ARG0 (2012)
English
ബി.ജി.എൻ വർക്കല
1979 ൽ ഇറാനിലെ ടെഹ്റാനിൽ 69 അമേരിക്കക്കാരെ പ്രക്ഷോഭകാരികൾ തടവിലാക്കുമ്പോൾ അവരുടെ പിടിയിൽ പെടാതെ രക്ഷപ്പെട്ട 6 പേരുടെ കഥയാണ് ആർഗോ എന്ന സിനിമയുടെ ഇതിവൃത്തം. നടന്ന സംഭവത്തെ അതിഭാവുകത്വങ്ങൾ ഇല്ലാതെ അഭ്രപാളികളിൽ പകർത്താൻ ഇംഗ്ലീഷുകാരുടെ കഴിവ് വളരെ വലുതാണ്. പെർഫെക്ഷൻ എന്നത് കണ്ടു പഠിക്കേണ്ടത് ഹോളിവുഡിൽ നിന്നുമാണ്. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും എല്ലാ രേഖകളും നശിപ്പിച്ചു രക്ഷപ്പെടുന്ന ആറു പേരും കനേഡിയൻ എംബസ്സി ഉദ്യോഗസ്ഥന്റെ കീഴിൽ രഹസ്യമായി പാർക്കുകയാണ്. മരണത്തിൽ നിന്നും ഈ ആറു പേരെ രക്ഷിക്കുക എന്നത് അമേരിക്കയുടെ അഭിമാനപ്രശ്നമായി മാറുന്നു. ഇതിനായുള്ള ചർച്ചയിലാണ് ഒടുവിൽ ടോണി ബെൻഡെക്സ് ആദൗത്യം ഏറ്റെടുക്കുന്നത്.
എന്ത് മാർഗ്ഗം ഉപയോഗിച്ച് അവരെ രക്ഷഷെടുത്തും എന്ന ചിന്തകൾക്കൊടുവിൽ അയാൾ ഒരു സിനിമാ ഷൂട്ടിംഗ് സംഘത്തിന്റെ ലേബലിൽ അവരെ രക്ഷപ്പെടുത്താം എന്ന് തീരുമാനിക്കുന്നു. വിജയിക്കുമെന്നു ഒരുവർക്കും വിശ്വാസമില്ലാതിരുന്ന ആ മിഷന് ടോണി പുറപ്പെടുന്നു. തന്റെ കുടുംബത്തെ പിരിഞ്ഞ് തിരികെ വരുമെന്ന ഒരുറപ്പും ഇല്ലയെങ്കിലും അയാൾ യാത്രയാകുന്നു. വ്യാജ ബ്രിട്ടീഷ് പാസ്പോർട്ടുകൾ ഉപയോഗിച്ചു കൊണ്ട് തന്ത്രപരമായി അയാൾ അവരെ രക്ഷപ്പെടുത്താൻ അവർക്കരികിൽ എത്തുന്നു. ട്രയൽ പോലെ ആദ്യ ദിനം നിർമ്മാതാവിനെ കാണാൻ അവർ പുറപ്പെട്ടു എങ്കിലും ജനങ്ങൾ തിങ്ങിക്കൂടിയ ഒരു പ്രക്ഷോഭത്തിനിടയിലൂടെ അവർ തലനാരിഴയ്ക്കാണ് ആരും അറിയാതെ രക്ഷപ്പെടുന്നത്.
കൂട്ടത്തിലെ യുവതി തെരുവിലെ തിരക്കിൽ ഫോട്ടോകൾ എടുത്തത് യാഥാസ്തികനായ ഒരു വൃദ്ധൻ ചോദ്യം ചെയ്തതോടെ ആൾക്കൂട്ടം അവരെ വളയുന്നു. വളരെ പണിപ്പെട്ടു ഭാഗ്യം കൊണ്ടവർ രക്ഷ നേടുന്നു. ഇതിനിടയിൽ രഹസ്യ ചാരന്മാർ അവരുടെ ചിത്രങ്ങൾ എടുക്കുന്നു. പിറ്റേന്ന് അവരെ ടോണി സാഹസികമായി എയർപോർട്ടിൽ കൊണ്ടു വരുന്നു. കടമ്പകൾ ഓരോന്നും ഉത്കണ്ഠയുടെ മുൾമുനയിലൂടെ കടന്നു പോകുന്നു. ഒടുവിൽ അവസാന നിമിഷത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. സിനിമ നിർമ്മാണത്തെക്കുറിച്ചു പറഞ്ഞുവെങ്കിലും അവർ അത് വിപരീത ഫലം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നു. ഉദ്യേഗജനകമായ നിമിഷങ്ങൾക്ക് ശേഷം അവർ സ്വതന്ത്രരാക്കപ്പെടുന്നു.
എല്ലാ വാതിലുകളും പിന്നിട്ട് അവർ വിമാനത്തിലേക്ക് കയറുമ്പോഴാണ് ചാരന്മാർ നല്കിയ ചിത്രങ്ങളിൽ നിന്നും വിവരങ്ങൾ അറിഞ്ഞ സന്ദേശവുമായി ഒരാൾ എയർപോർട്ടിൽ പാഞ്ഞെത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ആയുധങ്ങളുമായി വാതിലുകൾ തകർത്ത് വാഹനത്തിൽ കയറി വിമാനത്തിനരികിൽ എത്തുമ്പോഴേക്കും വിമാനം ആകാശത്തേക്കുയരുന്നു. അതു വരെ ശ്വാസമടക്കിപ്പിടിച്ചിരുന്ന കാഴ്ചക്കാർക്കൊപ്പം ആ ആറു പേരും ദീർഘശ്വാസം വിടുന്ന ഒരവസ്ഥ സംജാതമാക്കുന്ന അവസാന രംഗങ്ങൾ ആണ് ഈ ചിത്രത്തെ ഇത്ര മനോഹരമാക്കുന്നത്. തികച്ചും മനോഹരമായ ഒരു ചിത്രം എന്ന് വിശേഷിപ്പിക്കാനാഗ്രഹിക്കുന്നു ഈ ചിത്രത്തെ . കാണുക നഷ്ടമാകില്ല.