വെറും ഏഴു കളികള്‍ ജയിച്ചാല്‍ കിട്ടാന്‍ പോകുന്നത് പന്ത്രണ്ടേമുക്കാല്‍ കോടി രൂപ! ഏഴാമത്തെ കളിയില്‍, അതായതു ഫൈനലില്‍, തോറ്റു പോയി എന്നു കരുതുക. എങ്കില്‍പ്പോലും ആറേകാല്‍ കോടി രൂപ കിട്ടും. ഒന്നാം റൌണ്ടില്‍ മാത്രമേ കളിച്ചുള്ളു, അതില്‍ തോറ്റു പോകുകയും ചെയ്തു എന്നു തന്നെ കരുതുക. എന്നാലും കിട്ടും, പതിനേഴു ലക്ഷം രൂപ.
ഒന്നു ശ്രമിച്ചു നോക്കരുതോ?
കളി നടക്കാന്‍ പോകുന്നേയുള്ളു. ഈ വരുന്ന ഇരുപത്തിനാലാം തീയതി മുതല്‍ ജൂണ്‍ ഏഴു വരെയായിരിയ്ക്കും, കളികള്‍. നമ്മുടെ നാട്ടിലൊന്നുമല്ല, അങ്ങു പാരീസിലാണു കളി നടക്കുക. കൃത്യമായിപ്പറഞ്ഞാല്‍ പാരീസിലെ റൊളാങ് ഗ്യാരോ സ്റ്റേഡിയത്തില്‍. ഫ്രെഞ്ച് ഓപ്പണ്‍ എന്നാണ് ആ ടൂര്‍ണമെന്റ് പൊതുവില്‍ അറിയപ്പെടുന്നത്. അതൊരു ടെന്നീസ് ടൂര്‍ണമെന്റാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
സമ്മാനത്തുകകള്‍
പണം നേടുന്ന കാര്യത്തെപ്പറ്റിത്തന്നെ പറയാം. ആകെ ഏഴു കളികള്‍ മാത്രമാണ് സിംഗിള്‍സില്‍ ഒരു കളിക്കാരന് അഥവാ കളിക്കാരി കളിയ്ക്കേണ്ടത്: നാലു റൌണ്ടുകള്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍. പുരുഷന്മാര്ക്കും വനിതകള്‍ക്കും ഒരേ തുകകള്‍ തന്നെ കിട്ടുന്നു. ഗ്രാന്റ് സ്ലാം എന്നറിയപ്പെടുന്ന നാലു ടൂര്‍ണമെന്റുകളിലെ ഓരോ റൌണ്ടിലേയും സമ്മാനത്തുകകളുടെ പട്ടിക താഴെ കൊടുക്കുന്നു:
Men’s and Women’s Singles Prize Amounts (In lakhs of rupees) | ||||
French Open 2015 | Wimbledon 2015 | Australian Open 2015 | US Open 2014 | |
Stages | ||||
Winners | 1272.42 | 1818.71 | 1572.32 | 1905.60 |
Runners up | 636.21 | 919.03 | 786.16 | 921.04 |
Semi Finalists | 318.11 | 464.35 | 329.68 | 463.70 |
Quarter Finalists | 173.19 | 232.18 | 172.45 | 235.18 |
4th Round | 88.36 | 116.09 | 88.76 | 118.97 |
3rd Round | 50.90 | 72.56 | 49.45 | 66.75 |
2nd Round | 29.69 | 45.47 | 30.43 | 38.38 |
1st Round | 16.97 | 28.05 | 17.50 | 22.71 |
മെയ് 24 മുതല്‍ ജൂണ്‍ 7 വരെ നടക്കാന്‍ പോകുന്ന ഫ്രെഞ്ച് ഓപ്പണില്‍ കപ്പു നേടിയാല്‍ കിട്ടുന്ന തുക 12 കോടിയിലേറെയാണെങ്കില്, ജൂണ്‍ 29 മുതല്‍ ജൂലായ് 12 വരെ നടക്കാന്‍ പോകുന്ന വിംബിള്‍ഡണില്‍ കിട്ടാന്‍ പോകുന്നത് 18 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ യു എസ് ഓപ്പണില്‍ കപ്പു നേടിയവര്‍ക്ക്, പുരുഷനും വനിതയ്ക്കും, കൊടുത്തത് 19 കോടി രൂപ വീതമായിരുന്നു. ജനുവരി മാസം 19 മുതല്‍ ഫെബ്രുവരി 1 വരെ നടന്ന ആസ്ട്രേലിയന്‍ ഓപ്പണില്‍ കപ്പുനേടിയവര്ക്കു കൊടുത്തത് 15 കോടിയിലേറെയായിരുന്നു. ഡബിള്‍സ്, മിക്സഡ് ഡബിള്‍സ്, എന്നിങ്ങനെയുള്ള ഇനങ്ങളിലെ വിജയികള്‍ക്കു കിട്ടുന്ന തുകകള്‍ സിംഗിള്‍സിലെ തുകകളേക്കാള്‍ കുറവാണ്.
മുകളില്‍ കൊടുത്തിരിയ്ക്കുന്ന തുകകളില്‍ വിദേശവിനിമയനിരക്കനുസരിച്ച് മാറ്റങ്ങള്‍ വന്നുകൊണ്ടിരിയ്ക്കും.
സമ്മാനത്തുകകളുടെ തുല്യത
വനിതകള്‍ക്ക് പുരുഷന്മാരുടേതിനു തുല്യമായ സമ്മാനത്തുകകള്‍ നല്‍കുന്നതിനോട് പല എതിര്‍പ്പുകളുമുണ്ടായിരുന്നു. അതിനു പ്രധാന കാരണമായിപ്പറഞ്ഞിരുന്നത് ഗ്രാന്റ് സ്ലാമുകളില്‍ വനിതകള്‍ക്ക് വിജയിയ്ക്കാന്‍ അങ്ങേയറ്റം മൂന്നു സെറ്റുകള്‍ മാത്രം കളിച്ചാല്‍ മതി, പുരുഷന്മാര്ക്കാകട്ടെ, അഞ്ചു സെറ്റു വരെ കളിയ്ക്കേണ്ടി വരുന്നു എന്നായിരുന്നു. പലപ്പോഴും പുരുഷന്മാരുടെ കളികള്‍ മണിക്കൂറുകളോളം നീളുമ്പോള്‍, വനിതകള്‍ തമ്മിലുള്ള കളി പെട്ടെന്നു തീര്‍ന്നു പോകുന്നു. 2014ലെ വിംബിള്‍ഡണ്‍ ഫൈനലുകള്‍ ഇതിന് ഉദാഹരണമാണ്. വനിതകളുടെ ഫൈനല്‍ വെറും 55 മിനിറ്റു മാത്രമേ നീണ്ടുനിന്നുള്ളു. പുരുഷന്മാരുടേതാകട്ടെ നാലു മണിക്കൂര്‍ നീണ്ടു. 55 മിനിറ്റു മാത്രം കളിച്ച യൂജീനി ബൂഷാഡിനും നാലു മണിക്കൂറോളം കളിച്ച റോജര്‍ ഫെഡറര്‍ക്കും കിട്ടിയത് ഒരേ തുക തന്നെ: 8 കോടി 44 ലക്ഷം രൂപ.
പോയിന്റുകള്‍
സമ്മാനത്തുകകള്‍ക്കു പുറമെ, കളിക്കാര്‍ക്ക് ഓരോ റൌണ്ടിലും പോയിന്റുകള്‍ കൂടി കിട്ടും. ടെന്നീസിലുള്ള പ്രധാനപ്പെട്ട തരം ടൂര്‍ണ്ണമെന്റുകളും അവയുടെ ജേതാക്കള്‍ക്കു കിട്ടുന്ന പോയിന്റുകളും താഴെപ്പറയുന്നവയാണ്:
ഗ്രാന്റ് സ്ലാം | 2000 |
ഏ ടി പി വേൾഡ് ടൂർ ഫൈനൽസ് | 1500 |
ഏ ടി പി മാസ്റ്റേഴ്സ് | 1000 |
ഏ ടി പി | 500 |
ഏ ടി പി | 250 |
ഏ ടി പി ചലഞ്ചേഴ്സ് | 125 |
ഐ ടി എഫ് മെൻസ് സർക്യൂട്ട് | 35 |
ഏ ടി പി ചാമ്പ്യൻസ് (മുൻ കാല ചാമ്പ്യന്മാർക്കുള്ളത്) |
അസോസിയേഷന് ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ് ആണ് ഏ ടി പി. ഐ ടി എഫ് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷനും. ടെന്നീസിന്റെ നിയമങ്ങള്‍ തയ്യാറാക്കുന്നത് ഐ ടി എഫ് ആണ്.
