ആര്‍ത്തവമെന്ന വാക്ക് സങ്കോചം കൂടാതെ സംസാരിക്കാന്‍ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകേണ്ടിവന്നു

535

Kiran A R

എഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സംഭവം. ക്ലാസിലെ പെൺകുട്ടികൾ ചില ദിവസങ്ങളില് ഇടയ്ക്കിടെ ടീച്ചറോട് എന്തോ രഹസ്യം പറയുന്നു, കൂട്ടുകാരിയോടൊപ്പം പുറത്തു പോകുന്നു. കുറച്ചു കഴിഞ്ഞു തിരികെ വരുന്നു. ക്ലാസ്സിനിടയില് വെള്ളം കുടിക്കാന് പോലും ആണ്കുട്ടികളെ സമ്മതിക്കാത്ത ടീച്ചർമാര് പോലും ഒരു മടിയും കൂടാതെ പെണ്കുട്ടികളുടെ ആവശ്യം അംഗീകരിക്കുന്നു.. ഇതെന്ത് ആചാരമാണെന്ന് മനസ്സിലാകാതെ ഒരു കൊല്ലം കടന്നുപോയി..

അവധി ദിവസങ്ങളില് എന്നും കൂടെ കളിക്കാന് വരാറുള്ള ചെറിയമ്മയുടെ മകള് ഒരു ദിവസം മുതൽ പെട്ടെന്ന് വരാതെയായി. അമ്മയോട് കാരണം ചോദിച്ചപ്പോൾ “അവൾ വലിയ കുട്ടിയായി, ഇനി കളിക്കാന് വരില്ല ” എന്ന് മാത്രം പറഞ്ഞവസാനിപ്പിച്ചു.. ഒരു ദിവസം കൊണ്ട്‌ പെൺകുട്ടികൾ വലുതാകുന്ന അവസ്ഥാവിശേഷം അപ്പോഴും എനിക്ക് പിടികിട്ടാതെ തുടർന്നു..

ഒമ്പതാം ക്ലാസ്സിൽ ബയോളജി ടെക്സ്റ്റ് ബുക്കിൽ പ്രത്യുൽപാദനത്തെക്കുറിച്ചുള്ള പാഠഭാഗം, അടക്കിപ്പിടിച്ച ചിരികളുടെയിടയിൽ പകുതി മനസ്സിലാക്കിയും പകുതി മനസ്സിലാകാതെയും കാണാതെ പഠിച്ചു. ഒരു ദിവസം കൊണ്ട്‌ പെൺകുട്ടികൾ വലുതാകുന്ന, അനിയത്തിമാർക്ക് ഏഴു ദിവസം അമ്പലത്തില് പോകാൻ പറ്റാത്ത അവസ്ഥാവിശേഷത്തിന് പേര് ആര്ത്തവമെന്നാണെന്ന് പഠിച്ചു.. ആ വാക്കും അതിനെക്കുറിച്ചുള്ള ചര്ച്ചകളും പുറത്തുപറയാൻ കൊള്ളാത്ത ഒന്നാണെന്ന് മാത്രം പഠിച്ചു.. അല്ല, പൊതുസമൂഹം പഠിപ്പിച്ചു..

കോളേജ് പഠനകാലത്ത്‌ പരിചയപ്പെട്ട ഒരു പെണ്സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിനിടയിൽ, അവളുടെ ശബ്ദത്തിലെ വല്ലായ്മയെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ തനിക്ക് സുഖമില്ലെന്ന് മാത്രം പറഞ്ഞൊഴിഞ്ഞു. അവസാനം “പെണ്കുട്ടികള്ക്ക് മാത്രം വരുന്ന ഒരു കാര്യമാണോ ” എന്ന മൂന്നാം കിട ചോദ്യത്തിൽ ഞാനും “അതേ” എന്ന ഉത്തരത്തിൽ അവളും അത് അവസാനിപ്പിച്ചു..

അവസാനം ആര്ത്തവമെന്ന വാക്ക് സങ്കോചം കൂടാതെ സംസാരിക്കാന് ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകേണ്ടിവന്നു.. അത് പെണ്ണിന്റെ അശുദ്ധിയല്ലെന്നും ജീവശാസ്ത്രപരമായ ഒരു പ്രത്യേകത മാത്രമാണെന്നും ആ ദിവസങ്ങൾ പറഞ്ഞുതന്നു.. ആ ദിവസങ്ങളില് അവരെ അവഗണിക്കുന്നതിനു പകരം നാം കൊടുക്കുന്ന കരുതല്, അവര് ഒരു ജീവിതം മുഴുവന് ഏറ്റവും സ്നേഹത്തോടെ ഓര്മ്മിക്കുമെന്ന് ആ കാലം പഠിപ്പിച്ചു. ഇരുപത്തിയൊന്നു വയസ്സുവരെ ശരിയെന്ന് കരുതിയതെല്ലാം മുതിര്ന്നവര് പകര്ന്നുതന്ന വിവരക്കേടാണെന്ന് ബോധ്യമായി.. ആ വിവരക്കേടുകൾ മാസത്തിലേഴുദിവസവും ഇരുട്ടിലാക്കിയത് എണ്ണിയാലൊടുങ്ങാത്ത പെണ്ജീവിതങ്ങളെയാണെന്ന് അറിഞ്ഞുതുടങ്ങി.. ആ അറിവ്, സ്വയം തിരുത്താന് പ്രേരിപ്പിച്ചു..

