മൊഴി ചൊല്ലുന്ന മതക്കാർ !

0
1070

muslim-marriage” ഈ മുസ്ലിം സ്ത്രീകളുടെ കഷ്ടപ്പാട് പറഞ്ഞാൽ തീരില്ല.. അവളുടെ ഭർത്താവിന്
ഇഷ്ടമുള്ളത്ര കെട്ടാം..അവളെ തോന്നുമ്പോ മൊഴി ചൊല്ലി ഒഴിവാക്കാം..
ഇങ്ങനുണ്ടോ ദുരവസ്ഥ !”

പൊതുവെ കേൾക്കുന്ന അഭിപ്രായമാണിത്.. സത്യത്തിൽ എന്താണ് ഇസ്‌ലാമിലെ വിവാഹ നിയമം..?

ശാരീരിക ശേഷിയും, സാമ്പത്തിക ശേഷിയും ഉള്ളവർ വിവാഹം കഴിക്കൽ ശക്തിയേറിയ
സുന്നത്( നബി ചര്യ ) ആണ് ഇസ്‌ലാമിൽ. അങ്ങനെ ഒരു വ്യക്തിക്ക് ഒരു ഭാര്യയെ
വേണമെങ്കിൽ അവളെ പെണ്ണ് കാണണം. പിന്നെ അവളോട് ‘എന്താണ് മഹർ വേണ്ടത്?’
എന്ന് ചോദിക്കണം..ഇസ്‌ലാമിക നിയമം അനുസരിച്ചു പുരുഷൻ സ്ത്രീക്കാണ്
ധനം നൽകേണ്ടത് അല്ലാതെ സ്ത്രീധനം അല്ല. ഖുർ ആനിൽ ദൈവം പുരുഷന്മാരോട്
അത് കൽപ്പിക്കുന്നു.

”സ്ത്രീകൾക്ക് നിങ്ങൾ വിവാഹ മൂല്യം നൽകുക..”(ഖുർ ആൻ )

പെണ്ണിന് ഇഷ്ടമുള്ളതെന്തും മഹർ ആയി ചോദിക്കാം. മൊട്ടു സൂചി ആയാലും,
കോടിക്കണക്കിനു രൂപ ആയാലും..അത്  കൊടുത്താൽ മാത്രമേ അവളെ ഇണയായി
കിട്ടൂ എന്ന്  അവൾക്കു നിശ്ചയിക്കാം..

ഖലീഫ ഉമറിന്റെ കാലത് സ്ത്രീകൾ വൻ തുക മഹർ ആവശ്യപ്പെട്ടത് കാരണം
പുരുഷന്മാർക്ക് വിവാഹത്തിന് പ്രയാസം നേരിട്ടു. ഇതറിഞ്ഞ ഖലീഫ ഉമർ
മഹർതുകയ്ക്ക് പരിധി വെക്കാൻ വേണ്ടി സ്ത്രീകളുടെ യോഗം വിളിച്ചു.
ഉടനെ ഒരു സ്ത്രീ ” ദൈവവും, പ്രവാചകനും നിശ്ചയിക്കാത്ത മഹർ
പരിധി നിശ്ചയിക്കാൻ നീ ആരാണ് ഉമർ ?” എന്ന് കുപിതയായി
ചോദിച്ചു..അത് കേട്ട് ഭയന്ന ഉമർ തന്റെ തീരുമാനം പിൻവലിച്ചു.

ഇനി ഒരു പത്തു ലക്ഷം കൊടുത്ത് ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്തെന്നിരിക്കട്ടെ..
ഈ സ്ത്രീയെ അയാൾ മൊഴി ചൊല്ലിയാൽ ആ മഹർ തുക സ്ത്രീ തിരിച്ചു നൽകേണ്ട
എന്നാണു ഇസ്‌ലാമിക നിയമം. അപ്പോൾ എടുത്തു ചാടി മൊഴി ചൊല്ലാൻ
ഒരുങ്ങുന്നപുരുഷന് ചുരുങ്ങിയ പക്ഷം തനിക്കു നഷ്ടമാകുന്ന ലക്ഷക്കണക്കിന്
രൂപയെക്കുറിച്ചെങ്കിലും ബോധമുണ്ടാകില്ലേ..? അതയാളെ സ്വാഭാവികമായും
മൊഴി ചൊല്ലുന്നതിൽ നിന്നുംപിന്തിരിപ്പിക്കും.. ഒരു സ്ത്രീയെ കിട്ടാൻ
തന്നെ ലക്ഷങ്ങൾ ചിലവ് വരുമ്പോൾപല വിവാഹങ്ങൾ  ചെയ്യുന്നതും നിൽക്കും.

