ഡിസംബറിലെ തണുത്തുറഞ്ഞ ഈ വയനാടന്‍ മണ്ണിലേക്ക് ചുരം കയറി ഞങ്ങളെത്തിയത് ഒരു ഉല്ലാസ യാത്രക്കൊന്നുമായിരുന്നില്ല . ഒരുപാട് അനാഥര്‍ക്ക് ആശ്രയവും അവലംബവുമായ വയനാട് മുസ്ലിം ഓര്‍ഫനേജ് സന്ദര്‍ശിക്കാനും അവരോടൊപ്പം അല്പം സമയം ചിലവഴിക്കാനുമാണ്. പക്ഷെ ഈ മതില്‍ കെട്ടിനകത്ത്‌ കയറി ഇവിടുത്തെ മക്കളെ കണ്ടത് മുതല്‍ ഞങ്ങളുടെ മനസ്സ് കൈവിട്ടു പോകുന്നത് പോലെ ..

ഒന്നിനും ഒരു കുറവുമില്ല ഇവര്‍ക്കിവിടെ. ഭക്ഷണവും വസ്ത്രവും അതിനേക്കാള്‍ കൂടുതല്‍ സ്നേഹവും വാരിക്കോരി നല്‍കാന്‍ നടത്തിപ്പുക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതിനൊക്കെ അപ്പുറം അവരാഗ്രഹിക്കുന്ന അല്ലെങ്കില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട കുറെ കാര്യങ്ങളില്ലേ.അമ്മയുടെ നെഞ്ചിലെ ചൂടും താരാട്ടിന്റെ ഈണവും അച്ഛന്‍ കൊണ്ടുവരുന്ന മിഠായി പൊതികളും അവരുടെ കൈതുമ്പ് പിടിച്ചുള്ള ഒരു കറക്കവുമെല്ലാം. അതിനെക്കാളുപരി സ്വന്തം വീടും കുടുംബവും നല്കൂന്ന ആശ്രയവും സുരക്ഷിതത്വവുമെല്ലാം ഒന്ന് വേറെ തന്നെയല്ലേ. ഇവരെ പൊന്നുപോലെ നോക്കുന്ന ഒരന്തരീക്ഷം ഇവിടുണ്ടെങ്കിലും കുട്ടികളുടെ മുഖത്ത് നിന്നും അങ്ങിനെയൊരു വികാരം ഞാന്‍ വായിച്ചെടുക്കുന്നത് തെറ്റാണോ എന്നെനിക്കറിയില്ല.

പക്ഷെ കുളിരണിയിക്കുന്ന വയനാടന്‍ പ്രകൃതി അവരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നുണ്ടാവണം . ഇവിടത്തെ കുളിര്‍ക്കാറ്റുകള്‍ അവര്‍ക്ക് താരാട്ട് പാടുന്നുണ്ടാവണം. മലമടക്കുകള്‍ അവര്‍ക്ക് അമ്മയായി തോന്നുന്നുണ്ടാവണം. ഇങ്ങിനെയൊക്കെ ആശ്വസിക്കാനേ നമുക്ക് പറ്റൂ.

ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ എങ്ങിനെ കുട്ടികള്‍ അനാഥരായി പിറക്കുന്നു എന്ന ചോദ്യം അപ്രസക്തമായിരിക്കുന്നു. ഇവരെല്ലാം ജനിച്ചത്‌ അനാഥരായാണ് എന്നും പറയാന്‍ പറ്റില്ല. അനാഥാലയങ്ങളില്‍ ഇവരെത്തിപ്പെടാന്‍ കാരണങ്ങള്‍ പലതാവാം. അതിനെ പറ്റി പല പഠനങ്ങളും റിപ്പോര്‍ട്ടുകളും നാം തന്നെ ദിനേന വായിക്കാറുണ്ട്. പക്ഷെ “അമ്മതൊട്ടിലുകളില്‍” ഏതെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ എന്ന് നല്ല മനസ്സോടെ നമ്മള്‍ ചെവിയോര്‍ക്കുന്ന (അവരെ ഉപേക്ഷിക്കുന്നവരെ ആരറിയുന്നു) ഈ കാലത്ത് അവര്‍ക്ക് പറ്റിയ സംരക്ഷണം കിട്ടുന്നുണ്ടോ എന്നത് തന്നെയാണ് വലിയ കാര്യം. കേരളത്തിലെ അനാഥാലയ പ്രസ്ഥാനങ്ങള്‍ ഈ കാര്യത്തില്‍ മികച്ച സേവനം നല്‍കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ. അതോടൊപ്പം ഇവരുടെ പേരിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന നീചന്മാരെ തിരിച്ചറിയേണ്ടതായും ഉണ്ട്.

നമുക്ക് വയനാട് ഓര്‍ഫനേജിലേക്ക് തിരിച്ചു വരാം. ഈ കുട്ടികള്‍ ഇവിടെ സന്തോഷവാന്മാരാണ്. സ്വാതന്ത്ര്യം അവര്‍ ആസ്വദിക്കുന്നു. ആത്മവിശ്വാസത്തോടെയാകും ഇവിടെ നിന്നും ഓരോ കുട്ടികളും പുറത്തിറങ്ങുന്നത്. അനാഥത്വത്തിന്റെ വേദന അവര്‍ക്കുണ്ടാവില്ല എന്ന് നമുക്ക് സമാധാനിക്കാം. ഇവിടെ പഠിച്ചു വലുതാകുന്ന പെണ്‍കുട്ടികള്‍ക്ക് സുന്ദരമായ കുടുംബ ജീവിതം ഇവര്‍ തന്നെ ഉറപ്പു വരുത്തുന്നു. വര്‍ഷങ്ങളില്‍ നടക്കുന്ന സമൂഹ വിവാഹങ്ങള്‍ അതിനോടൊപ്പം മതസൗഹാര്‍ദ്ധത്തിന്റെ കൂടി വേദിയാകുന്നു.

ഇത് പറയുമ്പോള്‍ ഊണിലും ഉറക്കത്തിലും ഇവരെ മനസ്സിലേറ്റുന്ന ഇവരുടെ സന്തോഷം സ്വപ്നം കാണുന്ന ജമാല്‍ സാഹിബ് എന്ന നല്ല മനുഷ്യനെയും അതെ മനസ്സോടെ കൂടെ നില്‍ക്കുന്ന സഹപ്രവര്‍ത്തകരെയും പിന്നെ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്ന എല്ലാ മതവിഭാഗങ്ങളിലും പെട്ട ഉദാരമാതികളെയും ഓര്‍ക്കാതെ പോകുന്നത് വലിയ തെറ്റാവും.

ഈ കുട്ടികളുടെ സന്തോഷം കണ്ട്‌ മനസ്സ് നിറഞ്ഞുതന്നെയാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്. പക്ഷെ ഒന്ന് തിരിഞ്ഞുനോക്കാന്‍ എന്റെ സ്വാര്‍ഥത എന്നെ അനുവദിച്ചില്ല. ഞങ്ങളുടെ കയ്യും പിടിച്ചു ഞങ്ങളുടെ മകള്‍ ഇറങ്ങിപോരുന്നത് യതീംഖാനയുടെ ചുവരില്‍ ചാരിനിന്നുകൊണ്ട്‌ ഒരു കുട്ടി ഒരു നഷ്ടബോധത്തോടെ നോക്കിനില്‍ക്കുന്നുണ്ടാവുമോ എന്നൊരു പേടി. പരിമിതികളുടെയും പ്രയോഗികതയുടെയും ഈ ലോകത്ത് അതവഗണിക്കുകയല്ലാതെ ആ ഒരു ചിത്രം താങ്ങാനുള്ള കരുത്ത് എനിക്കില്ല തന്നെ

Advertisements