ഇങ്ങനെ കിട്ടിയിരിയ്ക്കുന്ന ആകെ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ലോകറാങ്ക് ലിസ്റ്റ് തയ്യാറാകുന്നത്. ഇപ്പോള്‍ ആദ്യ പത്തു സ്ഥാനങ്ങളിലുള്ളത് താഴെ പറയുന്ന കളിക്കാരാണ്:
1 | നൊവാക് ജ്യോക്കോവിച്ച് | 13845 |
2 | റോജർ ഫെഡറർ | 8635 |
3 | ആൻഡി മറെ | 6220 |
4 | റാഫേൽ നദാൽ | 5390 |
5 | കെയ് നിഷികോരി | 5280 |
6 | മിലോസ് റാവനിച്ച് | 5070 |
7 | തോമസ് ബേർഡിച്ച് | 4960 |
8 | ഡേവിഡ് ഫെറെയർ | 4490 |
9 | സ്റ്റാനിസ്ലാസ് വാവ്റിൻക | 3495 |
10 | മാരിൻ ചിലിച്ച് | 3405 |
കളിക്കാര്‍ക്ക് ടൂര്‍ണമെന്റുകളില്‍ കളിയ്ക്കാനുള്ള അവസരം ലഭിയ്ക്കുന്നത് പോയിന്റുകളെ അടിസ്ഥാനമാക്കിയാണ്. ഉയര്‍ന്ന റാ!ങ്കുള്ളവര്ക്ക് അവസരങ്ങളുറപ്പ്.
ഗ്രാന്റ്സ്ലാമുകള്‍
ഗ്രാന്റ് സ്ലാമുകളിലാണ് ഏറ്റവുമുയര്‍ന്ന സമ്മാനത്തുകകളും പോയിന്റുകളും കിട്ടുന്നതെന്ന് വ്യക്തമാണല്ലോ. മറ്റുള്ള ടൂര്‍ണ്ണമെന്റുകളില്‍ സമ്മാനത്തുകകളും പോയിന്റുകളും ഗ്രാന്റ് സ്ലാമുകളിലേതിനേക്കാള് കുറവായിരിയ്ക്കും. ഗ്രാന്റ്സ്ലാമുകളിലെ ഉയര്‍ന്ന പ്രതിഫലത്തിനു കാരണമുണ്ട്. ഗ്രാന്റ്സ്ലാമുകളിലെ പുരുഷന്മാരുടെ കളികളെല്ലാം ബെസ്റ്റ് ഓഫ് ഫൈവ് എന്ന അടിസ്ഥാനത്തിലായിരിയ്ക്കുമ്പോള് മറ്റുള്ള ടൂര്‍ണ്ണമെന്റുകളിലെല്ലാം ബെസ്റ്റ് ഓഫ് ത്രീ എന്ന അടിസ്ഥാനത്തിലായിരിയ്ക്കും. ഗ്രാന്റ് സ്ലാമുകളിലെ കളികള്‍ അഞ്ചു സെറ്റു വരെ നീണ്ടു പോയെന്നു വരാം. അതുകൊണ്ട് വൈദഗ്ദ്ധ്യവും സ്റ്റാമിനയും ഉള്ളവര്‍ക്കു മാത്രമേ ഗ്രാന്റ് സ്ലാമുകളില്‍ വിജയികളാകാനാകുകയുള്ളു.
ആകെ നാലു ഗ്രാന്റ് സ്ലാം ടൂര്ണ്ണമെന്റുകളാണുള്ളതെന്നു സൂചിപ്പിച്ചു കഴിഞ്ഞു. അവ താഴെ പറയുന്ന സ്ഥലങ്ങളിലാണു നടക്കാറുള്ളത്:
1. ആസ്ട്രേലിയന്‍ ഓപ്പണ്‍ മെല്‍ബണ്‍ ജനുവരിഫെബ്രുവരി
2. ഫ്രെഞ്ച് ഓപ്പണ്‍ റൊളാങ് ഗ്യാരോ – മെയ്ജൂണ്‍
3. വിംബിള്‍ഡണ്‍ ലണ്ടന്‍ ജൂണ്‍ജൂലായ്
4. യൂ എസ് ഓപ്പണ്‍ ന്യൂയോര്‍ക്ക് – ആഗസ്റ്റ്സെപ്റ്റംബര്‍
ഇവയ്ക്കു പുറമെ, രാഷ്ട്രങ്ങള്‍ തമ്മില്‍ ‘ഡേവിസ് കപ്പ്’ എന്നൊരു പരമ്പരയുമുണ്ട്. ഡേവിസ് കപ്പിലെ കളികളും ‘ബെസ്റ്റ് ഓഫ് ഫൈവ്’ അടിസ്ഥാനത്തിലുള്ളവയാണ്.
പ്രവേശനം
ഗ്രാന്റ് സ്ലാമുകളില്‍ കളിയ്ക്കാന്‍ പ്രവേശനഫീസില്ല. പക്ഷേ, പ്രവേശനം ലോകറാങ്കിങ്ങ് അനുസരിച്ചായിരിയ്ക്കും. സിംഗിള്സിനുള്ള അപേക്ഷകരില്‍ ഏറ്റവുമുയര്‍ന്ന റാങ്കുള്ള 104 പേര്‍ക്ക് നേരിട്ടു പ്രവേശനം സിദ്ധിയ്ക്കുന്നു. ശേഷിയ്ക്കുന്ന അപേക്ഷകര്‍ക്ക് മൂന്നു ക്വാളിഫൈയിങ്ങ് റൌണ്ടുകള്‍ കളിയ്ക്കേണ്ടി വരും. ക്വാളിഫൈയിങ്ങ് റൌണ്ടില്‍ കളിച്ചവരില്‍ നിന്ന് 16 പേര്‍ക്കും, വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്ന നിലയ്ക്ക് മറ്റ് എട്ടു പേര്‍ക്കും പ്രവേശനം കിട്ടുന്നു. അങ്ങനെ ആകെ 128 പേര് തികയുന്നു.
സ്കോറിങ്ങ്
ഒരു ടെന്നീസിനെ സെറ്റുകളും ഗെയിമുകളുമായി വിഭജിച്ചിരിയ്ക്കുന്നു. മൂന്നു സെറ്റ് ആദ്യമെടുക്കുന്ന കളിക്കാരന് വിജയിയ്ക്കുന്നു. ഒരു സെറ്റിലെ വിജയത്തിന് രണ്ടു വ്യവസ്ഥകളാണുള്ളത്: ചുരുങ്ങിയത് ആറു ഗെയിമെങ്കിലും എടുത്തിരിയ്ക്കണം; എതിരാളിയേക്കാള്‍ രണ്ടു ഗെയിം കൂടുതല്‍ നേടിയിരിയ്ക്കുകയും വേണം. ഗെയിമിലെ സ്കോറെണ്ണല് അല്പം വിചിത്രമാണ്: 0, 1, 2, 3…എന്നിങ്ങനെ എണ്ണുന്നതിനു പകരം, 0, 15, 30, 40…എന്നിങ്ങനെ പോകുന്നു ഗെയിമിലെ സ്കോര്‍. 40ല്‍ നില്ക്കുമ്പോള് ഒരു പോയിന്റു കൂടിയെടുത്താല്‍ ആ ഗെയിം കിട്ടുന്നു. എന്നാല്‍, സ്കോര്‍ 4040 ആകുകയാണെങ്കില്‍ (ഇതിന് ഡ്യൂസ് എന്നു പറയുന്നു) രണ്ടു പോയിന്റ് അടുപ്പിച്ചെടുക്കുന്നയാള്ക്ക് ആ ഗെയിം കിട്ടുന്നു.
ടൈ ബ്രേയ്ക്ക്
ഇരുകൂട്ടരും ആറു ഗെയിം വീതം എടുക്കുകയാണെങ്കില്‍ തുടര്‍ന്ന് ടൈ ബ്രേയ്ക്കു വരുന്നു. അതിലെ സ്കോറിങ്ങ് 0, 1, 2, 3…എന്നിങ്ങനെയാണ്. ടൈ ബ്രേയ്ക്കു വിജയിയ്ക്കാനും രണ്ടു വ്യവസ്ഥകളാണുള്ളത്: ചുരുങ്ങിയത് ഏഴു പോയിന്റെങ്കിലും നേടിയിരിയ്ക്കണം. എതിരാളിയേക്കാള്‍ രണ്ടു പോയിന്റെങ്കിലും കൂടുതലെടുത്തിരിയ്ക്കണം. ഗ്രാന്റ് സ്ലാമുകളില്‍ അഞ്ചു സെറ്റു കളിയ്ക്കേണ്ടി വന്നാല്‍, അഞ്ചാമത്തെ സെറ്റില്‍ ഈ ടൈ ബ്രേയ്ക്ക് ഉണ്ടാകുകയില്ല. 2010ലെ വിംബിള്‍ഡണില്‍ ജോണ്‍ ഈസ്നറും നിക്കൊളാസ് മാഹട്ടും തമ്മില്‍ നടന്ന ഒന്നാം റൌണ്ട് സമയദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ലോകറെക്കോര്‍ഡു സ്ഥാപിച്ചു. ആ മാച്ചിന്റെ അഞ്ചാം സെറ്റിന്റെ സ്കോര്‍ ഭീകരമായിരുന്നു: 7068. ഈസ്നര്‍ 70 ഗെയിമുകളും മാഹട്ട് 68 ഗെയിമുകളും എടുത്തു. മൂന്നു ദിവസങ്ങളിലായി പതിനൊന്നു മണിക്കൂറിലേറെ എടുത്ത ആ മാച്ചില്‍ ഈസ്നര്‍ കഷ്ടിച്ചു ജയിച്ചു.
