിനെ ചുറ്റിപ്പറ്റിയുള്ള ധാരാളം കോൺസ്പിരസി തിയറികളും ഇതിന്റെ ആക്കം കൂട്ടി. വോയ്സ് കമാൻഡ് അനുസരിച്ച് പ്രവർത്തിക്കുന്ന ഗൂഗിൾ അസിസ്റ്റന്റും ആപ്പിൾ സിരിയും ആമസോൺ അലക്സയും ഐബിഎം വാട്സണുമൊക്കെ പ്രവർത്തനം തുടങ്ങാനായി, OK Google, Siri, Alexa, Watson തുടങ്ങിയ കീ വേഡുകൾക്കായി എപ്പോഴും മൈക്രോഫോണുകളിൽ നിന്നുള്ള ഇൻപുട്ട് സ്വീകരിക്കാനായി കാതോർത്തിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്‌. പക്ഷേ അതുകൊണ്ട് ഈ ഉപകരണങ്ങൾ എല്ലാം നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ അവരുടെ സെർവ്വറുകളിലേക്ക് അയച്ചുകൊണ്ടിരിക്കുകയോ അല്ലെങ്കിൽ ഈ ഉപകരണങ്ങളിൽ സൂക്ഷിച്ച് വച്ചുകൊണ്ടിരിക്കുകയോ ആണെന്ന് അർത്ഥമില്ല. പക്ഷേ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല എന്നും പറയാനാകില്ല. കാരണം ഗൂഗിളും ആപ്പിളും ഫേസ് ബുക്കും ആമസോണുമെല്ലാം വ്യക്തിവിവരങ്ങൾ ഇല്ലാത്ത ചെറിയ ശബ്ദ ശകലങ്ങൾ ഈ പറയുന്ന ഉപകരണങ്ങളുടെയും അപ്ലിക്കേഷനുകളുടെയുമൊക്കെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനായി പരീക്ഷണ നിരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തിയിട്ടുള്ളതാണ്‌. കാശു കൊടുത്ത് വാങ്ങിയ അലക്സ നിങ്ങൾ ‘ചക്ക്’ എന്ന് പറയുമ്പൊൾ ‘കൊക്ക്’ എന്ന് കേൾക്കാതിരിക്കാൻ വിവിധ ഉച്ചാരണ രീതികൾ തിരിച്ചറിഞ്ഞ് കൂടുതൽ മെച്ചെപ്പെടുത്താൻ ഇത് അത്യാവശ്യമാണ്‌. ഇത്തരത്തിൽ ശബ്ദ ശകലങ്ങൾ ചില അവസരങ്ങളിൽ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നെതിനെ പരസ്യവുമായി കൂട്ടി വായിക്കുമ്പോൾ ആണ്‌ കോൺസ്പിരസി തിയറികൾ ഉണ്ടാകുന്നത്. വിവിധ സ്വതന്ത്ര സുരക്ഷാ ഏജൻസികൾ ഈ പറയുന്ന കാര്യങ്ങൾ പരിക്ഷണ നിരീക്ഷണങ്ങളിലൂടെ പരിശോധിക്കുകയും ഗൂഗിളും ഫേസ് ബുക്കും ആമസോണുമൊക്കെ വ്യക്തികളുടെ ശബ്ദ ശകലങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു എന്നതിൽ യാദൃച്ഛികതകൾക്ക് അപ്പുറം മറ്റൊന്നുമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ( ഒരു റഫറൻസ് : https://www.bbc.com/news/technology-49585682). യാദൃച്ഛികമായി നിങ്ങളുടെ ശ്രദ്ധയിൽ വരുന്നതല്ലാതെ ഇതൊന്ന് ബോധപൂർവ്വം പരീക്ഷിച്ചു നോക്കുക. അതിനു പ്രത്യേകിച്ച് ചെലവൊന്നുമില്ലാത്ത കാര്യമാണല്ലോ. അപ്പൊൾ തന്നെ യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയും.

യഥാർത്ഥത്തിൽ പരസ്യങ്ങൾക്കായി നിങ്ങളെ ടാർഗറ്റ് ചെയ്യാനും റീ ടാർഗറ്റ് ചെയ്യാനുമൊക്കെ വളരെ അധികം നെറ്റ് വർക്ക് റിസോഴ്സസും കമ്പ്യൂട്ടിംഗ് പവറും മെമ്മറിയുമൊക്കെ ആവശ്യമായ വോയ്സ് ട്രാൻസ്ക്രിപ്ഷനും വീഡിയോകളും ചിത്രങ്ങളും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള പ്രൊഫൈലിംഗും ഒന്നും ആവശ്യമില്ല എന്നതാണ്‌ വാസ്തവം. അതിലും എത്രയോ അധികം വിവരങ്ങൾ നിങ്ങൾ ഒരു സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ നിങ്ങൾ അറിഞ്ഞും അറിയാതെയും തന്നെ നൽകുന്നുണ്ട്.
ബ്രൗസറും സ്മാർട്ട് ഫോണും ട്രാക്കിംഗ് കുക്കീസുമൊന്നുമല്ലാതെ നിങ്ങളെ നന്നായി പ്രൊഫൈൽ ചെയ്യുന്ന , നിങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത മറ്റൊരു നിരീക്ഷണ സംവിധാനമുണ്ട്. അതാണ്‌ ‘സൂപ്പർ കുക്കീസ് എന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമ്മാരും മൊബൈൽ സേവന ദാതാക്കളും നടത്തുന്ന പ്രൊഫൈലിംഗ്. ഇതിന്റെയും പ്രവർത്തന രീതി ലളിതമാണ്‌.. നിങ്ങളും പുറം ലോകവുമായുള്ള മൊബൈൽ ഫൊണിലൂടെയും കമ്പ്യൂട്ടറിലൂടെയുമൊക്കെയുള്ള ആശയ വിനിമയത്തിന്റെ ഇടയിലുള്ള ഒരു കണ്ണിയായി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമ്മാർ ഇതിനോടൊപ്പം ഓരോരുത്തരെയും തിരിച്ചറിയാനായി ഒരു യുണീക് ഐഡന്റിഫിക്കേഷൻ ഐഡി കൂടി ചേർക്കും. ഈ ഐഡി ഉപയോഗിച്ച് നിങ്ങൾ ഏതെല്ലാം വെബ് സൈറ്റുകൾ ആണ്‌ സന്ദർശിക്കുന്നതെന്നും എന്തെല്ലാമാണ്‌ അന്വേഷിക്കുന്നതെന്നുമൊക്കെയുള്ള വിവരങ്ങൾ ശേഖരിക്കാൻ കഴിയും. HTTS, VPN തുടങ്ങിയവയൊക്കെ ഉപയോഗിച്ചാൽ ഇതിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാമെങ്കിലും Transparent Proxy തന്ത്രങ്ങളും അതോടൊപ്പം Deep Packet Inspection ഉം എല്ലാമുപയോഗിച്ച് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമ്മാർ ഇതിനെ മറികടക്കാറുണ്ട്. അതിനെക്കുറിച്ചൊക്കെ മറ്റൊരു അവസരത്തിൽ വിശദീകരിക്കാം.

