യക്ഷി കഥകൾക്ക് ഒരു ശാസ്ത്രീയ അടിത്തറ ഉണ്ടെന്ന് പുതിയ കണ്ടെത്തൽ

2825

Deepak Raju എഴുതുന്നു 

ഒരു സയന്റിഫിക് യക്ഷി

രാത്രി പാല മരത്തിന്റെ ചുവട്ടിലൂടെ നടക്കുന്ന സഞ്ചാരികളുടെ പുറകേ ചുണ്ണാമ്പ് ചോദിച്ച് കൂടുന്ന യക്ഷിയുടെ കഥ കേട്ടിട്ടില്ലാത്തവർ കുറവായിരിക്കും. ഇന്ന് യക്ഷിയിൽ വിശ്വസിക്കുന്നവർ കുറവാണ്. പക്ഷേ യക്ഷി കഥകൾക്ക് ഒരു ശാസ്ത്രീയ അടിത്തറ ഉണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

Deepak Raju

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ എത്നോഗ്രഫി വിഭാഗം മറ്റു പല ഡിപ്പാർട്ട്മെന്റുകളുമായി ചേർന്ന് നടത്തുന്ന ഒരു പഠനമുണ്ട്. കേരളം ഉൾപ്പടെ കിഴക്കൻ സംസ്കാരങ്ങളിൽ നിലവിലിരുന്ന മിത്തുകളുടെ അടിത്തറ തപ്പുകയാണ് ഉദ്ദേശം. അവരുടെ ഏറ്റവും പുതിയ കണ്ടെത്തലാണ് യക്ഷിക്കഥകൾക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടെന്നത്. ഒന്ന് ചുരുക്കിപ്പറയാം.

ആദ്യം ഓർക്കേണ്ടത് ആപേക്ഷികതാ സിദ്ധാന്തമാണ്. അത് മൊത്തം അറിയില്ലെങ്കിലും ഇത്ര മാത്രം ഓർക്കുക – ഈ പ്രപഞ്ചം മുഴുവൻ ഇരിക്കുന്നത് സ്പേസ് ടൈം എന്ന തിരശീലയ്ക്ക് മുകളിലാണ്. ആ തിരശീലയ്ക്ക് മുകളിൽ ഇരിക്കുന്ന ഓരോ വസ്തുവും – അതായത് സൂര്യനും, ഗ്രഹങ്ങളും, ഞാനും നിങ്ങളും, മൊട്ടുസൂചിയും പൊടിപടലവും ഒക്കെ – സ്പേസ് ടൈമിൽ കുഴിവികൾ ഉണ്ടാക്കുന്നു. ഒരു വസ്തു ഉണ്ടാക്കുന്ന കുഴിവ് അതിന്റെ പിണ്ഡത്തെ ആശ്രയിച്ചിരിക്കുന്നു. ഇത്ര പിണ്ഡമുള്ള വസ്തു ഇത്ര കുഴിവ് ഉണ്ടാക്കണം എന്ന് കണക്കുണ്ട്.

ഇനി യക്ഷിക്കഥകളിലെ സ്ഥിര സാന്നിധ്യമായ പാല മരത്തിലേക്ക് തിരിയാം. പാല (Alstonia scholaris) ചില പ്രത്യേകതകളുള്ള മരമാണ്. അതിന്റെ ഇലകളിൽ ഇരുമ്പിന്റെ അംശം ക്രമാതീതമായി ഉണ്ട്. പോരാതെ പാല മരം തളിരിടുമ്പോൾ അതിന്റെ ഓരോ ഇലയും ഭൂമിയുടെ മാഗ്നെറ്റിക് നോർത്തിലേക്ക് ചൂണ്ടിയാണ് ഇരിക്കുന്നത്. ഇങ്ങനെ ഭൂമിയുടെ ഇലക്ട്രോ മാഗ്നെറ്റിസവുമായി ബന്ധപ്പെട്ട് നിൽക്കുന്നതുകൊണ്ടാണ് പാല മരത്തിന് ചുവട്ടിൽ റേഡിയോ മൊബൈൽ ഫോൺ തുടങ്ങിയവയ്ക്ക് റേഞ്ച് കിട്ടാൻ ബുദ്ധിമുട്ടുള്ളത്.

പാലമരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് സ്പേസ് ടൈമിൽ ഉണ്ടാക്കുന്ന കുഴിവ് അതിന്റെ പിണ്ഡം മൂലം ഉണ്ടാകേണ്ടതിലും വളരെ കൂടുതൽ ആണ്. ഇത് എലെക്ട്രോമാഗ്നെറ്റിസവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് അനുമാനിക്കുന്നെങ്കിലും കൃത്യമായ പഠനങ്ങൾ നടന്നു വരുന്നേ ഉള്ളൂ.

ഇനി യക്ഷിക്കഥകളിലെ രണ്ടാമത്തെ സ്ഥിര സാന്നിധ്യമായ ചുണ്ണാമ്പിലേക്ക് വരാം. ചുണ്ണാമ്പ് വെള്ളത്തിൽ ഇട്ടാൽ കുമിളകൾ പൊങ്ങുന്നത് കണ്ടിട്ടില്ലേ? അതൊരു രാസപ്രവർത്തനമാണ്. വളരെ വേഗത്തിൽ, ഒരുപാട് ഊർജവും വാതകങ്ങളും പുറത്ത് വിടുന്ന ഒന്ന്. ചുണ്ണാമ്പ് വായുവിൽ തുറന്ന് വച്ചാലും അതുപോലൊരു പ്രവർത്തനം നടക്കുന്നുണ്ട്. നമുക്ക് കാണാൻ പറ്റുന്നില്ലെങ്കിലും വായുവിലെ നീരാവിയുമായി പ്രതിപ്രവർത്തിച്ച് ചുണ്ണാമ്പ് വാതകങ്ങൾ പുറത്ത് വിടുന്നു. മഴയുള്ള രാത്രികൂടിയാണെങ്കിൽ കാര്യങ്ങൾ ഒന്നുകൂടി ഊർജ്ജിതമാകും.