ബ്രേയ്ക്ക് ഓഫ് സെര്‍വ്
ഗെയിമുകളില്‍ കളിക്കാര്‍ മാറി മാറി സെര്‍വു ചെയ്യുന്നു. ഒരു ഗെയിമില്‍ ഒന്നാമത്തെ കളിക്കാരന് സെര്‍വു ചെയ്യുന്നെങ്കില്‍ അടുത്ത ഗെയിമില്‍ രണ്ടാമത്തെ കളിക്കാരന് സെര്‍വു ചെയ്യുന്നു. ഒരു ഗെയിമില്‍ സെര്‍വു ചെയ്യുന്ന കളിക്കാരന് ആ ഗെയിം കിട്ടാനുള്ള സാദ്ധ്യതയുണ്ട്. എന്നാല്‍ അയാള്‍ക്ക് ആ ഗെയിം എടുക്കാനാകാതെ വരികയും, എതിരാളി ആ ഗെയിം എടുക്കുകയും ചെയ്യുമ്പോള്‍ എതിരാളി സെര്‍വു ബ്രേയ്ക്കു ചെയ്തു എന്നു പറയുന്നു. എതിരാളികള്‍ സെര്‍വു ചെയ്യുന്ന ഗെയിമുകള്‍ പിടിച്ചെടുക്കാന്‍ നല്ല കളിക്കാര്‍ക്കു മാത്രമേ സാധിയ്ക്കുകയുള്ളു.
ടെന്നീസിലെ ഷോട്ടുകള്‍
ടെന്നീസില്‍ കാണാറുള്ള ചില ഷോട്ടുകള്‍ താഴെപ്പറയുന്നവയാണ്:
1. സെര്‍വ്. മുകളിലേയ്ക്കെറിഞ്ഞ പന്ത് താഴേയ്ക്കു വരുമ്പോള്‍ കഴിയുന്നത്ര മുകളില്‍ വച്ചു തന്നെ ശക്തിയായി അടിയ്ക്കുന്നതാണ് സെര്‍വ്. എതിരാളിയ്ക്ക് തൊടാന്‍ പോലും പറ്റാത്തത്ര വേഗത്തിലുള്ള സെര്വിന് ഏയ്സ് എന്നു പറയുന്നു. ആസ്ട്രേലിയക്കാരനായ സാമുവല്‍ ഗ്രോത്ത് ആണ് ഏറ്റവും വേഗമുള്ള സെര്‍വു ചെയ്തത്: 263 കിലോമീറ്റര്‍. ക്രിക്കറ്റില്‍ ഏറ്റവും വേഗത്തിലുള്ള ബൌളിങ്ങ് റെക്കോര്‍ഡ് പാക്കിസ്ഥാനി ബൌളര്‍ ഷോയിബ് അക്തറിന്റെ പേരിലാണുള്ളത്. അക്തറിന്റെ ബൌളിങ്ങ് സ്പീഡ് 161.3 കിലോമീറ്റര്‍ ആയിരുന്നെന്നോര്ക്കുമ്പോള് സാമുവല്‍ ഗ്രോത്തിന്റെ സെര്‍വ് സ്പീഡിനെപ്പറ്റി ഏകദേശരൂപം കിട്ടും.
