ഒമ്പതാംക്ലാസിൽ പഠിക്കുന്ന മകൻ സ്വയംഭോഗം ചെയ്യുന്നത് കണ്ട്‌ തകർന്നുപോയ, ‘വിദ്യാഭ്യാസമുള്ള അമ്മ’

0
5219

എഴുതിയത് : Ajith Neervilakan

വളരെ പ്രയാസത്തോടെയാണ് ലതിക ഇന്നലെ എന്നോട് സംസാരിച്ചു തുടങ്ങിയത്. സാധാരണ രീതിയിൽ അവൾ സംസാരിക്കുമ്പോൾ ബാക്ക് ഗ്രൗണ്ടിൽ ചെറുചിരി ധ്വനികൾ സംഗീതം പോലെ അലയടിക്കാറുണ്ട്. ഏത് വലിയ സങ്കട പ്രതിസന്ധികളും ലതികയോട് പത്ത് മിനിറ്റ് സംസാരിച്ചാൽ അലിഞ്ഞ് തീരും എന്നാണ് എന്റെയും ഞങ്ങളുടെ സൗഹൃദകൂട്ടായ്മയിലുള്ള ഏവരുടേയും അനുഭവം. അതാണ് അവളുടെ വാക്ചാരുത, അത്ര ശാസ്ത്രീയവും കലർപ്പില്ലാത്തതുമാണ് അവളുടെ സമീപനം. എന്റെ കോളേജ് മേറ്റായിരുന്നു ലതിക, അതിലുപരി ഇഹലോകത്തും പരലോകത്തുമുള്ള എന്തും സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ. പറയത്തക്ക സാമ്പത്തിക സ്ഥിതി ഒന്നും ഇല്ലായിരുന്ന ഒരു അതിസാധാരണ വീട്ടിൽ നിന്നും സ്വപ്രയക്നത്താൽ വിദ്യഭ്യാസപരമായി ഉന്നതിയിൽ എത്തിയ മിടുക്കി. ഇന്ന് അവൾ സർക്കാർ തലത്തിൽ വളരെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നു.

എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടും, വളരെ വലിയ പോസിറ്റീവ് ചിന്താഗതിയുടെ വക്താവായിട്ടും ഇന്നലെ, സംസാരത്തിലെ വിങ്ങലും പറയുന്നത് വ്യക്തമായി മുഴുപ്പിക്കാനും കഴിയാത്ത രീതിയിൽ ലതികയുടെ സ്വരം വല്ലാതെ ഇടറിയിരുന്നു. “എടാ ഒരു കാര്യം പറയാനുണ്ട്, എനിക്ക് ഒരു സൊലൂഷൻ പറഞ്ഞു തരണം” എന്ന് അവൾ ആവർത്തിച്ചു കൊണ്ടേയിരുന്നു. ആവർത്തന വിരസതയിൽ നിരാശനായ ഞാൻ ദേഷ്യത്തോടെ “നീ കാര്യം പറയ്, അല്ലങ്കിൽ വച്ചിട്ട് പോകു” എന്ന് പറഞ്ഞപ്പോൾ എങ്ങുനിന്നോ ഒരു ദീർഘനിശ്വാസം കടമെടുത്ത് അവൾ കാര്യത്തിലേക്ക് കടന്നു.

