ഹിന്ദു മതത്തിൽ ജനനം നായരായിട്ടാണത്രെ, തിന്നതും കുടിച്ചതും മാപ്പളയുടേയും ക്രിസ്ത്യാനിയുടേയുമൊക്കെ പാത്രത്തിലാ എനിക്കിവിടെ പൗരത്വമുണ്ടോ?

0
1093

Naveena Subhash

ഞാൻ അറിഞ്ഞ മതം

(12 വർഷം മുമ്പുള്ള അനുഭവം)

ഞാൻ ആദ്യമായി ശമ്പളം വാങ്ങിയത് കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരുള്ള മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ്. തികച്ചും മുസ്ലീം മേനേജ് മെന്റ് സ്കൂൾ. അന്ന് ആ വിദ്യാലയത്തിന്റെ ബിൽഡിംങ് വർക്ക് നടക്കുകയായിരുന്നു.അതു കൊണ്ട് തന്നെ കരിയാടുള്ള ഒരു മദ്രസ്സയുടെ മുറ്റത്തുള്ള കെട്ടിടത്തിലായിരുന്നു LKG മുതൽ 5th വരെയുള്ള കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ആ സ്കൂളിൽ അധ്യാപികയായെത്തിയ ആദ്യ വ്യക്തി ഞാനായിരുന്നു. 8 വർഷക്കാലം വെറും വീട്ടമ്മയായി കഴിഞ്ഞ എനിക്ക് ആ വീടിന്റെ നാലു ചുമരുകളും തൊടിയും മാസത്തിലൊരിക്കൽ തേങ്ങാ വലിച്ചാൽ അത് പെറുക്കിക്കൂട്ടാൻ വീടിനോട് ചേർന്ന് കിടക്കുന്ന പടുകൂറ്റൻ പാറ ഇറങ്ങിച്ചെന്നാലെത്തുന്ന മറ്റൊരു പറമ്പിനുമപ്പുറം മറ്റൊരു ലോകം പരിചിതമായുണ്ടായിരുന്നില്ല.

കാർക്കശ്യക്കാരനായ അമ്മായിയച്ഛന്റെ സമ്മതമില്ലാത്തതിനാൽ ടെലിവിഷനോ റേഡിയോവോ പ്രവർത്തിപ്പിക്കാനോ അയൽക്കാരോട് സംസാരിക്കാനോ ഭർത്താവുമൊത്ത് യാത്ര ചെയ്യാനോ സാധ്യമാകാത്ത കാലം. പക്ഷെ വിദ്യാസമ്പന്നരുടെ കുടുംബത്തിലേക്കാണ് 17 വയസ്സിൽ എന്നെ കെട്ടിക്കൊണ്ട് വന്നത്. അതു കൊണ്ട് തന്നെ പുനർ വിദ്യാഭ്യാസത്തിന് [അവരുടെ സൗകര്യങ്ങൾ കഴിഞ്ഞ് ] തടസ്സമൊന്നുമില്ലായിരുന്നു. അക്കാലത്ത് അമ്മായിയച്ഛൻ കോഴിക്കോട് ഗണപതി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹെഡ്മാഷായി ജോലി നോക്കുകയായിരുന്നു. അവിടുത്തെ ടീച്ചർമ്മാരിൽ ചിലർ മോണ്ടിസോറി ടീച്ചേഴ് ട്രെയ്നിംങ് പഠിക്കുന്നുണ്ടായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ ശേഷം ഡിഗ്രിക്ക് ചേർന്ന ഉടനെ വിവാഹം കഴിഞ്ഞ് അവരുടെ വീട്ടിൽ എത്തിയപ്പോൾ കുടുംബത്തിന്റെ എല്ലാകാര്യങ്ങളും എന്റെ ഉത്തരവാദിത്തമായിമാറി. പുലർച്ചെ 3 മണിക്ക് തുടങ്ങുന്ന വീട്ട് ജോലികൾ തീരുന്നത് രാത്രി 8 മണി. പിന്നെ പലപ്പോഴും 1 മണി വരെ ഉണ്ണാതെ ഭർത്താവിനെ കാത്തിരിക്കൽ… അതൊരു കഥ.

വിഷയത്തിലേക്ക് വരാം. അച്ഛന്റെ സ്കൂളിലെ ഏതോ ഒരു ടീച്ചറുടെ ചോദ്യം’ മരുമകൾക്ക് ഞങ്ങൾ ചെയ്യുന്ന കോഴ്സ് ചെയ്താൽ ഇതു പോലെ തൽക്കാലം ഒരു ഇംഗ്ലീഷ് മീഡിയത്തിൽ പോയിക്കൂടെ, ചെറിയ കുട്ടിയല്ലെ പഠിക്കട്ടെ. അതേറ്റു, വഴിത്തിരിവ് ഒന്നാം ഘട്ടം. അച്ഛന്റെ സഹായത്തോടെ പഠിക്കാൻ കോഴിക്കോട് പോയി. അപ്പോൾ മോൾ ഉണ്ടായി ഒന്നര വർഷമായിരുന്നു. നോക്കാനാളില്ലാത്തതിനാൽ അവളെ ഒക്കത്ത് കെട്ടി, ക്ലാസ് മുറിയിലിരുന്ന് മുലയൂട്ടി തറയിൽ ഒരു പുല്ലുപായയിൽ അവളെ ഉറക്കിക്കിടത്തി പഠിച്ച് ഇംഗ്ലീഷിലുള്ള 7 പേപ്പറും ഫസ്റ്റ് ക്ലാസോടെ പാസായി. അത് ഒരു മുസ്ലീം മേനേജ് മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നായിരുന്നു. ഉടനെ തന്നെ കൊയിലാണ്ടി ഭവൻസിൽ വെച്ച് ഒരിന്റർവ്യൂ നടന്നു. അവിടെ നിന്നാണ് പെരിങ്ങത്തൂർ മൗണ്ട് ഗൈഡിലേക്ക് സെലക്ടാവുന്നത്.

അവിടെ ഇന്റർവ്യൂവിനെത്തിയവരിൽ 151 മത്തെ ആളായിരുന്നു ഞാൻ. ഒരക്ഷരം പോലും ഇംഗ്ലീഷിൽ സംസാരിക്കാനറിയാത്ത മിന്നുവിന്റെ അമ്മ. അന്നവിടെ റിസപ്ഷനിൽ ഉണ്ടായിരുന്നത് മട്ടന്നൂർകാരിയായ, പിന്നീടവിടുത്തെ കേമയായ ടീച്ചറായിത്തീർന്ന എന്റെ പ്രിയ കൂട്ടുകാരി സരിതാ രാജേഷ് ആയിരുന്നു.[അവളാണ് എനിക്ക് ആദ്യമായി ആത്മവിശ്വാസം തന്നത് ] ബുദ്ധമതക്കാരിയായ പ്രിൻസിപ്പാളിന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്ക് [കേട്ടാൽ മനസ്സിലാകും] ഞാൻ മലയാളത്തിൽ ഉത്തരം കൊടുത്തു. മലയാളം അറിയാത്ത അവരുടെ മുഖം ചുളിഞ്ഞു. ഒപ്പം ഇന്റർവ്യൂ നടത്തിയ സർ നെറ്റിയിൽ അഞ്ച് നേരം കൃത്യമായ് നിസ്കരിക്കുന്നതിന്റെ കരുത്ത് നീലിച്ച തഴമ്പുള്ള കറതീർന്ന ഒരിസ്ലാമായിരുന്നു. പേരോർക്കുന്നില്ല. അദ്ദേഹത്തിന് മലയാളം ടീച്ചറായി ഞാൻ മതിയെന്നായി. ചിത്രം വരയ്ക്കാനറിയാം, ഡാൻസ് പഠിപ്പിക്കാനറിയാം, ബാക്കി ലാംഗ്വേജ് നമുക്ക് ഉണ്ടാക്കിയെടുക്കാമെന്നായി മാഷ്. ഞാൻ തയ്യാറാണ് താനും. ‘ജയാ ഷാ’ എന്ന ബുദ്ധമതക്കാരി മേഡം ചെറിയ നീരസത്തോടെയാണെങ്കിലും സമ്മതം മൂളി. അവർ അവിടെയിരുന്ന ഇംഗ്ലീഷ് പത്രവും ബ്രോഷറുമെല്ലാം എന്നെക്കൊണ്ട് ഉറക്കെ വായിപ്പിച്ചു, സെലക്ടായി. അള്ളാഹുവിന്റെ നാമം കാതിൽ മുഴങ്ങുന്ന പുലരികളും സായന്തനങ്ങളും.

