കെട്ടുതാലി പൊട്ടിക്കുന്ന നിമിഷങ്ങള്‍
നാല്മണി ആയി ബെല്ലടിച്ചതോടെ ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളെല്ലാം ക്ലാസ്സില്‍നിന്ന് വെളിയിലിറങ്ങി; ഒപ്പം അദ്ധ്യാപകരും. സ്ക്കൂള് ഗെയ്റ്റ് കടന്ന് റോഡിലെത്താനും ബസ്സില്‍ കയറാനും അവിടെയുള്ള ചില അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല. അഞ്ച് മിനിട്ട് ബസ്യാത്ര ചെയ്ത് സമീപമുള്ള ചെറിയ പട്ടണത്തില്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ ഒരു അദ്ധ്യാപിക മറ്റ് യാത്രക്കാരോടൊപ്പം ഇറങ്ങി. വീടെത്താന്‍ ഇനി ഇരുപത് മിനിട്ട് നടക്കണം; അഞ്ച് മിനിട്ട് റോഡിലൂടെ, പിന്നെ ഇടവഴിയിലൂടെ,,,
173 total views

നാല്മണി ആയി ബെല്ലടിച്ചതോടെ ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളെല്ലാം ക്ലാസ്സില്‍നിന്ന് വെളിയിലിറങ്ങി; ഒപ്പം അദ്ധ്യാപകരും. സ്ക്കൂള് ഗെയ്റ്റ് കടന്ന് റോഡിലെത്താനും ബസ്സില്‍ കയറാനും അവിടെയുള്ള ചില അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല. അഞ്ച് മിനിട്ട് ബസ്യാത്ര ചെയ്ത് സമീപമുള്ള ചെറിയ പട്ടണത്തില്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ ഒരു അദ്ധ്യാപിക മറ്റ് യാത്രക്കാരോടൊപ്പം ഇറങ്ങി. വീടെത്താന്‍ ഇനി ഇരുപത് മിനിട്ട് നടക്കണം; അഞ്ച് മിനിട്ട് റോഡിലൂടെ, പിന്നെ ഇടവഴിയിലൂടെ,,,
ടീച്ചര്‍ ഇരുപത് മിനിട്ട് നടന്നെത്തുന്ന ദൂരം മറ്റുള്ളവര്‍ക്ക് വെറും പത്ത് മിനുട്ട് മതിയാവും, അത്രക്ക് പതുക്കെ ശരീരഭാരവും വഹിച്ചാണ് നടത്തം. റോഡിലൂടെ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടുമായി പലതരം വാഹനങ്ങള്‍ പോകുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെയാണ് അവര്‍ നടക്കുന്നത്. റോഡ് കഴിഞ്ഞ് ആല്മരത്തിന് സമീപം എത്തി ഇടവഴിയിലേക്ക് പ്രവേശിക്കാറായപ്പോള്‍ മുന്നിലൂടെ വന്ന ബൈക്ക്, പിന്നിലേക്ക് പോയത് ശ്രദ്ധിച്ചില്ല. എന്നാല്‍ ടിച്ചറെ കടന്ന് പിന്നിലേക്ക് ഓടിച്ചുപോയ ബൈക്ക് തിരിച്ചുവന്ന് തൊട്ടടുത്ത് നിര്‍ത്തിയത് ശ്രദ്ധിച്ചപ്പോഴേക്കും അത് സംഭവിച്ചു,
ടീച്ചറുടെ അഞ്ച് പവനോളം വരുന്ന താലിചെയിന്‍ അവന്റെ കൈയില്‍,,,
അതുമായി വന്നതിനെക്കാള്‍ സ്പീഡില്‍ ആ ചെറുപ്പക്കാരന് ബൈക്ക് ഓടിച്ചുപോയി.
ഒരു നിമിഷത്തെ ശരീരവേദനക്കും ഞെട്ടലിനും ശേഷം അവര്‍ ഉച്ചത്തില്‍ വിളിച്ചുകൂവി,
‘അയ്യോ എന്റെ മാല,,, കള്ളന്,,,,,’
തൊട്ടടുത്ത പറമ്പില്‍ ജോലിചെയ്യുന്ന സ്ത്രീപുരുഷന്മാര് ഓടി വന്ന് കാര്യങ്ങള്‍ തിരക്കി. സംഭവങ്ങല്‍ അറിഞ്ഞപ്പോള്‍ പോലീസ്സ്റ്റേഷനില്‍ അറിയിക്കാന്‍ പറഞ്ഞുകൊണ്ട് തിരികെ നടക്കുന്നതിനിടയില്‍ അവര്‍ പരസ്പരം പറഞ്ഞു,
‘പരിസരം നോക്കാതെ നടന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും’
‘പരിസരം നോക്കാതെ നടന്നതുകൊണ്ടാണോ’ ഇങ്ങനെ സംഭവിച്ചത്? തൊട്ടടുത്തുകൂടി പോകുന്ന ചെറുപ്പക്കാരന് തന്റെ സ്വര്‍ണ്ണമാല പൊട്ടിക്കും എന്ന് ഒരു നിമിഷം മുന്‍പ് വരെ ചിന്തിച്ചിരുന്നില്ല. ബൈക്കില്‍ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കല്‍ വ്യാപകമാവുന്ന കാലമാണ്. എനിക്കറിയാവുന്ന സംഭവങ്ങളില്‍ മോഷണങ്ങള്‍ക്ക് ഇരയാവുന്നത് അധികവും ഉദ്യോഗസ്ഥകളും അതില്‍തന്നെ വലിയ വിഭാഗം അദ്ധ്യാപികമാരും ആണ്. അതിന് കാരണങ്ങള്‍ പലതാണ്.
- ഉദ്യോഗസ്ഥകള്‍ എല്ലായിപ്പോഴും സ്വര്‍ണ്ണമാല അണിഞ്ഞിരിക്കും. സ്ഥിരമായി അണിയുന്നതിനാല്‍ കൂടുതലായി ശ്രദ്ധിക്കില്ല. മറ്റുള്ളവരില്‍ ചിലര്‍ വെളിയില്‍ ഇറങ്ങുമ്പോള്‍ മാത്രം മാല അണിയുന്നവരാണ്. അവര്‍ക്ക് വെളിയിലിറങ്ങിന്ന അവസരങ്ങള്‍ കുറവായതിനാല്‍ മാല ശ്രദ്ധിക്കുന്നു.
- ഉദ്യോഗസ്ഥകള്‍ സ്വര്‍ണ്ണം അണിഞ്ഞ്കൊണ്ട് പലപ്പോഴും ഒറ്റക്ക് യാത്ര ചെയ്യുന്നവരാണ്; ദൂരയാത്രകളും ജോലി സംബന്ധമല്ലാത്ത യാത്രകളും അവര്‍ ഒറ്റക്ക് ചെയ്യാറുണ്ട്. ജോലിയില്ലാത്ത സ്ത്രീകള്‍ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും ഒറ്റയ്ക്ക് ആയിരിക്കില്ല, കൂടെ വീട്ടിലുള്ള ആരെങ്കിലും കാണും.
- മാന്യതയുടെ ആവരണം ഉള്ളതിനാല്‍ മോഷണം നടന്നാല്‍ ബഹളം വെക്കാനും കള്ളനെ പിടിച്ച് വെക്കാനും ഉദ്യോഗസ്ഥകള്‍ മടിക്കുന്നു. അപ്പോഴേക്കും കള്ളന് പമ്പയും മുല്ലപ്പെരിയാറും കടന്നിരിക്കും.