ഖര രൂപത്തിലിരിക്കുന്ന ചുണ്ണാമ്പ് സ്‌പേസ് ടൈമിൽ കുഴിവുണ്ടാക്കുന്നു എന്ന് നമുക്കറിയാമല്ലോ. വേഗത്തിൽ വാതകങ്ങൾ പുറത്ത് വിടുമ്പോൾ ചുണ്ണാമ്പ് ഉണ്ടാക്കുന്ന കുഴിവിന്റെ അളവിലും ആകൃതിയിലും മാറ്റങ്ങൾ വരുന്നു, പുറത്തേക്ക് വരുന്ന വാതകങ്ങൾ പുതിയ കുഴിവുകൾ ഉണ്ടാക്കുന്നു. ഇതെല്ലാം വളരെ വേഗത്തിൽ സംഭവിക്കുന്നു.

സാധാരണ ഗതിയിൽ ചുണ്ണാമ്പിൻ്റെ ഈ രാസപ്രവർത്തനവും അത് മൂലം ഉണ്ടാകുന്ന സ്‌പേസ് ടൈം കുഴികളിലെ വ്യത്യാസങ്ങളും ഒരു പ്രശ്നമേ അല്ല. പക്ഷേ, ഇതൊക്കെ പാല മരത്തിന് കീഴിൽ സംഭവിക്കുമ്പോൾ സ്‌പേസ് ടൈമിൽ പാലമരം ഉണ്ടാക്കുന്ന ക്രമാതീതമായ കുഴിവും ചുണ്ണാമ്പ് മൂലമുണ്ടാകുന്ന വ്യതിയാനങ്ങളും ചേർന്ന് സ്‌പേസ് ടൈമിൽ വളരെ പെട്ടെന്ന് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി എലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങൾ രൂപം കൊള്ളുന്നു.

നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം എലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങൾ വഴിയാണ് എന്നറിയാമല്ലോ. മുകളിൽ പറഞ്ഞ പ്രക്രിയ മൂലം രൂപം കൊള്ളുന്ന എലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങൾ നമ്മുടെ തലച്ചോറിന്റെ ഇലെക്ട്രോമാഗ്നെറ്റിക് പ്രവർത്തനവുമായി ഇന്റെർഫിയർ ചെയ്യുന്നു. ഇതിന്റെ ഫലമായി പലർക്കും ഹാലൂസിനേഷൻ (ഇല്ലാത്ത കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന അവസ്ഥ) ഉണ്ടാകുന്നു. പലപ്പോഴും കേട്ട് പരിചയിച്ച യക്ഷിയുടെ രൂപത്തിലായിരിക്കും ആ ഹാലൂസിനേഷൻ. ചിലർ ഈ അവസ്ഥയിൽ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നു. രക്ഷപെടുന്നവർ യക്ഷിയുടെ പേടിപ്പിക്കുന്ന കഥ കൂടുതൽ പ്രചരിപ്പിക്കുന്നു.

അതായത്, യക്ഷി ഉണ്ടെന്നല്ല ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കണ്ടുപിടുത്തം. പക്ഷേ, പാലമരത്തിന് ചുവട്ടിൽ ചുണ്ണാമ്പുമായി പോയി നിൽക്കരുത്.

ഇനി ഞെട്ടിക്കുന്ന ഒരു കാര്യം കൂടി – പാല മരത്തിന്റെ ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം അത് സ്‌പേസ് ടൈമിൽ ക്രമാതീതമായ കുഴിവ് ഉണ്ടാക്കുന്നു എന്നതാണല്ലോ. അതൊഴിവാക്കിയാൽ ഈ പ്രശ്നങ്ങൾ ഉണ്ടാവില്ല. അതിനുമുണ്ടൊരു വഴി. ലോഹം കൊണ്ടുള്ള ഒരു വസ്തു പാല മരത്തിൽ ഘടിപ്പിച്ചാൽ ലോഹവും മരവും ചേർന്ന് സ്‌പേസ് ടൈമിൽ ഉണ്ടാക്കുന്ന കുഴിവ് അവയുടെ പിണ്ഡത്തിന് ആനുപാതികമാകുന്നു എന്ന് ഈ പഠനത്തിൽ കണ്ടെത്തി. അപ്പോൾ, പാലയിൽ ആണിയടിക്കുമ്പോൾ പ്രശ്നങ്ങൾ തീരുന്നതിന്റെ കാരണം മനസിലായില്ലേ?

(വാൽക്കഷണം: യക്ഷിയിൽ വിശ്വസിക്കാത്തതുകൊണ്ട് മാത്രം നിങ്ങൾ അന്ധവിശ്വാസങ്ങൾ ഒന്നുമില്ലാത്ത ശാസ്ത്രീയവീക്ഷണം ഉള്ള ആളാണെന്ന് ധരിക്കരുത്. മുകളിൽ പറഞ്ഞതെല്ലാം എൻ്റെ ഭാവനയാണ്. അത് വിശ്വസിച്ചെങ്കിൽ, ശാസ്ത്രം ആണെന്ന് പറഞ്ഞു വാട്ട്സാപ്പിലും മറ്റും കിട്ടുന്ന സാധനങ്ങൾക്കെതിരെ ഒന്ന് സൂക്ഷിച്ചിരിക്കുക. പ്രത്യേകിച്ച് നിപ്പ കാലത്ത്)