കഥയിലെ നായകൻ (അതോ വില്ലനോ) അവളുടെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൻ ആണ്. മകന് പതിനാല് വയസ്സ് തികയുന്നതേയുള്ളു. മകനെ വീട്ടിൽ തനിച്ചിരുത്തി ലതികയും ഇളയ മകനും ടൗണിൽ പോയതാണ്. കാറിന് എന്തോ പ്രശ്നമായി ഇടയ്ക്ക് യാത്ര മുടങ്ങിയതിനാൽ അത് അടുത്തുള്ള വർക്ക് ഷോപ്പിൽ ഏൽപ്പിച്ച് ഒരു ഓട്ടോയിൽ വേഗം തിരികെ മടങ്ങേണ്ടി വന്നു അവൾക്ക്. ഇളയ മകൻ വീട്ടിലേക്ക് കയറാതെ അയൽവക്കത്തെ വീട്ടിൽ കളിക്കാൻ പോയി. വീട്ടിലെ ഡോർ തുറന്ന് അകത്ത് കയറിയപ്പോൾ പതിനാല് വയസ്സുകാരനെ അവിടെയെങ്ങും കാണാനില്ല. അൽപ്പം പരിഭ്രമിച്ച ലതിക തന്റെ കിടപ്പുമുറിയിൽ ചെറിയ ശീൽക്കാര ശബ്ദം കേട്ട് ശബ്ദമുണ്ടാക്കാതെ ഡോറിലൂടെ അകത്ത് നോക്കിയപ്പോൾ അവൻ ബഡിൽ കിടന്ന് അവൾ അന്നുവരെ കണ്ടിട്ടില്ലാത്ത എന്തൊക്കെയോ വിക്രിയകൾ കാട്ടിക്കൂട്ടുന്നു. സൂക്ഷമ നിരീക്ഷണത്തിൽ മകൻ പരിസരം മറന്ന് സ്വയംഭോഗം ചെയ്യുകയാണന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ ഒന്നും മിണ്ടാതെ തിരികെ സിറ്റൗട്ടിൽ വന്നിരുന്നു. അവൾ തകർന്ന് പോയിരുന്നു. തന്റെ മകൻ വഴി പിഴച്ചു എന്ന് അവൾ പൂർണമായി വിശ്വസിച്ചു. മകൻ പുറത്തു വന്നപ്പോൾ അമ്മയെ കണ്ടു. അമ്മ തന്റെ വിക്രിയകൾ കണ്ടതായി അവൻ അറിയില്ലല്ലോ. അതിനാൽ തന്നെ വളരെ സാധാരണമായി അവൻ സംസാരിക്കാൻ തുടങ്ങി.

എന്നാൽ മകന്റെ മുഖത്ത് നോക്കാതെ അവൻ ചെയ്ത പാപഭാരത്തിൽ വിഷണ്ണയായി ഇരിക്കുകയാണ് ശാസ്ത്രത്തിൽ phd എടുത്ത നമ്മുടെ കഥാനായിക. കഥ കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് അവളോട് തോന്നിയത് നിരാശ കലർന്ന ഒരു അനുകമ്പയായിരുന്നു. ഞാൻ ചോദിച്ചത് ഇത്രമാത്രം. “നീ എന്തിനാ മുട്ടിന് മുട്ടിന് മോഡേൺ യുഗം എന്ന തേങ്ങാപ്പീരയിട്ട് നിന്റെ കഥാപുട്ട് എനിക്ക് വിളമ്പുന്നത്, നീ എന്തിനാ ലൈംഗിക സ്വാതന്ത്ര്യം എന്ന ദോശ ചുട്ട് സ്ത്രീ പുരുഷ സമത്വ ചട്ണിയിൽ മുക്കി ദിവസവും സേവിക്കുന്നത്”. അവൾക്ക് മറുപടി ഇല്ലായിരുന്നു. മറുപടി വന്നത് ഇത്രമാത്രം “എന്നാലും എന്റെ മകൻ”….