എന്നാൽ ഇവിടെ സംഭവിച്ചതെന്തെന്നാൽ  സ്ത്രീധനം എന്ന നാട്ടാചാരം മുസ്ലിംകളും
ഏറ്റെടുത്തു. അങ്ങനെ സ്ത്രീധനം പതിയെ മഹർ എന്ന നിയമത്തെ വിഴുങ്ങി.
നൂറും ഇരുന്നൂറും  പവൻ സ്വർണ്ണം സ്ത്രീധനം വാങ്ങി അഞ്ചോ പത്തോ  പവൻ
സ്വർണ്ണം അവൾക്കു മഹർ കൊടുത്തു ദൈവീക നിയമത്തെ മുസ്ലിംകൾ കൊഞ്ഞനം
കുത്തി. ഫലമോ, മൊഴി ചൊല്ലിയാൽ  പുരുഷന് ഒന്നും നഷ്ടപ്പെടാനില്ല..!
പിന്നെ മൊഴിചൊല്ലൽ മേള ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..!

പിന്നൊരു ചോദ്യം ഉള്ളത്  ‘ നിന്നെ ഞാൻ മൊഴി ചൊല്ലി’  എന്ന് പറഞ്ഞാൽ
എങ്ങനെയാണ് അത് വിവാഹ മോചനം ആവുക എന്നാണു..
ഒരാൾ കൊല ചെയ്‌താൽ പോലീസ് ചോദിക്കുന്നത് ‘നീ കൊന്നോ?’
എന്നാണ്.. അതിനു അയാൾ പറയുന്നത് ‘അതെ’ എന്ന രണ്ടു അക്ഷരമാണ്..
പക്ഷെ കൊലക്കയർ കിട്ടാൻ അത് പോരെ.?

ഒരു നിലയ്ക്കും ഒത്തു പോകാൻ കഴിയാതെ വന്നാൽ പിന്നെ കഷ്ടപ്പെട്ട്
നരകിച്ചു ജീവിക്കേണ്ടതില്ല എന്നാണ് ഖുർ ആൻ പറയുന്നത്..
മാന്യമായി, എളുപ്പത്തിൽ ഇരുവർക്കും ഒഴിവാകാം.
ഇരുവർക്കും മൂന്നു അവസരങ്ങൾ ഉണ്ട്..ഓരോ മൊഴി ചൊല്ലലിനും
ഇടയിൽ ബന്ധുക്കളുടെ ചർച്ച, മാന്യരുടെ മധ്യസ്ഥം,ഉപദേശം
തുടങ്ങിയ നിയമങ്ങൾ ഉണ്ട്.. എന്നിട്ടും ഒത്തു പോകുന്നില്ലെങ്കിൽ
പരസ്പരം കുറ്റപ്പെടുത്താതെ പിരിയണം എന്നാണ് കല്പന..

സ്ത്രീക്ക് പുരുഷൻ  ഭാര്യ എന്ന നിലയിൽ മഹർ  പോലെ  എന്തൊക്കെ
നൽകിയോ അതൊരു സ്വർണ്ണ ക്കൂമ്പാരമായാലും  അതൊക്കെ
അവൾക്കായിരിക്കും..ഇനി അവൾ സ്വന്തം ഇഷ്ട പ്രകാരം വല്ലതും
തിരികെ നൽകിയാൽ പുരുഷന് അത് വാങ്ങിക്കാം എന്നും ഖുർ ആൻ പറയുന്നു..

ഇനി ഈ മൊഴി ചൊല്ലൽ പുരുഷന്റെ  മാത്രം കുത്തകയല്ല..
സ്ത്രീക്കും ഭർത്താവിനെ ഒഴിവാക്കാം. അതിനു ഫസ്ഖ് എന്നാണ് പറയുക.
അങ്ങനെ സ്ത്രീ പുരുഷനെ ഒഴിവാക്കുമ്പോൾ അയാൾ നൽകിയ മഹർ
അയാൾക്ക് തിരികെ നൽകേണ്ടതാണ്..

മുഹമ്മദ് നബിയുടെ കാലത്ത്  ഒരു സ്ത്രീ വന്നു തന്റെ ഭർത്താവിന്
തന്നെ ലൈംഗികമായി  തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞു.
അയാൾ മഹർ നൽകിയ തോട്ടം അയാൾക്ക് തിരികെ നൽകാനും
അയാളെ മൊഴി ചൊല്ലാനും നബി കൽപ്പിച്ചു.. ആ സ്ത്രീ അപ്രകാരം
ചെയ്തു..വേറെ വിവാഹം കഴിച്ചു..

ഇതാണ് മതം പറയുന്ന രീതി..നബി വചനങ്ങൾ കാണുക..

” കഴിവതും നിങ്ങൾ വിവാഹ മോചനം ചെയ്യരുത്.. അത് ചെയ്യുമ്പോൾ
ദൈവീക സിംഹാസനം പോലും അനിഷ്ടത്താൽ വിറയ്ക്കും..”

” അനുവദനീയമായ കാര്യങ്ങളിൽ ദൈവത്തിനു ഏറ്റവും
വെറുപ്പുള്ളതാണ് വിവാഹ മോചനം..”

ഏതു നിയമവും അത് അനുസരിക്കാത്തവർ നശിപ്പിക്കും. ഇസ്ലാമിക നിയമവും
അങ്ങനെ തന്നെ. ഇസ്‌ലാം അനുസരിച്ചു ജീവിക്കുന്നവർ മാത്രമാണ് മുസ്ലിംകൾ
അല്ലാത്തതൊക്കെ മുസ്ലിം നാമധാരികൾ. അവർ ചെയ്യുന്നതിന് ഇസ്‌ലാമിനെ
കുറ്റപ്പെടുത്തിയിട്ട് കാര്യവുമില്ല..ഇന്നും പുര നിറഞ്ഞു നിൽക്കുന്ന
പെൺ കുട്ടികളും, പുനർ വിവാഹം ചെയ്യാത്ത വിധവാ – വിവാഹ മോചിതകളും,
ഏറ്റവും കുറവ് മുസ്ലിം സമൂഹത്തിലായതിനു കാരണം ഇസ്‌ലാം വിവാഹത്തെ   പ്രോത്സാഹിപ്പിക്കുന്നതിനാലാണ്.. വിവാഹത്തോടെ മാത്രമേ ദൈവീക പാത
പൂർണ്ണമാകൂ എന്നാണ് ഇസ്‌ലാം പറയുന്നത്.

”ഒരാളുടെ  മത ജീവിതം  വിവാഹത്തോടെ പകുതി പൂർത്തിയാകുമെന്നും
ബാക്കി പകുതിയിൽ അവൻ ദൈവത്തെ സൂക്ഷിക്കട്ടെ ” എന്നും നബി വചനം.

ദൈവത്തിന്റെ എല്ലാ പ്രവാചകന്മാരും ദാമ്പത്യ ജീവിതം നയിച്ചവരാണ്,
യേശു ഒഴികെ..അന്ത്യനാളിൽ വരുന്ന യേശുവിവാഹിതൻ ആകുമെന്നും
നബി വചനം ഉണ്ട്..അപ്പോൾ ദാമ്പത്യംനിസ്സാരമല്ലെന്നു അർത്ഥം.

ഇനി നാലു വിവാഹ നിയമം നോകാം..ലൈംഗിക ശേഷി ഇല്ലാത്ത പുരുഷനെ,
കുട്ടികൾ  ഉണ്ടാകാത്ത പുരുഷനെ, മണ്ട ബുദ്ധിയായ പുരുഷനെ ഒക്കെ
സ്ത്രീക്ക്വേണമെങ്കിൽ മൊഴി ചൊല്ലാം.. എന്നാൽ അങ്ങനെയുള്ള സ്ത്രീയെ
മൊഴി ചൊല്ലരുത് എന്നാണു ഇസ്‌ലാം പുരുഷനോട് കൽപ്പിക്കുന്നത്.
അവൾ മൊഴി ചൊല്ലപ്പെട്ടാൽ ഒരു പക്ഷെ ആ സ്ത്രീക്ക് വേറെ ഒരു ജീവിതം
കിട്ടിയില്ല എന്ന് വരും..പകരം അവളുടെ കൂടെ തന്നെ വേറെ ഒരു സ്ത്രീയെ
മഹർ നൽകി വിവാഹംചെയ്യാം.. കഴിവതും ആ സ്ത്രീ വിധവയായാൽ നല്ലത്.
അതാണ് നബി ചര്യ..ഭാര്യമാരെ ഒരേ പോലെ നോക്കൽ -സെക്സ്, വസ്ത്രം, ധനം-
തുടങ്ങി എല്ലാംഒരേ അളവിൽ നൽകൽ നിർബ്ബന്ധമാണ്.. അതിനു
കഴിയാത്തവർക്ക്ഒരു വിവാഹം മാത്രമേ ആകാവൂ എന്നും
ഖുർആൻ ശക്തമായി കൽപ്പിക്കുന്നു..