- അദ്ധ്യാപികമാര്‍ക്ക് ചെറുപ്പക്കാരെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാവുന്നതിനാല്‍ മോഷണം നടക്കുന്നതുവരെ കള്ളനെ സംശയിക്കില്ല. ഒരു ബസ്സിലോ സമ്മേളന സ്ഥലത്തൊ വെച്ച് ആരെങ്കിലും ‘ടീച്ചറെ’ എന്ന് വിളിച്ചാല്‍ അദ്ധ്യാപിക ആയവരും ആയിരുന്നവരും മൊത്തത്തില്‍ തിരിഞ്ഞുനോക്കും. ഒരു ചെറുപ്പക്കാരന് സമീപത്ത് വന്ന് എന്തെങ്കിലും ചോദിച്ചാല്‍ ഒരു ടീച്ചര്‍ പെട്ടെന്ന് ചിന്തിക്കുന്നത്, ‘ഇവനെ ഏത് സ്ക്കുളില്, ഏത് ക്ലാസ്സില്‍വെച്ച്, എപ്പോഴായിരിക്കും ഞാന്‍ പഠിപ്പിച്ചത്?’ എന്നായിരിക്കും.
ബൈക്കില്‍ വന്ന് കഴുത്തില്‍ നിന്നും മാല പൊട്ടിച്ചവനെ ഒരിക്കല്‍ ഒരു സ്ക്കൂള് വിദ്യാര്‍ത്ഥിനി പിടികൂടിയിരുന്നു. അതുപോലെ 78 കഴിഞ്ഞ കുഞ്ഞേലി ചേട്ടത്തി തന്റെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചവനെ വിടാതെ പിടികൂടിയ സംഭവവും ഏതാനും മാസം മുന്‍പ് ഉണ്ടായിരുന്നു.
ഇങ്ങനെ മാലമോഷണം വ്യാപകമായ കാലത്ത് എന്റെ ഒരു സഹപ്രവര്‍ത്തകയുടെ ബന്ധുവായ ഒരു ടീച്ചര്‍ ബസ്സില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ഒരു യുവാവ് അടുത്ത് വന്ന് ചോദിച്ചു,
‘ഹലോ, ഈ കൂത്തുപറമ്പ് എത്താന്‍ ഏത് വഴിയിലൂടെയാണ് പോകേണ്ടത്?’
പെട്ടെന്ന് ടീച്ചര്‍ ഞെട്ടി; ടീച്ചറുടെ പ്രതികരണം കണ്ട് വഴി ചോദിച്ച യുവാവും ഞെട്ടി,
‘ദൂരെ, ദൂരെ മാറി നില്ക്ക്,,, വഴി ചോദിക്കാന്‍ മറ്റാരെയും കണ്ടില്ലെ? എനിക്കറിയില്ല’
കഴുത്തിലെ സ്വര്‍ണ്ണമാല രണ്ട് കൈകൊണ്ടും മുറുകെപ്പിടിച്ച് പിന്നിലേക്ക് അകന്നുമാറി അവര്‍ പറയുന്നത് കേട്ടപ്പോള്‍ വഴി ചോദിച്ചവന് സ്ഥലംവിട്ടു.
***
ആ വലിയ വീട്ടില്‍ രണ്ട്പേര് മാത്രം, അദ്ധ്യാപന സര്‍വ്വീസില്‍ നിന്നും വിരമിച്ച ഭാര്യയും ഭര്‍ത്താവും. മക്കളെല്ലാം വിവാഹിതരായി ജോലിസ്ഥലത്ത് കുടുംബമായി പാര്‍ക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലവാരമുള്ള അവരുടെ കൂടെ മറ്റാരും താമസമില്ല. പതിവുപോലെ ഒരു രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും ഒന്നും തോന്നിയില്ല. അര്‍ദ്ധരാത്രി കഴിഞ്ഞ ഏതോ നേരത്ത് ടീച്ചര്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ മുറിയില്‍ വെളിച്ചം. ഒപ്പം കണ്ടു, കഴുത്തിനു നേരെ കത്തിയുമായി ഒരു രൂപം. പേടിച്ച് ശബ്ദിക്കാനാവത്ത അവരുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല പൊട്ടിച്ച് കള്ളന് നടന്നുപോകുന്നത് അവര്‍ നോക്കി നിന്നു.
