ദേശീയ പൗരത്വ രജിസ്റ്റര്‍ വലിയ വിവാദത്തിനും ആശങ്കയ്ക്കും ഇടവരുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന്റെ പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നതിനായി എസ്യുസിഐ കമ്മ്യണിസ്റ്റ് കേന്ദ്ര മുഖപത്രം ‘പ്രോലിറ്റേറിയന്‍ ഇറ’ 2018 മാര്‍ച്ച് 15 ലക്കം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ
ഒടുവില്‍, സുപീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ആസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ കരട് 2017 ഡിസംബര്‍ 31ന് പുറത്തിറക്കിയിരിക്കുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് മൂന്നുവര്‍ഷം നീണ്ട പ്രക്രിയയിലൂടെ ഇത് പുതുക്കിയത്. പേര് ചേര്‍ക്കാന്‍ അപേക്ഷ നല്കിയ 3.29കോടി ആളുകളില്‍നിന്ന് 1.9കോടി മാത്രം ഉള്‍പ്പെടുത്തി 1.39 കോടി ആളുകളെ തഴഞ്ഞു. മത-ഭാഷാ ന്യൂനപക്ഷങ്ങളില്പ്പെട്ടവരാണ് ഇതില്‍ ബഹുഭൂരിപക്ഷവും. ആസാമീസ് സംസാരിക്കുന്നവരും ഉത്തര ആസാം മേഖലയിലുള്ളവരുമായ 90 ശതമാനത്തോളംപേര്‍ ലിസ്റ്റില്‍ ഇടംപിടിച്ചപ്പോള്‍, മദ്ധ്യ-ദക്ഷിണ ആസാമില്‍ അത് 40 ശതമാനത്തില്‍ താഴെ മാത്രമാണ്. ബംഗാളി സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള ബാരക് താഴ്വരയിലാണ് ഇത് ഏറ്റവും കുറവ്. എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ എംഎല്‍എമാര്‍, മുന്‍ എംപിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനികര്‍ തുടങ്ങി ന്യൂനപക്ഷവിഭാഗങ്ങളില്പെട്ട പ്രമുഖര്‍ പോലും പുറംതള്ളപ്പെട്ടിരിക്കുന്നു. ആരും ഖേദിക്കണ്ടെന്നും ലിസ്റ്റ് വരുമ്പോള്‍ യഥാര്‍ത്ഥ പൗരന്മാരൊക്കെ അതില്‍ ഉണ്ടാകുമെന്നുമായിരുന്നു അധികാരികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്രാനുമതിയോടെ 85 കമ്പനി അര്‍ദ്ധ സൈനികവിഭാഗങ്ങളെ നിയോഗിച്ചുകൊണ്ട് അസംതൃപ്തരായ ജനങ്ങളെ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ പരിഭ്രാന്തരായി കഴിയുമ്പോള്‍ ബിജെപി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ലിസ്റ്റില്‍ ഇല്ലാത്തവരെയെല്ലാം വിദേശികളായി കണക്കാക്കുമെന്നും അവര്‍ക്ക് വോട്ടവകാശമോ മറ്റ് പൗരാവകാശങ്ങളോ ഉണ്ടായിരിക്കുകയില്ലെന്നും ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ എന്നിവയ്ക്കുമാത്രമേ അവകാശമുണ്ടായിരിക്കൂ എന്നുമാണ്. ദീര്‍ഘകാലമായി ജനങ്ങളെ മത-ഭാഷാ പരിഗണനകളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന കടുത്ത പ്രാദേശികവാദ ശക്തികളെ പ്രീണിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഈ നടപടി, മുതലാളിത്തവ്യവസ്ഥ സൃഷ്ടിക്കുന്ന നീറുന്ന ജീവിതപ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ജനങ്ങളുടെ യോജിച്ച മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ഉന്നംവച്ചുള്ളത് തന്നെയാണ്.
ആസാമില്‍ മാത്രം എന്തുകൊണ്ട് പൗരത്വം പുതുക്കല്‍
1955ലെ പൗരത്വനിയമത്തിന്റെ വകുപ്പ് 18(4) പ്രകാരം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ വ്യവസ്ഥയുണ്ട്. സെന്‍സസ് തയ്യാറാക്കുന്നതുപോലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് എല്ലാ യഥാര്‍ത്ഥ പൗരന്മാരെയും ഉള്‍പ്പെടുത്തിയാണ് ഇത് ചെയ്യേണ്ടത്. എന്നാല്‍, ആസാമില്‍ 1951ല്‍ ഒരു രജിസ്റ്റര്‍ തയ്യാറാക്കിയതല്ലാതെ ഇന്ത്യയില്‍ ഒരിടത്തും ഇതുണ്ടായിട്ടില്ല. ആസാമില്‍ ലക്ഷക്കണക്കിന് വിദേശികള്‍ നുഴഞ്ഞുകയറി താമസിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് പാര്‍ലമെന്റിനെ മറികടന്ന്, ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ 4-ാം ഉപവകുപ്പ് ഭേദഗതിചെയ്ത് 4എ ഉള്‍പ്പെടുത്തിയത്. ഭരണഘടനപ്രകാരം ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം വേണ്ടതാണ്. എന്നാല്‍ ഇവിടെ ഗൂഢോദ്ദേശത്തോടെ ഭരണഘടനയെ അട്ടിമറിച്ചിരിക്കുന്നു. എന്നുമാത്രമല്ല, വീടുകളില്‍ ചെന്ന് ആളുകളെ ഉള്‍പ്പെടുത്തുന്നതിന് പകരം എല്ലാവരും അപേക്ഷ നല്‍കണം എന്ന നിബന്ധനയും ഏര്‍പ്പെടുത്തിയിരിക്കുന്നു. രണ്ട് രേഖകളെ ആധാരമാക്കിയാകും ലിസ്റ്റ് തയ്യാറാക്കുക എന്നും പ്രഖ്യാപിച്ചു. ഒന്ന്, 1951ലെ പൗരത്വരജിസ്റ്റര്‍, രണ്ട്, 1971 മാര്‍ച്ച് 25നുമുമ്പുള്ള ഏതെങ്കിലും വോട്ടേഴ്സ് ലിസ്റ്റ്. ആസാമിലെ എല്ലാ ജില്ലകളിലും ഈ രേഖകള്‍ നിലവിലില്ല. 1951ലെ ലിസ്റ്റിലുള്ള പലരും മരിച്ചുകഴിഞ്ഞു. ഇവരുമായുള്ള ബന്ധം എങ്ങനെയാണ് ഒരാള്‍ തെളിയിക്കുക? ലിസ്റ്റ് തയ്യാറാക്കുന്ന ഘട്ടത്തില്‍തന്നെ നമ്മുടെ പാര്‍ട്ടി ഈ ബുദ്ധിമുട്ടുകള്‍ ചൂട്ടിക്കാണിച്ചിരുന്നു. എന്നാല്‍ അഖില ആസാം സ്റ്റുഡന്റ്സ് യൂണിയന് (ആസു) പോലുള്ള സങ്കുചിത ശക്തികളെ തൃപ്തിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അത് കേട്ടതായി ഭാവിച്ചില്ല. ലോകത്തൊരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത അസംബന്ധനിര്ദ്ദേശങ്ങള്പോലും അവര്‍ ഉള്‍പ്പെടുത്തി.
വിഷയം കൂടുതല്‍ വ്യക്തമാക്കുന്നതിനായി അല്പം ചരിത്രം പരിശോധിക്കാം. ആസാമിലെ അവിടുത്തെ ഗോല്‍പാറ ജില്ല ബ്രിട്ടീഷ് ഭരണകാലത്ത് അവിഭക്ത ബംഗാളിന്റെ ഭാഗമായിരുന്നു. ഇപ്പോഴത്തെ ദൂബ്രി, ഗോല്‍പാറ, കോക്രാജ്പൂര്, ബോരഗൈഗാവോ, ബക്ഷ തുടങ്ങിയ ജില്ലകളും മറ്റുചില പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 1912ല്‍ ആണ് അവിഭക്ത ഗോല്‍പാറ ജില്ലയും സില്‍ഹത് ജില്ലയും ആസാമില്‍ ഉള്‍പ്പെടുത്തിയത്. അന്ന് മുസ്ലീം വിഭാഗത്തില്‍പെട്ട ദരിദ്ര ഭൂരഹിത കര്‍ഷകര്‍ വന്‍തോതില്‍ അവിഭക്ത ബംഗാളില്‍നിന്ന് മറ്റുജില്ലകളിലേയ്ക്കും മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വന്ന് താമസിച്ചിട്ടുണ്ട്. എല്ലാം ബ്രിട്ടീഷ് ഇന്ത്യയ്ക്കുള്ളില്തന്നെ ആയിരുന്നതിനാല്‍ ഇതിനെ കുടിയേറ്റമായി കാണാനാകില്ല, അത് അസംബന്ധമാണ്. ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേയ്ക്ക് മാറി സ്ഥിരതാമസം നടത്തുന്നവരെയെ കുടിയേറ്റക്കാരായി കാണാനാകൂ. അദ്ധ്വാനശീലരായ ഈ കര്‍ഷകര്‍ അവിഭക്ത ഗോല്‍പാറ ജില്ലയിലേയ്ക്ക് വരുന്നത് അന്ന് അവിടുത്തെ ജന്മിമാര് പ്രോത്സാഹിപ്പിച്ചിരുന്നു. കൃഷി ചെയ്യാതെ കിടന്ന പ്രദേശങ്ങള്‍ കൃഷിക്കളങ്ങളാക്കി മാറ്റുന്നതിനുവേണ്ടിയായിരുന്നു ഇത്. മുസ്ലീംവിഭാഗത്തില്‍പ്പെട്ട, ബംഗാളി സംസാരിക്കുന്ന ഇവര്‍ കഠിനാദ്ധ്വാനം ചെയ്ത് തരിശുഭൂമികളും ചതുപ്പു നിലങ്ങളുമൊക്കെ കൃഷിയിടങ്ങളാക്കി. ആസാമീസ് സംസാരിക്കുന്ന സാധാരണ ജനങ്ങള്‍ അവരെ ഹൃദയംഗമമായി സ്വീകരിച്ച് ഒരുമയോടെ കഴിഞ്ഞു. സില്‍ഹത് ജില്ലയും ആസാമിനോട് ചേര്‍ത്തെങ്കിലും വിഭജനത്തെത്തുടര്‍ന്ന് അത് കിഴക്കന്‍ പാകിസ്ഥാന്റെ ഭാഗമായി. അന്ന് വലിയൊരു വിഭാഗം ഹിന്ദുക്കള്‍ സില്‍ഹത് വിട്ട് ആസാമിലേയ്ക്ക് വന്നു. ഇന്ന്, പ്രാദേശികവാദികള്‍ 70ലക്ഷത്തോളംവരുന്ന ബംഗാളി സംസാരിക്കുന്ന ഇവരെ ‘വിദേശ ബംഗ്ലാദേശികള്‍’ എന്ന് മുദ്രകുത്തിക്കൊണ്ട് നാടുകടത്താന്‍ ശ്രമിക്കുകയാണ്. വിചിത്രമായ ഉപാധികള്‍ വച്ചുകൊണ്ട് ആസാമില്‍ ഒരു പൗരത്വരജിസ്റ്റര്‍ തയ്യാറാക്കാന്‍ തുനിഞ്ഞിരിക്കുന്നത് ഈ പശ്ചാത്തലത്തില്‍ ആണ്.
ആസാം വടുക്കുകിഴക്കന്‍ മേഖലയില്‍ ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ഏറെ പ്രത്യേകതകളുള്ള ഒരു സംസ്ഥാനമാണ്. സ്വാതന്ത്ര്യാനന്തരം സങ്കുചിത പ്രാദേശികവാദം ശക്തിപ്പെടുകയും ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ആസാമീസ് ഭാഷയും സംസ്കാരവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അവര്‍ എതിര്‍ത്തു. അവര്‍ ആസാമില്‍നിന്ന് വേറിട്ടുപോകണം എന്ന ആവശ്യമുയര്‍ത്തി. അങ്ങനെയാണ് നാഗാലാന്റ്, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ആസാമിനെ വിഭജിച്ച് രൂപം നല്‍കിയത്. എന്നുമാത്രമല്ല, ആസാമീസ് ഭാഷയും സംസ്കാരവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതുമൂലം ചില വിഭാഗങ്ങള്‍ ആസാംകാരല്ലെന്ന നിലപാട് സ്വീകരിക്കുകയും പ്രത്യേക നിലനില്‍പ്പ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 1961ല്‍ ഇത്തരത്തിലുള്ള അടിച്ചേല്‍പ്പിക്കല്‍ ബാരക് താഴ്വരയില് നടന്നപ്പോള്‍ ബംഗാളി സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള അവിടെ വലിയ പ്രക്ഷോഭം ഉണ്ടായി. 11 പേര് വെടിവയ്പില്‍ മരിച്ചു. ഒടുവില്‍ ഗവണ്മെന്റ് ഉത്തരവ് പിന്‍വലിച്ച് ബംഗാളി ഔദ്യോഗിക ഭാഷയായി നിലനിര്‍ത്തേണ്ടിവന്നു.
സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക പശ്ചാത്തലം
ഇന്ത്യയുടെ ഒരു ചെറിയ പതിപ്പ് എന്നാണ് ആസാം അറിയപ്പെടുന്നത്. അവിടുത്തെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ -സാംസ്കാരിക സാഹചര്യം ഏതാണ്ട് രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേതുപോലെതന്നെയാണ്.
ലോകമുതലാളിത്തം പിന്തിരിപ്പനായി തീര്‍ന്ന ശേഷമാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരം ശക്തിപ്പെടുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ മുതലാളിവര്‍ഗ്ഗം, സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴും മതപരമായ ആശയങ്ങളോടും പിന്തിരിപ്പനും വിഭാഗീയവുമായ ജന്മിത്ത ആശയങ്ങളുമായും സന്ധിമനോഭാവം പുലര്‍ത്തിയത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ജനാധിപത്യവത്ക്കരണം അപൂര്‍ണ്ണമായി. തത്ഫലമായി ജാതി, മതം, ഭാഷ, വംശം തുടങ്ങിയവയുടെയൊക്കെ പേരിലുള്ള വിഭാഗീതയതകള് നിലനിന്നു. ഹിന്ദുവെന്നും മുസ്ലീം എന്നുമുള്ള ബോധം, ഉയര്‍ന്ന ജാതി-താഴ്ന്ന ജാതി മനോഭാവം, ആസാംകാരും ബംഗാളികളുമെന്ന വേര്‍തിരിവ് തുടങ്ങിയവയുടെ രൂപത്തില്‍ അത് തുടര്‍ന്നു. ഇതേക്കുറിച്ച് സഖാവ് ശിബ്ദാസ്ഘോഷ് ഇപ്രകാരം നിരീക്ഷിക്കുന്നു. ‘രാഷ്ട്രീയമായി ഇന്ത്യ ഒരു സ്വതന്ത്രരാജ്യമായെങ്കിലും സാംസ്കാരികമായി അത് വിഭജിതമായി നിലകൊണ്ടു.’ സ്വാതന്ത്ര്യസമരം ഉയര്‍ന്ന സാംസ്കാരിക-നൈതിക മൂല്യങ്ങളുടെ അടിത്തറയില്‍ ശക്തവും ഏകോപിതവുമായി മുന്നേറിയിരുന്നുവെങ്കില്‍ ഈ ദുഃസ്ഥിതി വരില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരമാകട്ടെ ഈ വിഭാഗീയതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഇടുങ്ങിയ വര്ഗ്ഗതാല്പര്യം മുന്‍നിര്‍ത്തി മുതലാളിത്ത ഭരണാധികാരികള്‍ അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയും ഊട്ടിവളര്ത്തുകയുമാണ് ഉണ്ടായത്. ഈ വിഭജനങ്ങളുടെ പേരില്‍ ജനങ്ങളെ അവര്‍ ഭ്രാതൃഹത്യകളിലേയ്ക്ക് തള്ളിവിടുകയും ചെയ്യുന്നു. ചൂഷിതരുടെ അനൈക്യം മുതലാളിത്തവാഴ്ച സുഗമമാക്കുമല്ലോ. അന്ന് ആസാമില്‍ സ്വാധീനം ഉണ്ടായിരുന്ന സിപിഐ, സിപിഐ(എം), ആര്‍സിപിഐ പോലുള്ള ഇടത് എന്നവകാശപ്പെട്ട പാര്‍ട്ടികള്‍ ഈ സങ്കുചിത പ്രാദേശിക വാദത്തിന്റെ അപകടം തിരിച്ചറിഞ്ഞില്ല എന്നുമാത്രമല്ല തെരഞ്ഞെടുപ്പ് നേട്ടം മുന്‍നിര്‍ത്തി അതിന് സ്വയം വിധേയമാകുക കൂടി ചെയ്തു.
ആസാമിലെ സാമ്പത്തിക രാഷ്ട്രീയ സാഹചര്യം ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല
മുതലാളിത്ത ഇന്ത്യയെ ഗ്രസിച്ചിട്ടുള്ള വ്യാധികളായ തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും പരാധീനത, കര്‍ഷകരുടെ ദുരിതങ്ങള്‍, വ്യവസായവത്ക്കരണത്തിന്റെ അപര്യാപ്തത, തൊഴില്‍നഷ്ടം, അഴിമതി, സാംസ്കാരിക അധഃപതനം തുടങ്ങിയവയൊക്കെ ആസാമിനെയും വെറുതെവിട്ടില്ല. പ്രകൃതിവിഭവങ്ങളും വിലകുറഞ്ഞ അദ്ധ്വാനവും ലഭ്യമാണെങ്കിലും സ്വതന്ത്ര ഇന്ത്യ 70വര്‍ഷം പിന്നിട്ടിട്ടും മൂന്ന് എണ്ണശുദ്ധീകരണ ശാലകളല്ലാതെ കാര്യമായ വ്യവസായങ്ങളൊന്നും ആരംഭിച്ചിട്ടില്ല. ജനങ്ങളുടെ സമരത്തെത്തുടര്‍ന്നാണ് മൂന്ന് പേപ്പര്‍ മില്ലുകള്‍ സ്ഥാപിച്ചത്. മൂന്നും ഇപ്പോള്‍ അടഞ്ഞുകിടക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച തീപ്പെട്ടി കമ്പനിയും അടഞ്ഞു. അന്നത്തെ തേയില തോട്ടങ്ങളും നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികള്‍ തെരുവിലെറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടായിരുന്നു ഇവിടെ. ഇന്ന് സാധാണക്കാരുടെ സ്ഥിതി ദയനീയമാണ്. ഭൂരഹിതകര്‍ഷകര്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഇന്ന് അവരുടെ എണ്ണം പെരുകുകയാണ്, പണമില്ലാത്തതിനാല്‍ കര്‍ഷകര്‍ കൃഷിചെയ്യുന്നില്ല. കാര്‍ഷികോല്‍പ്പാദനം ഇടിയുകയാണ്. ഭക്ഷ്യസ്വയംപര്യാപ്തതയുണ്ടായിരുന്ന ആസാം ഇന്ന് നെല്ലും ഗോതമ്പുമൊക്കെ ഇറക്കുമതി ചെയ്യുന്നു. മരണാസന്ന മുതലാളിത്തമാണ് എല്ലാത്തിനും കാരണം. വിഭാഗീയ ചിന്താഗതികള്‍ നിരന്തരം വളര്ത്തിയെടുക്കുന്നതുമൂലം ജനങ്ങള്‍ക്ക് യോജിച്ചുനിന്ന് ജീവിത പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാന്‍വേണ്ടി പൊരുതാനാകുന്നില്ല. സാമൂഹ്യ അന്തരീക്ഷവും അടിക്കടി വഷളാകുന്നു. മറുവശത്ത് സങ്കുചിത പ്രാദേശിക വാദശക്തികള്‍ ജനങ്ങളുടെ അസംതൃപ്തി മുതലെടുത്ത് അവരെ വഴി തെറ്റിക്കുന്നു. ആസാം ജനതയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍നിന്നും മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ആളുകളുടെ ഒഴുക്കാണ് എന്നവര്‍ പ്രചരിപ്പിക്കുന്നു.
പ്രാദേശികവാദികളുടെ പൊള്ളയായ അവകാശവാദം
ജനങ്ങളുടെ ഈ ഒഴുക്കിന്റെ സത്യസ്ഥിതി പരിശോധിച്ചാല്‍, പ്രാദേശികവാദികളുടെ അവകാശങ്ങള്‍ പൊള്ളയാണ് എന്നു കാണാം. 1911ലെയും 21ലെയും സെന്‍സസ് പ്രകാരം ആസാമീസ് സംസാരിക്കുന്നവര്‍ യഥാക്രമം 15 ലക്ഷവും 17 ലക്ഷവുമാണ്. ഇത് ആകെ ജനസംഖ്യയുടെ പകുതിയില്‍താഴെ മാത്രമാണ്. 1931ലെ സെന്‍സസ് പ്രകാരം അത് 31.4ശതമാനം മാത്രമാണ്. ഇവിടെ, 1951ല്‍ ആസാമിലെ സെന്‍സസിന് നേതൃത്വം വഹിച്ച വാഗൈവാലയുടെ അഭിപ്രായം ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു, ”ആസാമീസ് സംസാരിക്കുന്നവരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 1931ല്‍ 31.4ശതമാനമായിരുന്നത് 1951ല്‍ 56.7 ശതമാനമായി കുത്തനെ ഉയര്‍ന്നു. എന്നാല്‍ മറ്റെല്ലാ ഭാഷാവിഭാഗങ്ങളുടെയും കാര്യത്തില്‍ കുത്തനെയുള്ള ഇടിവാണുണ്ടായിരിക്കുന്നത്. അവരെല്ലാം ആസാമീസ് സംസാരിക്കുന്ന വിഭാഗത്തിലെത്തി. ആസാമില്‍ നിലനില്‍ക്കുന്ന ആക്രമണോത്സുകമായ ഭാഷാ-പ്രാദേശിക വാദവും, ആസാമീസ് ഭാഷ മാതൃഭാഷയായി സ്വീകരിക്കാന്‍ മുസ്ലീങ്ങളും തേയിലത്തോട്ടം തൊഴിലാളികളും മറ്റും കാണണിച്ച സന്നദ്ധതയുമാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്.
ആസാമിലെ ചില പ്രമുഖവ്യക്തിത്വങ്ങളും ബുദ്ധിജീവികളുമൊക്കെ ഉദാരസമീപനം പുലര്ത്തന്നുണ്ടെങ്കിലും വിദ്യാസമ്പന്നരും രാഷ്ട്രീയക്കാരുമായ പലരുടെയും സമീപനം അങ്ങനെയല്ല. 1946 മെയ് മാസത്തില്‍ ഗോപിനാഥ് ബോര്‍ദലോയ് ഗവണ്മെന്റ് ദക്ഷിണ ആസാമിലെ മുസ്ലീം കര്‍ഷകരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്ന നടപടി സ്വീകരിച്ചു. സ്വതന്ത്ര ഇന്ത്യയിലും ഇത്തരം നടപടികള്‍ തീര്‍ത്തും ഇന്ത്യക്കാരായ ഇവര്‍ക്കെതിരെ നടന്നു. തത്ഫലമായി ലക്ഷക്കണക്കിന് മുസ്ലീം കര്‍ഷകര്‍ ആസാം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. സ്വാതന്ത്ര്യം ലഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ബോര്‍ദലോയ് സര്‍ക്കാര്‍ കുടിയേറ്റ നിയമം(ആസാമില്‍നിന്ന് പുറംതള്ളല്‍)1950 ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ തുടങ്ങി. ഈ നിയമം കരുവാക്കിക്കൊണ്ട് ലക്ഷക്കണക്കിന് യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരായ മുസ്ലീങ്ങളെ ആസാമില്‍നിന്ന് ആട്ടിയോടിച്ചു. 1947ലെ വിഭജന സമയത്ത് രാജ്യമാകെ ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഇരയായപ്പോഴും ചില ദേശീയ നേതാക്കളുടെ പ്രചാരണത്തിന്റെ ഫലമായി ആസാമില്‍ സമാധാനവും സൗഹാര്‍ദ്ദവും പുലര്‍ന്നിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. എന്നാല്‍ 1950 മാര്‍ച്ച് മാസത്തില്‍ കിഴക്കന്‍ പാകിസ്ഥാനില്‍ ഹിന്ദുക്കളെ കൊലചെയ്ത സംഭവത്തോടുളള പ്രതികാരമെന്നോണം ഒരു ഹിന്ദു-മുസ്ലീം കലാപം ആസാമില്‍ ഉണ്ടായി. ‘കുടിയേറ്റ നിയമം(പുറത്താക്കല്‍)1950’, ‘പാകിസ്ഥാന്കാര് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറല്‍ തടയല്‍നിയമം’ തുടങ്ങിയ നിയമങ്ങള്‍ നിലവില്‍വന്നതോടെ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരെ അധിക്ഷേപിക്കാനും പീഡിപ്പിക്കാനും ഒരു വടി കിട്ടിയമാതിരിയായി. മുസ്ലീങ്ങളെ എവിടെ കണ്ടാലും പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരാണോ എന്ന് ചോദ്യം ചെയ്യുന്ന സ്ഥിതിയായി. ഉറങ്ങിക്കിടക്കുന്നവരെ പോലീസ് പിടികൂടി അതിര്‍ത്തി കടത്തിവിടുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കി.