ആദ്യ സെര്‍വു പാഴായാല്‍ രണ്ടാമതു സെര്‍വു ചെയ്യാം. ഇത് ടെന്നീസിനു മാത്രമുള്ളൊരു സൌകര്യമാണ്. രണ്ടാമതു ചെയ്ത സെര്‍വും ശരിയായില്ലെങ്കില്‍ (ഇതിന് ഡബിള്‍ ഫോള്‍ട് എന്നു പറയുന്നു) മാത്രമേ പോയിന്റ് എതിരാളിയ്ക്കു കിട്ടുകയുള്ളു. രണ്ടാം സെര്വെന്ന സൌകര്യമുള്ളതുകൊണ്ട് പരമാവധി ശക്തിയുപയോഗിച്ചായിരിയ്ക്കും മിയ്ക്കവരും ഒന്നാം സെര്‍വ് ചെയ്യുക. ഒന്നാം സെര്‍വുകളില്‍ പലതും എതിരാളിയ്ക്ക് സ്പര്‍ശിയ്ക്കാന്‍ പോലുമാകാത്ത ഏയ്സുകളായിത്തീരുന്നതിന്റെ മുഖ്യ കാരണവും ഇതു തന്നെ. രണ്ടാം സെര്‍വു ചെയ്യേണ്ടി വരുമ്പോള്‍ വളരെ സൂക്ഷിച്ച്, വേഗം കുറച്ചായിരിയ്ക്കും മിയ്ക്കവരും ചെയ്യുന്നത്.
2. ഫോര്‍ഹാന്റ്. വലതു കൈ കൊണ്ടു കളിയ്ക്കുന്നവര്‍ തങ്ങളുടെ വലതു ഭാഗത്തു വന്നു കിട്ടുന്ന പന്തുകളെ അടിയ്ക്കുന്ന ഷോട്ടുകള്‍ക്ക് ഫോര്‍ഹാന്റ് ഷോട്ടുകള്‍ എന്നു പറയുന്നു. ഇടതുകൈ കൊണ്ടു കളിയ്ക്കുന്നവര്‍ തങ്ങളുടെ ഇടതു ഭാഗത്തു വരുന്ന പന്തുകളെ അടിയ്ക്കുന്നതും ഫോര്‍ഹാന്റ് ഷോട്ടുകള്‍ തന്നെ. പന്തിനെ പമ്പരത്തെപ്പോലെ കറക്കി വിടുന്ന ടോപ് സ്പിന്‍ ഷോട്ടുകളും ഇക്കൂട്ടത്തില്‍ പെടുന്നു.
3. ബാക്ക് ഹാന്റ്. വലതുകൈ കൊണ്ടു കളിയ്ക്കുന്നവരുടെ ഇടതു വശത്തു വരുന്ന പന്തുകളെ അടിയ്ക്കാന്‍ ബാക്ക് ഹാന്റ് ഷോട്ടുകള്‍ ഉപയോഗിയ്ക്കുന്നു. ഇത്തരം ഷോട്ടുകളില്‍ കൈയുടെ പുറം ഭാഗം പന്തിനെ അഭിമുഖീകരിയ്ക്കുന്നതു കൊണ്ടാണ് അവയെ ബാക്ക് ഹാന്റ് ഷോട്ടുകള്‍ എന്നു പറയുന്നത്. ഇടതുകൈ കൊണ്ടു കളിയ്ക്കുന്നവര്‍ ബാക്ക് ഹാന്റ് ഷോട്ടുകള്‍ ഉപയോഗിയ്ക്കുന്നത് വലതു വശത്തു വരുന്ന പന്തുകളെ അടിയ്ക്കാന്‍ വേണ്ടിയായിരിയ്ക്കും. ചെത്തി വിടുന്ന ബാക്ക് സ്പിന്നും (സ്ലൈസ് എന്നും പറയാം) ഇതിലുള്‍പ്പെടുന്നു.
4. വോളി. എതിരാളി അടിച്ചു വിടുന്ന പന്തിനെ നെറ്റിനടുത്തു നിന്നുകൊണ്ട് തടുത്തിടുന്നതിന് വോളി എന്നു പറയുന്നു. ചില കളിക്കാര്‍ സെര്‍വ്വു ചെയ്ത ഉടന്‍ നെറ്റിനടുത്തേയ്ക്ക് ഓടിച്ചെന്ന് അവിടെ വച്ച് എതിരാളിയുടെ പന്തിനെ തടുത്തിടാറുണ്ട്. ഇത് ‘സെര്‍വ് ആന്റ് വോളി’ രീതി എന്ന് അറിയപ്പെടുന്നു. ലോക രണ്ടാം നമ്പര്‍ താരമായ റോജര്‍ ഫെഡറര്‍ ഈ രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ താരമായ നൊവാക് ജ്യോക്കോവിച്ചും ഒന്നാം നമ്പര്‍ താരമായിരുന്ന റഫേല്‍ നഡാലും കോര്‍ട്ടിന്റെ പുറകില്‍, ബേസ് ലൈന്‍ ഏരിയയില്‍ നിന്നു കൊണ്ടാണു കളിയ്ക്കാറ്.
5. സ്മാഷ്. ഉയരത്തില്‍ നിന്നു താഴേയ്ക്കു വരുന്ന പന്തിനെ സെര്‍വു ചെയ്യുന്നതു പോലെ റാക്കറ്റ് കഴിയുന്നത്ര ഉയര്‍ത്തി അടിച്ചു വിടുന്നതിന് ഓവര്‍ഹെഡ് സ്മാഷ് എന്നു പറയുന്നു.
6. ലോബ്. നെറ്റിനടുത്തു നില്ക്കുന്ന എതിരാളിയുടെ ശിരസ്സിനു മുകളിലൂടെ, അയാള്‍ക്ക് സ്പര്‍ശിയ്ക്കാനാകാത്ത ഉയരത്തില്‍, അടിയ്ക്കുന്നതാണു ലോബ്. കോര്‍ട്ടിന്റെ പുറകറ്റത്തു വീഴാനിടയുള്ള ആ പന്ത് എടുക്കാന്‍ വേണ്ടി എതിരാളിയ്ക്ക് നെറ്റിനടുത്തു നിന്ന് കോര്‍ട്ടിന്റെ പിന് ഭാഗത്തേയ്ക്ക്, അതായത് ബേസ് ലൈനിലേയ്ക്ക് തിരക്കിട്ടോടിപ്പോകേണ്ടി വരുന്നു.
7. ഡ്രോപ്പ്. നെറ്റിനടുത്ത് വീഴുന്ന അടിയ്ക്ക് ഡ്രോപ്പെന്നു പറയുന്നു.
8. റ്റ്വീനര്. ബിറ്റ്വീന് ദ ലെഗ്സ്, ബിറ്റ്വീനര് എന്നെല്ലാം ഇതിനു പറയാറുണ്ട്. കോര്‍ട്ടിന്റെ പിന്‍ഭാഗത്തേയ്ക്ക് ഓടിക്കൊണ്ടിരിയ്ക്കേ, കാലുകള്‍ക്കിടയിലൂടെ അടിയ്ക്കുന്നതിനാണ് റ്റ്വീനര് എന്നു പറയുന്നത്. 2009ലെ യു എസ് ഓപ്പണിന്റെ സെമി ഫൈനലില്‍ നൊവാക് ജ്യോക്കോവിച്ചിനെതിരെ റോജര്‍ ഫെഡറര്‍ അടിച്ച ട്വീനര്‍ കാണേണ്ടതു തന്നെയായതുകൊണ്ട് അതിന്റെ യൂട്യൂബ് വീഡിയോയുടെ യു ആര് എല്‍ താഴെ കൊടുക്കുന്നു.
വിവിധ തരം കോര്‍ട്ടുകള്‍
ഹാര്‍ഡ് കോര്‍ട്ട്, ക്ലേ കോര്‍ട്ട്, ഗ്രാസ്സ് കോര്‍ട്ട് എന്നീ മൂന്ന് ഉപരിതലങ്ങളാണ് ഗ്രാന്റ് സ്ലാമുകള്‍ നടക്കുന്ന കോര്‍ട്ടുകള്‍ക്കുള്ളത്. ആസ്ട്രേലിയന്‍ ഓപ്പണും യു എസ് ഓപ്പണും നടക്കുന്നത് അക്രിലിക് കൊണ്ടുള്ള ഹാര്‍ഡ് കോര്‍ട്ടുകളിലാണ്. ഫ്രെഞ്ച് ഓപ്പണ്‍ ക്ലേ കോര്‍ട്ടുകളില്‍ നടക്കുമ്പോള്‍ വിംബിള്‍ഡന്‍ ഗ്രാസ്സ് കോര്‍ട്ടില്‍ നടക്കുന്നു. പന്തുകള്‍ക്ക് ഏറ്റവുമധികം വേഗമുള്ളത് യു എസ് ഓപ്പന്‍ നടക്കുന്ന ഹാര്‍ഡ് കോര്‍ട്ടുകളിലാണ്. പന്തിന്റെ വേഗമനുസരിച്ച് കളിക്കാരുടെ വേഗം വര്ദ്ധിയ്ക്കേണ്ടതിനാല്, പന്തിനു വേഗം കൂടുതലുള്ള കോര്‍ട്ടുകളിലെ കളി പ്രയാസമേറിയതാണ്. വിംബിള്‍ഡനിലെ ഗ്രാസ്സ് കോര്‍ട്ടുകള്‍ ഫ്രെഞ്ച് ഓപ്പണിലെ ക്ലേ കോര്ട്ടുകളേക്കാള് വേഗമുള്ളവയാണ്.
