നമ്മള്‍ പെണ്‍കുട്ടികള്‍ ഒരീക്കലും ഡാഡിമാരെ എതിര്‍ത്ത് സംസാരിക്കരുത്. ബേസിക്കലീ ഡാഡിമാര്‍ക്ക് അത് താങ്ങാനാവില്ല

142
Hairunneesa P
നമ്മള് പെണ്കുട്ടികള് ഒരീക്കലും ഡാഡിമാരെ എതിര്ത്ത് സംസാരിക്കരുത്. ബേസിക്കലീ… ഡാഡിമാര്ക്ക് അത് താങ്ങാനാവില്ല. അത് ഏത് ലെവലിലുള്ള ഡാഡി ആണെങ്കിലും…
അഥവാ എതിര്ത്ത് സംസാരിച്ചാലും അത് താങ്ങാനാകാത്തത് കൊണ്ട് മറ്റ് വഴികളില്ലാത്തതിനാല് ഡാഡി തല്ലും. തല്ല് മാത്രമല്ല, സഹി കെട്ടാല് കൊന്ന് കുഴിച്ചുമൂടുമെന്ന് പറയും. ചെലപ്പോ അത് ചെയ്യുകയും ചെയ്യും.
അതിന് ഡാഡിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല…
ഇപ്പോ… നമ്മളെന്തെങ്കിലും വൃത്തികേട് കാണിച്ചാലും ആരും നമ്മടെ മോത്ത് നോക്കി അത് ചോദിക്കില്ലല്ലോ. നേരെ ഡാഡിയോടേ പോയി ചോദിക്കൂ. അപ്പോപ്പിന്നെ സ്വാഭാവികമായും ഡാഡിമാര്ക്ക് ആ ഉത്തരവാദിത്തം ഉണ്ടാകില്ലേ?
ഇനി അല്പസ്വല്പം പുരോഗമനസ്വഭാവക്കാരായ ഡാഡിമാരാണെങ്കില് അവര് പോകുന്നിടത്തൊക്കെ ചെലപ്പോ നമ്മളേയും ‘കൊണ്ടു’പോയേക്കും. അപ്പോഴും ഡാഡി വരയ്ക്കുന്ന വട്ടത്തിനുള്ളില് ഡാഡി പറയുന്ന സമയം വരെയേ കറങ്ങാവൂ… അത് കഴിയുമ്പോ കൃത്യമായി വീട്ടിലെത്തണം.
കാരണം അവിടെ ഡാഡിയുടെ പേര് മാത്രമല്ല, ഡാഡിയുടെ പുരോഗമന നിലപാടിലുള്ള അന്തസും പരിവേഷവും കൂടി കാത്തുസൂക്ഷിക്കാന് നമ്മള് ബാധ്യസ്ഥരാണ്…
ഏതായാലും ജനനം മുതല് മരണം വരെ ഏതെങ്കിലുമൊക്കെ ഡാഡിമാരുടെ കൂടെ ജീവിച്ചേ പറ്റൂ. അപ്പോ താരതമ്യേന ബാധ്യത കുറഞ്ഞ ഡാഡിമാരോടൊപ്പം ജീവിക്കുന്നതാണ് നമുക്ക് എളുപ്പം കെട്ടോ…
അല്ലെങ്കിപ്പിന്നെയൊരു മാര്ഗമുണ്ട്… എല്ലാരെക്കൊണ്ടും പറ്റുന്നതല്ല, പറ്റുന്നവര്ക്ക് ചെയ്യാവുന്നതാണ്…
അതായത്. ‘ഡാഡി- ഡാഡിയാണ് അതൊക്കെ ശരിയാണ്, പക്ഷേ ഡാഡി, ഡാഡിയുടെ കാര്യം നോക്കിയാ മതി, എന്റെ കാര്യം ഞാന് നോക്കിക്കോളാം, തല്ലാനോ കൊല്ലാനോ വല്ല പ്ലാനും ഉണ്ടെങ്കി തിരിച്ചും അതൊക്കെ തന്നെ പ്രതീക്ഷിച്ചാ മതി, എങ്ങാനും വല്ലവനും വന്ന് എന്റെ കൊള്ളരുതായ്മകളെ പറ്റി ഡാഡിയോട് ചോദിച്ചാ അതൊക്കെ എന്നോട് ചോദിച്ചാ മതി, ഡാഡിക്കതില് പങ്കില്ലെന്ന് പറഞ്ഞാ മതി’- എന്ന ഡയലോഗ് സന്ദര്ഭം ഡിമാന്ഡ് ചെയ്യുന്ന തീവ്രതയനുസരിച്ച് അങ്ങ് കാച്ചുക…
ശ്രദ്ധിക്കണം. സന്ദര്ഭം ആവശ്യപ്പെടുന്ന തീവ്രതയില്ലെങ്കി ഡയലോഗ് ഏല്ക്കില്ല…
ഇങ്ങനെയൊക്കെ പറഞ്ഞ് ഡാഡിയെ നൈസായി അങ്ങ് ഒഴിവാക്കാമെങ്കിലും, പുതിയ ഡാഡിമാര് വന്നുകൊണ്ടേയിരിക്കുമെന്ന സംഗതി നമ്മള് മറന്നുപോകാനേ പാടില്ല. ഡയലോഗ് റിപ്പീറ്റടിച്ചോണ്ടിരിക്കേണ്ടിവരും. എങ്കിലും ഡാഡിയില്ലായ്മകളുടെ ചെറിയ ഇടവേളകളൊക്കെ അല്പം അഭിമാനം നമുക്ക് തന്നേക്കാം.
ഇനി പ്രത്യേകം കരുതേണ്ട സുപ്രധാനമായ ഒരു കാര്യം കൂടി പറയാം… ഒട്ടുമിക്ക മമ്മിമാരും ഡാഡിമാര് തന്നെയാണ്. അവരെ മമ്മിയായി തെറ്റിദ്ധരിച്ച് നമ്മള് മുന്നോട്ട് പോകുകയേ അരുത്… അവരെയും ഡാഡിയായിത്തന്നെ കാണാന് ശീലിക്കുക… അവര്ക്കും മുകളില് പറഞ്ഞ വിഷയങ്ങള് ബാധകം.