‘രണ്ടു വർഷത്തോളമായി ഞാൻ ബലാത്സംഗത്തിന് ഇരയാണ് ‘ രേണുക പറഞ്ഞു

1128

സൈക്കോളജിസ്റ്റും എഴുത്തുകാരനുമായ പ്രസാദ് അമോറിന്റെ പ്രസക്തമായ ആർട്ടിക്കിൾ വായിക്കാം

രണ്ടുവർഷമായി ബലാത്‌സംഗത്തിന്
ഇരയായിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ…..

“രണ്ടു വർഷത്തോളമായി, ഞാൻ ബലാത്സംഗത്തിന്
ഇരയാണ് ” രേണുക പറഞ്ഞു.

നീണ്ടുപോയ ഒരു വിഷാദത്തിന്റെ മുഴുവൻ വ്യസനഛായയുണ്ട് അവളുടെ കണ്ണുകളിൽ.വിളർത്തിരിക്കുന്നു.കഴുത്തിന് ചുറ്റും വലിഞ്ഞു മുറുകിയ കരിവാളിപ്പുകൾ.

അഞ്ചു വർഷം പിന്നിട്ട വൈവാഹിക ജീവിതം. രേണുകയുടെ ഭർത്താവ് അഭിലാഷ് പെരുമാറ്റത്തിൽ മാന്യനാണ്.അയാൾക്ക്‌ അവളോട് ഭയങ്കര പ്രണയമാണ്.പക്ഷെ അവൾക്ക് മോഹമില്ല. ലൈംഗിക ഇഷ്ടം രണ്ടു വർഷങ്ങൾക്ക് മുൻപേ നഷ്ടപ്പെട്ടിരുന്നു.പക്ഷെ ,കൂടെക്കൂടെ അഭിലാഷ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുമ്പോൾ അത് ഭാര്യയുടെ കടമയാണെന്ന് നിനച്ചു അവൾ അനുസരിച്ചു.

Prasad Amore
Prasad Amore

പക്ഷെ ,ഓരോ രാത്രിയും അവൾക്ക് അന്ത്യമില്ലാത്ത ഉത്കണ്ഠകളായി.അവൾ വിസമ്മതിക്കുമ്പോൾ അഭിലാഷ് അവളുടെ കാലിൽ പിടിച്ചു കരയുമായിരുന്നു.അത് അവളെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു ഇടത്തരം കുടുംബത്തിലെ രണ്ടു പെൺമക്കളിൽ രേണുകയാണ് മൂത്തത്.വിവാഹമോചനത്തെക്കുറിച്ചു സംസാരിച്ചപ്പോൾ മാതാപിതാക്കൾക്ക് രേണുക ഒരവമതിയായി.

“എനിയ്ക്ക് അഭിലാഷിനോട് മാത്രമേ ലൈംഗിക താല്പര്യം ഇല്ലാതെയുള്ളു. പക്ഷെ, ഞങ്ങളുടെ വിവാഹ ഉടമ്പടി ഞാൻ ഒരിക്കലും തെറ്റിച്ചിട്ടില്ല”. രേണുക പറഞ്ഞു.

“വീട്ടുകാർ കൗൺസിലേഴ്‌സിനെയും, സൈക്കിയാട്രിസ്റ്റുകളെയും കാണിച്ചു. പേഴ്സണിനാലിറ്റി ഡിസോർഡർ ഉണ്ടെന്ന് ചിലർ പറഞ്ഞു. ഒരു ഡോക്ടർ ബൈപോളാർ ഡിസോർഡർ ആണെന്ന് പറഞ്ഞു മരുന്ന് കുറിച്ചു”.

“സ്ത്രീകൾക്ക് ലൈംഗികതയിൽ ഒന്നും തുറന്നു പറയാൻ പാടില്ലേ ? പുരുഷന്റെ ലൈംഗികാഭിലാഷത്തെ തൃപ്‌തിപ്പെടുത്തി ജീവിക്കാത്ത സ്ത്രീകൾ മനോരോഗികളാണോ? താല്പര്യമില്ലാതെ, വേദനാജനകമായി ലൈംഗിക ബന്ധത്തിലേർപ്പെടേണ്ടിവരുന്നത് ബലാൽസംഗം തന്നെയല്ലേ”?

പ്രകൃത്യാ മൃദുല സ്വാഭാവിയും ലജ്ജാശീലയുമായി കാണപ്പെട്ട രേണുകയുടെ ഈ വാക്കുകൾ, പക്ഷേ ദൃഢമായിരുന്നു.

ആരാണ് സഹതാപം അർഹിക്കുന്നത്-രേണുകയോ അഭിലാഷോ ?

#അവൾ ഒരുമ്പിട്ടവളോ……

ലൈംഗിക താത്പര്യത്തെപ്പറ്റി സ്വതന്ത്രമായ അഭിപ്രായം പറയുന്ന സ്ത്രീ അത്ര സ്വീകാര്യയൊന്നുമല്ല.ഭർത്താവ് പറയുന്നത് അനുസരിക്കുന്ന സ്ത്രീയെ മാതൃക സ്ത്രീയായി കാണുന്ന സമൂഹമാണിത്.സ്ത്രീലൈംഗികതയെ കർശനമായി നിയന്ത്രിക്കുന്ന സമൂഹത്തിൽ സ്ത്രീയ്ക്ക് ലൈംഗീകാഹ്‌ളാദം സ്വയം നിർണ്ണയിക്കാൻ കഴിയാതെ വരുന്നു.ലൈംഗിക തയിൽ ഒന്നും തുറന്ന് പറയാൻ പാടില്ലാത്ത ലജ്ജയാണ് അവളെ ഭരിക്കുന്നത്.ആണിന് സവിശേഷമായി നൽകപ്പെട്ട ലൈംഗികമായ ആനുകൂല്യങ്ങളും, ആണിന് വിധേയമായി ജീവിക്കേണ്ടവളാണെന്ന സാമൂഹ്യ കണ്ടീഷനിങ്ങും ആൺ -പെൺ ലിംഗങ്ങളെ ഒരേ പോലെ സ്വാധീനിക്കുന്നു .വഴി മാറി ചവിട്ടുന്ന ഏതൊരു പെണ്ണിനേയും “ഒരുമ്പെട്ടോൾ” എന്ന് വിളിച്ചു ശകാരിക്കുന്നു .അതേസമയം പുരുഷൻമാർ എന്ത്‌ ചെയ്താലും ഒരിക്കലും “ഒരുമ്പെട്ടോൻ” എന്ന പ്രയോഗം ഇല്ല.

എന്തുകൊണ്ട് അനിഷ്ടം?

ഇഷ്ടത്തിനും ലൈംഗികതയ്‌ക്കും സൂഷ്മഭാവങ്ങളുണ്ട്. എത്രമാത്രം ഭംഗിയായി പെരുമാറിയാലും വ്യക്തികൾ തമ്മിലുള്ള രതിയും സ്നേഹബന്ധങ്ങളും ഒരേ അളവിൽ എക്കാലവും നിലനിൽക്കുകയില്ല. പലതരം കാരണങ്ങൾ കൊണ്ട് കുറഞ്ഞുവരും.ഓക്സിടോസിൻ, വാസോപ്രസിൻ എന്നി ഹോർമോണുകളാണ് ഇണകൾ തമ്മിൽ ഒന്നിച്ചു ജീവിക്കുന്നതിന് സഹായിക്കുന്നത്‌.ഇഷ്ടം ദീർഘകാലം നിലനിൽക്കുന്നതിൽ എൻഡോർഫിനുകൾ എന്ന രാസപദാർഥങ്ങൾക്ക് മുഖ്യമായ പങ്കുണ്ട്.വേദനയെ ശമിപ്പിച്ചു സന്തോഷം പ്രദാനം ചെയ്യുന്നത് എൻഡോർഫിനാണ്. ലൈംഗിക ആകർഷണം നിലനിർത്തുന്നതിൽ ശരീരം ഉൽപാദിപ്പിക്കുന്ന ഫെറമോണുകൾക്കും പങ്കുണ്ട്.അനിഷ്ടപ്പെടുന്ന ഒരാൾ രതിയ്ക്ക് വേണ്ടി നടത്തുന്ന അനുനയങ്ങളും സമ്മർദ്ദങ്ങളും എല്ലാം വെറുപ്പ് രൂപപ്പെട്ടു വരാൻ മാത്രമാണ് സഹായിക്കുക. ഇടപെഴകുന്നതിൽ അതൃപ്തി തോന്നുന്നുവെങ്കിൽ ആ സമയത്തു ഓക്‌സിടോസിൻ ഉത്പാദനം കുറവായിരിക്കും.

