Society
‘സദാചാരപ്പനി’ പടരുമ്പോള്‍
കേരളത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അപകടകാരിയായ ‘സദാചാരപ്പനി’ നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ജീവനഷ്ടങ്ങള് കൊണ്ടുവന്നേക്കാം.
151 total views

കേരളത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അപകടകാരിയായ ‘സദാചാരപ്പനി’ നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ജീവനഷ്ടങ്ങള് കൊണ്ടുവന്നേക്കാം. പലയിടത്തും പലപ്പോഴായി സ്വയംകൃത ‘ന്യായാധിപന്മാര്’ നിയമം കയ്യിലെടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇതിനെതിരെ സാമാന്യനീതിയില് വിശ്വസിക്കുന്നവര്‍ പ്രതികരിക്കുക തന്നെ വേണം. അല്ലെങ്കില്‍ ജനക്കൂട്ടവും കാപ് പഞ്ചായത്തുകളും കുറ്റവും ശിക്ഷയും വിധിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കാള്‍ പരിതാപകരമായിത്തീരും നമ്മുടെയീ ‘സമത്വസുന്ദരകേരളം’!
സഹോദരിക്കോ ഭാര്യക്കോ ഒപ്പം പോലും അപരിചിതമായ സ്ഥലത്ത് ചെന്നുപെട്ടാല്‍ നിങ്ങള്‍ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാകാം; ബോധ്യപ്പെടുത്താത്ത പക്ഷം അവര്‍ വിധിക്കുന്ന ശിക്ഷ നിങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം…ഇങ്ങനെ ചില്ലറ പ്രശ്നങ്ങള്‍, മൂല്യങ്ങള്‍, ധാര്‍മ്മികത ഇവയൊക്കെ വ്യക്തിയുടെ വിവേചനബോധത്തില്‍ നിന്നും ഉരുത്തിരിയേണ്ടതാണ് . സമൂഹം അടിച്ചേല്പിക്കുമ്പോള് അവ മൌലിക സ്വാതന്ത്ര്യത്തിന്റെ ലംഘനമായിത്തീരുന്നു . സദാചാരത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിയാടുന്നത് പലപ്പോഴും ഞരമ്പ് രോഗികളാളാണ്. തങ്ങള്‍ക്ക് സാധിക്കാത്തത് മറ്റൊരുവന് ‘തരപ്പെടുത്തുന്നത്’ കാണുമ്പോള്‍ തോന്നുന്ന ‘കൊതിക്കെറുവ്’ മാത്രം. കണ്മുന്നില് ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ ഇതേ മിശിഹകള്‍ കൈകെട്ടി ആസ്വദിക്കുകയും ചെയ്യും. സംശുദ്ധജീവിതം നയിക്കുന്ന മാന്യര്‍ ആരും തന്നെ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കില്ല; രഹസ്യം പിടിക്കാന്‍ നടക്കുകയുമില്ല…ദാമ്പത്യത്തകര്ച്ചയിലേക്കും കുട്ടികള്‍ അനാഥരാകുന്നതിലെക്കും നയിക്കുന്ന തരത്തില്‍ വിവാഹേതര ബന്ധങ്ങളെ മഹത്വവല്ക്കരിക്കുകയല്ല ഇവിടെ ഉദ്ദേശ്യം; അതോടൊപ്പവും അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണ്ടതും അവരവരുടെ കുടുംബങ്ങള്‍ക്കുള്ളിലാണ്. നിയമസഹായം അനിവാര്യമാകുമ്പോള്‍ സമീപിക്കാന്‍ കോടതികളുണ്ട്. ഒരിക്കലും ഒളിഞ്ഞു നോട്ടക്കാരായ ഞരമ്പ് രോഗികളല്ല കുറ്റവിചാരണയും ശിക്ഷയും നടപ്പിലാക്കേണ്ടത്.
ഏതെങ്കിലും ആനുകാലിക സംഭവത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്ത്, അഗണ്യകോടിയില്‍ തള്ളുന്ന വിഷയങ്ങളില്‍ ഒന്നായി ഇത് ചുരുങ്ങരുത്. ‘സെന്സെഷനല്’ ക്രൂരതകളോട് താല്കാലിക വൈകാരികതയിലൂടെ പ്രതികരിക്കുകയും അതിന്റെ ചൂര് കെടുമ്പോള്‍ മറക്കുകയുമാണ് മലയാളിപ്രതിബദ്ധതയുടെ സവിശേഷത. അത്തരം മറവികള്‍ക്ക് കൊടുക്കേണ്ടി വരുന്ന വില കടുത്തതാകാം.
152 total views, 1 views today