പണക്കാരനാവുക, അഥവാ ഉയർന്ന മധ്യവർഗ്ഗക്കാരനാവുക എന്നത് എത്തിപ്പിടിക്കാവുന്നതേ ഉള്ളൂവെന്ന് മലയാളിക്ക് വാക്ക് കൊടുത്തത് ഗൾഫായിരുന്നു

0
66
Indian migrant workers returning home find few jobs and next to no ...

Arif Zain

ഉള്ളവനും ഇല്ലാത്തവനുമിടയിലിലെ ഫോൾട്ട്ലൈൻ മായിച്ചുകളഞ്ഞ അതിശക്തമായൊരു മധ്യവർഗ്ഗത്തെ സൃഷ്ടിച്ചു എന്നതാണ് ഗൾഫുകാരന്റെ കേരളത്തിനുള്ള വലിയ സംഭാവന. ദാരിദ്ര്യം വളഞ്ഞിട്ടുപിടിച്ച അറുപതുകളിലെ കേരളത്തിന്റെ ഗ്രമങ്ങളിൽ തൊണ്ണൂറുകളോടെ റോഡും വൈദ്യുതിയും വിസ്യാഭ്യാസവും കച്ചവടവും ആശുപത്രികളും സൂപർമാർകറ്റുകളുമെല്ലാം സാർവ്വത്രികമാക്കുന്നതിലുള്ള ഗൾഫ് സ്വാധീനം ചെറുതല്ല.

ഒരൊറ്റ തീപ്പെട്ടിക്കൊള്ളി മതിയായിരുന്നു തങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് നൊടിയിടയിൽ ഒരു ഗ്രാമം മുഴുവൻ കത്തി വെണ്ണീറാകാൻ എന്ന് എന്റെ പിതാവ് പറയാറുണ്ടായിരുന്നു. ഉണങ്ങിയ ഓലമേഞ്ഞ വീടുകളായിരുന്നു 99 ശതമാനവും.
ഉള്ളവന്റെ പിന്നിലുള്ള ‘പവർ’ പണമാണെന്ന് മനസ്സിലാക്കിയ ഇല്ലാത്തവൻ, ഉള്ളവനെ പഴിച്ചിരിക്കാതെ ആ ‘പവർ’ കൈവരിക്കാൻ നടത്തിയ സാഹസമാണ് ഗൾഫ് എന്ന് ചുരുക്കാം.

ഒന്നാം തലമുറ ഗൾഫുകാരൻ നാടുവിടുമ്പോൾ അയാൾക്ക് പരിചയമുണ്ടായിരുന്ന നാടൻ മുതലാളി/അവശിഷ്ട ജന്മി ഹൃദയമില്ലാത്തവനും അഹങ്കാരിയുമായിരുന്നു. എന്നാൽ ഗൾഫിലെത്തി കഠിനാധ്വാനത്തിലൂടെ പണവും അനുഭവങ്ങളും നേടിയ പുതുമുതലാളി ഹൃദയാലുവായി. നാട്ടിലുള്ള ഓരോ ഉണക്കപ്പുൽക്കൊടിയും ഗൃഹാതുരതയിൽ അയാൾക്ക് പ്രിയപ്പെട്ടതായി. ഒരു ദിശയിലേക്ക് മാത്രമൊഴുകിയ പണത്തിന് സാധാരണക്കാരിലേക്ക് ചാല് കീറുകയാണ് ഗൾഫുകാർ ചെയ്തത്. നിലവിലെ ഉത്തരേന്ത്യയിലെ അവസ്ഥ നോക്കിയാൽ മതി‌ വ്യത്യാസം മനസ്സിലാക്കാൻ.

പണക്കാരനാവുക, അഥവാ ഉയർന്ന മധ്യവർഗ്ഗക്കാരനാവുക എന്നത് എത്തിപ്പിടിക്കാവുന്നതേ ഉള്ളൂവെന്ന് മലയാളിക്ക് വാക്ക് കൊടുത്തത് ഗൾഫായിരുന്നു. സിനിമക്കാരനും നോവലിസ്റ്റിനും ഒരു കഥാപാത്രത്തെ ധനികനാക്കാൻ ഗൾഫിലേക്ക് പറഞ്ഞയച്ചാൽ മാത്രം മതിയായിരുന്നുവല്ലോ.

ഗൾഫിലേക്കുള്ള മലയാളിയുടെ ഒഴുക്കിന് ആക്കംകൂടിയതോടെ നാട്ടുകാരുടെ ഏത് പ്രക്രിയയിലും ഗൾഫുകാരന്റെ വിയർപ്പിന്റെ ഉപ്പുരസമുണ്ടായി. ഒന്നാമത്തെ ഗൾഫുകാരന്റെ മൂന്നാം തലമുറ വിദ്യാസമ്പന്നനായി ലോകസഞ്ചാരിയായി, സംരംഭകനായി.
നമ്മുടെ ബിസിനസ് സംരംഭങ്ങളിൽ മിക്കവയും ഗൾഫുമായി ബന്ധപ്പെട്ടതായിരുന്നു. ഫൂഡ്സ്റ്റഫ് മുതൽ ഫർണീചറും ഗാർമെന്റ്സും ടൂറിസവും ചികിത്സയും വരെ ഒന്നൊഴിയാതെ സൈകത സ്പ്ർശമുള്ളവയായിരുന്നു.

തീൻമേശ സമൃദ്ധമാക്കുന്നതിൽ തുടങ്ങി വൃത്തിയുള്ള പൊതുവിടങ്ങൾ തീർത്ത് അന്തർദേശീയച്ചുവയുള്ള കേരളീയ നിലവാരം ഉണ്ടാക്കിയെടുക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച ഗൾഫ് മലയാളി കോവിഡ്19 മൂലം വലിയൊരു പ്രതിസന്ധിയുടെ വക്കിലാണ്. സ്വാഭാവികമായും തജ്ജന്യമായ ആധിയും ഭീതിയും ആഹ്ലാദം അലതല്ലിയിരുന്ന മലയാള ഗ്രാമങ്ങളിലെ വീടുകളിലും‌ തലനീട്ടിക്കഴിഞ്ഞു.സഹോദരങ്ങളെ തിരിച്ച് നാട്ടിലെത്തിക്കാൻ നമ്മുടെ സർക്കാറുകൾ ആത്മാർത്ഥമായി ശ്രമിക്കുമെന്നാശിക്കുക. ഈ കറുത്ത രാവ് മനോഹരമായ ഒരു പുലരിയോടെ ഒടുങ്ങിത്തീരും എന്ന് പ്രതീക്ഷിക്കുക, അതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുക.