കൈകളിൽ രാഖി കെട്ടി നെറ്റിയിൽ കുങ്കുമക്കുറി വരച്ച് നടന്ന ഞാൻ സഖാവായ കഥ

ഒരു യാഥാസ്ഥിതിക കമ്യൂണിസ്‌റ്റ്‌ കുടുംബത്തിൽ ജനനം. അമ്മയുടെ തറവാട്ടിലായിരുന്നു ബാല്യം.. അമ്മാവൻ തികഞ്ഞ പാർട്ടി പ്രവർത്തകൻ. അമ്മയും അച്ഛനും പാർട്ടി അനുഭാവികൾ.. പുലരി ആരംഭിക്കുന്നതും പകൽ അവസാനിക്കുന്നതുമെല്ലാം ഭക്തി ഗാനം പോലെ കെപിഎസിയുടെ നാടക ഗാനങ്ങൾ കേട്ടു കൊണ്ടായിരുന്നു.. ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിമാരിൽ ഒരാളായ ചാത്തൻ മാസ്റ്ററുടെ സന്തത സഹചാരിയായിരുന്നു അമ്മാവൻ.. നാട്ടിൽ തന്നെയുള്ള ഒരു വെളിച്ചെണ്ണ മില്ലിൽ തൊഴിലാളിയായിരുന്നു അദ്ദേഹം.. വൈകുന്നേരങ്ങളിൽ വീട് ഒരു പാർട്ടി ഓഫീസായിരുന്നു.. സഖാക്കൻമാരെല്ലാം കൂടിയിരുന്ന് ചർച്ചകൾ.. ഒന്നും എന്റെ കുഞ്ഞു ബുദ്ധിക്ക് ദഹിക്കുന്നതായിരുന്നില്ല.

അച്ഛൻ ഒരു എൻ സൈക്ലോപീഡിയ ആയിരുന്നു.. സൂര്യന് കീഴിലുള്ള എന്ത് ചോദ്യത്തിനും അച്ഛന് ഉത്തരമുണ്ടായിരുന്നു.. ആഴത്തിലുള്ള വായന അച്ഛന്റെ അറിവിന് മുതൽ കൂട്ടായിരുന്നു.. അച്ഛനായിരുന്നു എന്റെ റിയൽ ഹീറോ.. ജീവിതത്തിൽ ഒരൊറ്റ കാര്യത്തിലേ ഞാൻ അച്ഛനെ എതിർത്തിരുന്നുള്ളൂ..അത് ഞാൻ തിരഞ്ഞെടുത്ത രാഷ്ടീയത്തിലായിരുന്നു.. ആ കുരുന്നു പ്രായത്തിൽ എന്താണ് ഇലക്ഷനെന്നോ എന്താണ് രാഷ്ട്രിയമെന്നോ അറിയാത്ത പ്രായത്തിൽ ഞാൻ കാവിക്കൊടിയെ ഇഷ്ടപ്പെട്ടു തുടങ്ങി.. കൈകളിൽ രാഖി കെട്ടി നെറ്റിയിൽ കുങ്കുമക്കുറി വരച്ച് നടക്കാൻ ഇഷ്ടപ്പെട്ടു..
അയോദ്ധ്യയിൽ പള്ളി പൊളിച്ച വിഷയം വലിയ ചർച്ചയായി വീട്ടിൽ അച്ഛനുംഅമ്മയും പറയുമ്പോൾ നമ്മൾ അമ്പലക്കാരല്ലേ രാമന് അമ്പലം പണിയാനല്ലേ നമ്മൾ അനുകൂലിക്കേണ്ടത് എന്ന എന്റെ മറുചോദ്യം അവരെ അമ്പരപ്പിച്ചിട്ടുണ്ടാകാം /.. ബാലഗോകുലത്തിൽ പോകാനും ജന്മാഷ്ടമിക്ക് രാധയുടെയും കൃഷ്ണന്റെയും വേഷമണിയാനുമുള്ള എന്റെ ആഗ്രഹത്തെ അവർ ആദ്യം നിരുത്സാഹപ്പെടുത്തിയെങ്കിലും പിന്നീട് എന്റെ വഴി എനിക്ക് തിരഞ്ഞെടുക്കാൻ സ്വാതന്ത്യം തന്നു.