ഒച്ചവെക്കാത്തതുകൊണ്ട് ജീവന് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ടീച്ചര്‍,
- കള്ളനെ പിടിക്കാനുള്ള സൌകര്യവും ശക്തിയും അവസരവും ഒത്തുവന്നാല്‍ മാത്രം ആലോചിച്ച് മാത്രം ശ്രമിക്കുന്നതാണ് അഭികാമ്യം.
- നമ്മുടെ ഏതെങ്കിലും ചലനം മതിയാവും ചിലപ്പോള്‍ മോഷ്ടാവ്, കൊലയാളി ആവാന്‍.
- മോഷണസമയത്ത് ആ മോഷ്ടാവ് നമുക്ക് അറിയാവുന്നവരാണെങ്കില്‍ തീരെ മിണ്ടാന്‍ പാടില്ല; അവരെ തിരിച്ചറിഞ്ഞു എന്ന്, അറിയുന്ന നിമിഷം നമ്മുടെ ജീവന് അപകടത്തിലാവും.
- ഉറങ്ങുന്നതിന് മുന്‍പ് വിടിന്റെ എല്ലാ മുറികളും മൊത്തമായി ഒന്ന് പരിശോദിക്കുന്നത് നല്ലതാണ്.
***
ഒരു പരീക്ഷാ ദിവസം ഉച്ചനേരം,, രാവിലെതന്നെ കുട്ടികളെ പരീക്ഷ എഴുതിച്ച നാല് അദ്ധ്യാപികമാര്‍ ഒന്നിച്ച് സ്വന്തം വീടുകളിലേക്ക് നടന്ന് പോവുകയാണ്. ബസ്സിന് പോകാമെങ്കിലും സ്ക്കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകാനുള്ള ദൂരം മാത്രം ഉള്ളതിനാല്‍ ‘നടത്തം ആരോഗ്യം വര്‍ദ്ധിപ്പിക്കും’ എന്ന ആശയം പ്രാവര്‍ത്തികമാക്കിക്കൊണ്ട് നാട്ടിന്‍പുറത്തുകൂടി നടക്കുകയാണവര്‍. നാട്ടിന്‍പുറത്ത് ആയതിനാല്‍ ആ വിദ്യാലയത്തിലെ അദ്ധ്യാപികമാര്‍ക്ക് നാട്ടുകാരെയും നാട്ടുകാര്‍ക്ക് അവരെയും നന്നായി അറിയാം.
അങ്ങനെ നട്ടുച്ചനേരത്ത് നടക്കുമ്പോഴാണ് സമീപത്തുള്ള ഒരു വീടിന്റെ പിന്നിലായി അല്പം അകലെ അഗ്നിജ്വാലകള്‍ കാണുന്നത്. മാര്‍ച്ച് മാസത്തെ ചൂടുള്ള ഉച്ചവെയിലില്‍, ഒരു വീടിനു സമീപമുള്ള വിറകുപുര കത്തുമ്പോള്‍ ഉണ്ടാകുന്ന അഗ്നിനാളങ്ങള്‍ ആകാശത്തോളം ഉയരുന്ന ആ കാഴ്ച മറ്റുള്ളവരോടൊപ്പം അദ്ധ്യാപികമാരും നോക്കിനിന്നു. അപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു,
‘ഇതെന്താ തീപ്പിടിച്ചിട്ടും ഫയര്‍ സര്‍വ്വീസൊന്നും വരാത്തത്?’
‘ഇതിനെന്തിനാ ടീച്ചറെ ഫയര്‍ സര്‍വ്വീസ്?’
മറുപടി ഒരു പുരുഷശബ്ദമായതിനാല്‍ അവര്‍ തിരിഞ്ഞുനോക്കി. അപ്പോഴേക്കും കൂട്ടത്തിലുള്ള ഒരു ടീച്ചറുടെ താലിമാലയും പൊട്ടിച്ച്കൊണ്ട്, പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരന് മറ്റൊരുത്തന്റെ ബൈക്കിന് പിന്നിലിരുന്നതും ബൈക്ക് ഓടിച്ച്പോയതും ഒന്നിച്ചായിരുന്നു.