ട്രാക്കിംഗ് കുക്കികളും അഡ് വർടൈസ്മെന്റ് ഐഡികളുമൊക്കെ ഉപയോഗിച്ചുകൊണ്ടുള്ള ബിഹേവിയറൽ ടാർഗറ്റിംഗിനെയും റീ ടാർഗറ്റിംഗിനെയുമൊക്കെ കുറിച്ച് ആലോചിച്ച് വലിയ രീതിയിൽ തലപുണ്ണാക്കേണ്ട യാതൊരു ആവശ്യവുമില്ല. കോടിക്കണക്കിനാളുകളിൽ നിന്നും ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളെ തിരിച്ചറിയാതെ തന്നെ നിരുപദ്രവകരമായ രീതിയിൽ നിങ്ങളിലേക്ക് അഭിരുചിക്കും ആവശ്യങ്ങൾക്കും അനുസരിച്ചുള്ള പരസ്യങ്ങൾ എത്തിക്കാനുള്ള സാങ്കേതികവിദ്യകൾ ആണിവ. അത്യാവശ്യം ഉത്തരവാദിത്ത ബോധമുള്ളതും തങ്ങൾ ചെയ്യുന്നത് എന്താണെന്ന് കൃത്യമായ ബോദ്ധ്യവുമുള്ള സ്ഥാപനങ്ങൾ ശക്തമായ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നവയാണ്‌. ഈ ബിഹേവിയറൽ ടാർഗറ്റിംഗിനെയും റീ‌ടാർഗറ്റിംഗിനെയുമൊക്കെ പേടിച്ച് നിഴലിനോട് യുദ്ധം ചെയ്യാനായി കാര്യമായ ക്രഡിബിലിറ്റി ഒന്നും ഇല്ലാത്ത അപ്ലിക്കേഷനുകളും ബ്രൗസർ എക്സൻഷനുകളുമൊക്കെ കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലുമൊക്കെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, നിങ്ങൾ പോലീസാണെന്ന് കരുതി കാവൽ ഏൽപ്പിക്കുന്നത് വലിയ കള്ളന്മാരെ ആയിരിക്കാൻ സാദ്ധ്യതയുണ്ട്. ഒരു ഉദാഹരണം പറയാം. പരസ്യങ്ങൾ ബ്ലോക്ക് ചെയ്യാനായും ട്രാക്കിംഗ് കുക്കീസിനെ കണ്ടുപിടിക്കാനുമൊക്കെ നമ്മൾ ഇന്സ്റ്റാൾ ചെയ്യുന്ന ബ്രൗസർ എക്സ്റ്റൻഷനുകൾക്ക് നിങ്ങൾ സന്ദർശിക്കുന്ന ഓരോ വെബ് പേജിലെയും വിവരങ്ങൾ വായിക്കാനും കാണാനുമൊക്കെയുള്ല അനുവാദമാണ്‌ നൽകുന്നത്. ഈ അനുവാദം അവർക്ക് എങ്ങിനെ വേണമെങ്കിൽ ഉപയോഗിക്കാം. അതായത് നിങ്ങളുടെ ബ്രൗസിംഗ് രീതികൾ ട്രാക്കിംഗ് കുക്കീസിനേക്കാളും ഫലപ്രദമായി ഇത്തരം എക്സ്റ്റൻഷനുകൾക്കും ബ്രൗസറുകൾക്കും നിരീക്ഷിക്കാൻ കഴിയും എന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഇവർ ഈ വിവരങ്ങൾ ആർക്കൊക്കെ നൽകും, ഏതൊക്കെ വിധത്തിൽ ഉപയോഗിക്കും എന്നതിനെക്കുറിച്ചുമൊക്കെ ലഭിക്കുന്ന ഉറപ്പുകൾ വെറുതേ ഒരു ആശ്വാസത്തിനായി ഉപകരിക്കും എന്നു മാത്രം. ഈ ഉറപ്പുകളേക്കാൾ എന്തുകൊണ്ടും ശക്തമായ ഉറപ്പുകൾ ആയിരിക്കും ഗൂഗിളും ഫേസ് ബുക്കും ആപ്പിളും ആമസോണുമൊക്കെ നൽകുന്നവ എന്നു തീർച്ച.

അപ്ലിക്കേഷനുകൾ ഉപയോഗിച്ച് യൂസർ കൺസന്റ് ദുരുപയോഗം ചെയ്ത് പ്ലാറ്റ് ഫോമുകളിൽ ഉള്ള ലൂപ് ഹോളുകൾ മുതലെടുത്ത് മാസ് ഡേറ്റാ കളൿഷൻ നടത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക പോലെയുള്ള സംഭവങ്ങളിൽ ഒരു പ്ലാറ്റ് ഫോം എന്ന നിലയിൽ ഫേസ് ബുക്കിന് ധാർമ്മിക ഉത്തരവാദിത്തം ഉണ്ടെങ്കിലും “എന്നെക്കാണാൻ ഏത് സിനിമാ നടനെപ്പോലെയുണ്ട്…. എന്നെ പ്രപ്പോസ് ചെയ്യാൻ അഗ്രഹിക്കുന്നവർ ആരൊക്കെ.. ..” എന്നു തുടങ്ങുന്ന ആത്മരതി വിഭാഗത്തിൽ പെടുന്ന ആപ്പുകൾക്ക് തലവച്ച് കൊടുക്കാതിരിക്കാനുള്ള വിവേചന ബുദ്ധി ഇല്ലാത്തിടത്തോളം കാലം കേംബ്രിഡ്ജ് അനലിറ്റിക്കകൾ ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്.

ഒരു വിധ പരസ്യങ്ങളും ഇല്ലാതെ ഒരു വിധ ട്രാക്കിംഗ് ഭീതികളുമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന– നമ്മളെല്ലാം ഏറ്റവും കൂടുതലായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വെബ് സൈറ്റ് ആണ്‌ വിക്കീ പീഡീയ. സൗജന്യമായി വിക്കീ പീഡിയയുടെ സേവനങ്ങൾ ലഭ്യമാകുന്നത് ലോകമെമ്പാടുമുള്ള സഹൃദയർ നകുന്ന സംഭാവനകളിലൂടെയും സൗജന്യങ്ങളിലൂടെയുമാണ്‌. ഏറ്റവും കൂടുതൽ ട്രാഫിക് ഉള്ള ഒരു വെബ് സൈറ്റ് ആയ വിക്കിപീഡീയ നടത്തിക്കൊണ്ടുപോവുക എന്നത് വൻ പണച്ചെലവുള്ള കാര്യമാണ്‌. അതുകൊണ്ട് വിക്കീ പീഡിയയെ പരസ്യങ്ങളുടെ പിൻബലമില്ലാതെ നിലനിർത്തിക്കൊണ്ടുപോകാൻ നമ്മൾ ഏവരും നമ്മളാൽ കഴിയുന്ന വിധം സംഭാവനകൾ നൽകണം. അത് എത്ര ചെറിയ തുക ആയാലും വലിയൊരു സേവനം ആയിരിക്കും. വിക്കീ പീഡീയയ്ക്ക് സംഭാവന നൽകാനുള്ള ലിങ്ക് ഇതാണ്‌ ( https://donate.wikimedia.org/).

You May Also Like

ആധുനിക ഡീസൽ വാഹനങ്ങളിലെ ലിംഫ് മോഡ് എന്ന പ്രശ്നത്തിന് കാരണക്കാരൻ ആകുന്ന ഡി.പി.എഫ് (DPF ) ഫിൽറ്ററിന്റെ ഉപയോഗം എന്താണ് ?

ആധുനിക ഡീസൽ വാഹനങ്ങളിലെ ലിംഫ് മോഡ് എന്ന പ്രശ്നത്തിന് കാരണക്കാരൻ ആകുന്ന ഡി.പി.എഫ് (DPF )…

ഒരു മിനി സ്മാർട്ട്ഫോൺ പോലെ പ്രവർത്തിക്കുന്ന മികച്ച സ്മാർട്ട് വാച്ചുകളുടെ ഒരു ലിസ്റ്റ് ഇതാ

മൊബൈൽ ഫോണുകൾ പോലെ തന്നെ സ്മാർട്ട് വാച്ചുകളും ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ്. സമയം കാണുന്നതിന് അപ്പുറം…

കൊറിയ സ്വന്തമായി സൂര്യൻ നിർമ്മിച്ച് വിജയിച്ചോ ?

ഊർജ്ജ മേഖലയിൽ ഇത് ഒരു വലിയ നേട്ടമാണ്, കാരണം ന്യൂക്ലിയർ ഫ്യൂഷൻ വളരെ ശുദ്ധവും ഊർജ്ജസ്വലവുമായ ഒരു ഊർജ്ജ സ്രോതസ്സായി കണക്കാക്കപ്പെടുന്നു.

നിങ്ങൾ ഓരോരുത്തരുടെയും പരിചയക്കാരിൽ ഈ ഉപകരണത്താൽ അപകടം പറ്റിയ ഒരാളെങ്കിലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്

Sujith Kumar ഏറ്റവും കൂടുതൽ പേരുടെ കണ്ണും കയ്യും കാലുമെല്ലാം കളഞ്ഞിട്ടുള്ള ഒരു ടൂൾ ഏതാണെന്ന്…