എട്ട് വർഷങ്ങൾക്കപ്പുറം 2019ല് വന്നുനിൽക്കുമ്പോൾ, പിരിയഡ്സ് എന്ന വാക്ക് ഒട്ടും മടികൂടാതെ, ശബ്ദം താഴ്ത്താതെ സംസാരിക്കുന്ന പെണ്ണുങ്ങളും ആണുങ്ങളുമുണ്ട്, സുഹൃത്തുക്കളായിട്ട്.. ആ വാക്ക് ഇന്നൊരു അശ്ലീലമോ തമാശയോ ആവാതെ സ്വാഭാവികമായി ഞങ്ങൾക്കിടയില് നിലനില്ക്കുന്നു..

എട്ട് വർഷങ്ങൾക്ക് മുമ്പ് പഠിച്ച അതേ കോളേജിൽ ഇപ്പോൾ ആര്ത്തവത്തെക്കുറിച്ച്, അതിലെ മിത്തുകളെയും ശരിതെറ്റുകളെയും കുറിച്ച് ലിംഗഭേദമന്യേ ബോധവല്ക്കരണ ക്ലാസ്സുകൾ നടക്കുന്നു.. പതിനെട്ടും പത്തൊമ്പതും വയസ്സുള്ള ആണും പെണ്ണും അത് കേള്ക്കാനും ചർച്ചചെയ്യാനും ഒരു മുറിയില് ഒത്തുകൂടുന്നു..

കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറിയ ട്രെയിനില് എതിർവശത്തിരിയ്ക്കുന്ന ഹൈസ്കൂൾ വിദ്യാര്ത്ഥിനികളും വിദ്യാര്ത്ഥികളും menstruation tracker ആപ്പുകളെക്കുറിച്ച് സംസാരിക്കുന്നു.. തൊട്ടപ്പുറത്ത് തലയില് കൈവെച്ച് ലോകാവസാനം അടുത്തുവെന്ന ഭാവേന ഇരിക്കുന്ന രണ്ടു കുലസ്ത്രീകളുടെ സാന്നിധ്യവും അടക്കിപ്പിടിച്ച സദാചാരത്തെറികളും ഒരു ചിരിയാല് അവഗണിച്ചുകൊണ്ട് അവർ അത്രമേല് മനോഹരമായി ലിംഗസമത്വമെന്ന വാക്ക് വരച്ചിടുന്നു..

അവരാണ്, നൂറ്റാണ്ടുകളായി ചരിത്രം മാനവികതയ്ക്കെതിരെ ചെയ്തുപോരുന്ന തെറ്റുകൾ തിരുത്താന് പോകുന്നത്. അവരാണ്, നാം ജീവിക്കുന്ന ഈ ലോകത്തെ അല്പം കൂടി സുന്ദരമാക്കാൻ പോകുന്നത്. അവരാണ്, എന്റെ വീട്ടിലുള്ള രണ്ടുവയസ്സുകാരിയ്ക്ക് സ്വയം അറിയാനും നവീകരിക്കാനുമുള്ള പാഠപുസ്തകങ്ങളാകാൻ പോകുന്നത്..

മതത്തിന്റെയോ ആചാരങ്ങളുടെയോ കഴിഞ്ഞുപോയ സുവര്ണകാലങ്ങളുടെയോ ചങ്ങലക്കണ്ണികളിൽ കുരുക്കി എത്ര ശ്വാസംമുട്ടിക്കാൻ ശ്രമിച്ചാലും, വഴിതെറ്റിയ പുതുതലമുറയെന്ന് ശപിച്ച് അവരെ എത്ര പുറകോട്ടു വലിച്ചാലും തടഞ്ഞു നിര്ത്തിയാലും, അവർ മുന്നോട്ട് നടക്കുക തന്നെ ചെയ്യും.. അവർ പരത്തുന്ന ചിന്തകൾ പതിയെയാണെങ്കിലും ഒരു മാറ്റത്തിന് വിത്തുപാകും..

അതാതുകാലങ്ങളിലെ സാമൂഹിക മാറ്റങ്ങൾ എതിര്ത്തവരെ പില്ക്കാലത്ത് തേടിയെത്തുന്ന അതേ വിധി ഇന്നത്തെ “സദാചാര സംരക്ഷകര്” സ്വീകരിക്കേണ്ടിവരും.. സമത്വമെന്ന ആശയത്തെ പാടേ തിരസ്കരിച്ച പിന്തിരിപ്പന്മാരായി മുദ്രകുത്തപ്പെട്ട് പതിയെ മറക്കപ്പെടും..

ലിംഗനീതി പുലരും..

 

Advertisements