ബഹു ലൈംഗിക ത്വരയുടെ ഇടങ്ങൾ ….

വാസോപ്രസിനാണ് ഏക ഇണ ബന്ധത്തിന് കാരണമായ രാസികം.മൂന്ന് ശതമാനത്തിൽ താഴെ ജീവികൾ മാത്രമേ ഒരിണയോടൊത്തു് പുലരുന്നുള്ളു.കരുത്തുറ്റ ജീൻ നിലനിൽക്കുമ്പോൾ തന്നെ പുതിയ ഇണകളുമായി അത് പങ്കിടുകയും ചെയ്യുന്നതിലൂടെയാണ് ജീവന്റെ വികാസം മനുഷ്യ വർഗ്ഗത്തിൽ സംഭവിച്ചിട്ടുള്ളത്.പുതിയ തലമുറയ്ക്ക് മെച്ചപ്പെട്ട ജീനുകൾ കൈമാറണം എന്ന ജൈവചോദനയാണ് പലപ്പോഴും മുന്തിയ സസ്തനിയായ മനുഷ്യന്റെ ബഹു ലൈംഗിക ത്വരയെ സ്വാധീനിക്കുന്നത്.

സ്വതന്ത്ര വേഴ്ചകൾ നിലനിന്നിരുന്ന ഗോത്ര സമൂഹമായിരുന്നു മനുഷ്യന്റേത്. അവിടെ രതി ഒരു സാധാരണ സംഗതി മാത്രമായിരുന്നു.ഭക്ഷണം കഴിക്കുന്നതുപോലെ ,ശ്വസിക്കുന്നതുപോലെ ഒക്കെയുള്ള മനുഷ്യന്റെ ജൈവാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു സംഭവം മാത്രം. അതിഥികൾക്ക് സ്വന്തം ഭാര്യയെയോ, മകളെയോ സഹശയനത്തിനായി നൽകുന്ന സമ്പ്രദായം ഇന്നും ചില പ്രാകൃത ഗോത്രങ്ങൾ ആചരിച്ചുപോരുന്നുണ്ട്

ആധുനിക കുടുംബ സംവിധാനത്തിൽ സ്വതന്ത്ര രതി നിഷേധമാണെങ്കിൽ തന്നെയും മനുഷ്യന്റെ മഷ്തിഷ്കത്തിൽ അടിഞ്ഞുപോയ പല പ്രകൃതങ്ങളും സാമൂഹ്യ സാംസ്‌കാരിക സ്വാധീനം കൊണ്ട് പരിണമിച്ചിട്ടൊന്നുമില്ല. ജീവന്റെ തുടർച്ചയുടെ ഭാഗമായി പ്രകൃതിയുമായുള്ള പ്രതിപ്രവർത്തനത്തിലൂടെ ആർജ്ജിച്ചെടുത്ത ഒട്ടുമിക്ക ജനിതക പ്രത്യേയ്കതകളും പലപ്പോഴും സങ്കീർണമായ സാമൂഹ്യ ജീവിതത്തിന്റെ ഭൂമികയിൽ സ്വാഭാവികതയുടെ നിറം കൈവരുകയാണ്. മനുഷ്യന്റെ ജീവശാസ്ത്രപരമായ ഘടകങ്ങൾ ഇന്നത്തെ സമൂഹത്തിന് അഭിലക്ഷണീയമായിക്കൊള്ളണമെന്നില്ല.

By Prasad Amore

Disclaimer
(Names and identifying details have been changed to protect the privacy of individuals.)