ആസാം പ്രക്ഷോഭം(1979-85)
മുസ്ലീങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ക്കും നിര്‍ബന്ധിത നാടുകടത്തലിനുമൊന്നും ഒരു ശമനവുമുണ്ടായില്ല. 1978ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഗോലബ് ബാര്‍ബറ ഒരു ജനതാ ഗവണ്മെന്റ് സ്ഥാപിച്ചു. സ്വാതന്ത്ര്യാനന്തരം ആസാമില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ കോണ്‍ഗ്രസിതര ഗവണ്മെന്റായിരുന്നു അത്. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് തക്കം പാര്‍ത്തിരുന്നു. ‘വിദേശി’ പ്രശ്നം വീണ്ടും ഉന്നയിക്കുന്നതുകൊണ്ട് ജനപിന്തുണ കിട്ടില്ല എന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു. അതുകൊണ്ട് ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി. ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറുന്നു എന്നവര്‍ പ്രചരിപ്പിച്ചു. 1979ല്‍ മംഗള്‍ദോയ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നു. 47,658 ബംഗ്ലാദേശുകാര്‍ ഉണ്ടെന്ന് അതിര്‍ത്തിരക്ഷാസേന വെളിപ്പെടുത്തി. ഇവരെ ഒഴിവാക്കാതെ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന് ആസാം ഗണസംക്രാം പരിഷത്തും അഖില ആസാം സ്റ്റുഡന്റ്സ് യൂണിയനും പ്രഖ്യാപിച്ചു. എല്ലാ സങ്കുചിത-പ്രാദേശിക-വിഘടനവാദ ശക്തികളും ഇവരോടൊപ്പം ചേര്‍ന്നു. നിരന്തരമായ നുഴഞ്ഞുകയറ്റം ആസാമീസ് സംസാരിക്കുന്നവരുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുകയാണ് എന്ന് അവര്‍ ആക്രോശിച്ചു. ജീവിതദുരിതങ്ങള്‍ പേറുന്ന സാധാരണക്കാരെ വശീകരിക്കാനായി പ്രാദേശികവാദമുഖം മറച്ചുവച്ച് ഈ സംഘടനകള്‍ ദേശസ്നേഹത്തിന്റെ കുപ്പായം അണിഞ്ഞു. ആസാമിനെ ബംഗ്ലാദേശിനോട് ചേര്‍ത്ത് ‘വിശാലബംഗാള്’ സ്ഥാപിക്കാനാണ് ശ്രമം എന്നും ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി തുറന്നുകിടക്കുവോളം നുഴഞ്ഞുകയറ്റം നിര്‍ബാധം തുടരുമെന്നും അവര്‍ പ്രചരിപ്പിച്ചു. ഒടുവില്‍ ആസാമീസ് സംസാരിക്കുന്നവര്‍ ന്യൂനപക്ഷമാകുമെന്നും അവരുടെ ഭാഷയും സംസാരവും നിലനില്‍പ്പും മാത്രമല്ല, രാഷ്ട്രീയ അധികാരംപോലും നഷ്ടമാകുമെന്നും ആസാമീസ് സംസാരിക്കുന്ന സാധാരണക്കാരെ അവര്‍ തെറ്റിദ്ധരിപ്പിച്ചു. എല്ലാ ദുരിതങ്ങള്‍ക്കും കാരണമായ മുതലാളിത്ത വ്യവസ്ഥയ്ക്കെതിരായ, എല്ലാ വിഭാഗീയതകള്‍ക്കും സങ്കുചിതത്വത്തിനും അതീതമായ ജനങ്ങളുടെ യോജിച്ച ജനാധിപത്യപ്രക്ഷോഭത്തിന്റെ അഭാവത്തില്‍ സാധാരണ ജനങ്ങള്‍ സങ്കുചിത പ്രാദേശികവാദ ശക്തികളുടെ പ്രചാരണത്തില്‍ കുടുങ്ങിപ്പോകുകയും സാമൂഹ്യസാഹചര്യം കൂടുതല്‍ വഷളാകുകയും ചെയ്തു.
നമ്മുടെ പാര്‍ട്ടി നടത്തിയ ആശയപ്രചാരണം
വിഷലിപ്തമായ ആശയങ്ങള്‍ക്കും വഞ്ചനയ്ക്കുമെല്ലാമെതിരെ സര്‍വ്വശക്തിയും സമാഹരിച്ചുകൊണ്ട് ഒരു പ്രത്യയശാസ്ത്രസമരം കെട്ടഴിച്ചുവിട്ട് ജനങ്ങളെ, വിശേഷിച്ച് വഴിതെറ്റിക്കപ്പെട്ട ആസാമീസ് ജനതയെ സത്യാവസ്ഥ ധരിപ്പിക്കുവാന്‍ നമ്മുടെ പാര്‍ട്ടി ഒറ്റയ്ക്ക് അക്ഷീണം പൊരുതി. എല്ലാ വൈതരണികളെയും മറികടന്ന് ഇന്നും നമ്മള് ആ സമരം തുടരുന്നു. ഒരു മുതലാളിത്തരാജ്യമായ ഇന്ത്യയില്‍ സമൂഹം വര്ഗ്ഗവിഭജിതമാണ് എന്ന് നമ്മുടെ പാര്‍ട്ടി ചൂണ്ടിക്കാണിച്ചു. അത് ബംഗാളികളും ആസാംകാരും തമ്മിലോ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലോ അല്ല. ഒരുപിടി അതിസമ്പന്നരും ബഹുഭൂരിപക്ഷംവരുന്ന അടിച്ചമര്‍ത്തപ്പെട്ടവരും തമ്മിലാണ്. ജാതിക്കുംമതത്തിനും വംശത്തിനും ഭാഷയ്ക്കുമൊക്കെ അതീതമായ നിലനില്‍പ്പാണത്. കാലംചെല്ലുംതോറും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആയിക്കൊണ്ടിരിക്കുന്നു. ഇവരുടെ താല്പര്യങ്ങള് പരസ്പരവിരുദ്ധമാണ്. എല്ലാവിഷയങ്ങളും ഈ യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍വേണം കാണാന്‍. വിദേശികളുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ചും സ്വദേശികളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്നുമൊക്കെ പ്രചരിപ്പിക്കുന്നവര്‍ ജനങ്ങളെ ഭിന്നിപ്പിച്ച്, പ്രശ്നങ്ങളുടെ യഥാര്‍ത്ഥകാരണം മറച്ചുവച്ച് ഭ്രാതൃഹത്യകളിലേയ്ക്ക് നയിക്കുന്നവരാണ്. ഇക്കാര്യം നമ്മള് വ്യക്തമായിത്തന്നെ ജനങ്ങള്‍ക്കുമുമ്പാകെ അവതരിപ്പിച്ചു. അതുപോലെതന്നെയാണ് ജനങ്ങളുടെ രാഷ്ട്രീയ അധികാരത്തിന്റെ പ്രശ്നവും. അധികാരമെന്നാല്‍ ഭരണകൂടാധികാരമാണ്. അത് ഇന്ത്യന്‍ കുത്തകകളുടെ കൈകളിലുമാണ്. അദ്ധ്വാനിച്ച് ജീവിക്കുന്നവര്‍ ചരിത്രത്തില്‍ ഒരുകാലത്തും അതിക്രമിച്ചുകടക്കുന്നവരോ ഭാഷയും സംസ്കാരവും മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്പ്പിക്കുന്നവരോ എണ്ണത്തില്‍ മറ്റേതെങ്കിലും വിഭാഗത്തെ കടത്തിവെട്ടാന്‍ ശ്രമിക്കുന്നവരോ ആയി പ്രത്യക്ഷപ്പെട്ടിട്ടില്ല. അധിനിവേശക്കാരും പിടിച്ചടക്കുന്നവരുമൊക്കെ രാജാക്കന്മാരും പ്രഭുക്കളുമാണ്. ഇന്നുമുതലാളിമാരും കുത്തകകളുമാണ് അതൊക്കെ ചെയ്യുന്നത്. മറുവശത്ത് അദ്ധ്വാനിച്ചു ജീവിക്കുന്നവര്‍ എന്നും ഒരുമിച്ച് ജീവിക്കുന്നവരും ഒരുമിച്ച് പണിയെടുക്കുന്നവരും ഒന്നിച്ച് മുന്നേറുന്നവരും പരസ്പരം സഹായിക്കുന്നവരും മറ്റുള്ളവരില്‍നിന്ന് പഠിക്കുന്നവരും സുഖത്തിലും ദു:ഖത്തിലും പങ്കുചേരുന്നവരുമാണ്. അവര്‍ക്ക് പരസ്പരശത്രുതയോ നീരസമോ ഇല്ല. ജനങ്ങളില്‍ ശത്രുത വളര്‍ത്തുന്നതും അനൈക്യം വിതയ്ക്കുന്നതും അവരുടെ യുക്തിബോധത്തിന്റെ മുനയൊടിക്കുന്നതും ചൂഷകവര്ഗ്ഗമാണ്. നമ്മുടെ പാര്‍ട്ടി നടത്തിയ പ്രത്യയശാസ്ത്ര പ്രചാരണത്തിന്റെ കാതല്‍ ഇതായിരുന്നു. ഇത് ജനങ്ങളെ ആകര്‍ഷിക്കുകയും സങ്കുചിതശക്തികളുടെ പ്രചാരണങ്ങളില്‍ കുടുങ്ങിയവര്‍ സത്യം മനസ്സിലാക്കി ശരിയായ മാര്‍ഗ്ഗത്തിലേയ്ക്ക് വരാന്‍ തുടങ്ങുകയുമുണ്ടായി.
ദേശീയപൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച മൂര്‍ത്തമായ
നിര്‍ദ്ദേശങ്ങള്‍
സാമൂഹ്യ സാഹചര്യവും ജനങ്ങളുടെ ആശങ്കയും ആശയക്കുഴപ്പവുമെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ പാര്‍ട്ടി താഴെപ്പറയുന്ന നാലിന നിര്‍ദ്ദേശങ്ങള്‍ 1980ല്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി.
- ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാതെ ആസാമീസ് ഭാഷ ആസാമിന്റെ ഔദ്യോഗിക ഭാഷയായി നിലനിര്‍ത്തുക. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഒരു തരത്തിലുള്ള മാറ്റത്തിനും അത് ഇടയാക്കരുത്. ഇതിനായി പാര്‍ലമെന്റില്‍ പ്രത്യേക നിയമമോ പ്രമേയമോ കൈക്കൊള്ളുക.
- വിദേശപൗരന്മാരുടെ നിരന്തരമായ കുടിയേറ്റത്തെസംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയും വികാരവും കണക്കിലെടുത്ത് അന്തര്‍ദ്ദേശീയ അതിര്‍ത്തികളിലൂടെ വന്‍തോതില്‍ നിയമവിരുദ്ധമായി ആളുകള്‍ കടന്നുവരുന്നത് കര്‍ശനമായി തടയാന്‍ പഴുതടച്ച നടപടികള്‍ സ്വീകരിക്കണം. അനാവശ്യ നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റുചെയ്ത് ട്രിബ്യൂണല്‍ മുമ്പാകെ ഹാജരാക്കി നീതിപൂര്‍വ്വമായ വിചാരണയ്ക്ക് വിധേയമാക്കാന്‍ തക്കവണ്ണം ഇന്റലിജന്റ്സ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.
- ആസാമിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക-വ്യാവസായിക വികസനത്തിനുള്ള സമഗ്രമായ ഒരു പദ്ധതി ഗവണ്മെന്റ് തയ്യാറാക്കി നടപ്പിലാക്കണം.
- വിദേശപൗരന്മാരെ കണ്ടെത്താനുള്ള വിഛേദന തീയതിയായി 1971 മാര്‍ച്ച് 25 അംഗീകരിക്കുക. പ്രസക്തമായ എല്ലാ ദേശീയ അന്തര്‍ദ്ദേശീയ തത്വങ്ങളും കീഴ്വഴക്കങ്ങളും കണക്കിലെടുത്തുകൊണ്ട് ഈ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുക. ഈ തീയതിക്കുമുമ്പ് ഇന്ത്യയിലേയ്ക്ക് വന്നവരെ അംഗീകൃത ഇന്ത്യന്‍പൗരന്മാരായി കണക്കാക്കുകയും അതിനുശേഷം വന്നവരെ അന്തര്‍ദ്ദേശീയ നിയമങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും നിരക്കുംപടി അതാത് രാജ്യത്തേയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്യുക.