വിവരവും വിദ്യാഭ്യാസവും കാര്യപ്രാപ്തിയും ഉള്ള ഒരു വീട്ടമ്മയുടെ കാര്യമാണ് ഞാൻ ഇവിടെ പറഞ്ഞത്. മകനായാലും മകളായാലും അവർ കൗമാരത്തിൽ എത്തി എന്നും അവരുടെ ശാരീരിക വൈകാരികതയുടെ ഏറ്റവും മിനിമം ആവശ്യമാണ് സ്വയംഭോഗം എന്നു പോലും തിരിച്ചറിയാതെ തന്റെ മകൻ നശിച്ചേ എന്ന് വിലപിക്കുന്ന മാതാപിതാക്കളുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവിടേയാണ് സാർവ്വ ലൈംഗികതയും സമത്വവും ആധുനികതയും നവോത്ഥാനവും വിളമ്പാൻ ഒരു വിഭാഗം നിലകൊള്ളുന്നത് എന്ന് മറക്കരുത്. എത്ര പുന:ക്രമീകരിച്ചാലും മാറ്റത്തെ വളരെ പെട്ടെന്നൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത വിധം സാംസ്കാരിക അടിത്തറയുള്ള ഒരു നാടിനെ സമീപിക്കുമ്പോൾ എടുത്തു ചാട്ടമല്ല സ്വീകാര്യമായ പോംവഴി. നാളെ യൂറോപ്പ് ഇവിടെ പിറക്കട്ടെ എന്ന് സ്വച്ചിട്ടാൽ പിറക്കില്ല എന്ന ബോധം പുരോഗമനവാദികൾക്കും ഉണ്ടാവണം എന്നർത്ഥം.

ലതികയെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് നന്നായി വാക് പ്രഹേളിക നടത്തേണ്ടി വന്നു. ഒടുവിൽ അവൾ പറഞ്ഞു “എടാ നീ പറയുന്നത് എല്ലാം അതിന്റെ പൂർണ അർത്ഥത്തിൽ എനിക്ക് മനസ്സിലാകുന്നുണ്ട് എന്നാൽ എന്റെ മകന്റെ കാര്യം വന്നപ്പോൾ…” ഇത് തന്നെയാണ് 95% പുരോഗമന വാദികളുടേയും സ്ഥിതി. ഘോരഘോരം പ്രസംഗിക്കുമ്പോഴും തന്റെ ഏഴയലത്ത് കടന്നു വരാൻ സമ്മതിക്കാത്ത അയിത്തമുള്ള എന്തോ ഒന്നായി വേലിക്ക് പുറത്ത് നിർത്തിയിരിക്കുകയാണ് അതിനെ. അതുകൊണ്ട് യഥാർത്ഥ പുരോഗമനവാദികൾ ചിന്തിക്കേണ്ട ഒന്നുണ്ട്. സംസ്കാരത്തിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങിയ ഈ നാട്ടിൽ തടിയിലോ ചില്ലയിലോ ഇലയിലോ വെള്ളം തളിച്ചാൽ പുരോഗമനം വളരില്ല. സംസ്കാരത്തിന്റെ വേരുകൾ ഇറങ്ങിയ ആഴത്തിലേക്ക് തന്നെ ചെന്നെത്താൻ കഴിയണം. പുരോഗമനം എന്നാൽ നിഷേധാത്മക നിലപാടുകൾ ആണന്നും, എല്ലാവരും നടക്കുന്നതിന് എതിർ ദിശയിൽ നടക്കുന്ന ഒന്നാണന്നും സമൂഹത്തിന് ദോഷം സംഭവിച്ചേക്കുന്ന ഒന്നാണന്നും തോന്നൽ ഉളവക്കി നടപ്പാക്കാൻ ശ്രമിച്ചാൽ ചില രാജ്യങ്ങളിൽ ഉയർന്നു വന്ന മുല്ലപ്പൂ വിപ്ലവം പോലെ ചെറിയ ഒരു മണം പരത്തി വളരെ വേഗം വാടിപ്പോകാനാണ് സാധ്യത. ലക്ഷക്കണക്കിന് ലതികമാരുള്ള ഈ നാട്ടിൽ, തെരുവിൽ കാണിക്കുന്ന നവോത്ഥാന മതിൽ, ചുംബന സമര ഗിമ്മിക്കുകളിൽ അല്ല കാര്യം, പ്രവർത്തനം വ്യക്തികളിൽ കേന്ദ്രീകരിച്ചാവണം എന്നർത്ഥം.