27 ആമത് ഐ എഫ് എഫ് കെ യിൽ നിന്ന് മികച്ച മലയാള ചലച്ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരവും കരസ്ഥമാക്കി ജൈത്രയാത്ര തുടരുന്ന ‘അറിയിപ്പ്’ എന്ന ചിത്രത്തിന്റെ റിവ്യൂ….
Muhammed Sageer Pandarathil
നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനങ്ങൾക്ക് ശേഷം ‘അറിയിപ്പ്’ എന്ന ചിത്രം ഡിസംബർ 16 ആം തിയതിയാണ് നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തിയത്.കോവിഡ് മഹാമാരിയുടെ കാലത്ത് വാട്സാപ്പിലൂടെ പ്രചരിച്ച ഒരു അശ്ലീല വീഡിയോ തന്റേതല്ലെന്ന് തെളിയിക്കാൻ ഒരു മലയാളി യുവതി നടത്തിയ പോരാട്ടത്തിന്റെ കഥയാണ് മഹേഷ് നാരായണൻ ഈ ചിത്രത്തിലൂടെ പ്രേക്ഷകരോട് പങ്കുവെക്കുന്നത്.
മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിന് പുറത്തേക്ക് കുടിയേറാന് ആഗ്രഹിക്കുന്ന ദമ്പതിമാരാണ് കുഞ്ചാക്കോ ബോബന്റെ കഥാപാത്രമായ ഹരീഷും ദിവ്യപ്രഭയുടെ കഥാപാത്രമായ രശ്മിയും. കണ്ണൻ പീതാബരന്റെ കഥാപാത്രമായ മോഹനൻ ഡൽഹിയിൽ തന്നെ നടത്തുന്ന ട്രാവൽ ഏജൻസിയിലാണ് ഇവർ വിദേശത്തേക്ക് പോകാനായി വിസക്ക് പണമടച്ചിട്ടുള്ളത്. എന്നാൽ പെട്ടന്ന് പടർന്ന് പിടിച്ച കോവിഡ് കാരണം വിസ പാസ്സായി വരാൻ താമസം നേരിടുന്നതിനാൽ തൽക്കാലം പിടിച്ചു നിൽക്കാൻ ഇവർക്ക് അവിടെ ജോലി ചെയ്യേണ്ടി വരുന്നു.
അങ്ങിനെയാണ് അവരിരുവരും ഡൽഹി/ നോയിഡ വാണിജ്യ വ്യവസായ മേഖലയിലെ ഒരു മെഡിക്കൽ ഗ്ലൗസ് ഫാക്ടറിയിൽ ജോലിക്കാരാകുന്നത്. കൈയിലുള്ള പൈസയെല്ലാം വിസക്ക് കൊടുത്തത്തിനാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ള ഇവർ ഒപ്പം ജോലി ചെയ്യുന്ന മലയാളിയും വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ അതുല്യ ആഷാഡത്തിന്റെ കഥാപാത്രമായ സുജയയുടെ ഒറ്റ മുറി വീട്ടിൽ അവർക്കൊപ്പമാണ് താമസിക്കുന്നത്.
ഗ്ലൗസ് നിർമ്മാണത്തിലെ ക്വാളിറ്റി ചെക്കിങ്ങ് നടത്തുമ്പോൾ ധാരാളം ഗ്ലൗസ് വെയിസ്റ്റ് ആകുന്നത് ഫാക്ടറി മാനേജരായ ഫൈസൽ മാലിക്കിന്റെ ദിനേശ് സിംസിനോട് പറഞ്ഞപ്പോൾ അത് രശ്മി കൈ വിരലിൽ ധരിച്ചിരുന്ന വെഡിംങ്ങ് റിങ്ങാണെന്നാണ് അയാൾ പറഞ്ഞത്. എന്നാൽ സത്യം മറ്റൊന്നായിരുന്നു. അത് പലപ്പോഴും അവൾ ഊരിമാറ്റാൻ ശ്രമിച്ചിട്ട് പറ്റാതെ വന്നതിനാലാണ് മറ്റ് ജോലിക്കാർക്കില്ലാത്ത ഒരു പരിഗണന അവൾക്ക് കിട്ടിയത്. അങ്ങിനെ ഒരു ദിവസം അവളുടെ മുന്നിൽ വന്ന ഗ്ലൗസിലെ നിറവ്യത്യാസം അവൾ ലവ്ലീൻ മിശ്രയുടെ കഥാപാത്രമായ ക്വാളിറ്റി മാനേജർക്ക് കാണിച്ചു കൊടുക്കുന്നത്. ഇത് അവളോട് വീഡിയോയിൽ പകർത്താൻ അവർ ആവശ്യപ്പെടുന്നതനുസരിച്ച് അവൾ അതിന്റെ വീഡിയോ എടുക്കുന്നു.
അന്നത്തെ ആ ദിവസം തന്നെ ഫാക്ടറി തൊഴിലാളികളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ രശ്മിയുടെ ഒരു അശ്ലീല വീഡീയോ ആരോ പോസ്റ്റ് ചെയ്യുന്നു. വിസ ലഭിക്കാൻ വേണ്ടി വർക്ക് സ്കിൽസ് തെളിയിക്കുന്ന ആ വീഡിയോ ഹരീഷും രശ്മിയും ചേർന്ന് എടുത്തതാണ്. അശ്ലീല വീഡിയോയിലെ സ്ത്രീ മാസക് ധരിച്ചതിനാൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും അതിന്റെ ആദ്യരംഗത്ത് രശ്മി ഉള്ളതിനാൽ ഇത് കാണുന്നവർ ആ കൂട്ടിച്ചേർത്ത വീഡിയോയിൽ രശ്മിയാണെന്ന് സംശയിച്ചു പോകും. തുടർന്ന് ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാൻ വേണ്ടി അവർ പോലീസിൽ പരാതി കൊടുക്കുന്നു. എന്നാൽ അവിടെ വാദി പ്രതിയാകുന്ന അവസ്ഥ ഉണ്ടാകുന്നു. രശ്മിയെ പോലീസ് മെഡിക്കൽ ചെക്കപ്പിന് അയക്കുകയും അവരുടെ ഫോൺ അവിടെ പിടിച്ചു വെക്കുകയും ചെയ്യുന്നു.
തുടർന്ന് മോഹനന്റെ സഹായത്തോടെ പോലീസിന് കൈകൂലി കൊടുത്ത് ആ കേസ് പിൻവലിക്കേണ്ടി വരുന്നു. ഈ ഒരു ചെറിയ സംഭവത്തിലൂടെ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത പോലീസിന്റെ മറ്റൊരു മുഖമാണ് സംവിധായകൻ പ്രേക്ഷകർക്ക് കാട്ടിതരുന്നത്.വീഡിയോയുടെ സത്യാവസ്ഥ തേടിയലഞ്ഞ് ഒരു രാത്രി വീട്ടിൽ തിരിച്ചെത്തുന്ന ഹരീഷ് ആ ഒറ്റമുറിയിൽ രശ്മിയുമൊത്ത് ഉറങ്ങി കിടക്കുന്ന സുജയയുടെയും മകന്റെയും മുന്നിൽ വെച്ച് നടത്തുന്ന ലൈംഗിക കൂടിച്ചേരലും നമ്മൾ മലയാളികൾക്ക് പരിചിതമല്ല. എന്നാൽ ഇതെല്ലാം ഇന്ത്യയെന്ന മഹാരാജ്യത്തെ സാധാരണ സംഭവങ്ങളാണ് എന്നും നാം മനസിലാക്കേണ്ടതുണ്ട്.
തന്റെ അന്വേഷണത്തിനിടയിൽ ഈ വീഡിയോയിൽ കമ്പനിയുടെ ഉടമസ്ഥൻ ഡാനിഷ് ഹുസൈന്റെ കഥാപാത്രമായ സുരേഷ് സാർ ആണെന്ന് കണ്ടെത്തുന്നു. തുടർന്ന് ഹരീഷ് ഈ വീഡിയോയിൽ ഉള്ളത് രശ്മിയാണെന്ന് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ സംശയിക്കുന്നു. ഇതിന്റെ പേരിൽ അവളെ അയാൾ മർദ്ദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു.തുടർന്ന് സുജയയുടെ സഹായത്താൽ അവൾ മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നു.മുൻപ് ആ ഫാക്ടറിയിൽ ജോലി ചെയ്ത ഒരു പെൺകുട്ടിയുടെതാണ് ഈ വീഡിയോയെന്ന് സുരേഷ് സാറിൽ നിന്ന് ഹരീഷ് മനസിലാക്കുന്നു. എന്നാൽ ആ പെൺകുട്ടി ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന സത്യം മനസിലാക്കുന്ന രശ്മി ആ ഫാക്ടറി അധികൃതർ ഓഫർ ചെയ്യുന്ന വിദേശത്തെ ജോലി അവൾ സ്വീകരിക്കുന്നില്ല.
എന്നാൽ ഹരീഷ് ആ ഓഫർ സ്വീകരിക്കാൻ രശ്മിയെ നിർബന്ധിപ്പിക്കുന്നു….തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ കാണാൻ നമുക്ക് നെറ്റ്ഫ്ലിക്സിലേക്ക് പോകാം. ഒരു മണിക്കൂർ 47 മിനിട്ടുള്ള ഈ ചിത്രം ഏതൊരു സ്ത്രീയും കണ്ടിരിക്കണം.ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങളോട് സന്ധിയില്ലാത്ത പോരാടുന്ന രശ്മിയുടെ പ്രതിരൂപങ്ങൾ നമ്മുടെ നാട്ടിലെ സ്ത്രീകളിലും ഉയർന്നു വരേണ്ടതുണ്ട്…..
ഷെബിൻ ബക്കർ പ്രൊഡക്ഷൻസ്, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്,മൂവിങ്ങ് നരേറ്റീവ്സ് എന്നീ ബാനറിൽ ഷെബിൻ ബക്കർ, കുഞ്ചാക്കോ ബോബൻ,മഹേഷ് നാരായണൻ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാനു വർഗീസും സംഗീതം സുഷിൻ ശ്യാമും ചിത്രസംയോജനം മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്.
One Response
ഷഹനാസ് 👍👍