കോശി കുര്യൻ നമ്മുടെ ചുറ്റുമുണ്ട്

87
Ayyappanum Koshiyum' Tamil remake rights bagged by 'Jigarthanda ...

Arjun Ramachandran

അയ്യപ്പൻ നായർ : “അയ്യപ്പൻ എന്നുള്ളത് അമ്മയുടെ അച്ഛന്റെ പേരാ.. വീട്ടുകാർക്ക് നായരുടെ പാടത്തായിരുന്നു പണി. അച്ഛനാ നായർ, സ്കൂളിൽ ചേർത്തപ്പോൾ അമ്മയുടെ പ്രതിഷേധം ആയിരുന്നു നായർ എന്ന് ചേർത്തത്.. അങ്ങനെ അയ്യപ്പൻ നായരായി..!!”അയ്യപ്പനും കോശിയും സിനിമയിൽ ബിജുമേനോൻ തന്റെ പേരിനെപ്പറ്റി പറയുമ്പോൾ അതിൽ കൊടുക്കുന്ന വ്യക്തത ആണിത്. ശരിക്കും അയ്യപ്പൻ നായരുടെ അമ്മയുടെ പ്രതിഷേധം ഒരിക്കൽ അവർ മേലാളന്മാരിൽ നിന്നും അനുഭവിച്ച ജാതീയതയുടെയും വേർതിരിവിന്റെയും, ഏറ്റു വാങ്ങിയ ചൂഷണങ്ങളുടെയും ഒക്കെ കാരണം കൊണ്ടാകണം മകന് ആ പേര് നൽകിയത്. സിനിമയിൽ പല ഭാഗത്തും അയ്യപ്പൻ നായരെ ഇത്‌ പറഞ്ഞ്‌ കോശി ഇവൻ നായരല്ല സങ്കരയിനം ആണെന്ന് പറഞ്ഞു വരെ കളിയാക്കുന്നുണ്ട്.

ഒരുപക്ഷെ അയ്യപ്പൻ നായർ ഈ കാര്യം വെളിപ്പെടുത്തിയിട്ട് ഇല്ലായിരുന്നേൽ എലൈറ്റ് ഗണത്തിൽ പെടുന്ന, ജന്മിയായ കുര്യന്റെ മകൻ കോശിയുടെ മനസ്സിൽ അയ്യപ്പൻ നായർ, നായരായി തന്നെ നിന്നേനെ. തന്റെ സർവീസ് റെക്കോർഡിൽ ഒരു ബ്ലാക്ക് മാർക്ക് പോലും ഇല്ലാത്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വാങ്ങാൻ അർഹതയുള്ള ഒരു മാതൃക പോലീസ് ഓഫീസറെ അദ്ദേഹത്തിന്റെ കഴിവിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയായി കോശി കണ്ടു പെരുമാറിയേനെ. പക്ഷെ അവിടെയും അതിന് തടസ്സം നിന്നിരുന്ന ഘടകവും, അയ്യപ്പൻ നായരെ മാനസികമായി തളർത്താൻ കോശി കുര്യൻ കണ്ടെത്തിയ മാർഗവും അയാളുടെ ജാതിയാണ്.

ഈ പറഞ്ഞ കോശി കുര്യൻ നമ്മുടെ ചുറ്റുമുണ്ട്. ഏതൊരാളെയും അയാളുടെ കഴിവിന്റെ അടിസ്ഥാനത്തിലോ അല്ലങ്കിൽ വ്യക്തി എന്ന നിലയിലോ ട്രീറ്റ്‌ ചെയ്യാതെ അയാളുടെ ജാതിയും, സാമ്പത്തിക അടിത്തറയും, പാരമ്പര്യവും നോക്കി വിലയിരുത്തുന്ന എലൈറ്റ് കൂട്ടർ. അവർക്ക് ഇപ്പോഴും ഇതുപോലെ താഴെ തട്ടിൽ നിന്നും സ്വന്തം കഴിവുകൊണ്ടും വ്യക്തി മികവുകൊണ്ടും ഉയർന്ന നിലയിൽ എത്തിയവരോട് ആശയപരമായി അവരെ മുന്നിടാൻ കഴിയാതെ വരുമ്പോൾ എടുക്കുന്ന അടവാണ് ഇത്തരം പരാമർശങ്ങൾ.


ചെത്തുകാരൻ കോരന് കല്യാണിയിൽ ഉണ്ടായ പതിന്നാലു മക്കളിൽ പതിനൊന്നു പേരും മരണമടഞ്ഞപ്പോൾ ആ കുടുംബത്തിൽ അവശേഷിച്ച മൂന്ന് മക്കളിൽ ഏറ്റവും ഇളയവൻ ആയിരുന്നു പിണറായി വിജയൻ. അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിട്ടുപോലും ഈ പറഞ്ഞ എലൈറ്റ് ഗണത്തിൽ പെടുന്നവരുടെ കണ്ണിൽ ഇപ്പോഴും അവൻ താഴെത്തട്ടിൽ നിൽക്കണം എന്നുള്ള മാനസികാവസ്ഥയാണ് അല്ലെങ്കിൽ ഈ താഴെ തട്ടിൽ നിന്നും ഉയർന്നു വന്നവനാൽ ഞങ്ങൾ ഭരിക്കപ്പെടെണ്ടാ എന്നുള്ള നിലപാടാണ്. അതിപ്പോൾ പിണറായിയുടെ കാര്യം മാത്രമല്ല അദ്ദേഹത്തെപ്പോലെ ഇതേ ലെവലിൽ ആര് എത്തിപ്പെട്ടാലും അയാളുടെ കഴിവ്, വ്യക്തിമികവ് എന്നതിലുപരി ഈ എലൈറ്റ് കൂട്ടങ്ങൾക്ക് അവരുടെ ജാതിയും പാരമ്പര്യവും തന്നെയാകും ഇപ്പോഴും മാനദണ്ഡം; ഈ 2020 നൂറ്റാണ്ടിലും..!!

ഇവിടെ അയ്യപ്പൻ നായർ ആയാലും, പിണറായി വിജയൻ ആയാലും അവർ എല്ലാരും തന്നെ സ്വന്തം കഴിവു കൊണ്ടും കഷ്ടതകളെയും തരണം ചെയ്തു തന്നെയാണ് ഇന്ന് ഇരിക്കുന്ന ഇടത്ത് എത്തി ചേർന്നിരിക്കുന്നത്. അതിനെ ജാതിയും, പാരമ്പര്യവും വെച്ചു അളക്കുന്നതിലുപരി അവരുടെ വ്യക്തിത്വവും, കഴിവും, സ്വന്തം മേഖലയിലുള്ള മികവുമായിരിക്കണം അവരെ അളക്കാനുള്ള മാനദണ്ഡം. അല്ലാതെയുള്ള ഇത്തരം പരാമർശങ്ങൾ അവരെ ആശയപരമായും അല്ലാതെയും മറികടക്കാനോ പരാജയപ്പെടുത്താനോ കഴിയാതെ വരുമ്പോൾ ഉള്ള ഒരുതരം വിഭ്രാന്തി മാത്രമാണ്..!!