ഗുജറാത്തിൽ തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നു പ്രചരിപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചു വെളിച്ചത്തായത്

112

Dr.T.M Thomas Isaac

പൗരത്വനിയമത്തിലെ വർഗീയ ഭേദഗതിയ്ക്കെതിരെ രാജ്യമെമ്പാടും ഉയരുന്ന പ്രക്ഷോഭം, ഇസ്ലാമിക തീവ്രവാദികൾക്ക് മുതലെടുക്കാനുള്ള അവസരമാകരുത് എന്ന നിലപാട് ആദ്യം മുതൽ ഉയർത്തിപ്പിടിക്കുകയാണ് ഇടതുപക്ഷം. അതുകൊണ്ടുതന്നെ, “1921ലെ വാൾ ഉപേക്ഷിച്ചിട്ടില്ല” എന്ന് എവിടെയോ ആരോ വിളിച്ച മുദ്രാവാക്യത്തിന്റെ ഉത്തരവാദിത്തമൊന്നും ഇടതുപക്ഷത്തിന്റെ തലയിൽ ചാരേണ്ടതില്ല. അതുദ്ധരിച്ചുകൊണ്ട് തങ്ങളുടെ ഭീഷണിയെ ന്യായീകരിക്കാനുള്ള സംഘികളുടെ ശ്രമം വിലപ്പോവുകയുമില്ല.

മതനിരപേക്ഷതയിലും ഭരണഘടനാ മൂല്യങ്ങളിലും ഊന്നി നിന്ന് ഇടതുപക്ഷം നയിക്കുന്ന പ്രക്ഷോഭത്തിൽ ഇത്തരം തീവ്രവാദശക്തികൾക്ക് ഒരു സ്ഥാനവുമില്ലെന്ന് നിലപാടെടുക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുകയാണ് ഇടതുപക്ഷം. രാജ്യവ്യാപകമായി ബിജെപി നേതാക്കളും അണികളും മുസ്ലിങ്ങൾക്കെതിരെ ഉയർത്തുന്ന വംശഹത്യാ ഭീഷണിയെ, ഒറ്റപ്പെട്ട വിവേകശൂന്യമായ ഇത്തരം മുദ്രാവാക്യങ്ങളോടോ പ്രകടനത്തോടോ താരതമ്യപ്പെടുത്താനാവില്ല. അതേസമയം അത്തരം ശക്തികളുടെ പ്രവർത്തനങ്ങൾ സംഘപരിവാറിന് മുതലെടുക്കാൻ അവസരം നൽകുമെന്ന കാര്യത്തിൽ തർക്കവുമില്ല.

ഇന്ത്യയുടെ ഭരണാധികാരം കൈയാളുന്ന രാഷ്ട്രീയ കക്ഷിയുടെ നേതാക്കളും അണികളും ഒരുപോലെ അക്രമത്തിന്റെ ഭാഷയിൽ മുസ്ലിം വിരുദ്ധത ആളിക്കത്തിക്കുകയാണ്. ഗുജറാത്തിൽ തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നും ആവർത്തിച്ചു വാദിക്കുകയായിരുന്നു, സംഘപരിവാറുകാർ ഇന്നലെവരെ. അതേ നാവുകൊണ്ടാണ്, “ഗുജറാത്ത് ഓർമ്മയില്ലേ” എന്ന് വെല്ലുവിളിയുടെ ഭാഷയിൽ ചോദിക്കുന്നത്. അതിന്റെ അർത്ഥം, അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും.

ഗുജറാത്തിൽ അരങ്ങേറിയ കൂട്ടക്കൊലയും കൊള്ളയും കൊള്ളിവെയ്പ്പും ആവർത്തിക്കാൻ മടിക്കില്ല എന്നാണ് ഭീഷണി. ആ ഭീഷണി ഒറ്റപ്പെട്ടതല്ല. ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ പോലും പരസ്യമായി കൊലവെറി മുഴക്കുകയാണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും ആധിപത്യമുറപ്പിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരാണ് ഒരു കൂസലുമില്ലാതെ ഈ ഭീഷണി ആവർത്തിക്കുന്നത്. അതിനെ ഒറ്റപ്പെട്ട സംഭവങ്ങളുമായി താരതമ്യപ്പെടുത്തി ലഘൂകരിക്കാനാവില്ല.