കോര്‍ട്ടിന്റെ വലിപ്പം
സിംഗിള്‍സ് കോര്‍ട്ടിന് 78 അടി നീളവും 27 അടി വീതിയുമുണ്ട്. മീറ്ററില്‍ 23.78 x 8.23. ഷട്ടില്‍ ബാഡ്മിന്റണിനുള്ള സിംഗിള്‍സ് കോര്‍ട്ടിന്റെ നീളം 44 അടിയും വീതി 17 അടിയും മാത്രമാണെന്നോര്‍ക്കുക. നന്നായി ഓടാനുള്ള കഴിവ് ടെന്നീസിലെ വിജയങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയ നൊവാക് ജ്യോക്കോവിച്ചിന് ആകെ 16.5 കിലോമീറ്റര്‍ ഓടേണ്ടി വന്നിരുന്നുവത്രെ. വനിതാചാമ്പ്യനാ!യ സെറീന വില്യംസ് ഓടിയത് 7.2 കിലോമീറ്ററായിരുന്നു. തളരാത്ത കാലുകളായിരുന്നിരിയ്ക്കണം അവരുടേത്. ഒരു പന്തു പോലും വിട്ടുകളയില്ല എന്ന ദൃഢനിശ്ചയത്തിന് തളരാത്ത കാലുകള്‍ കൂടിയേ തീരൂ. ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ ഇവര്‍ ഇരുവരും തന്നെ.
ടെന്നീസിന്റേത് ബാഡ്മിന്റണിന്റേതിനേക്കാള് വലിപ്പമുള്ള കോര്ട്ടായതുകൊണ്ട് കൂടുതല്‍ കാണികള്‍ക്ക് ടെന്നീസുകളി കാണാനാകും. ഗ്രാന്റ് സ്ലാം നടക്കുന്ന ടെന്നീസ് സ്റ്റേഡിയങ്ങളില്‍ മിയ്ക്കവയും ഔട്ട്ഡോര്‍ സ്റ്റേഡിയങ്ങളാണ്. മഴ കളി തടസ്സപ്പെടുത്താതിരിയ്ക്കാന് വേണ്ടി ചിലതിന് മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുണ്ട്. യു എസ് ഓപ്പണ്‍ നടക്കാറുള്ള ആര്‍തര്‍ ആഷ് സ്റ്റേഡിയമാണ് ലോകത്തിലെ ഏറ്റവും വലിയ ടെന്നീസ് സ്റ്റേഡിയം. 23200 ഇരിപ്പിടങ്ങളുണ്ടതില്. ടെന്നീസ് ടൂര്‍ണമെന്റുകള്‍ കൂടുതല്‍ വരുമാനം നേടുന്നതിന്റെ കാരണം കൂടുതല്‍ കാണികള്‍ക്ക് കളി കാണാനാകുന്നു എന്നതാണ്. നാലു മണിക്കൂറോളം നീണ്ടു നില്ക്കുന്ന മാച്ചുകളുടെ തത്സമയ സംപ്രേഷണത്തില്‍ നിന്നുള്ള പരസ്യവരുമാനവും വളരെ വലുതായിരിയ്ക്കും. ജനുവരിയില്‍ നടന്ന ആസ്ട്രേലിയന്‍ ഓപ്പണിന്റെ തത്സമയ സംപ്രേഷണത്തിന് ഇന്ത്യയില്‍ നിന്നു മാത്രമായി 10 കോടി രൂപ വരുമാനം കിട്ടിയെന്നു പത്രവാര്‍ത്തയില്‍ കാണുന്നു. ഗ്രാന്റ്സ്ലാമുകള്‍ അനേകം രാജ്യങ്ങളില്‍ തത്സമയ സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. അവിടങ്ങളില്‍ നിന്നെല്ലാമായി കിട്ടുന്ന വരുമാനം ആകെ സമ്മാനത്തുകയുടെ പല മടങ്ങു വരുമെന്ന് ന്യായമായും ഊഹിയ്ക്കാം. സമ്മാനത്തുകകളുടെ വലിപ്പത്തിനുള്ള കാരണവും മറ്റൊന്നല്ല.