അവര്‍ ആരോടും പരാതി പറഞ്ഞില്ല, എന്നാല്‍ മറ്റൊന്ന് ചെയ്തു. നാല് പേരും സ്വര്‍ണ്ണ മാല മാറ്റി ഇമിറ്റേഷന്‍ ആക്കി മാറ്റി. വല്ലവനും അടിച്ചുമാറ്റിയാല്‍ പിന്നെ പ്രശ്നമില്ലല്ലൊ. ഇങ്ങനെയുള്ള സംഭവങ്ങള്‍ക്ക് ശേഷം അദ്ധ്യാപികമാര്‍ പലരും ധരിക്കുന്നത് ഇമിറ്റേഷന്‍ ആഭരണങ്ങളാണ് എന്ന്, മോഷ്ടാക്കളും അറിയുന്നുണ്ടാവും.
***
മനസ്സില്‍ ഭീതിയുണര്‍ത്തുന്ന മറ്റൊരു അനുഭവം ഉണ്ടായത് എക്സ് ജവാന്റെ ധൈര്യശാലിയായ ഭാര്യക്കാണ്. ഭാര്യഭര്‍ത്താക്കന്മാരോടൊപ്പം പ്രായമായ അമ്മയും ഉള്ള അവരുടെ മകന് ജോലി സ്ഥലത്താണ് താമസം. രാത്രി ഭക്ഷണത്തിനുശേഷം അടുക്കള ജോലിയെല്ലാം കഴിഞ്ഞ് വാതില്‍ അടച്ചുപൂട്ടി ഉറങ്ങാന്‍ പോകുന്ന നേരത്ത്, വെളിയില്‍ അടുക്കളവാതിലിനു സമീപത്ത് ഒരു വലിയ ശബ്ദം കേട്ടപ്പോള്‍ തൊട്ടടുത്ത മരം മുറിഞ്ഞു വീണതാണെന്ന് തോന്നി. എന്താണ് സംഭവിച്ചതെന്നറിയാന്‍ അടുക്കളയില്‍ നിന്നും വെളിയിലേക്കിറങ്ങുന്ന വാതില്‍ തുറന്നപ്പോള്‍ ടീച്ചര്‍ ഞെട്ടി,
അരണ്ട വെളിച്ചത്തില്‍ കാണാന്‍ കഴിഞ്ഞു,,,
വാതിലിന്റെ മുന്നില്‍ തൊട്ടടുത്ത്, വലിയ ഒരു ആള് രൂപം,,,
ഞൊടിയിടക്കിടയില്‍ രണ്ട് കൈകൊണ്ടും കഴുത്തിലെ മാല ഇരു വശത്തേക്ക് വലിച്ച് പൊട്ടിച്ചത്, അവന് സ്ഥലംവിട്ടതിന് ശേഷമാണ് ടിച്ചര്‍ അറിഞ്ഞത്. അല്പം പോലും വേദനിക്കാതെ ദേഹത്ത് സ്പര്‍ശിക്കാതെ ആറ് പവനോളം വരുന്ന മാല പൊട്ടിച്ച നിമിഷം ഓര്‍ക്കുമ്പോള്‍ ഇന്നും അവര്‍ക്ക് ഞെട്ടല്‍ ഉണ്ടാകുന്നു,
‘സ്വര്‍ണ്ണത്തിന് ഇത്രയും ഉറപ്പ് കുറവാണെന്ന് അറിഞ്ഞിരുന്നില്ല, ശരീരത്തില്‍ നിന്നും ഊരിമാറ്റാതെ ചെയിനിന്റെ രണ്ട് വശങ്ങള് പിടിച്ച്, ഇരു വശത്തേക്ക് വലിച്ചുപൊട്ടിക്കുക. ആ കള്ളന് ഇങ്ങനെ പൊട്ടിക്കാന്‍ ദിവസങ്ങളോളം പ്രാക്റ്റീസ് ചെയ്തിരിക്കും’
രാത്രി നേരത്ത് വീടിന്റെ വെളിയിലേക്കുള്ള വാതില്‍ തുറക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം,
- വീടിനു പുറത്ത് ആദ്യം ലൈറ്റ് ഇടണം.
- രാത്രി കറന്റ് പോയ സമയത്ത് അടച്ച വാതില്‍ തുറക്കരുത്.
- രാത്രി ഒറ്റയ്ക്ക് സ്ത്രീകള്‍ വാതില്‍ തുറക്കരുത്.
- വീടിന്റെ അകത്തുനിന്നും വെളിയില്‍ കാണാനുള്ള സംവിധാനം ഉണ്ടാവണം.
- രാത്രി ആരെങ്കിലും വന്ന് വിളിച്ചാല്‍ ആളെ പരിചയമുണ്ടെന്നും അപകടം ഇല്ലെന്നും രണ്ട് പ്രാവശ്യം ചിന്തിച്ച് ഉറപ്പ് വരുത്തുക.
സ്വര്‍ണ്ണത്തിന് വില കുതിച്ചുയരുകയാണ്,,, റോക്കറ്റ് പോലെ.
എന്നാല്‍ മലയാളിമങ്കമാര്‍ക്ക് അത് ഒഴിവാക്കനാത്ത ഒന്ന്ആയി മാറിയിരിക്കയാണ്. ഭക്ഷണം ശാരീരികമായ ആവശ്യമാണെങ്കില്‍ വസ്ത്രം സാമൂഹികമായ ആവശ്യമാണ്. എന്നാല്‍ ഇന്നത്തെകാലത്ത് മലയാളിക്ക് വസ്ത്രം കുറഞ്ഞാലും സ്വര്‍ണ്ണം സാമൂഹികമായ ആവശ്യമാണെന്ന് ഏതെങ്കിലും ആഘോഷവേളകള്‍ ശ്രദ്ധിച്ചാല്‍ അറിയാം. കഴുത്തിലും കൈകളിലുമായി എത്ര ആയിരങ്ങള്‍ നിരത്തിയിട്ടാണ് അവര്‍ നടക്കുന്നത്? പല സ്ത്രീകളും അണിയുന്ന ആഭരണങ്ങളില്‍ ഒരു ഗ്രാം പോലും അവള് സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കില്ല. ബന്ധുക്കളായ പുരുഷന്മാര് (അച്ഛന്, സഹോദരന്, ഭര്‍ത്താവ്, മക്കള്‍) സമ്പാദിച്ചത് പ്രദര്‍ശ്ശിപ്പിക്കാനുള്ള വേദിയാവുകയാണ് സ്ത്രീയുടെ ശരീരം.
കെട്ടുതാലി മോഷണം പോകുന്ന നേരത്ത് ഉണ്ടാകുന്ന ശാരീരികമായ അപകടത്തെക്കാള്‍ വലുതാണ്, മാനസികമായും സാമ്പത്തികമായും ഉള്ള പ്രയാസങ്ങള്‍. പഠിക്കുന്ന കാലത്ത് മാത്രമല്ല, ഇപ്പോഴും ചില ദിവസങ്ങളില്‍ ആഭരണം അണിയാതെ ഞാന്‍ യാത്ര ചെയ്യാറുണ്ട്. ആ ദിവസങ്ങളില്‍ എന്തൊരു ആശ്വാസമാണ്. പിന്നെ താലിചെയിന്‍,,, അത് വിവാഹനേരത്ത് കഴുത്തില്‍ കെട്ടിയത്, പണത്തിന്റെ അത്യാവശ്യം വന്നപ്പോള്‍ ഊരിവിറ്റു. ഇപ്പോള്‍ വാങ്ങിയ മൂന്നാമത്തെ താലിമാല വീട്ടിലായിരിക്കുമ്പോള്‍ അഴിച്ചു വെക്കാറാണ് പതിവ്. താലിയിലാണോ ദാമ്പത്യം കുടികൊള്ളുന്നത്? സ്വര്‍ണ്ണം അണിഞ്ഞില്ലെങ്കില്‍ എന്താണ് പ്രശ്നം?
174 total views, 1 views today