ഒരക്ഷരം പോലും മലയാളം പറയാൻ അനുവദിക്കാതെ പണിഷ്മെന്റിലൂടെ ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലിച്ച മലയാളം ടീച്ചർ,,,, രാവിലെ ടീച്ചറും കുട്ടികളും പ്രിൻസിപ്പാളും പ്യൂണും എല്ലാം യോഗയിൽ, പിന്നെ സമദ് മാറിന്റെ കുട്ടികൾക്കായുള്ള അറബിക്ലാസ്, പിന്നെ ഇതര വിഷയങ്ങൾ. പിന്നവിടെ ജിൻസി, ജിംസി, സത്യൻ മാഷ് തുടങ്ങിയ അധ്യാപകരും പുതുതായെത്തി. സൈനബാത്ത പ്യൂണാണ്. പിന്നീട് ഖാദർക്ക, മേനേജ് മെന്റിലുള്ള ദാവൂദ്ക്ക, നജീബ്.

പിന്നീട് പ്രിൻസിപ്പാളായി വന്ന ആംഗ്ലോ ഇന്ത്യൻ മേഡം തുടങ്ങി സ്കൂൾ സ്കൂളായി വരുന്ന കാലം. ഞാൻ ഞാനാകാൻ ഉരുവിലിറങ്ങിയ കാലം. ഞങ്ങൾ ടീച്ചർമ്മാർക്കും കുട്ടികൾക്കും മറ്റ് സ്റ്റാഫുകൾക്കുമായി ന്യായമായ ശമ്പളവും മൂന്ന് നേരം ആഹാരവും മദ്രസക്കെട്ടിടത്തിൽ കൃത്യമായി കിട്ടി. ആഹാരം തൊട്ടപ്പുറത്തെ ഒരു വാടക വീട്ടിൽ നിന്നും ഉണ്ടാക്കിക്കൊണ്ടു തരും. ചില ദിവസങ്ങളിൽ സൈനബാത്ത തന്നെ മുളകിട്ട് വറ്റിച്ച അയലക്കറി അങ്ങനെ അങ്ങനെ. ബാങ്കിന്റെ നേരത്ത് ഞങ്ങൾ ഹിന്ദു ടീച്ചർമ്മാരും ക്ലാസ്സ് നിർത്ത് മനമായി ആദരവോടെ നിൽക്കും. അവിടെ ഒരു ഹിന്ദുക്കുട്ടിമാത്രമായിരുന്നു പഠിച്ചിരുന്നത്. അവളും അറബി പഠിക്കാറുണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ. സമ്രയും ഷെഹ്സിലുമൊക്കെ അഞ്ചാം തരത്തിലെ പ്രിയശിഷ്യരായിരുന്നു. സമ്ര അവളുടെ ഉമ്മയുടെ അഞ്ച് മക്കളിൽ മൂത്ത പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള ഒതുക്കമുള്ള കുട്ടിയായിരുന്നു. എനിക്ക് ‘എന്താണ് ഇസ്ലാം’ എന്ന പുസ്തകം ആദ്യമായി സമ്മാനിച്ചത് അവളാണ്.