മാത്രമല്ല, ഹിന്ദുത്വ, ഇസ്ലാമിക തീവ്രവാദങ്ങൾ പരസ്പര പൂരകങ്ങളാണെന്ന് നന്നായി മനസിലാക്കുന്നവർ തന്നെയാണ് ഇടതുപക്ഷം. ഒന്നിന്റെ പ്രവൃത്തിയുടെ ഗുണഭോക്താക്കൾ മറ്റേ വിഭാഗമാണ്. എല്ലാക്കാലത്തും അവർ ഒരേ തൂവൽ പക്ഷികളുമാണ്. ഇനിയങ്ങോട്ടും അവർ അങ്ങനെ തന്നെയായിരിക്കും. വ്യത്യസ്ത ഭാഷയിൽ ഒരേ പ്രത്യയശാസ്ത്രവും പ്രവർത്തനപരിപാടിയുമുള്ളവരാണവർ. പരസ്പരം എതിർപ്പ് അഭിനയിച്ചുകൊണ്ട് സ്വയം ശക്തിപ്പെടുകയാണ് അവരുടെ ശ്രമം.

ഇവയിൽ ഹിന്ദുത്വ വർഗീയതയാണ് ഇന്ത്യ ഭരിക്കുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എത്ര മുക്രയിട്ടാലും ഇന്ത്യയിലെ ഭരണവർഗമാകാനാവില്ല. എന്നാൽ ഈ കത്തിവേഷങ്ങൾക്കു നേരെ വിരൽ ചൂണ്ടിയാണ് വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിന് ബിജെപിയും കൂട്ടരും ആസൂത്രിതമായി ശ്രമിക്കുന്നത് എന്നതും മറക്കാനാവില്ല. അതുകൊണ്ട് ഇസ്ലാമിക തീവ്രവാദികളോടും ഒരു വിട്ടുവീഴ്ചയും ഇടതുപക്ഷത്തിനില്ല.

പൗരത്വ നിയമത്തിലെ വർഗീയ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററുണ്ടാക്കുമെന്ന വെല്ലുവിളിയും രാജ്യത്തു സൃഷ്ടിച്ചിട്ടുള്ള അരക്ഷിതാവസ്ഥയെ മൗദൂദിയൻ ആശയപ്രചരണത്തിനുള്ള അവസരമാക്കി മാറ്റാനുള്ള ശ്രമങ്ങളെയും ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാതെ ചെറുക്കും. ഐസിസും സമാനങ്ങളായ മറ്റു ഭീകരപ്രസ്ഥാനങ്ങളും തങ്ങളുടെ അജണ്ട വിറ്റഴിക്കാനുള്ള സുവർണാവസരമായി മുതലെടുക്കാൻ ശ്രമിക്കുമെന്നും ഇടതുപക്ഷം മുൻകൂട്ടിക്കാണുന്നുണ്ട്.

മതഭേദങ്ങൾക്ക് അതീതമായി ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെയും മൂല്യങ്ങളുടെയും അടിത്തറയിൽ നിന്നു മാത്രമേ ഈ രണ്ടുകൂട്ടരെയും ചെറുക്കാൻ കഴിയൂ. ഈ രണ്ടു വർഗീയതയ്ക്കും മറുപടി ഇന്ത്യൻ ഭരണഘടനയാണ്. ആ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളോടെ എല്ലാ ഇന്ത്യക്കാർക്കും ഈ മണ്ണിൽ ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്.
അതുകൊണ്ട് ഏതെങ്കിലും ന്യൂനപക്ഷ തീവ്രവാദ സംഘടനയുടെ പ്രകടനങ്ങളിൽ ഉയർന്ന മുദ്രാവാക്യങ്ങളുടെ പട്ടിക നിരത്തി സംഘപരിവാർ ഭീഷണിയെ ലഘൂകരിക്കാൻ ശ്രമിക്കേണ്ടതില്ല. ഇരുവരും നേർക്കുനേർ വിരൽചൂണ്ടുന്നത് പരസ്പരാലിംഗനത്തിന്റെ കേളീമുദ്രയാണെന്ന് ഇടതുപക്ഷത്തിന് നല്ല ബോധ്യമുണ്ട്. ദേശീയ പതാകയേന്തി, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് ഇരുവർക്കുമുള്ള മറുപടി.

Advertisements