Denis Arackal

അവരുടെ പേര് എനിക്കറിയില്ല. ഒരിക്കലും അറിയേണ്ടി വന്നിട്ടില്ല. റോഡിലൊക്കെ കാണുമ്പോള്‍ മുറുക്കാന്‍ കറയുള്ള “ഒരു ചിരിയില്‍” അവരെന്നെ വിളിച്ചിരുന്നു. ഒരു മറുചിരിയില്‍ ഞാന്‍ അവരുടെ വിളി അന്ന് കേട്ടിരുന്നു.

ആലപ്പുഴയില്‍ എസ് ഡി കോളേജിനു സമീപമായാണ് കളര്‍കോട് മീന്‍ ചന്ത. അവിടെയാണ് ഞാനും എന്‍റെ ചേട്ടനുമൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് മീന്‍ മേടിക്കാന്‍ പോകുക. നടന്നും സൈക്കിലിളുമൊക്കെയാണ് വൈകിട്ട് പോകുക. വട്ടു സോഡാ നിരത്തി വെച്ചിരിക്കുന്ന, ജീരക മിട്ടായിയും , ഗ്യാസ് മിട്ടായിയും നിറച്ച ഗ്ലാസ്‌ ഭരണികള്‍ ഉള്ള, ആഴ്ചപതിപ്പുകള്‍ തൂക്കിയിട്ടിരിക്കുന്ന കടകളുടെ മുന്‍പിലൂടെ ഞങ്ങള്‍ പോകും. എണ്‍പതുകളുടെ അവസാനം. സുന്ദരമായിരുന്ന, തിരക്കുകള്‍ ഇല്ലായിരുന്ന കാലം.

രണ്ടു രൂപയുടെ മീന്‍ അന്ന് രണ്ടു ദിവസത്തേയ്ക്ക് തികയും. ചന്തയില്‍ അലുമിനിയം ചരുവങ്ങളില്‍ മീന്‍ വെച്ച് മീന്കാരികളും മീന്കാരന്മാരും അങ്ങനെ നിരന്നു ഇരിക്കും. ഏതു മീന്‍ ആരുടെ അടുത്തുനിന്നു വാങ്ങിക്കും? പച്ചമീന്‍ എങ്ങനെ അറിയും? എനിക്ക് മീനൊന്നും നോക്കി വാങ്ങാന്‍ അറിയില്ല. ചേട്ടന്‍ പറയും, “അതിനൊരു ട്രിക് ഉണ്ട്. നീ സ്ഥിരം ഒരാളുടെ അടുത്തുനിന്നും മീന്‍ വാങ്ങണം. സ്ഥിരം വാങ്ങുന്നവര്‍ക്ക് അവര്‍ പച്ച മീന്‍ മാത്രമേ കൊടുക്കൂ.”

പറയാന്‍ കൊള്ളം! ഒരുദിവസം ചന്തയുടെ മൂലയില്‍ അമാന്തിച്ചു നിന്ന എന്നെ ഒരു മീന്‍കാരി അടുത്ത് വിളിച്ചു. “മോന്‍ ഇങ്ങു വന്നേ! ഇന്നാ പച്ച മത്തി കൊണ്ട് പൊയ്ക്കോ. മോന്റെ അമ്മ മത്തിയൊക്കെ മേടിക്കുമെല്ലോ! ഇന്നാ. രണ്ടു രൂപയുടെ ഒരു പങ്കു കൊണ്ടുപൊയ്ക്കോ”

അപ്പോള്‍ എന്‍റെ അമ്മയെ അറിയുന്നവരാണ്….മനസില്ലമനസോടെ ഞാന്‍ അവരുടെ അടുത്തുനിന്നും മത്തി വാങ്ങി. ചേമ്പിലയില്‍ മത്തി പൊതിയുമ്പോള്‍ അവര്‍ എന്നോട് കുശലം ചോദിച്ചു. “മോന്‍ എത്രാം ക്ളാസ്സിലാ പഠിക്കുന്നെ?, മോന്‍റെ ചേട്ടന്‍ ഇന്ന് വന്നില്ലേ?”, എന്നൊക്കെ.

അങ്ങനെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. ഒരു പത്തുനാല്‍പ്പതു വയസു പ്രായം വരും. മുറുക്കാന്‍റെ കറയുള്ള പല്ലുകള്‍. വെളുത്ത മുണ്ടും ചട്ടയും വേഷം. തോളത്ത് എപ്പോഴും ഒരു തോര്‍ത്ത്‌ കാണും. ചന്തയില്‍ ചെല്ലുമ്പോള്‍ ഞാന്‍ അവരുടെ അടുത്ത് പോയി മിണ്ടാതെ നില്‍ക്കും. അവര്‍ എനിക്ക് എന്തെങ്കിലും മീന്‍ ഇട്ടു തരും. എന്തെങ്കിലും കുശലം ചോദിക്കും. ചില ദിവസങ്ങളില്‍ അവര്‍ എന്നെ നോക്കുക പോലുമില്ല. ആ അവസരങ്ങളില്‍ ഞാന്‍ വേറെ ആരുടെ അടുത്തു നിന്ന് എന്തെങ്കിലും വാങ്ങിക്കും.

ഞങ്ങള്‍ സംസാരിക്കുമ്പോള്‍ മിക്കവാറും അവരുടെ മകന്‍റെ പരാതി എന്നോട് പറയും. എന്‍റെ അതെ പ്രായം. പക്ഷെ ഉഴപ്പനാണ്. സാദാ സമയവും കളിച്ചു നടക്കും. ഒട്ടും പഠിക്കില്ല. പുള്ളിക്കാരത്തിയുടെ ഭര്‍ത്താവിനു നല്ല ജോലിയില്ല. പഠിച്ചു വലുതായി മകനാണ് അമ്മയെ നോക്കേണ്ടത്. ഇങ്ങനെ നടന്നാല്‍ മതിയോ ? “മോന്‍ നന്നായി പഠിക്കുമെന്ന് ചേട്ടത്തിക്ക് അറിയാം. ഇനിയും നന്നായി പഠിക്കണം കേട്ടോ. പഠിക്കുന്ന മക്കള്‍ ഉള്ളതൊക്കെ ഒരു ഭാഗ്യമാണ്”, ഇച്ചിരി തൊണ്ടയിടറി കൊണ്ട് അവര്‍ പറയും. ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് സത്യത്തില്‍ സന്തോഷം തോന്നും.

എന്തായാലും ഞാന്‍ പിന്നീട് ചീത്ത മീന്‍ വാങ്ങിയെന്നും പറഞ്ഞു അമ്മയുടെ വഴക്ക് കേട്ടിട്ടില്ല. ഞാന്‍ എന്‍റെയും ആ മീന്‍കാരിയുടെയും കൂട്ട് കെട്ടിനെ കുറിച്ച് അമ്മോയോടു വീമ്പു പറയും. “അവര്‍ എനിക്ക് ചീഞ്ഞ മീന്‍ തരില്ല അമ്മേ “, ഞാന്‍ പറയും. അമ്മ ചിരിക്കും.

കോളേജില്‍ പഠിക്കുന്ന കാലത്ത് മീന്‍ മേടിക്കാന്‍ പോകുന്നത് കുറഞ്ഞു. എവിടെയാ സമയം ? ടൂഷനും കറക്കവുംകഴിയുമ്പോള്‍ തന്നെ രാത്രിയാകും. ഇടയ്ക്ക് വഴിയില്‍ വെച്ചി ചേട്ടത്തിയെ കാണും. അപ്പോള്‍ അവരുടെ കണ്ണ് തിളങ്ങും. അവര്‍ ചിരിക്കും.

