ആരോഗ്യമുള്ള ശരീരം തന്നെയാണ് നമ്മുടെ സന്തോഷകരമായ ജീവിതത്തിന്റെ അടിസ്ഥാനം

856

Jomol Joseph എഴുതുന്നു 

പ്രസവത്തിന് ശേഷം നമ്മുടെ നാട്ടിലെ സ്ത്രീകൾ നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങളാണ്, അവരുടെ വയറു ചാടുന്നതും, ജീവിത കാലം മുഴുവനും നീണ്ടുനിൽക്കുന്ന ഇടക്കിടെ ആവർത്തിച്ച് വരുന്ന നടുവേദനയും.

കുറച്ച് ഇതു രണ്ടും കുറച്ച് ശ്രദ്ധിച്ചാൽ നമുക്ക് ഈസിയായി മറികടക്കാനാകുന്ന പ്രശ്നങ്ങളാണ്.

നമ്മുടെ നാട്ടിൽ പ്രസവ ശേഷം വയർ വരിഞ്ഞ് മുറുകി കെട്ടുന്ന പരിപാടിയാണ് വയറു കുറക്കാനായി ചെയ്യുന്നത്. ഒരു പരിധിവരെ ഇത് ചിലരിൽ ഗുണം ചെയ്യാറുണ്ട്. എന്നാൽ പ്രസവ ശേഷം തിന്നാൻ പറ്റുന്നതിലും കൂടുതൽ ഭക്ഷണം നമ്മളെ കൊണ്ട് തല്ലി തീറ്റിക്കുന്ന നമ്മളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന അമ്മമാർ തന്നെയാണ് ചാടിയ വയറിന് ഉത്തരവാദിയെന്ന് ഒരു സംശയവുമില്ലാതെ പറയാം. മുലയൂട്ടുന്ന അമ്മമാർ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് കഴിക്കേണ്ടത്. പകരം വയറുനിറഞ്ഞ് പൊട്ടുന്ന രീതിയിൽ ചോറ് കഴിച്ച് വയർ വീർപ്പിച്ചിട്ട് യാതൊരു കാര്യവുമില്ല.

ഓരോ മനുഷ്യനും അവരുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണേ കഴിക്കാവൂ, പ്രത്യേകിച്ചും പ്രസവ ശേഷം. അല്ലാത്ത പക്ഷം കുടൽ വലുതാകുകയും, തുടർന്നും കുടൽ നിറയെ ഭക്ഷണം ആവശ്യമായി വരികയും ചെയ്യും. അതിനനുസരിച്ച് നമ്മുടെ വയറും വലുതാകും. വയർ വലിച്ചു കെട്ടുന്നതോടൊപ്പം തന്നെ, വയറിന്റെ ലൂസായ മസിലുകൾ ബലപ്പെടുന്നില്ല എങ്കിൽ കെട്ട് അഴിച്ചു മാറ്റുന്നതിനനുസരിച്ച് മസിലുകൾ ലൂസായി വയർ വലുതായി വരും. അമിതമായി ചോറ് കഴിക്കുന്നതിന് പകരം പയർ വർഗ്ഗങ്ങൾ മുളപ്പിച്ച് പച്ചക്ക് കഴിക്കുന്നത് നമുക്കാവശ്യമായ പോഷകങ്ങൾ ലഭിക്കാനും, മുലപ്പാൽ ധാരാളമായി ഉണ്ടാകുന്നതിനും ഗുണം ചെയ്യും. കൂടെ ശരീരത്തിന്റെ ബുദ്ധിമുട്ടുകളും റെസ്റ്റ് കാലാവധിയും കഴിഞ്ഞശേഷം വയറിന്റെ മസിലുകൾ ബലപ്പെടാനായി വ്യായാമം ചെയ്യുന്നതും വളരെ നല്ലതാണ്. ഒരു കാര്യം പ്രത്യേകം ഓർക്കുക, ആരോഗ്യമുള്ള ശരീരം തന്നെയാണ് നമ്മുടെ സന്തോഷകരമായ ജീവിതത്തിന്റെ അടിസ്ഥാന ഘടകം.

പ്രസവ ശേഷം ആവർത്തിച്ച് ഇടക്കിടെ വരുന്ന നടുവേദനയാണ് അമ്മമാരുടെ ജീവിതത്തിലെ പ്രധാന വില്ലൻ. നടുവേദനക്ക് പ്രധാന കാരണം, മുലപ്പാലൂട്ടുന്ന കാലയളവിൽ അമ്മമാരുടെ ശരീരത്തിൽ നിന്ന് കുറവ് വരുന്ന കാൽസ്യത്തിന്റെ അളവാണ്. ശരീരത്തിൽ കാൽസ്യം കുറയുന്നത്, എല്ലുകളുടെ ബലക്കുറവിനും അതുവഴിയുണ്ടാകാൻ സാധ്യതയുള്ള എല്ലുകളുടെ തേയ്മാനത്തിനും കാരണമാകാം. സന്ധിവേദനയും നീർവീഴ്ചയും പുറം വേദനയും ഒക്കെ ഇതിന്റെ ഭാഗം തന്നെയായി വരുന്നതാകാം. ഇതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത്, മുലയൂട്ടുന്ന കാലയളവിൽ കാൽസ്യം ഗുളികകൾ സപ്ലിമെന്റായി കഴിക്കുക എന്നതാണ്. നമ്മുടെ നാട്ടിൽ എത്ര സ്ത്രീകൾ, മുലയൂട്ടൽ കാലം തീരുന്നതുവരെ കാൽസ്യം ഗുളികകൾ കഴിക്കുന്നുണ്ട് എന്ന് ചോദിച്ചാൽ നമുക്ക് ലഭിക്കുന്ന മറുപടി നമ്മളെ നിരാശപ്പെടുത്തും. ഫലമോ ഇടക്കിടെ വരുന്ന നടുവേദനകൊണ്ട് അമ്മമാർ വല്ലാതെ കഷ്ടപ്പെടുന്നു എന്നതാണ്.

പ്രസവശേഷം ഡിസ്ചാർജ്ജ് ആകുമ്പോഴും, തുടർന്ന ഡോക്ടറെ കൺസൾട്ട് ചെയ്യുമ്പോഴും ഡോക്ടർമാർ പ്രിസ്ക്രൈബ് ചെയ്യുന്ന കാൽസ്യം ടാബ്ലറ്റ് പലരും ആദ്യ മാസങ്ങൾക്ക് ശേഷം ഉപേക്ഷിക്കുകയാണ് പതിവ്. അതിന് പ്രധാന കാരണം പലരും സ്വന്തം ശരീരത്തേയും ആരോഗ്യത്തെയും കുറിച്ച് ബോധവതികളല്ല എന്നതും, പ്രസവ ശേഷവും മുലയൂട്ടൽ കാലയളവിലും സ്വന്തം ശരീരത്തിൽ വരുന്ന മാറ്റങ്ങളെകുറിച്ചം, അത്തരം ബുദ്ധിമുട്ടുകളുടെ ദോഷങ്ങൾ ഭാവിജീവിതത്തെ ബാധിക്കുന്നതിനെ കുറിച്ചും, പലർക്കും കൃത്യമായ അറിവില്ല എന്നതുമാണ്.

ആവർത്തിക്കട്ടെ ആരോഗ്യമുള്ള ശരീരം തന്നെയാണ് നമ്മുടെ സന്തോഷകരമായ ജീവിതത്തിന്റെ അടിസ്ഥാനം. അതിനായി കൃത്യമായ ഭക്ഷണക്രമവും, വ്യായാമവും, ആവശ്യമായ ഫുഡ് സപ്ലിമെന്റുകളുടെ കഴിക്കലും, ചിട്ടയായ ജീവിതക്രമവും ആവശ്യമാണ്.