ഈ കള്ളനാൽ ജ്ഞാനസ്നാനം സ്വീകരിക്കൂ…

  0
  130

  ജോഫിൻ മണിമല

  ഈ കള്ളനാൽ ജ്ഞാനസ്നാനം സ്വീകരിക്കൂ…

  ഈ മനുഷ്യനെ – അടയ്ക്കാ രാജുവിനെ നിങ്ങൾക്കറിയാം. ഇയാളെക്കുറിച്ചാണ് പണ്ട് നസ്രത്തിൽ ജീവിച്ചിരുന്ന ആ മരപ്പണിക്കാരൻ പറഞ്ഞത്,
  “എന്നോടൊപ്പം നീ പറുദീസയിൽ ഉണ്ടാകു”മെന്ന്.വാരാദ്യത്തിലെ വേദപാഠക്ലാസുകളിലും ബൈബിൾ വായനകളിലും ഒക്കെയായി കേട്ടുപോയ ആ വാക്കുകൾ, ഇന്ന് ജീവനായി നിലനില്ക്കുന്നത് ഇയാളിലൂടെയാണ് – അടയ്ക്കാ രാജു എന്ന കള്ളനിലൂടെ.! ഇടയന്മാരും കുഞ്ഞാടുകളും ആ മനുഷ്യന്റെ മുഖത്തേക്ക് ഒരു വട്ടമെങ്കിലും നോക്കണം. അയാളുടെ വാക്കുകൾ ശ്രവിക്കണം.

  Adakka Raju | Newsthen l The news interactive“എനിക്കുമുണ്ട് പെണ്മക്കൾ. അവരെ കാണാതെപോകുന്നത് സഹിക്കാനാവുമോ. ആ കുഞ്ഞിന് നീതി ലഭിച്ചതിൽ ഞാൻ ഹാപ്പിയാ. ഇന്ന് ഞാൻ കുടിക്കും..” എന്നുപറഞ്ഞ്, ലഹരിവിമോചനത്തിന് അഖണ്ഡ ജപമാല വാരാഘോഷം ഒക്കെ നടത്തുന്നവരെ അയാൾ കൊഞ്ഞനം കുത്തുകയാണ്. കാനായിലെ വീഞ്ഞ് ആ മരപ്പണിക്കാരൻ ഇയാളുടെ നാവിൽ ഇറ്റിച്ചിട്ടുണ്ടാവണം..
  “ദൈവം തമ്പുരാനാണ് മോഷ്ടിക്കാനായി എന്നെ അവിടെ എത്തിച്ചത്” എന്നുപറയുമ്പോൾ ഴാങ് വാൽ ഴാങ്, ബിഷപ്പ് ബിയവഞ്ഞ്യോ എന്നിവർ ഒരേ ഉടലിൽ രൂപാന്തരവും കാലാന്തരവും പ്രാപിച്ച് അവതരിക്കുന്നുണ്ട്.

  “ഇപ്പോഴും മൂന്നുസെന്റിൽ കിടക്കുന്ന എനിക്ക് കോടികളുടെ ഓഫറുകളാണ് വന്നത്. ചില്ലിക്കാശ് പോലും ഞാൻ വാങ്ങിയില്ല..” എന്ന വാക്കുകൾ കേൾക്കുമ്പോൾ, യേശുവിനെ ‘വിറ്റ്’ കോടികൾ കൊയ്യുന്ന വെള്ളയടിച്ച കുഴിമാടങ്ങളായ ഇടയനേതാക്കൾക്ക് തലകുനിക്കാം.
  “തന്നെപ്പോലെ തന്നെ അയല്ക്കാരനെ സ്നേഹിക്കണം” എന്ന തിരുവചനം, “ആ കുഞ്ഞിന്റെ അച്ഛന്റെ സ്ഥാനത്തുനിന്നാണ് ഞാനിത് പറയുന്നത്” എന്ന കള്ളൻ രാജുവിന്റെ വിശുദ്ധവചനത്തിൽ ലയിച്ചുചേരുന്നു.

  അഭയ കൊല്ലപ്പെട്ടപ്പോൾ ഉണ്ടായിരുന്ന നിസംഗത, രണ്ട് പാതിരികളെയും ഒരു കന്യാസ്ത്രീയെയും കുറ്റക്കാരാക്കിയപ്പോൾ ആധിപൂണ്ട് തിരക്കിട്ടെഴുതിയ ഇടയലേഖനത്തിലൂടെയാണ് തിരുസഭ കൈവെടിഞ്ഞത്. ഇടയലേഖനമെഴുതി പ്രതികൾക്ക് വേണ്ടി പ്രാർത്ഥനാസഹായം തേടിയവരാണ് അടിമുടി അഴിമതിയിൽ കുളിച്ചുനില്കുന്ന, മരപ്പണിക്കാരന്റെ മണവാട്ടി എന്ന ലോകത്തിലെ ഏറ്റവും വലിയ മാഫിയ. അതിന്റെ നീണ്ട അങ്കിക്കുള്ളിൽ ബലാത്സംഗിയായ ബിഷപ്പ് ഫ്രാങ്കോയെ ഇപ്പോൾ അവർ മൂടിപ്പുതപ്പിച്ച് കിടത്തിയിട്ടുണ്ട്. കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോഴും പ്രായപൂർത്തിയാകാത്ത പെണ്കുട്ടികൾ പള്ളിമേടയിൽ നിന്ന് ദിവ്യഗർഭം ഏറ്റുവാങ്ങുമ്പോഴും ഒക്കെ മൗനം പാലിക്കുന്നവർ, അഭയയുടെ കൊലപാതകികളെയും ഫ്രാങ്കോയെപ്പോലുള്ള ക്രിമിനലുകളെയും സംരക്ഷിക്കുവാൻ കോടികൾ ഒഴുക്കി കുഞ്ഞാടുകളെയും കബളിപ്പിച്ച് അധികനാൾ മുന്നോട്ടുപോകില്ല. യേശുവും സഭയും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് കുഞ്ഞാടുകൾക്ക് എന്നെങ്കിലും ബോധ്യം വരും. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ അവർ കൂട്ടമായി ആക്രമിക്കും.

  നിർബന്ധങ്ങളുടെ പേരിൽ അടിച്ചേല്പിക്കപ്പെടുന്ന ഷണ്ഡത്വം മനുഷ്യവിരുദ്ധമാണ്. “ഞങ്ങൾ ആരെയും നിർബന്ധിക്കുന്നില്ല. തെരഞ്ഞെടുപ്പുകൾ അവരുടേതാണ്..” എന്നാണ് ന്യായം. ഏറ്റവും അശ്ലീലമായ ന്യായവാദമാണത്. നേർചിന്ത ഉറയ്ക്കാത്ത പതിനഞ്ചോ പതിനേഴോ വയസ്സിൽ എടുക്കുന്ന തീരുമാനങ്ങൾ അട്ടിമറിക്കപ്പെടുന്ന മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും ഉദാഹരണമാണ്. പത്താംക്ളാസ്സുമുതൽ റിക്രൂട്ടിങ് ക്യാമ്പ് നടത്തി, യേശുവിന്റെ മണവാട്ടിയായാൽ ഉണ്ടാകുന്ന സ്വർഗീയാനുഭൂതികൾ നിരത്തിയും പരത്തിയും ബ്രെയിൻ വാഷിങ് നടത്തി തന്നെയാണ് ഭൂരിപക്ഷം മണവാട്ടികളെയും സഭ സൃഷ്ടിച്ചെടുക്കുന്നത്. നേർച്ചക്കോഴികളായി പോകുന്നവർ ഇന്നുമുണ്ട് എന്നതും യാഥാർത്ഥ്യമാണ്. കുട്ടികളെ പെറ്റുപെരുക്കാൻ ആഹ്വാനം ചെയ്യുന്നവർ, നിരന്തരം പാപബോധം കുത്തിവയ്ക്കുന്നവർ ഒക്കെ പരോക്ഷമായി ആ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നുമുണ്ട്. വേണ്ടായിരുന്നു, ഇതല്ല എന്റെ വഴി എന്നൊക്കെ തിരിച്ചറിവാകുമ്പോഴേക്കും വൈകിയിരിക്കും. വീട്ടുകാരും നാട്ടുകാരും ഒക്കെക്കൂടി കൊത്തിക്കീറും. അതോടെ സർവവും സഹിച്ച് അവർ എന്നെന്നേക്കുമായി പ്രാർത്ഥനകളാൽ ചുറ്റപ്പെട്ട ഭൂതത്താൻ കോട്ടയ്ക്കുള്ളിൽ അടിമകളായി മാറും. എന്നാൽ ധീരതയോടെ എല്ലാം വിട്ട് പുറത്തേക്ക് വന്നവർ സമൂഹത്തിന്റെ നോട്ടത്തിൽ അഴിഞ്ഞാട്ടക്കാരികളാകുന്നു. വേശ്യ എന്ന ചാപ്പകുത്തലാവും പലരുടെയും മേൽ പതിച്ചിട്ടുണ്ടാകുക.

  കന്യാസ്ത്രീകൾ സഭയുടെ ഒരു വലിയ വരുമാനസ്രോതസ്സ് കൂടിയാണ്. നഴ്‌സ് അല്ലെങ്കിൽ അദ്ധ്യാപികമാരായ കന്യാസ്ത്രീകൾ എല്ലാവരുംകൂടി കോടിക്കണക്കിന് രൂപയാണ് വർഷാവർഷം സഭയ്ക്ക് ലാഭിച്ചുകൊടുക്കുന്നത്. അതുകൊണ്ട് യേശുവിന് സ്ത്രോത്രഗീതവും രചിച്ച്, പരിശുദ്ധ കന്യാമറിയത്തിന്റെ അവധാനങ്ങളും ആലപിച്ച് അവർ ഇനിയും റിക്രൂട്ടിങ് ക്യാമ്പുകളിലേക്കുള്ള ക്ഷണപത്രവുമായി വരും. മാതാപിതാക്കളേ, നിങ്ങൾ നിങ്ങളുടെ പെണ്കുട്ടികളെ ‘വിശുദ്ധ’ വ്യഭിചാരത്തിന് വിട്ടുകൊടുക്കണമോ വേണ്ടയോ എന്ന് ഇനിയെങ്കിലും ചിന്തിക്കണം. കന്യാസ്ത്രീമഠങ്ങളിലെ കിണറുകളിൽ ജലസമാധിയടഞ്ഞ പെണ്ണുങ്ങളുടെ പ്രേതങ്ങൾ ഉയർത്തെഴുന്നേൽക്കുക തന്നെ വേണം. ആ വിശ്വാസത്തിന്റെ അടിത്തറയിൽ ആവണം ഇനി ശെമയോൻ പത്രോസ് തന്റെ നാഥനുവേണ്ടി പള്ളി പണിയേണ്ടത്. അടയ്ക്കാ രാജു എന്ന കള്ളന്റെ വാക്കുകൾ കൂടുതൽ ഉച്ചത്തിൽ മുഴങ്ങുന്നു. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ…