“ഒരു മുസ്ലിമും ഭയക്കേണ്ടതില്ല” എന്ന ഔദാര്യം നിറഞ്ഞ വിവരക്കേടിനു ‘ഏതു മുസ്ലിമിനാണ് നിങ്ങളെ ഭയം; ഒരു മുസ്ലിമിനുമില്ല, എന്നൊരു മറുപടിയുടെ അത്യാവശ്യം ഉണ്ടായിരുന്നു.

258

KJ Jacob

“ഒരു മുസ്ലിമും ഭയക്കേണ്ടതില്ല” എന്ന ഔദാര്യം നിറഞ്ഞ വിവരക്കേടിനു ‘ഏതു മുസ്ലിമിനാണ് നിങ്ങളെ ഭയം; എനിക്കില്ല; ഒരു മുസ്ലിമിനുമില്ല, ഭയക്കുന്നത് ഭരണഘടനെയെ മാത്രം” എന്നൊരു മറുപടിയുടെ അത്യാവശ്യം ഉണ്ടായിരുന്നു. അല്ലെങ്കിൽ ഇന്ത്യൻ പൗരന്റെ ജീവിതം ഞങ്ങളുടെ ഔദാര്യമാണെന്ന ഭരണകൂട ധാർഷ്ട്യം ചോദ്യംചയ്യപ്പെടാതെ പോയേനെ.

എന്റയർ പൊളിറ്റിക്കൽ സയൻസ് വിദഗ്ധനിൽനിന്നും കിട്ടിയ വിവരക്കേട് വച്ച് ഇന്ത്യയെ മതാടിസ്‌ഥാനത്തിൽ വിഭജിച്ചത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു തലയൂരിയ ആഭ്യന്തര മന്ത്രിയ്ക്ക് സവർക്കറുടെ  തന്നെ വാക്കുകൾവെച്ച് മറുപടി പറഞ്ഞത് നന്നായി. അല്ലെങ്കിൽ ആ ‘അമേരിക്കൻ കമ്പനി’ അതും പ്രചരിപ്പിച്ചേനെ, അടുത്ത ദിവസം സെൻകുമാർ സാറിന്റെ വായിൽനിന്നും നമ്മളത് കേട്ടേനെ.

പക്ഷെ കപിൽ സിബലിന്റെ പ്രസംഗത്തിൽ എനിക്കിഷ്ടപ്പെട്ട ഭാഗം ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവയ്ക്കുകയും ഇന്ത്യയെ ഒടുവിൽ വെട്ടിമുറിക്കുകയും ചെയ്ത സവർക്കാരുടെയും ജിന്നയുടെയും പഴയ മോഡൽ സംഘി-സുടാപ്പി സഹകരണ സംഘത്തെക്കുറിച്ച് അദ്ദേഹം അംബേദ്കറുടെ വാക്കുകളിൽക്കൂടി ഇന്ത്യക്കാരെ ഓർമ്മിപ്പിച്ചതാണ്. ഇന്ത്യയെ മതാടിസ്‌ഥാനത്തിൽ വെട്ടിമുറിക്കുന്ന കാര്യത്തിൽ അവരെത്ര യോജിപ്പിലായിരുന്നു എന്ന ചരിത്രമാണ് സിബൽ രാജ്യസഭയിൽ തുറന്നുവച്ചത്.

ആ ആദ്യസംഘം പ്രാഥമിക ലക്‌ഷ്യം നേടി എന്നത് സത്യമാണ്; പക്ഷെ സ്വതന്ത്ര ഇന്ത്യയിൽ ഈ സഹകരണ സംഘത്തെ മൂലയ്ക്കിരുത്താൻ ഒരു വിശാല മതനിരപേക്ഷ ജനാധിപത്യ ഇടതു കൂട്ടായ്മയ്ക്കു കഴിഞ്ഞു. മതവാദ കൂട്ടുമുന്നണി രാഷ്ട്രീയത്തിന്റെ പുറന്പോക്കിൽത്തന്നെ കഴിഞ്ഞു.

ആ പുരോഗമനാരാഷ്ട്രീയത്തിനു –പ്രധാനമായും ഇന്ദിരഗാന്ധിയ്ക്കും പിൻഗാമികളായ കോൺഗ്രസുകാർക്കും — പറ്റിയ പാളിച്ചകളിൽ നിന്നാണ് പഴയ സഖ്യം അധികാരത്തിന്റെ അകത്തളങ്ങളിൽ എത്തുന്നതും ഇന്ത്യ എന്ന ആശയത്തെ ചോദ്യം ചെയ്യുന്നതും.

ഈ പ്രതിസന്ധിയിൽ നമ്മൾ ഓർത്തെടുക്കേണ്ട അവശ്യ ചരിത്ര പാഠമാണ് ഇന്ന് കപിൽ സിബൽ പറഞ്ഞത്. നമ്മുടെ രാജ്യം ബാക്കിയുണ്ടാകുമോ എന്ന് പലരും ആശങ്കപ്പെടുന്നു; അതിനുള്ള പ്രതിവിധിക്കായുള്ള പ്രാഥമിക ചരിത്ര പാഠമാണ് അദ്ദേഹം പറഞ്ഞത്.

അതെന്താണ്?

ഇന്ത്യയെ രക്ഷിക്കണമെങ്കിൽ ഈ സഹകരണ സംഘത്തെ വീണ്ടും ഒറ്റപ്പെടുത്തേണ്ടതുണ്ട്. അവർ പരസ്പരം പോഷിപ്പിക്കുന്നവരാണ്. ഒരു മുസൽമാനും പേടിക്കേണ്ട, മോദിജിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാണ് അമിത് ഷാ പറഞ്ഞത്. ഒരു മുസൽമാനും പേടിക്കേണ്ട, രക്ഷിക്കാൻ ഞങ്ങളുണ്ട് എന്നും പറഞ്ഞു അടുത്ത കൂട്ടർ ഉടനെ രംഗത്തിറങ്ങും.

ഈ പരസ്പര പോഷക സംഘത്തെ തിരിച്ചറിയാനും ഒരുമിച്ചെതിർക്കാനും ഒരിക്കൽക്കൂടി മൂലയ്ക്കിരുത്താനും ഇന്ത്യ എന്ന ആശയത്തെ തിരികെപ്പിടിക്കാനും ഒരു വിശാല മതനിരപേക്ഷ ജനാധിപത്യ ഇടതുപക്ഷ കൂട്ടായ്മയ്ക്ക് മാത്രമേ കഴിയൂ. മുസൽമാന്റെ സംരക്ഷണവേഷം കെട്ടിവരുന്നവരെ തിരിച്ചറിയാനും അവരെ പ്രതിരോധിക്കാനും ഇന്ത്യ എന്ന ആശയത്തിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്.

അതിപ്പോൾ, എങ്ങിനെ എന്നതാണ് ചോദ്യം.

അതിനുള്ള ഉത്തരം കണ്ടെത്താൻ ഈ രാജ്യത്തെ ജനാധിപത്യ മതേതര ഇടതുപക്ഷ കക്ഷികൾക്ക് ബാധ്യതയുണ്ട്.