സോസിബിനി ആത്മവിശ്വാസത്തിന്റെ മറുവാക്കാണ്, വംശീയ അധിക്ഷേപങ്ങൾ അവളെ അലോസരപ്പെടുത്തുകയില്ല

0
166

രമ്യ ബിനോയ് 

രമ്യ ബിനോയ് 
രമ്യ ബിനോയ് 

സോസിബിനി ടുൻസിയെ കണ്ടോ… ആ ചിരിയിലെ ആത്മവിശ്വാസം കണ്ടോ. കഴിഞ്ഞ ദിവസം വിശ്വസുന്ദരിപ്പട്ടം അണിഞ്ഞ ദക്ഷിണാഫ്രിക്കൻ സുന്ദരിയെ കുറിച്ചാണു പറഞ്ഞുവരുന്നത്. സോസിബിനി ആത്മവിശ്വാസത്തിന്റെ മറുവാക്കാണ്. വംശീയമായ അധിക്ഷേപങ്ങൾ പോലും അവളെ അലോസരപ്പെടുത്തുകയില്ല. സ്വാഭാവിക സൗന്ദര്യത്തിന്റെ വക്താവാണവർ. താൻ എങ്ങനെയാണോ അങ്ങനെ തന്നെ സ്വയം അംഗീകരിച്ച് സ്നേഹിക്കണമെന്നാണ് അവർ പറയുന്നത്. അവനവനെ അത്രമേൽ അറിഞ്ഞാൽ പിന്നെ ചെറു കൊടുങ്കാറ്റുകൾക്കൊന്നും ഒരാളെ ഇളക്കാനാവില്ലെന്നു സാരം. ഇതേ വാർത്തയോട് ചേർത്ത് വായിക്കേണ്ട ഒന്നാണ് ഫിൻലൻഡിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ സന മരിന്റേതും. Image result for sana marin"‘മഴവിൽ കുടുംബത്തിലെ’ മകളാണ് സന. അതായത് അമ്മയും ജീവിതപങ്കാളിയായ മറ്റൊരു സ്ത്രീയും ഉൾപ്പെടുന്ന കുടുംബം. പക്ഷേ, തന്റെ കുട്ടിക്കാലത്ത് കുടുംബത്തെ കുറിച്ച് തുറന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അവർ തന്നെ പറയുന്നു. ഫിൻലൻഡിൽ പോലും അന്ന് അതായിരുന്നു അവസ്ഥ.

കഴിഞ്ഞ ദിവസം, ട്രാൻസ്ജെൻഡറായ ഒരു നടി താൻ നേരിടുന്ന ദുരവസ്ഥയെ കുറിച്ച് ലൈവിൽ വന്നു പറഞ്ഞു. അതെക്കുറിച്ചുള്ള വാർത്താലിങ്കിന് ചുവടെ അശ്ലീലം ചൊരിഞ്ഞത് എത്രയോ പേർ. തങ്ങളിൽനിന്നു ഭിന്നമായ ഒന്നിനെയും അംഗീകരിക്കില്ലെന്ന വാശിയാണ് ചിലർക്ക്. ഒരാളുടെ ത്വക്കിന്റെ നിറമോ, മുടിയുടെ ടെക്സ്ചറോ, ശരീരത്തിന്റെ അഴകളവുകളോ, സെക്ഷ്വൽ ഓറിയന്റേഷനോ ഒക്കെ അവർ നിശ്ചയിക്കുന്ന മുഴക്കോലിന് യോജിക്കുന്നവയല്ലെങ്കിൽ ഒരു മടിയും കൂടാതെ അവഹേളിക്കുകയാണ്.

കുട്ടിക്കാലത്തെ ഏതാണ്ട് അഞ്ചു വയസ്സു മുതലുള്ള കാര്യങ്ങൾ എന്റെ ഓർമയിലുണ്ട്. ആറു പെൺമക്കളുള്ള വീട്ടിലെ ഏറ്റവും ഇരുണ്ട, ഭംഗി കുറഞ്ഞ പെൺകുട്ടിയായിരുന്നു ഞാൻ. അതിന്റെ പേരിൽ നാട്ടുകാരും വീട്ടുകാരും സ്വൈരം കെടുത്തിയതു മുഴുവൻ എന്റെ അമ്മയെയും അച്ഛനെയുമായിരുന്നു. എല്ലാവരും വെളുത്തു ചന്തക്കാരായ ഒരു വീട്ടിൽ ഇങ്ങനെ ഒരു കുട്ടി ഉണ്ടായതു തന്നെ വലിയ അപരാധമെന്ന മട്ടിലായിരുന്നു പലരുടെയും പെരുമാറ്റം. കുറച്ചു കാലമൊക്കെ ഇത്തരം കാര്യങ്ങൾ എന്നെ അലട്ടിയിരുന്നു. പിന്നെ നമുക്ക് അതിനൊന്നും മാറ്റിവയ്ക്കാൻ സമയമില്ലെന്നായി. അതോടെ ജീവിതത്തിൽ സന്തോഷത്തിനായി മേൽക്കൈ. ഇപ്പോൾ എനിക്ക് ഒന്നാമതായും രണ്ടാമതായും മൂന്നാമതായും മുൻഗണന സന്തോഷത്തിനാണ്. ചിരിച്ചുല്ലസിക്കാൻ കഴിയുന്ന ഏത് അവസരവും ഉപയോഗിക്കണമെന്ന നയം.
എന്റെ അമ്മ മരിച്ചത് ഒരു വാഹനാപകടത്തിലാണ്. അതോടെ ജീവിതം ആകെ താറുമാറായി, കുടുംബകാര്യങ്ങളും. വേണമെങ്കിൽ ഈ ജന്മം മുഴുവൻ അതോർത്ത് കരയാം. പക്ഷേ, അമ്മ അത് ഒട്ടും ആഗ്രഹിക്കില്ല. അങ്ങനെ കരഞ്ഞു ജീവിതം പാഴാക്കാൻ തുനിഞ്ഞിരുന്നെങ്കിൽ, സ്വപ്നത്തിലെങ്കിലും വന്ന് അമ്മ എനിക്കിട്ട് രണ്ടു പൊട്ടിച്ചേനെ. ഇപ്പോൾ പിറന്നാളുകൾ വരുമ്പോൾ ഞാൻ ഫാമിലി ഗ്രൂപ്പിൽ മെസേജ് ഇടും, “അമ്മയില്ലാത്ത ഒരു പാവം പെൺകുട്ടിയുടെ പിറന്നാൾ വരുന്നു, എല്ലാവരും സമ്മാനങ്ങൾ നൽകി അവളെ സന്തോഷിപ്പിക്കുക”. ചേച്ചിമാരും അച്ഛനും ഒരു ചെറു ചിരിയോടെ ഈ കളിയിൽ പങ്കുചേരും, എന്റെ ബാങ്ക് അക്കൗണ്ട് പച്ച പിടിക്കും.

എനിക്കൊരു പൂച്ചക്കുറിഞ്ഞിയുണ്ട്. ശാരീരികമായി ഏറെ ദുർബല. കഴിഞ്ഞ ദിവസം ഒരു പൂച്ചക്കണ്ടൻ വളപ്പിൽ അതിക്രമിച്ചു കയറി അവളെ കടിച്ചുകുടഞ്ഞു. ഞാനെത്താൻ വൈകിയിരുന്നെങ്കിൽ അവൾ ഇല്ലാതായേനെ. അടിവയറിന്റെ ഭാഗത്ത് മാംസം മുറിച്ചെടുത്തതു പോലുള്ള മുറിവുകൾ. ഞാൻ ഓടിയെത്തിയപ്പോൾ അവളെ പിടിവിട്ട് കണ്ടൻപൂച്ച മുറ്റത്തുചാടി തിരിഞ്ഞുനിന്നു. ഞാൻ നോക്കുമ്പോഴുണ്ട്, എന്റെ കുഞ്ഞിക്കുറിഞ്ഞി ഏന്തിവലിഞ്ഞ് എഴുന്നേറ്റ് അവനെ നോക്കി മുരളുന്നു. അതോടെ കണ്ടനൊന്നു ഭയന്നു. അതുമതി, ആ സ്പിരിറ്റ്… ഏതു വലിയ എതിരാളിയും തറപറ്റും.

ആ കുറിഞ്ഞിയെ പോലെയായിരുന്നു ഞാനും. വൈകാരികമായി ദുർബല എന്ന് ആർക്കും തോന്നുന്ന ഒരാൾ. പെട്ടെന്നു കരയും, ദേഷ്യം വരും. ആ സ്വഭാവത്തെ പലരും മുതലെടുത്തു. അത് ചൂണ്ടിക്കാട്ടി ചിലർ എന്നെ പിന്നാക്കം മാറ്റിനിർത്താൻ ശ്രമിച്ചു. പക്ഷേ, അവർ മറന്നുപോയ ഒരു കാര്യമുണ്ട്. പെട്ടെന്നു കരയുന്ന ഞാൻ എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയല്ലെന്ന്. ഒരു ദുരന്തത്തെ നേരിടേണ്ടി വന്നാൽ ആദ്യം അതിജീവിക്കുന്നതു ഞാനാണ്. ദുർബലരെന്നു മുദ്ര കുത്തപ്പെടുന്ന പലർക്കും അങ്ങനെയൊരു സവിശേഷതയുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് എളുപ്പം സന്തോഷിക്കാനും കഴിയും.

സന്തോഷിക്കാൻ ഞാൻ കണ്ടെത്തിയ ഒരു മാർഗമുണ്ട്. കഴിവതും നമ്മളെ കുറിച്ചുള്ള അപവാദങ്ങൾക്കു ചെവി കൊടുക്കരുത്. എന്റെ ഒരു മകളുണ്ട്, വൃന്ദ (സഹോദരങ്ങളുടെ മക്കളെല്ലാം ഞങ്ങൾക്ക് സ്വന്തം മക്കളാണ്). അവളെ ചിരിച്ചല്ലാതെ കാണാറില്ല. എങ്ങനെ ഇതു സാധിക്കുന്നു എന്ന് ചോദിച്ചാൽ വൃന്ദക്കുട്ടിക്ക് ഒന്നേയുള്ളൂ മറുപടി, “ചിറ്റേ… ചിരിച്ചാൽ സൗന്ദര്യം കൂടും, സന്തോഷവും. അപ്പോൾ പിന്നെ ചിരിക്കുന്നതല്ലേ നല്ലത്.”

ചില സ്നേഹിതരുണ്ട്, നമ്മുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികളെന്നാണ് വയ്പ്. അവർ നമ്മുടെ പോസിറ്റീവുകളൊന്നും കണ്ടതായി പോലും ഭാവിക്കില്ല. പക്ഷേ, നമ്മുടെ വ്യക്തിത്വത്തിലെ കുഞ്ഞുകുഞ്ഞു നെഗറ്റിവിറ്റികൾ വലിയ കാര്യമായി ചൂണ്ടിക്കാട്ടും. നമ്മൾ തിരുത്തണമെന്ന സദുദ്ദേശ്യമൊന്നുമല്ല, ‘അങ്ങനെയങ്ങ് മിടുക്കിയാകണ്ട’ എന്ന തോന്നലാണ് അവരെ നയിക്കുന്നത്. അവർക്കറിയില്ലല്ലോ, എന്റെ കുറവുകളെ കുറിച്ച് അവരെക്കാൾ നല്ല ധാരണ എനിക്കുണ്ടെന്ന്. ജീവിതത്തിൽ എ പ്ലസ് വേണമെന്ന ശാഠ്യം എനിക്കു തീരെയില്ല. പല കാര്യങ്ങളിലും ഞാൻ എനിക്കിട്ടിരിക്കുന്നത് 50 % മാർക്കാണ്. ആ 50 ശതമാനത്തിലും ഞാനും എനിക്കു ചുറ്റുമുള്ളവരും ഹാപ്പിയാകണമെന്നു മാത്രമേ ചിന്തിക്കുന്നുള്ളു. അതുകൊണ്ട് അവരോട് ഒന്നേ പറയാറുള്ളൂ, ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയെന്റെ പുറകേ വരല്ലേ വരല്ലേ…

മിടുക്കി, സദ്സ്വഭാവി, ശാന്ത, ലാളിത്യമുള്ളവൾ, ത്യാഗമയി – ഇതൊക്കെ ഓരോ തരം എലിക്കെണികളാണ്. നമ്മൾ എന്നു തലവയ്ക്കുന്നുവോ… അന്നു തീർന്നു നമ്മുടെ സന്തോഷം. മൾട്ടി ടാസ്കിങ് ചെയ്തു വലഞ്ഞിട്ട് ‘മിടുക്കി’ എന്നോ, നമ്മുടെ തലയിൽ കൂടി ബസ് സർവീസ് നടത്താൻ വരുന്നവരോട് പോരടിക്കാൻ നിൽക്കാതെ ‘ശാന്തസ്വഭാവി’ എന്നോ, മോഹങ്ങളെല്ലാം ബലി കഴിച്ച് മാധവിക്കുട്ടിയുടെ ‘പച്ചപ്പട്ടുബ്ലൗസി’ലെ പോലെ ‘ലാളിത്യമുള്ളവൾ’ എന്നോ പേരെടുക്കാൻ നിൽക്കരുത്. ആരെങ്കിലും ഇത്തരം കെണിയൊരുക്കി വരുന്നതേ ഞാൻ പറയും, ‘‘ഇല്ല… അത്രയൊന്നുമില്ല. ആവറേജാണ് ഞാൻ. വെറും ആവറേജ്…’’