എന്നാൽ ഇന്ന് നടക്കുന്നത് എന്തെന്നാൽ അറുപത് വയസ്സായാൽ കന്യകയായ
പതിനാറു കാരിക്ക് ജീവിതം  കൊടുക്കാൻ ചിലർക്ക് ആവേശമാണ്..
നബി ആയിഷയെ വിവാഹം ചെയ്തത് അവർ തെളിവായി കാണിക്കുന്നു.
എന്നാൽ നബി തന്നേക്കാൾ എത്രയോ മൂത്ത പടു വൃദ്ധയായ സൗദയെ
വിവാഹം ചെയ്തത് ഇക്കൂട്ടർ ഓർക്കുന്നില്ല.. ‘ഒരു പെണ്ണിന് വേണ്ടതൊന്നും
എന്നിലില്ല നബിയെ’ എന്ന് പറഞ്ഞ സൗദയോട് ‘സെക്സ് മാത്രമാണോ ദാമ്പത്യം’
എന്നാണ് നബി തിരിച്ചു ചോദിച്ചത്..
ഈ ചോദ്യത്തിനുള്ള ഉത്തരം ‘എല്ലാ ജീവിതം കൊടുക്കലുകാരും’ സ്വയം ഒന്ന് പറയട്ടെ..

മുഹമ്മദ് നബി പതിനൊന്ന് വിവാഹം കഴിച്ചത് കാണിച്ച് ‘നാല് വിവാഹം മാത്രം’
എന്ന നിയമം  മുഹമ്മദ് നബിക്കു ബാധകമല്ലേ എന്ന് ചോദിക്കാറുണ്ട്..
പാതിരാത്രി ഉള്ള തഹജ്ജുദ് എന്ന നിസ്കാരം മുസ്ലിംകൾക്ക് നിർബ്ബന്ധമല്ല,
എന്നാൽ  മുഹമ്മദ് നബിക്ക് അത് നിർബ്ബന്ധമായിരുന്നു എന്നാണ് പണ്ഡിത
അഭിപ്രായം.. അതെ പോലെ സകാത് എന്ന ധനം അർഹരായ ആർക്കും വാങ്ങാം,
പക്ഷെ നബി കുടുംബത്തിന് സകാത് ഹറാം ( നിഷിദ്ധം ) ആണ്.. അതെത്ര കോടി
ഉണ്ടായാലും അവർക്കു അത് വാങ്ങാൻ പാടില്ല. ഇങ്ങനെ നബിക്കു മാത്രമായി
പലതും നിരോധിക്കുകയും , അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
നബിക്കു തന്റെ ഭാര്യമാരെ വിവാഹ മോചനം ചെയ്യുന്നത് ഖുർ ആൻ
നിരോധിക്കുകയും ചെയ്തു..

ചുരുക്കത്തിൽ ചില സാഹചര്യങ്ങളിൽ മാത്രം അനുവദനീയമായ പലതും,
തോന്നും പോലെ കൈകാര്യം ചെയ്യുന്നവർക്ക് ദൈവീക ഭയം തീരെ ഇല്ല
എന്നതാണ് സത്യം.. അവർ കാരണം മതം ഏറെ പഴി കേൾക്കുകയും ചെയ്യുന്നു..
ഓരോ ആത്മാവും ഒറ്റയ്ക്ക് നിന്ന് ഉത്തരം നൽകേണ്ടി
വരുന്നൊരു ദിനം ഉണ്ടെന്നു ഖുർ ആൻ സത്യമിട്ടു പറയുന്നുന്നുണ്ട്..
ദൈവീക നിയമം കൊണ്ട് തമാശ കളിക്കുന്ന , പെണ്ണിനെ പുല്ലു
വില പോലും നൽകാത്ത മുസ്ലിം നാമധാരികൾ  അതോർത്താൽ നന്ന്..