ഞാനവിടെ ഒരു വർഗ്ഗീയതയോ മതസ്പർദ്ദയോ കണ്ടില്ല. അടുത്തടുത്ത് കടകൾ തിങ്ങിനിൽക്കുന്ന കടകളിൽ പഴയ കാല സിനിമകളെ അസ്മരിപ്പിക്കുന്ന ജനക്കൂട്ടം കാണാറുണ്ടായിരുന്നു. പള്ളിയോട് ചേർന്ന് നിൽക്കുന്ന ആ നാട്ടിൻ പുറത്തെ ചായക്കടയിലെ കുറിതൊട്ട പ്രായമായ മനുഷ്യൻ ആറ്റിപ്പതപ്പിച്ച് കുപ്പിഗ്ലാസിൽ കൊണ്ടുകൊടുക്കുന്ന ചായ വാങ്ങിക്കുടിച്ച് പള്ളിയിലേക്ക് പോകുന്ന വെള്ള വട്ടത്തൊപ്പിയിട്ടവരെ കാണാമായിരുന്നു. കബറുമായിപ്പോകുന്നവരുടെ പുറകെ പോകുന്ന മറ്റ് ദേശവാസികളേയും കണ്ടിരുന്നു. എന്നെ ടീച്ചറേ എന്ന് വിളിച്ച തട്ടമിട്ട ഉമ്മമാർ, ഞാൻ വാരിക്കൊടുത്താൽ വയറുനിറച്ചുണ്ണുന്ന എന്റെ വിദ്യാർത്ഥികൾ, ഫിദ,തൻഹ, എല്ലാവരും. ദുബായിൽ നിന്ന് വരുമ്പോ ടീച്ചക്കെന്താ വേണ്ടത് എന്ന് വിളിച്ച് ചോദിക്കുന്ന ഉപ്പമാർ,ഉമ്മമാർ,ലീവായ ദിവസം സമ്മാനങ്ങൾ ഏൽപ്പിച്ച് പോകുന്ന രക്ഷിതാക്കൾ,എന്റെ അധ്വാനത്തിന്റെ ആദ്യ കൂലി തന്ന, എന്റെ വിശപ്പാറ്റിയ,എന്റെ കാഴ്ചപ്പാടുകൾക്ക് പരിണാമമുണ്ടാക്കിയ, എനിക്ക് സൗഹൃദങ്ങൾ തന്ന,സ്നേഹം വാരിക്കോരിത്തന്ന,ഉപരി ഉപരി അഭയം തന്ന മദ്രസ്സമുറ്റം.

ആശിച്ച ജോലി ആദ്യമായി കിട്ടിയത് റഹ്മാൻ സാറിന്റെ സ്കൂളിൽ. എന്റെ മോൾക്ക് ഉടുപ്പും പഴവും വാങ്ങിയത് ആ ശമ്പളത്തിന്, വരുമ്പോഴും പോകുമ്പോഴും മാഹിപ്പള്ളിയിൽ ഏല്ലാവർക്കും കുരിശ് വരച്ചായിരുന്നു യാത്ര. ഞാൻ ഇവിടെ ഈ രാജ്യത്തുണ്ട്.

എന്റെ പേര് നവീന, ഇപ്പോൾ M A ചെയ്യുന്നത് St. Josephs College ൽ ഡിസ്റ്റൻസായി. കമാലുദീൻ എന്ന Dir കമൽ ചെയർമാൻ ആയുള്ള മഹേഷ് പഞ്ചു സെക്രട്ടറിയായുള്ള ബീന പോൾ, വി.കെ ജോസഫ് , ജി പി രാമചന്ദ്രൻ,സജിത മഠത്തിൽ, മധു ജനാർദ്ദനൻ, പ്രദീപ് ചൊക്ലി, ദീദീ ദാമോദരൻ, എൻ വി സജീഷ്, സ്റ്റേറ്റ് കോഡിനേറ്ററായ റിജോയ് തുടങ്ങിയവർ അടങ്ങി കേരളാ സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ കോഴിക്കോട് റീജിയണൽ കോഡിനേറ്ററായി ജോലി നോക്കുന്നു. ഹിന്ദു മതത്തിൽ നായരായിട്ടാണത്രെ രേഖയിൽ. തിന്നതും കുടിച്ചതും മാപ്പളയുടേയും ക്രിസ്ത്യാനിയുടേയുമൊക്കെ പാത്രത്തിലാ. കൊയിലാണ്ടി നിന്ന് പെരിങ്ങത്തൂര് വരെ യാത്ര ചെയ്തത് ആരുടെയൊക്കെയോ വാഹനത്തിൽ… ആരുടേയോ മണ്ണിലൂടെയാ…ഇത്രയും രേഖകൾ നിരത്തിയ സ്ഥിതിക്ക് എനിക്കിവിടെ പൗരത്വമുണ്ടോ?