നമ്മുടെ പാര്‍ട്ടി മുന്നോട്ടുവച്ച ഈ നിര്‍ദ്ദേശങ്ങള്‍ ആസാമീസ് ഭാഷ സംസാരിക്കുന്നവരും അല്ലാത്തവരും ഒരുപോലെ ഹൃദയംഗമമായി സ്വീകരിക്കുകയുണ്ടായി. ഇങ്ങനെ മാത്രമേ ഈ പ്രശ്നം പരിഹിരിക്കാന്‍ കഴിയൂ. അല്ലാതെ ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെ ‘വിദേശി’ കളായി മുദ്രകുത്തി അവരെ വോട്ടര്‍പട്ടികയില്‍നിന്നും പൗരത്വരജിസ്റ്ററില്നിന്നുമൊക്കെ വെട്ടിക്കളയുന്നതുകൊണ്ട് ഒരുപരിഹാരവുമുണ്ടാകാന് പോകുന്നില്ല. അത്തരം ഫാസിസ്റ്റ് നടപടികള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ കുടുതല്‍ അകല്‍ച്ച സൃഷ്ടിക്കാനും വര്‍ഗ്ഗീയത ശക്തിയാര്‍ജ്ജിക്കാനും ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ ശാന്തിയും സൗഹാര്‍ദ്ദവും തകര്ക്കാനുംമാത്രമേ ഉപകരിക്കൂ.
നമ്മുടെ ആശങ്കകള്‍ ശരിയെന്നു തെളിഞ്ഞു. 1983 ആസാമിന്റെ ചരിത്രത്തില്‍ ഒരു കറുത്ത ഏടായി. ന്യൂനപക്ഷവിഭാഗങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങള്‍ അക്രമിസംഘങ്ങള്‍ വളഞ്ഞാക്രമിച്ചു. നെല്ല, ചല്കോവ, മുഗള്മോവ, ഗോഹോപൂര് തുടങ്ങിയ സ്ഥലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ കൊലചെയ്യപ്പെട്ടു. ആ ഭീകരനാളുകളില്‍ പ്രക്ഷോഭക്കാര്‍ക്കെതിരെ ശബ്ദിക്കാന്‍പോലും ആരെയും അനുവദിച്ചില്ല. സംസ്ഥാനത്ത് ഒരു ഫാസിസ്റ്റ് അന്തരീക്ഷം നടമാടി. എന്നാല്‍, ഈ അതിക്രമത്തെയും കൂട്ടക്കൊലയെയുമൊക്കെ രാജ്യത്തും പുറത്തുമുള്ളവര്‍ ഒന്നടങ്കം രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ഈ പ്രതിഷേധം മൂലമാണ് കേന്ദ്രഗവണ്മെന്റ്’നിയമവിരുദ്ധ കുടിയേറ്റ(നിര്‍ണ്ണയ ട്രൈബൂണല്‍) നിയമം’ (ഐഎംഡിറ്റി ആക്ട്) പാസാക്കിയത്. മത-ഭാഷാന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട ഇന്ത്യന്‍ പൗരന്മാര്ക്ക് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളില്‍നിന്നും അപമാനത്തില്‍നിന്നും പുറമേയ്ക്കെങ്കിലും കുറച്ച് സംരക്ഷണം നല്കാന് ഇത് ഉപകരിച്ചിട്ടുണ്ട്. പിന്നീട് ആര്‍എസ്എസ്-ബിജെപിയും പ്രാദേശികവാദ സംഘടനകളും ഈ നിയമത്തിനെതിരെ കോലാഹലമുണ്ടാക്കുകയും കുതന്ത്രങ്ങള്‍ പയറ്റുകയും ചെയ്തു. ഒടുവില്‍ സുപ്രീംകോടതി ആ നിയമം റദ്ദാക്കി. മതമൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയുമൊക്കെ പാതയില്‍നിന്ന് ന്യൂനപക്ഷവിഭാഗങ്ങളില്പെടുന്ന യുവാക്കളെ ഒരുപരിധിവരെ പിന്തിരിപ്പിക്കാന് നമ്മുടെ പാര്‍ട്ടി നടത്തിയ പ്രചാരണ പ്രവര്‍ത്തനത്തിലൂടെ സാധിച്ചിരുന്നു എന്ന കാര്യം ഇവിടെ ഓര്‍ക്കണം.
ബിജെപി ഭരണവും സപ്തകക്ഷി സഖ്യവും
ആസാംപ്രക്ഷോഭത്തിലൂടെ സൃഷ്ടിക്കപ്പെട്ട സ്ഫോടനാത്മകമായ അന്തരീക്ഷത്തെ അഭിമുഖീകരിക്കുന്നതിനായി നമ്മുടെ പാര്‍ട്ടി മുന്‍കൈയെടുത്ത് കോണ്‍ഗ്രസ് (എസ്), ലോക്ദള്‍, പിഡിപി, എസ് യുസിഐ കമ്മ്യൂണിസ്റ്റ്, സിപിഐ, സിപിഐഎം, ആര്‍സിപിഐ എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ഒരു സപ്തകക്ഷി സഖ്യം രൂപീകരിച്ചിരുന്നു. സംഘര്‍ഷാന്തരീക്ഷത്തിന് അയവുവരുത്താന്‍ ഇത് വളരെ സഹായകമായി. വിദേശപൗരന്മാരെ കണ്ടെത്താനുള്ള വിഛേദന വര്‍ഷമായി 1971 അംഗീകരിക്കപ്പെട്ടത് ഈ സഖ്യത്തിന്റെ സമ്മര്‍ദ്ദഫലമായിട്ടായിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ആസുവും ചേര്‍ന്ന് 1985 ആഗസ്റ്റ് 15ന് ‘ആസാം ഒത്തുതീര്‍പ്പ്’ എന്ന പേരില്‍ ഒരു ഒത്തുതീര്‍പ്പില്‍ ഒപ്പുവച്ചു. വിഛേദന ദിവസമായി 1971 മാര്‍ച്ച് 25 അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് ആസു നേതൃത്വം എജിപി എന്ന ദേശീയ പാര്‍ട്ടിക്ക് രൂപം നല്കി. സംസ്ഥാന ഭരണം സംബന്ധിച്ച് അന്നത്തെ കോണ്‍ഗ്രസ് ഗവണ്മെന്റുമായി ഇവര്‍ക്ക് ധാരണയുണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് എജിപി പത്തുവര്‍ഷം ആസാം ഭരിച്ചു. ഇന്ന് അവര്‍ ബിജെപിയുമായി ചേര്‍ന്ന് സംസ്ഥാനം ഭരിക്കുന്നു. രണ്ടുതവണ ഭരിച്ചപ്പോഴും അവര്‍ ‘വിദേശി’ കളെ കണ്ടെത്താനെന്നപേരില് ന്യൂനപക്ഷ വിഭാഗങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവര്‍ വിളിച്ചുകൂവിയിരുന്നതുപോലെ ‘ലക്ഷക്കണക്കിന് വിദേശി’ കളെയൊന്നും കണ്ടെത്താനായില്ല. 1997ല്‍ അവര്‍ പുതിയൊരു തന്ത്രം പയറ്റി. 3.7ലക്ഷം ഇന്ത്യന്‍ പൗരന്മാരെ ഡി-വോട്ടര്‍മാര്‍ അഥവാ സംശയാസ്പദ വോട്ടര്‍മാര്‍ എന്ന് മുദ്രകുത്തി. അങ്ങനെ ന്യൂനപക്ഷവിഭാഗങ്ങളുടെ വോട്ടവകാശം നിഷേധിച്ചു. ആറുമാസത്തിനുള്ളില്‍ പരിശോധനനടത്തി ഇവര്‍ യഥാര്ത്ഥവോട്ടര്മാരാണെങ്കില് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും എന്നാണ് പറഞ്ഞിരുന്നത്. ഇരുപതുവര്‍ഷമായിട്ടും ഈ പരിശോധന നടന്നിട്ടില്ല. ഇവരുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. കോടതിയില്‍ ഇത് ചോദ്യം ചെയ്ത 97 ശതമാനം വോട്ടര്‍മാര്‍ക്കും പൗരത്വം അംഗീകരിച്ചുകിട്ടി.