അച്ഛന്റെ വാക്കുകൾ ഇന്നും ഓർക്കുന്നു ഇന്നലെയെന്നപോലെ
“നിന്റെ ചോരയിൽ കമ്യൂണിസം ഉണ്ട്.
ഒരു നാൾ നീയത് തിരിച്ചറിയുക തന്നെ ചെയ്യും”
അത് ശരിയായിരുന്നു എന്നെനിക്ക് ഇന്ന് ഇത്ര കാലം നടന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ബോധ്യമാകുന്നു..എന്റേത് കേവലം ഭ്രമമായിരുന്നു..
യാഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ ഞാൻ ഒരു വിശ്വാസിയായിരുന്നു ഒരിക്കലും ഒരു അന്ധവിശ്വാസി ആയിരുന്നില്ല
ഞാനൊരിക്കലും എന്റെ മതമാണ് വലുതെന്ന് ചിന്തിച്ചിരുന്നില്ല
ഞാനൊരിക്കലും ഒരു ചട്ടക്കൂടുകൾക്കുള്ളിലും ബന്ധനസ്ഥയാകാൻ ഇഷ്ടപ്പെട്ടിരുന്നില്ല..ഞാനൊരിക്കലും വർണമോ കുലമോ നോക്കി സൗഹൃദങ്ങളെയും ബന്ധങ്ങളെയും വിലയിരുത്തിയിരുന്നില്ല..എല്ലാവരെയും ആത്യന്തികമായി മനുഷ്യനായി മാത്രം കണ്ടു..
ചുരുക്കി പറഞ്ഞാൽ ഒരു സംഘി എങ്ങനെയാ കരുതോ അതെല്ലാം കൂടി ചേർന്ന ആകെ തുകയായിരുന്നു ഞാൻ..അല്ലെങ്കിൽ നോട്ടു നിരോധന സമയത്ത് വെളിവുള്ള ഏതെങ്കിലും സംഘി അതിനെ എതിർക്കുമോ.. വേണ്ട ശബരിമല വിഷയത്തിൽ കോടതി വിധിക്കൊപ്പം എന്നു പറയുമോ.. പശുവിന്റെ അകിടിൽ കോലാർ ഖനിയിലേതിനേക്കാൾ സ്വർണമുണ്ടെന്നെങ്കിലും വിശ്വസിക്കാത്ത സംഘി ഒരു സംഘിയാണോ.. ഏറ്റവുമൊടുവിൽ പൗരത്വ രജിസ്റ്ററിൽ അയൽ രാജ്യത്ത് നിന്നും മുസൽമാനെ മാത്രമായി ഒഴിവാക്കിയപ്പോൾ പോലും എന്തിനാണ് എന്റെ ഹൃദയം നീറിയത്.. അത് അന്ന് വർഷങ്ങൾക്ക് മുൻപേ അച്ഛൻ പറഞ്ഞ അതേ കാരണമല്ലാതെ മറ്റെന്താണ്.
നിന്റെ ചോരയുടെ ഗുണം നീ കാണിക്കുക തന്നെ ചെയ്യും.ഞാൻ അതേ ചോരയാണ്..എന്റെ അച്ഛന്റെയും അമ്മയുടെയും അമ്മാവന്റെയും രക്തം.. അതേ വിപ്ലവ രക്തം തന്നെയാണ് എന്റെ ഞരമ്പുകളിലും..അത് അല്പം വൈകിയാണെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞതിലെ സന്തോഷത്തോടൊപ്പം ഒരു ദുഖമുണ്ട് ആ ദിവസം കാണാൻ അവരിന്ന് കൂടെയില്ലെന്ന്.
ലാൽ സലാം
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.