അങ്ങനെ ദിവസങ്ങള്‍ പോയി. ശരിക്കും പറഞ്ഞാല്‍, അങ്ങനെയൊക്കെ വര്‍ഷങ്ങള്‍ തന്നെ എത്ര കടന്നു പോയി? എനിക്ക് ജോലിയായി. വിദേശ വാസമായി . കല്യാണമായി. കുഞ്ഞുങ്ങളായി. കഷണ്ടി കയറി. പഴയ ഷര്‍ട്ടില്‍ ഞാന്‍ ഒതുങ്ങതായി.

ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന ഞാന്‍ അങ്ങനെ ഒരു ദിവസം വീട്ടിലെ ഒരു ചെറിയപണിക്കു ആശാരിയെ വിളിക്കാനായി അറിയാത്ത വഴികളിലൂടെ പോയി. ചെമ്മണിട്ട വഴികളൊക്കെ താര്‍ ഇട്ടു മിനുക്കിയിരിക്കുന്നു. പുതിയ വീടുകളും അറിയാത്ത മുഖങ്ങളും. ആശാരിയുടെ വീട് ചോദിക്കാനായി ഞാന്‍ ഒരു കടയുടെ മുന്‍പില്‍ നിറുത്തി. അന്തിച്ചു പോയി ഞാന്‍. സാമാന്യം വലിയ ആ പല ചരക്കു കടയുടെ വരാന്തയില്‍ ഒരു സ്ടൂളില്‍ ഇരിക്കുന്നു ചേട്ടത്തി.

എന്നെ കണ്ടതും സ്ടൂളില്‍ നിന്നും എഴുനേല്‍ക്കാതെ എന്‍റെ നേരെ കൈ ഉയര്‍ത്തി അവര്‍. അവരുടെ കണ്ണുകള്‍ തിളങ്ങി. “മോനെ”, അവരുടെ വിറയ്ക്കുന്ന ശബ്ദം താണ് പൊങ്ങി. ഞാന്‍ ചിരിച്ചു കൊണ്ട് അവരുടെ കൈ പിടുച്ചു കൊണ്ട് മുന്‍പില്‍ കുനിഞ്ഞു നിന്നു.

പിന്നീട് പതിഞ്ഞ വിറയ്ക്കുന്ന സ്വരത്തില്‍ എന്നോട് കുശലം ചോദിക്കലായി. എന്‍റെ അമ്മ മരിച്ചതൊക്കെ അവര്‍ അറിഞ്ഞിട്ടുണ്ട്. കടയുടെ പുറകില്‍ കാണുന്ന വലിയ വീട് അവരുടെ മകന്‍ വെച്ചതാണ്. മകന് സൗദിയില്‍ വളം ഉണ്ടാക്കി വില്‍ക്കുന്ന വലിയ ബിസിനെസ്സ് ആണ്. അമ്മയ്ക്കും അച്ഛനുമായി മകന്‍ ഈ കട ഇട്ടു കൊടുത്തിരുക്കുവാണ്. നാല് ആളുകളെ വെച്ച് അവര്‍ കട നടത്തുവാണ്. കാറൊക്കെയുണ്ട്. മിക്കവാറും മൂന്ന് മാസം കൂടുമ്പോള്‍ വരും.“എന്നെയും അവന്‍റെ അച്ഛനെയും അവന്‍ പൊന്നു പോലെ നോക്കുന്നുണ്ട്. വന്നു കേറിയ പെണ്ണും കുഴപ്പമില്ല..” തിളങ്ങുന്ന കണ്ണുകളില്‍ ചിരിച്ചു കൊണ്ട് അവര്‍ എന്നോട് പറഞ്ഞു.

