ഇന്ത്യൻ ഭരണഘടനാപ്രകാരം സംസ്ഥാനഗവണ്മെന്റുകളും കേന്ദ്രഗവണ്മെന്റും സ്വതന്ത്രാധികാരങ്ങളുള്ള സമാന്തര സംഘാടനങ്ങളാണ്, അല്ലാതെ കേന്ദ്രത്തിന്റെ കുടികിടപ്പവകാശക്കാരല്ല സംസ്ഥാനങ്ങൾ

154
ദീപക് ശങ്കരനാരായണൻ
“കേരളയനിയമസഭ പാസാക്കിയ ഒരു നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കാനും പൊതു പണം ഉപയോഗിച്ചു നിയമത്തിനെതിരെ ഹൈ കോടതിയിൽ കേസ് നടത്താനും ഒരു ജില്ലാ പഞ്ചായത്തിനൊ ഗ്രാമ പഞ്ചായത്തിനോ കഴിയുമോ. ?? ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി എന്നുള്ള ഒറ്റ കാരണം കൊണ്ട് അവർക്ക് കോടതിയിൽ നിയമത്തെ ചോദ്യം ചെയ്യാനാകുമോ ??”
ന്യായമായ ചോദ്യമല്ലേ?
ആണ്, പക്ഷേ നിങ്ങൾക്ക് ഇന്ത്യൻ ഫെഡറൽ സിസ്റ്റത്തെപ്പറ്റി അടിസ്ഥാനധാരണയില്ലെങ്കിൽ മാത്രം.
കേന്ദ്രഗവണ്മെന്റ് എന്നുപറയുന്നത് സംസ്ഥാനഗവണ്മെന്റുകളുടെ മുകളിലുള്ള എന്തോ ആണ് എന്നാണ് അദ്ദേഹത്തിന്റെ ധാരണ. പക്ഷേ ഭരണഘടന സമ്മതിക്കണ്ടെ?
ഇന്ത്യൻ ഭരണഘടനാപ്രകാരം സംസ്ഥാനഗവണ്മെന്റുകളും കേന്ദ്രഗവണ്മെന്റും സ്വതന്ത്രാധികാരങ്ങളുള്ള സമാന്തര സംഘാടനങ്ങളാണ്, അല്ലാതെ കേന്ദ്രത്തിന്റെ കുടികിടപ്പവകാശക്കാരല്ല സംസ്ഥാനങ്ങൾ. ഇന്ത്യയെ നിർവചിച്ചിച്ചിരുക്കുന്നതുവരെ യൂണിയൻ ഓഫ് സ്റ്റേയ്റ്റ്സ് എന്നാണ്.
സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള ബന്ധം ഹൈറാർക്ക്യൽ അല്ലെന്ന് ചുരുക്കം.
ഭരണഘടന ലെജിസ്ലേയ്റ്റീവ് അധികാരങ്ങളെ മൂന്ന് ലിസ്റ്റിലാക്കി തിരിക്കുന്നു. യൂണിയൻ ലിസ്റ്റ് കേന്ദ്രഗവണ്മെന്റിന്റെ അധികാരങ്ങളെ നിർവചിക്കുന്നു. സ്റ്റേയ്റ്റ് ലിസ്റ്റ് സംസ്ഥാനഗവണ്മെന്റുകളുടെ അധികാരങ്ങളെയും. മൂന്നാമത്തെ കൺകറന്റ് ലിസ്റ്റ് പൊതുവായിരിക്കുന്നതാണ് അഭിമതമെങ്കിലും വ്യത്യസ്തമായിരിക്കുന്നത് നിയമവിധേയമാകുന്ന വിഷയങ്ങളുടെ ലിസ്റ്റ്. അല്ലാതെ കേന്ദ്രത്തിനെ സംസ്ഥാനങ്ങളുടെ മുകളിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുകയല്ല.
ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാന ഗവണ്മെന്റുകളും കേന്ദ്രഗവണ്മെന്റുമാണ് ഭരണഘടനാപരമായി നിലനിൽക്കുന്ന ലെജിസ്ലേയ്റ്റീവുകൾ. എല്ലാ അധികാരങ്ങളും അവക്കിടയിൽ വീതിക്കപ്പെട്ടിരിക്കുന്നു. ജില്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഗ്രാമസഭയും സ്കൂുൾ പി ടി എ കമ്മറ്റിയുമൊന്നും കോൺസ്റ്റിറ്റ്യൂഷണൽ ബോഡികളല്ല. അവയുടെ നിലനില്പ് ഹൈറാർക്കിയുടെ അകത്താണ്.
സ്റ്റേയ്റ്റ് ഗവണ്മെന്റ് കേന്ദ്രഗവണമെന്റിനെ കോടതിയിൽ ചോദ്യം ചെയ്യുന്നത് ഒരു ഭരണഘടനാസംവിധാനം വേറൊന്നിനെ ചോദ്യം ചെയ്യലാണ്. പരസ്പരം അധികാരമില്ലാത്ത വിഷയങ്ങളിൽപ്പോലും അത് ചെയ്യാം, ഭരണഘടനയുടെ അന്ത:സത്തക്ക് എതിരാകുന്നപക്ഷം. അല്ലാതെ സംസ്ഥാനം ഹെഡ്ഡ് കുട്ടൻപിള്ളയും കേന്ദ്രം എസ് ഐ പരീതുപിള്ളയും അല്ലെന്ന്.
ഇമ്മാതിരി ഒറ്റബുദ്ധി ചോദിക്കുന്നത് ഭരണഘടനാപരമായ ചുമതലയുണ്ടായിരുന്ന ഒരു മുൻഗവർണർ ആണെന്നും ഓർക്കണം.
അദ്ദേഹം ഗവർണറായിരുന്ന കാലത്ത് ആ സംസ്ഥാനത്ത് ഒരു ഭരണഘടനാപ്രതിസന്ധി വരികയും അദ്ദേഹത്തിന് തീരുമാനമെടുക്കേണ്ടിവരുന്ന ഘട്ടം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ ഒന്ന് സങ്കല്പിക്കണം!