അതിന്റെ അര്‍ത്ഥം നിയമംപാലിക്കാതെ, തോന്നുംപടിയാണ് ഈ ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ്. ഇപ്പോള്‍ 2.5ലക്ഷം ഡി-വോട്ടര്‍മാരുണ്ട്. ചിലരെ അവരുടെ അറിവില്പെടാതെ, വിദേശികളെ കണ്ടെത്താനുള്ള ട്രിബ്യൂണലിലേയ്ക്ക് മാറ്റിയിരിക്കുന്നു. അവര്‍ക്ക് ഇതേക്കുറിച്ച് അറിയിപ്പ് നല്കാത്തതിനാല് അവര്‍ക്ക് ട്രിബ്യൂണലില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. അവരുടെ അസാന്നിദ്ധ്യത്തില്‍ അവരെ വിദേശികളായി പ്രഖ്യാപിച്ചിരിക്കുന്നു. അവരെ തടങ്കല്‍ പാളയങ്ങളിലേയ്ക്ക് അയച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിന് ആളുകളെ വിദേശികളായി മുദ്രകുത്താനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോഴാണ് പ്രാദേശികവാദ ശക്തികള്‍ ദേശീയ പൗരത്വരജിസ്റ്റര്‍ തയ്യാറാക്കണം എന്നവാദം ഉന്നയിച്ചത്. ഇതിലൂടെ ലക്ഷ്യം നേടാം എന്നവര്‍ കരുതുന്നു. ഡി-വോട്ടര്‍മാരെ ഈ ലിസ്റ്റില്‍ ഉള്പ്പടുത്തില്ല. ബന്ധപ്പെട്ട കോടതി അവരെ യഥാര്‍ത്ഥ പൗരന്മാരായി അംഗീകരിച്ചാലേ അവര്‍ക്ക് രജിസ്റ്ററില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാനാകൂ. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന 4500പേരെ ആദ്യകരടു രജിസ്റ്ററില്‍നിന്ന് പരിശോധനകള്‍ക്കുശേഷം ഒഴിവാക്കി. അവരുടെ അസാന്നിദ്ധ്യത്തില്‍ കോടതി അവരെ ‘വിദേശി’ കളായി പ്രഖ്യാപിച്ചതാണ് കാരണം.
സ്ഥാപിതതാല്പര്യക്കാരുടെ ഗൂഢനീക്കം തടയുക
അദ്ധ്വാനിക്കുന്നവരുടെ ഐക്യം ഊട്ടിയുറപ്പിക്കുക
ദേശീയ പൗരത്വരജിസ്റ്റര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ആസാമില്‍ ഇവ്വിധമൊരു സ്ഫോടനാത്മക അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. 4ലക്ഷത്തിലേറെ ഇന്ത്യന്‍ പൗരന്മാരെ ഡി-വോട്ടര്‍മാര്‍ എന്ന് മുദ്രകുത്തി 20വര്‍ഷമായി വോട്ടവകാശം നിഷേധിച്ചിരിക്കുന്നു. പലരെയും അവരുടെ അസാന്നിദ്ധ്യത്തില്‍ കോടതി ‘വിദേശി’ കളായി പ്രഖ്യാപിച്ചിരിക്കുന്നു. അനേകംപേരെ ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനു സമാനമായ തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നു. പാതിരാത്രിയില്‍ പലരെയും ബംഗ്ലാദേശിലേയ്ക്ക് നാടുകടത്തുകയും ചെയ്തു. മത-ഭാഷാ ന്യൂനപക്ഷവിഭാഗങ്ങളില്‍ പെട്ടവര്‍ ഭീതിയോടെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. പൗരത്വം നഷ്ടപ്പെടുമെന്ന ഭയം അവരെ വേട്ടയാടുകയാണ്. ആര്‍എസ്എസ്-ബിജെപി വര്‍ഗ്ഗീയ ശക്തികളുടെയും കുത്തിത്തിരുപ്പിന്റെ ഫലമായാണ് ഇതെല്ലാം സംഭവിക്കുന്നത്. രജിസ്റ്റര്‍ തയ്യാറാക്കാന്‍ ഭരണഘടനാപരമായ അധികാരമുള്ള രജിസ്ട്രാര്‍ ജനറള്‍ നിരായുധനാക്കെപ്പട്ടിരിക്കുകയാണ്. അസാധാരണമായ രീതിയില്‍ സുപ്രീംകോടതിയാണ് എല്ലാ ഉദ്യമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ വേണ്ടവണ്ണം കണക്കിലെടുക്കാത്ത രീതിയിലാണ് സുപ്രീംകോടതി ഈ വിഷയം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രക്ഷുബ്ധമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആശങ്കകള്‍ ഏറിവരുന്നു. ഇത്തരം ഒരു അവസ്ഥയില്‍ അദ്ധ്വാനിച്ചുജീവിക്കുന്ന ജനവിഭാഗങ്ങളോടാകെ വിഭാഗീയതയുടെ പാത വെടിയാനും ലക്ഷക്കണക്കിന് യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരുടെ പൗരത്വം കവര്‍ന്നെടുക്കാനുള്ള ഗൂഢപദ്ധതിയെ ചെറുത്തുതോല്‍പ്പിക്കാനായി ഉറച്ചുനിലകൊള്ളാനും അഭ്യര്‍ത്ഥിക്കുന്നു.