ഇടയ്ക്ക് കടയുടെ അകത്തോട്ടു നോക്കി അവര്‍ വിളിച്ചു ചോദിച്ചു, “ മോളി എന്തിയേടാ? അവള്‍ ഇവിടെ ഉണ്ടായിരുന്നല്ലോ?. അല്ലേല്‍ മോന്‍ ഇവിടെ നിലക്ക്, ചേട്ടത്തി ഇപ്പോള്‍ വരാം” എന്ന് പറഞ്ഞു അവര്‍ വരാന്തയിലൂടെ വീട്ടിലേയ്ക്ക് പോയി.

ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ ഒരു വലിയ സ്രാവ്നെ വാലില്‍ തൂക്കി പിടിച്ചു കൊണ്ട് വേച്ച് വേച്ച് നടന്നു അവര്‍ വന്നു. “അമ്മ ഉണ്ടായിരുന്നെങ്കില്‍ നല്ല കറി വെച്ച് തന്നേനെ, ഇല്ലേ ? മോന്‍റെ ഭാര്യക്ക്‌ നല്ല മീന്‍ കറിയൊക്കെ വെയ്ക്കാന്‍ അറിയാമോ? ഇന്നാ. കൊണ്ട് പൊയ്ക്കോ. വേണ്ടെന്നു പറയല്ല്”.

ആശാരിയുടെ വീട് ചോദിക്കാന്‍ ഞാന്‍ മറന്നു പോയി. പോകാന്‍ നേരം എന്‍റെ കൈ പിടിച്ചു അവര്‍ പറഞ്ഞു. “മോന്‍റെ അമ്മ എന്നോട് എപ്പോഴും പറയുമായിരുന്നു മോന്‍ മീന്‍ മേടിക്കാന്‍ വരുമ്പോള്‍ പച്ച മീന്‍ മാത്രമേ തരാന്‍ പാടുള്ളൂ എന്ന്. മോനെ ചന്തയില്‍ കാണുമ്പോള്‍ ഞാന്‍ എപ്പോഴും അതോര്‍ക്കും. ചേടത്തി പച്ച മീന്‍ മാത്രമല്ലേ മോന് തന്നിട്ടുള്ളൂ, എല്ലെ? അതും പറഞ്ഞു മോന്റെ അമ്മ ഇടയ്ക്ക് അഞ്ചും പത്തും രൂപയും ചേടത്തിക്ക് തന്നിട്ടുണ്ട്.”

അവര്‍ ചിരിച്ചു. ഞാനും. മീന്‍ ഡിക്കിയില്‍ വെച്ച് കാറില്‍ കയറി ഞാന്‍ ഗ്ലാസ്‌ താഴ്ത്തി യാത്ര പറഞ്ഞു. പെട്ടെന്ന് അവര്‍ എന്നോട് വിറച്ചു കൊണ്ട് സ്നേഹത്തോടെ ചിരിച്ചു കൊണ്ട് ചോദിച്ചു, “ഇത്രേം നാളായി ചേടത്തിക്ക് അറിയാന്‍ മേലായിരുന്നു. എപ്പോഴും ഓര്‍ക്കും ചോദിക്കണമെന്ന് . മോന്‍റെ പേരെന്താ?”

ഞാന്‍ എന്‍റെ പേരു പറഞ്ഞു. രണ്ടു തവണ പറഞ്ഞു. അവര്‍ക്ക് മനസിലായോന്നു സംശയം.

കാറ് മുന്നോട്ടെടുത്തു വളവു തിരിഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു. അവരുടെ പേര് എന്താണ് ?

എനിക്കിന്നും അറിയില്ല. അറിയേണ്ടി വന്നിട്ടില്ല. മുറുക്കാന്‍ കറയുള്ള “ഒരു ചിരിയില്‍” പേരില്ലാതെ അവരെന്നെ ഒരിക്കല്‍ വിളിച്ചിരുന്നു. ഒരു മറുചിരിയില്‍ ഞാന്‍ അവരുടെ വിളി കേട്ടിരുന്നു.

അല്ല, ഒരു പേരിലൊക്കെ എന്തിരിക്കുന്നു , അല്ലെ?

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.